ADVERTISEMENT

ഉപയോഗശൂന്യമായ വസ്തുക്കൾ, അതിപ്പോൾ പൊട്ടിയ കുപ്പിയാണെങ്കിലും പഴകിയ ജീൻസ് ആണെങ്കിലും ശരി, വീട്ടുടമയ്ക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല. കാരണം വേസ്റ്റ് മാനേജ്‌മെന്റ് നമ്മുടെ നാട്ടിൽ തലവേദനയാണ്. എന്നാൽ അൽപം കലാബോധവും ഗാർഡനിംഗിൽ താല്പര്യവും ഉണ്ടെങ്കിൽ ഒഴിവാക്കാനായി നാം മാറ്റിവയ്ക്കുന്ന പല വസ്‌തുക്കളെയും പൂന്തോട്ടത്തിന്റെ പ്രധാന ആകർഷണമാക്കി മാറ്റാൻ കഴിയും എന്ന് തെളിയിക്കുകയാണ് ഗോവയിൽ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശിനിയായ ബീന കുമാരി.

പത്തര സെന്റ് പുരയിടത്തിനുള്ളിൽ റീസൈക്ലിംഗ് രീതി ഉപയോഗിച്ചും അല്ലാതെയും നൂറുകണക്കിന് ചെടികളാണ് ബീന വളർത്തുന്നത്. ഇതിൽ ഹാംഗിങ് ടൈപ്പ് ചെടികളും ഫേണുകളും ബുഷുകളും എല്ലാം ഉൾപ്പെടുന്നു. വീടിരിക്കുന്നത് ഗോവയിലാണെങ്കിലും ഒറ്റനോട്ടത്തിൽ ഒരു കേരളാസ്റ്റൈൽ പൂന്തോട്ടം അല്ലെ ഇതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഗേറ്റിനോട് ചേർന്ന് കണിക്കൊന്നയും വരിക്കപ്ലാവും നട്ടിട്ടുണ്ട് ബീന.

garden-house-plants

കോട്ടയം സ്വദേശിനിയായ ബീനക്ക് പൂന്തോട്ട പരിപാലനത്തോടും ചെടികളോടുമുള്ള പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ വീടിനു മുന്നിൽ പൂന്തോട്ടമൊരുക്കുകയും  ഇന്റീരിയർ പലവിധത്തിൽ മാറ്റിയും മറിച്ചും ഒരുക്കിയും തുടങ്ങിയതാണ് വീടൊരുക്കലിനോടുള്ള  ഇഷ്ടം. പിന്നീട് ബീന വളർന്നപ്പോൾ ആ ഇഷ്ടവും അങ്ങ് വളർന്നു.

33  വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത് നിന്നും ഗോവയിൽ എത്തിയപ്പോൾ ബീനയ്ക്കുണ്ടായിരുന്ന ഒരേയൊരു വിഷമം തന്റെ ചെടികളെ പിരിയുന്നതോർത്തായിരുന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥയായി ജോലിക്ക് കയറി ശേഷവും തന്നാൽ കഴിയുന്ന രീതിയിൽ ചെടികൾ നേടുകയും പരിപാലിക്കുകയും ചെയ്തിരുന്നു. ഫ്ലാറ്റിൽ താമസിച്ചിരുന്ന കാലഘട്ടത്തിൽ ഇന്റീരിയർ ഗാർഡൻ  ആയിരുന്നു  ആശ്വാസം. പിന്നീട് ഗോവയിൽ സ്വന്തമായി വീടെടുത്തപ്പോൾ വിശാലമായി ഒരു പൂന്തോട്ടം ഒരുക്കാൻ ഇടം വേണം എന്ന് മാത്രമായിരുന്നു നിർബന്ധം.

ആഗ്ളോനിമ, ക്രോട്ടൺ, സ്‌നേക് പ്ലാന്റ് , സ്പൈഡർ പ്ലാന്റ്, ഒർണമെന്റൽ ഗ്രാസ്, പോത്തോസ്‌, ബിഗോണിയ , പീസ് ലില്ലി, ബോസ്റ്റൺ ഫെൻസ് തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ ബീന തന്റെ വീട്ടിൽ ഒരുക്കിയിരിക്കുന്നു. ചെടികളിൽ കൂടുതൽ പ്രണയം ഹാംഗിങ് ടൈപ്പ് ചെടികളോടാണ്. എന്നിരുന്നാലും പലതരം ചെടിച്ചട്ടികളിലും ഗ്ലാസ് പത്രങ്ങളിലും എന്തിനേറെ മരത്തിലും മതിലിലും വരെ ബീന തന്റെ ചെടികൾ പരിപാലിക്കുന്നുണ്ട്.

 

garden-house-view

ആട്ടുകല്ലു  മുതൽ ടയർ വരെ

പൂന്തോട്ട പരിപാലനത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്നു ചോദിച്ചാൽ റീസൈക്ലിംഗ് ആണ് എന്ന് ബീന പറയും. ഉപയോഗശൂന്യമെന്നു കരുതി വലിച്ചെറിയുന്ന പല വസ്തുക്കളും ഇന്ന് ബീനയുടെ വിശാലമായ പൂന്തോട്ടത്തിൽ മനോഹരമായ വസ്തുക്കളായി ഇടം പിടിച്ചിരിക്കുന്നു. ചുറ്റും ചെടികൾ പടർന്നുനിൽക്കുന്ന ആട്ടുകല്ലു ഇത്തരത്തിൽ അയൽവാസി ഒഴിവാക്കിയ ഒന്നാണ്. അയൽവാസിയിൽ നിന്നും ബീന കയ്യോടെ ആട്ടുകല്ലു വാങ്ങി സ്വന്തം തോട്ടത്തിൽ വച്ചു.

ഓഫീസിനടുത്തുള്ള വർക്ക്‌ഷോപ്പിൽ ടയറുകൾ ഉപയോഗശൂന്യമായി കിടക്കുന്നത് കണ്ടപ്പോൾ അതിൽ നിന്നും നാലെണ്ണം സ്വന്തമാക്കി വീട്ടിലെത്തി. തുടർന്ന് പൂന്തോട്ടത്തിനു ചേരുന്ന നിറത്തിൽ ടയർ പെയിന്റ് ചെയ്ത് ഒന്നിന് മുകളിൽ ഒന്നായി ക്രമീകരിച്ച്  പൂന്തോട്ടത്തിൽ വച്ചു. ബീനയുടെ പൂന്തോട്ടം ആദ്യമായി കാണുന്നവർ പോലും ഈ കണ്ടുപിടിത്തത്തിനു കയ്യടി നൽകുകയാണ്.

ഉപയോഗശൂന്യമായി പുറന്തള്ളുന്ന ജീൻസിനും ബീന രൂപമാറ്റം വരുത്തിയിട്ടുണ്ട്. ജീൻസിന്റെ കാൽ വരുന്ന വശത്ത് പിവിസി പൈപ്പ്  ഇറക്കി, പിന്നീട് അരഭാഗത്ത് ചെടികൾ നട്ടു. ഇത്തരത്തിലുള്ള ജീൻസ് ഗാർഡൻ മാതൃകകൾ  ബീനയുടെ പൂന്തോട്ടത്തിൽ ധാരാളമായി കാണാൻ കഴിയും. മനസ് വച്ചാൽ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണ് ഇത്തരം പൂന്തോട്ട മാതൃകകൾ എന്നാണ് ബീന പറയുന്നത്.

ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല റീസൈക്ലിംഗിലെ ബീനയുടെ മാജിക്. ഉപയോഗശൂന്യമായ പാത്രങ്ങളിലും കുപ്പികളിലുമൊക്കെ ഫേൺ ഉൾപ്പെടെയുള്ള ചെടികൾ നട്ടിട്ടുണ്ട് കക്ഷി.മാത്രമല്ല, നാട്ടിൽ നിന്നും പോളപായൽ കൊണ്ട് വന്ന്  അതും നട്ടിട്ടുണ്ട്. ജോലിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ പൂന്തോട്ടത്തിൽ കൂടുതൽ സമയം ചെലവഴിക്കാനാകുന്നുണ്ട് എന്ന സന്തോഷത്തിലാണ് ബീന.

garden-house-plant

 

വഴിനീളെ മരങ്ങൾ നടും

വീടിനുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ബീനയുടെ ചെടികളോടും മരങ്ങളോടുമുള്ള സ്നേഹം. വീടിനോട് ചേർന്നുള്ള വഴികളിൽ ഗുൽമോഹർ ഉൾപ്പെടെയുള്ള തണൽ മരങ്ങളും ഉഗ്രനൊരു തേൻവരിക്കയും ബീന നട്ടിട്ടുണ്ട്. നാട്ടിൽ നിന്നും തൈ കൊണ്ട് വന്നു കുഴിച്ചിട്ട തേൻവരിക്കയിൽ  ഇത്തവണ പതിനഞ്ചു ചക്കകൾ ഉണ്ടായതിന്റെ സന്തോഷവും ബീന മറച്ചുവയ്ക്കുന്നില്ല.

'' ഓരോ ചെടികൾക്കും ആത്മാവുണ്ട്. പരിപാലിക്കുന്നവരുടെ സ്പർശനം അവയ്ക്ക് മനസിലാകും. അതിനാൽ തന്നെ ഞാൻ എല്ലാ ദിവസവും ചെടികൾക്ക് ഇടയിലൂടെ നടക്കുകയും വെറുതെ എങ്കിലും അവയെ തൊട്ടു തലോടുകയും ചെയ്യും. ഗാർഡനിംഗ് വല്ലാത്തൊരു പോസിറ്റിവ് എനർജിയാണ്  നൽകുന്നത്. എന്റെ പൂന്തോട്ടത്തിലെ എല്ലാ കാര്യവും ഞാൻ തന്നെയാണ് ചെയ്യുന്നത്.അതൊരു സന്തോഷമാണ്'' ബീന പറയുന്നു. ഔട്ഡോർ ഗാർഡന് പുറമെ ഇൻഡോർ ഗാർഡനും ബീന ഒരുക്കിയിട്ടുണ്ട്.കോക്കാടമ്മ രൂപങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. 

 

English Summary- Garden Using Scrap Recycling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com