ADVERTISEMENT

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ എല്ലാവര്‍ക്കും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കണമെന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയെന്നത് ദുഷ്‌കരമായ കാര്യമാണ്. സാമ്പത്തികമായ പരാധീനതകള്‍ക്ക് പുറമെ സാങ്കേതികമായി വേണ്ടത്ര അറിവില്ലാത്തതും ഗ്രാമീണ മേഖലയില്‍ സാധാരണക്കാര്‍ക്ക് വീട് നിര്‍മ്മാണത്തില്‍ വലിയ തടസ്സമാകുന്നു. ഇത് മൂലം കരാറുകാരെയോ കെട്ടിട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടവരെയോ അമിതമായി ആശ്രയിക്കേണ്ടി വരികയും വീടുകളുടെ രൂപഘടനയിലും നിര്‍മ്മിതിയിലും കുടുംബങ്ങളുടെ പങ്കാളിത്തം പരിമിതമാകുകന്നതും പതിവാണ്. 

നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരമാണ് ഒരു പ്രധാന ഘടകം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളുടെ കാര്യത്തില്‍ പരിമിതി ഉള്ളതുകൊണ്ട് നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം പലപ്പോഴും ഉറപ്പാക്കാന്‍ കഴിയാറില്ല. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെയും മറ്റും വീട് നിര്‍മ്മിക്കുന്നവര്‍ക്ക്  ഇത്തരത്തിലുള്ള നിരവധി തടസ്സങ്ങള്‍ നേരിടേണ്ടതായി വരാറുണ്ട്.  ഇത് മൂലം എസ്റ്റിമേറ്റ് വര്‍ധിക്കും. സാങ്കേതികത്വം കുരുക്കാവും. സാമ്പത്തികമായി ബുദ്ധിമുട്ടു നേരിടുന്നവര്‍ക്ക് വിട് നിര്‍മ്മാണത്തെക്കുറിച്ച് സാങ്കേതികവും സാമ്പത്തികവുമായ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ ഈ പ്രശ്‌നങ്ങളെല്ലാം ഒരുപരിധി വരെ ഒഴിവാക്കാം. വീട് നിര്‍മ്മാണത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഇതിലൂടെ ഉണ്ടാക്കുവാനും സാധിക്കും.

 

Habitat-for-Humanity

ഹാബിറ്റാറ്റ് മാതൃക

രാജ്യത്തെ പ്രമുഖ എന്‍ജിഒ ആയ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ ആവിഷ്‌കരിച്ച ഭവനനിര്‍മ്മാണ സഹായ സേവന മാതൃക പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ മറി കടക്കാന്‍ സഹായിക്കുകയാണ്. വീടിന്റെ രൂപകല്‍പന മുതൽ പൂര്‍ത്തീകരണത്തിലും അതിനു ശേഷമുള്ള ഘട്ടത്തിലും സാധാരണക്കാരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ് ഈ പദ്ധതി. ഗുണ നിലവാരമുള്ള പാര്‍പ്പിട നിര്‍മ്മാണ സങ്കല്‍പങ്ങളെക്കുറിച്ച് വീട്ടുടമകള്‍ക്ക്  ആവശ്യാനുസരണം വിവരം നല്‍കുകയും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിശ്ചിത സമയ പരിധിയിലും ബജറ്റിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ് ഇവർ. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും വകുപ്പുകളില്‍ നിന്നും ധനസഹായം നേടിയെടുക്കുന്നതിനും ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുടെ സഹായം നൽകും. 

 

പ്രളയാനന്തര പറവൂര്‍ മോഡല്‍ 

പ്രകൃതി ദുരന്തങ്ങള്‍ ഏറ്റവും മോശമായി ബാധിക്കുക എന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരേയും പാര്‍ശ്വവല്‍കൃതരെയുമാണ്. 2018ലെ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരില്‍ ഏറ്റവും ദുരിതമനുഭവിച്ചത് ദരിദ്ര വിഭാഗങ്ങളാണ് എന്നത് നാം കണ്ടതാണ്. പ്രളയദുരന്തത്തിനു ശേഷം കേരളത്തില്‍ ആദ്യമായി പറവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ആണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുടെ ഭവന നിര്‍മ്മാണ സഹായ സേവന മാതൃക നടപ്പാക്കിയത്. ജില്ലാ ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും  ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുടേയും ഒരു സംയുക്ത സംരംഭമാണ് പറവൂരിലേത്. 'സുരക്ഷിത കൂടൊരുക്കും കേരളം' എന്നതാണ്  ഭവന നിര്‍മ്മാണ സഹായ സേവന മാതൃകയുടെ മുദ്രാവാക്യം. ഈ പദ്ധതിയിലൂടെ  ഇതുവരെയായി 100 വീടുകള്‍ നിര്‍മ്മിച്ചു നൽകി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ആവാസ് യോജ്‌ന, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികള്‍ ഉപയോഗിച്ച് മാന്യമായ താമസത്തിനുതകുന്ന വീടുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഇതിലൂടെ ലഭിക്കും. 

 

വീടൊരുക്കാം സുരക്ഷിതമായി

പറവൂരിലെ ഭവന നിര്‍മ്മാണ സഹായ സേവന മാതൃക പിന്നോക്ക സമൂഹങ്ങളുടെ പുരോഗതിക്കായി ഇന്ത്യയിലെവിടെയും വിജയകരമായി നടപ്പാക്കാന്‍ കഴിയും. ദുരന്ത കാലത്തു മാത്രമല്ല മറ്റവസരങ്ങളിലും മാന്യമായ പാര്‍പ്പിടം ആവശ്യമുള്ള കുടുംബങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങളുണ്ടാക്കാന്‍ ഈ മാതൃകക്ക് സാധ്യമാണ്. വീടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്തുകയും സാങ്കേതികമായ അവലോകനങ്ങള്‍ നടത്തുകയുമാണ് ആദ്യം ചെയ്യുന്നത്. പിന്നീട് കൃത്യമായ രൂപരേഖ തയ്യാറാക്കുകയും അനുമതിക്കായി സര്‍ക്കാര്‍ വകുപ്പുകളെ സമീപിക്കുകയും ചെയ്യും. വീടിന്റെ രൂപരേഖ റീ ബില്‍ഡ് കേരള പോർട്ടലില്‍ ഉൾപ്പടെ അപ് ലോഡ് ചെയ്തുകൊണ്ട് സബ്‌സിഡി യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുടെ എൻജിനീയര്‍മാര്‍ അടക്കമുള്ളവര്‍ നിര്‍മ്മാണ സൈറ്റ് സന്ദര്‍ശിക്കുകയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യും. സ്വന്തമായി വീട് എന്ന സ്വപ്‌നവുമായി നടക്കുന്ന പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഇത്തരം സഹായങ്ങള്‍ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് വീട് നിര്‍മ്മാണത്തിലെ 'പറവൂര്‍ മോഡല്‍' ശ്രദ്ധാ കേന്ദ്രമായി മാറിയിട്ടുണ്ട്. 

വിവരങ്ങൾക്ക് കടപ്പാട്- രാജന്‍ സാമുവല്‍, മാനേജിങ് ഡയറക്ടര്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ

English Summary- Habitat for Humanity Housing Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com