ADVERTISEMENT

വീടും അനുബന്ധ പണികളും നടത്തുമ്പോൾ മലയാളികൾ ഒട്ടേറെ തെറ്റുകൾ വരുത്താറുണ്ട്. അനുഭവകഥകൾക്ക് മാറ്റേറും എന്നാണല്ലോ ചൊല്ല്. പുന്നയൂർക്കുളം സ്വദേശിയും ബിസിനസുകാരനുമായ പി. എൻ. നാസർ തനിക്ക് നേരിടേണ്ടി വന്ന ഒരു വീടനുഭവം പങ്കുവയ്ക്കുന്നു..

ജീവിതത്തിൽ നമുക്ക് പല സങ്കൽപങ്ങളും ഉണ്ടായിരിക്കുമല്ലോ.. എന്നെങ്കിലും വീട് വയ്ക്കുമ്പോൾ ചെങ്കല്ല് കൊണ്ട് ചെത്തി തേക്കാതെയുള്ള ചുമരുകളും, ഓട് മേഞ്ഞ നടുമുറ്റവും ഉള്ള വീടായിരുന്നു എന്റെ സങ്കല്പത്തിൽ ഉണ്ടായിരുന്നത്.... പുരാതനമായ തറവാട് വീടുകളും, അമ്പലച്ചുവരുകളും മനസ്സിൽ ഉള്ളതു കൊണ്ടായിരിക്കാം അങ്ങനെയൊരു മോഹം തോന്നിയത്. എന്നാൽ എന്തുകൊണ്ടോ ആ ശൈലിയിൽ ഉള്ള ഒരു വീടായിരുന്നില്ല ഞാൻ ഉണ്ടാക്കിയത്.. ഇത് ഫ്ലാഷ് ബാക്ക്.

ഇനി കഥയിലേക്ക് കടക്കാം. ഒരു ദിവസം കുന്ദംകുളത്തേക്ക് പോകുമ്പോൾ.... പുന്നൂക്കാവ് അമ്പലക്കുളം ചെങ്കല്ല് കൊണ്ട് കെട്ടി പടുക്കുന്നത് കണ്ടു. മഴക്കാലങ്ങളിൽ നിറയെ വെള്ള താമരപ്പൂക്കൾ വിരിഞ്ഞ് നിൽക്കാറുള്ളതുകൊണ്ട് ആ വഴി പോകുമ്പോഴൊക്കെ അങ്ങോട്ടൊന്ന് നോക്കും.

കുളം പടുക്കുന്നതു കണ്ടപ്പോൾ ഒരു കൗതുകത്തിന് കാർ ഒതുക്കി നിർത്തി അമ്പലത്തിന്റെ പുറകു വശത്ത് കല്ല് ചെത്തുന്ന ഷെഡ്ഡിൽ വെുതെയൊന്ന് ചെന്ന് നോക്കി. അങ്ങനെയാണ് എന്റെ വീടിന്റെ മുന്നിലെ മതിൽ പൊളിച്ച് ചെങ്കല്ല് കൊണ്ട് കെട്ടിയാലോ എന്നൊരാലോചന മനസ്സിലൂടെ കടന്നു പോവുന്നത്. വീടോ ഇങ്ങനെ പണിയാൻ പറ്റിയില്ല. എന്നാപ്പിന്നെ മതിലെങ്കിലും ഇങ്ങനെ പണിഞ്ഞാലോ എന്നൊരു മോഹം. എന്തിന് പറയുന്നു.. കുളത്തിന്റെ പടവ് കഴിഞ്ഞാൽ എന്നെ വിളിക്കാനുള്ള നമ്പർ കൽപണിക്കാരന് കൊടുത്തിട്ടാണ് അന്ന് തിരികെ പോന്നത്. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞാനതങ്ങ് മറക്കുകയും ചെയ്തു.

ഒരു ദിവസം കൽപണിക്കാരൻ വിളിച്ചിട്ട് പറഞ്ഞു. അമ്പലക്കുളത്തിന്റെ പണി സാമ്പത്തിക പ്രശ്നം കാരണം നിറുത്തി വച്ചിരിക്കയാണ്, നമ്മുടെ മതിൽ പണി വേണമെങ്കിൽ ആരംഭിക്കാമെന്ന്. ഒന്നാന്തരം ഒരു മതിൽ പൊളിക്കുന്നത് എന്തിനാണെന്ന ഭാര്യയുടെ ചോദ്യം അവഗണിച്ചു കൊണ്ട് പിറ്റേന്ന് കല്ല് എല്പിക്കാനായി ഞാൻ ഇറങ്ങിത്തിരിച്ചു.

പോളിഷ് ചെയ്യാവുന്ന നല്ല ഉറപ്പുള്ള ചെങ്കല്ലാണ് ഇതിന് ഉപയോഗിക്കുന്നത്. അതിനായി മരത്തംകോട്, പെരുമ്പിലാവ്, എരുമപ്പെട്ടി ഭാഗങ്ങളിൽ കുറെ കറങ്ങിയ ശേഷമാണ് വിചാരിച്ച തരത്തിലുള്ള കല്ല് കിട്ടിയത്.

wall-mistake-view

കല്ലിന്റെ ലോഡ് വന്നതിന്റെ പിറ്റേന്ന് മൂന്നു പേർ വന്ന് ഗേറ്റിന്റെ മുന്നിൽ ടാർ പായ വലിച്ച് കെട്ടുന്നത് കണ്ടപ്പോൾ ഞാൻ കരുതി വെയില് കൊള്ളാതിരിക്കാൻ ഷെഡ്ഡ് കെട്ടുന്നതാണെന്നാണ്. എന്നാൽ അഞ്ചാറ് മാസം ഇതിന്റെ ഉള്ളിൽ തങ്ങാനാണ് ഭാവമെന്ന് അന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല.

ദിവസവും രണ്ട് കല്ല് കട്ടിംഗ് മെഷീനിന്റെ വാടക ഓരോന്നിന് 100 രൂപ ( ഒരു മാസം കഴിഞ്ഞപ്പോൾ പുതിയ രണ്ട് മെഷീൻ സ്വന്തമായി വാങ്ങിച്ചു). അങ്ങിനെ ഐശ്വര്യമായി പണി തുടങ്ങി. 4 മണിക്ക് പണി നിർത്തി പോവുമ്പോൾ അവരുടെ കൂലി കേട്ട് ഒന്ന് ഞെട്ടി. അവർ പോയപ്പോൾ എത്ര കല്ല് ചെത്തിയെന്നറിയാൻ ഒന്ന് ഉള്ളിൽ കേറി നോക്കിയപ്പോൾ വീണ്ടും ഞെട്ടി. ആകെ നാല് കല്ലാണ് ചെത്തി വച്ചിരിക്കുന്നത്.

wall-construction-mistake-note

തറവാടിന്റെ മുൻവശത്തെ സിറ്റൗട്ടിലിരുന്ന് എല്ലാം കാണുന്ന ഉപ്പാക്ക്, ഒന്നാന്തരം ഒരു മതിൽ പൊളിച്ചത് തീരെ പിടിച്ചിട്ടില്ല. പോരാത്തതിന് പകൽ മുഴുവൻ കല്ല് ചെത്തുന്ന മെഷീന്റെ ഒച്ചയും പൊടി വേറെയും. ദിവസങ്ങൾ കടന്നു പോയി. മാസം രണ്ടായി ചെത്ത് തുടങ്ങിയിട്ട്. ഇതിനിടിയിൽ പെരുന്നാളും, വിഷുവും കഴിഞ്ഞു. തറവാട്ടിലേക്ക് വരുന്നവരുടേയും പോകുന്നവരുടേയും "മതില് പണി ഇതുവരെ തീർന്നില്ലേ.. " എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് ഞാൻ മടുത്തു. പോകപ്പോകെ ഉപ്പാടെ ദേഷ്യം തമാശയായി മാറി. ഇടക്ക് "നാസറ് പെട്ട ഒരു പെടല് " എന്നൊക്കെ പറയുമ്പോഴേക്ക് ഞാൻ തടിയൂരും. ഭാര്യയുടെ വക "ഞാനന്ന് തന്നെ പറഞ്ഞില്ലേ " .. എന്ന വാചകം ഇടക്കിടക്ക് വീട്ടിൽ മുഴങ്ങി കേട്ടു .

നാലാം മാസം കല്ല് ചെത്തി തീരാറായപ്പോൾ പണിക്കാരൻ  പറഞ്ഞു.. ഈ മതിലിനനുസരിച്ച്  പടിപ്പുര കൂടിയില്ലെങ്കിൽ " ഒരു ഗുമ്മുണ്ടാവില്ല " എന്ന്. മാത്രമല്ല മതിലിന്റെ പുറം ആനപ്പുറം പോലെ ഉരുട്ടിയെടുക്കണമെന്നും നിർദ്ദേശിച്ചു. പാതിവഴിയിൽ നിർത്താൻ പറ്റില്ലല്ലോ എന്ന് കരുതി അതിന്റെ പണിക്കാരെ വേറെ ഏല്പിച്ചു. അമ്പലക്കുളത്തിന്റെ പണി നിർത്തിയത് സാമ്പത്തിക പ്രശ്നം കൊണ്ട് തന്നെയായിരിക്കുമെന്ന് അന്നാണ് എനിക്ക് ശരിക്കും മനസ്സിലായത്.

അങ്ങനെ ആറാം മാസം എന്റെ മഹത്തായ മതിലിന്റെ പണി അവസാനിച്ചു. കല്ലിന്റെ മിനുസം കൂട്ടാൻ ലിറ്റർ കണക്കിന് വില പിടിച്ച തിന്നർ പൂശിക്കഴിഞ്ഞപ്പോഴേക്കും മതിലിന് ഏകദേശം അഞ്ച് ലക്ഷത്തോളം ചിലവായെന്ന് പറഞ്ഞിട്ട് ഒരാളും വിശ്വസിച്ചില്ല എന്നതായിരുന്നു ഏറെ വേദനാജനകം. 'തള്ളുന്നതിന് ഒരു അതിരു വേണ്ടേ ഇക്കാ' എന്ന പരിഹാസം വേറെയും.. അങ്ങിനെ മതിൽ പണി തീർന്നപ്പോൾ ധനനഷ്ടവും, മാനഹാനിയും ഒന്നിച്ച് വന്നെന്ന് പറഞ്ഞാ മതിയല്ലോ.... ഒരു ആഗ്രഹം സഫലീകരിക്കാൻ വേണ്ടി കളഞ്ഞ് കുളിച്ച പൈസയെ കുറിച്ചാർക്കുമ്പോൾ ഇന്നും മനസ്സിലൊരു നീറ്റലാണ്..

English Summary- Compound Wall Mistakes Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com