ADVERTISEMENT

വരവേൽപ് എന്ന സിനിമയിൽ മോഹൻലാൽ ഗൾഫിൽ നിന്നും വരുന്ന ഒരു  രംഗമുണ്ട്. അംബാസഡർ കാറിന്റെ മുകളിലും ഡിക്കിയിലും നിറയെ വീട്ടുകാർക്കുള്ള സമ്മാനങ്ങളുള്ള പെട്ടിയുമായി വന്നിറങ്ങുന്ന പ്രവാസിയുടെ ചിത്രം മിക്ക മലയാളികളുടെയും മനസ്സിൽ കാണും. അതുപോലെ പത്തേമാരി എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച നാരായണൻ എന്ന കഥാപാത്രത്തെ ഓർമയില്ലേ? ഈ രണ്ടു സിനിമകളിലെയും നായകന്മാർക്ക് സംഭവിച്ചതിന് സമാനമായ ദുരനുഭവമാണ്   രാഘവൻ എന്ന പ്രവാസിമലയാളിക്കും സംഭവിച്ചത്. കോഴിക്കോട്ടെ ഒരു ഗ്രാമപ്രദേശത്തു നിന്ന് കുവൈറ്റിൽ എണ്ണ കണ്ടുപിടിച്ച കാലത്ത് പലായനം ചെയ്ത ആളാണ് രാഘവേട്ടൻ. കുവൈറ്റിലെ എണ്ണപ്പാടങ്ങളിൽ ശരാശരി ജോലി കണ്ടെത്തിയ ആ യുവാവ് തന്റെ ജീവിതം മെല്ലെ പടുത്തുയർത്തി. നാട്ടിലുള്ള പല ചെറുപ്പക്കാരെയും ഗൾഫിലേക്ക് കൊണ്ടുപോയി. അങ്ങനെ ഒരുപാട് കുടുംബങ്ങളെ  രക്ഷപെടുത്തി. കുടുംബത്തിന് മാത്രമല്ല, ആ ഗ്രാമത്തിന് തന്നെ ഒരു അത്താണിയായിരുന്നു ആ പ്രവാസിയുവാവ്.

വർഷങ്ങൾ കടന്നുപോയി. രാഘവേട്ടനും ഭാര്യയും രണ്ടു പെൺമക്കളുമായി കുടുംബം വികസിച്ചു. എല്ലാവരും ഗൾഫിലാണെങ്കിലും അവധിക്കാലത്ത് നാട്ടിലെത്തുമായിരുന്നു. ഭാര്യയ്ക്കും മക്കൾക്കും നാട്ടിൽ ഒരു കുറവും വരാതിരിക്കാൻ രാഘവേട്ടൻ ശ്രദ്ധിച്ചു. ഒരു ഗൾഫ് കുടുംബം പോലെ തന്നെ പൊലിമയിൽ ഭാര്യയും മക്കളും ജീവിച്ചു. ബന്ധുക്കൾക്ക് സമ്മാനങ്ങൾ, വിരുന്നുസൽക്കാരങ്ങൾ, ഉദാരമായ സംഭാവനകൾ..അങ്ങനെ രാജകീയ ജീവിതമായിരുന്നു. അപ്പോൾ താമസിച്ചിരുന്ന ചെറിയ വീട് ഒരു പോരായ്മമായി തോന്നി.

നാട്ടിൽ 20 സെന്റ് സ്ഥലം വാങ്ങി ഒരു വീട് വയ്ക്കാൻ രാഘവേട്ടൻ  തീരുമാനിച്ചു. അതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. അവസരം മുതലാക്കി ഗൾഫുകാരനെ പിഴിയാൻ കോൺട്രാക്ടർമാരും വാസ്തുശില്പികളും രംഗത്തെത്തി. ഒരു ഗൾഫുകാരന്റെ വീട് ഇങ്ങനെയാകണം എന്ന ചിന്ത  അവർ രാഘവേട്ടന്റെയും കുടുംബത്തിന്റെയും തലയിൽ കുത്തിവച്ചു. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം നാട്ടിലെത്തുന്ന ആ കുടുംബത്തിനായി കൊട്ടാരം പോലെ ഒരു വീട് അവർ  വിഭാവനം ചെയ്തു. പണി തുടങ്ങി. അപ്പോഴേക്കും കുടുംബം ഗൾഫിലേക്ക് മടങ്ങി. വേണ്ടത്ര മേൽനോട്ടമില്ലാതെ പണി തോന്നിയ വഴിക്ക് തുടർന്നു. കോൺട്രാക്ടർമാർ ആവശ്യപ്പെടുമ്പോഴൊക്കെ രാഘവേട്ടൻ ഗൾഫിൽ നിന്നും പണമയച്ചു കൊടുത്തു. ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് അതിന്റെ അപകടം അവർ മനസിലാക്കിയത്. കയ്യിലെ സ്രോതസുകൾ വറ്റിത്തുടങ്ങി. എന്നിട്ടും വീട് അസ്ഥിപഞ്ജരം പോലെ ആയിട്ടേയുള്ളൂ. അപ്പോഴേക്കും രക്ഷകരുടെ മുഖംമൂടിയണിഞ്ഞു ബാങ്കുകൾ രംഗപ്രവേശം ചെയ്തു. അങ്ങനെ വലിയൊരു തുക ഹോം ലോണുമെടുത്തു. 

jayan-bilathikulam-article
Representative Image

ഒടുവിൽ ആഡംബരവീട് പൂർത്തിയായി. ഭാര്യയെയും യുവതികളായ പെൺമക്കളെയും നാട്ടിലാക്കി പ്രവാസജീവിതം അവസാനിപ്പിക്കാനുള്ള മുന്നൊരുക്കവുമായി രാഘവേട്ടൻ കുവൈറ്റിലേക്ക് മടങ്ങി.ആ സമയത്താണ് സദ്ദാം ഹുസ്സൈൻ കുവൈത്തിനെ ആക്രമിക്കുന്നത്. ഗൾഫ് യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ ജീവനും കൊണ്ട് നാട്ടിലേക്ക് മടങ്ങിയ അസംഖ്യം പ്രവാസികളിൽ രാഘവേട്ടനുമുണ്ടായിരുന്നു. ഇനിയാണ് രാഘവേട്ടന്റെ ജീവിതത്തിൽ ദുരന്തങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്.

ഉണ്ടായിരുന്ന നല്ല ജോലി നഷ്ടമായി, സമ്പാദ്യത്തിൽ നല്ലൊരു പങ്കും വീടിനായി ചെലവഴിച്ചു. തിരിച്ചടവുകളുടെ കുരുക്കിൽ പെട്ട രാഘവേട്ടന് ജീവിക്കാനുള്ള  അടവുകൾ അപ്പോഴേക്കും മറന്നുപോയിരുന്നു. ആ സമയത്താണ് മൂത്ത മകളുടെ വിവാഹം. വലിയ വീട്ടിലെ ബന്ധുതയാണ്, കൂടാതെ അമ്മായിയപ്പൻ ഗൾഫിലുമാണ്. വിവാഹത്തിന്റെ പകിട്ട് കുറയ്ക്കാൻ പറ്റില്ല എന്ന് ബന്ധുക്കളും നാട്ടുകാരും അഭിപ്രായം പാസാക്കി. തന്റെ പോക്കറ്റിൽ തുള വീണത് നാട്ടുകാരെ അറിയിക്കാൻ രാഘവേട്ടന്റെ ദുരഭിമാനം സമ്മതിച്ചില്ല. സ്ത്രീധനത്തിനും വിവാഹമാമാങ്കത്തിനുമായി ആ വീടിന്റെ ആധാരം ബാങ്കിൽ പണയം വച്ചു.  വീട് പണയത്തിലായെങ്കിലും മകൾക്ക് നല്ലൊരു ജീവിതം ലഭിച്ചതിൽ രാഘവേട്ടൻ ആനന്ദിച്ചു.

അപ്പോഴേക്കും കുവൈറ്റ് യുദ്ധം അവസാനിച്ചു. നാട്ടിലിരുന്ന് കടം പേരുകേണ്ട എന്നുകരുതി രാഘവേട്ടൻ വീണ്ടും കുവൈറ്റിലേക്ക് മടങ്ങി. ഇത്തവണ ലഭിച്ചത് ചെറിയ വരുമാനമുള്ള ഒരു  ജോലിയാണ്. വർഷങ്ങൾ കൊണ്ട് വീടിന്റെ കടങ്ങൾ വീട്ടി ആധാരം തിരികെവാങ്ങി ആശ്വസിച്ചിരിക്കുമ്പോഴേക്കും രണ്ടാമത്തെ മകളുടെ വിവാഹമായി. ഇത്തവണ ഒരു മിലിട്ടറി കുടുംബത്തിൽ നിന്നാണ് ബന്ധുത. കുടുംബത്തിലെ അവസാനത്തെ കല്യാണമാണ്. കളറാക്കണം..വീണ്ടും ബന്ധുക്കളും നാട്ടുകാരും ഉപദേശശരങ്ങളുമായി പൊട്ടിമുളച്ചു. ഇത്തവണ ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ വിവാഹം ഏറ്റെടുത്തു. അങ്ങനെ ആദ്യത്തേതിലും വലിയ ആഘോഷമായി രണ്ടാമത്തെ വിവാഹം പൂർത്തിയായി. അതിന്റെ  മുഴുവൻ സാമ്പത്തികബാധ്യതയും മധ്യവയസ്കനും രോഗിയുമായ രാഘവേട്ടന്റെ ചുമലിൽ പതിച്ചു. അങ്ങനെ തിരിച്ചെടുത്ത വീടിന്റെ ആധാരം വീണ്ടും ബാങ്കിൽ പണയത്തിലായി. രാഘവേട്ടൻ വീണ്ടും കുവൈറ്റിന്റെ മണലാരണ്യത്തിലേക്ക് എടുത്തെറിയപ്പെട്ടു.

ഇത്തവണ കുടുംബം കൂടെയില്ലാതെ, ഗൾഫിലെ എണ്ണപ്പാടത്തെ പകൽ അത്യുഷ്ണവും രാത്രി മരംകോച്ചുന്ന തണുപ്പുമുള്ള കാലാവസ്ഥയിൽ ഒരു കുടുസുമുറിയിൽ രാഘവേട്ടൻ കഴിച്ചുകൂട്ടി. വരുമാനം വളരെ കുറവ്. തിരിച്ചടവുകൾ പോലും മുടങ്ങുന്നു. കടംവീട്ടാൻ മാത്രമുള്ള ജന്മമായി താൻ മാറിയത് അയാൾ അന്നാദ്യമായി വേദനയോടെ തിരിച്ചറിഞ്ഞു. ഒടുവിൽ കിട്ടാക്കടം പെരുകി സർഫാസി ആക്ട് പ്രകാരം വീടും വസ്തുവും ബാങ്ക് ജപ്തി ചെയ്തത് ഗൾഫിലിരുന്ന് വേദനയോടെ രാഘവേട്ടൻ അറിഞ്ഞു.

ഒടുവിൽ രാഘവേട്ടൻ നാട്ടിലെത്തി. ഒരു വാടകവീട് തരപ്പെടുത്തി ജീവിതം തുടങ്ങി. പ്രശംസയും വഴിതെറ്റിക്കുന്ന ഉപദേശങ്ങളുമായി നല്ല കാലത്ത് കൂടെയുണ്ടായിരുന്ന ബന്ധുക്കാരെയും നാട്ടുകാരെയും മഷിയിട്ടു നോക്കിയിട്ട് പിന്നങ്ങോട്ട് കാണാനായില്ല. കഥ ഇനിയും അവസാനിച്ചിട്ടില്ല. 

വാടകവീടിന്റെ ദുരഭിമാനം രാഘവേട്ടനെ പിന്തുടർന്നു. ഒടുവിൽ ചോര നീരാക്കിയ കയ്യിലെ അവസാനശേഷിപ്പായ കുറച്ചു പൊന്നും പണവും വിറ്റു എറണാകുളത്തെ ഒരു ഫ്ലാറ്റ് കമ്പനിയിൽ നിക്ഷേപിച്ചു. ആ കമ്പനി പൊട്ടിപൊളിഞ്ഞതോടെ ഇടിവെട്ടിയവനെ പാമ്പുകടിച്ചതു പോലെയായി രാഘവേട്ടന്റെ അവസ്ഥ..

ഇന്ന് തകർക്കപ്പെട്ട സ്വപ്നങ്ങളുമായി, അധ്വാനിച്ചു നേടിയ സമ്പാദ്യം കൊള്ളയടിക്കപ്പെട്ട വേദനയിൽ, ഏതോ ചെറിയ വാടകവീട്ടിൽ, സ്വന്തമായി ഒരു മേൽവിലാസം പോലുമില്ലാതെ, രോഗവും ദുരിതവുമായി രാഘവേട്ടനും ഭാര്യയും കഴിയുന്നു. ഇതുപോലെ മേൽവിലാസം നഷ്ടപ്പെട്ട ഒരുപാട് മലയാളികളുടെ മേൽവിലാസമാണ് പ്രവാസം. അങ്ങനെയുള്ള ഒരുപാട് മനുഷ്യരുടെ നാടാണ് നമ്മുടെ ഈ കൊച്ചുകേരളം. നിങ്ങൾ ഈ ജീവിതകഥ വായിക്കുമ്പോൾ അങ്ങ് ഗൾഫിൽ പുതിയ രാഘവേട്ടൻമാർ ജനിക്കുന്നുണ്ടാകും...

ഭവനനിർമാണത്തെ കുറിച്ചുള്ള സംശയങ്ങൾ ജയൻ ബിലാത്തികുളവുമായി പങ്കുവയ്ക്കാം.

തയാറാക്കിയത്- അജിത് 

English Summary- Pravasi Malayali House Mistakes Life Experience; Jayan Bilathikulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com