8 വർഷമായി കറണ്ട്, വാട്ടർ ബില്ലുകൾ ഇല്ല! സംഭവമാണ് ഈ വീട്

sutainable-home-surat-family
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

എൻജിനീയറായ സ്നേഹൽ പട്ടേലിന്റെയും കുടുംബത്തിന്റെയും സൂറത്തിലുള്ള വീട് ഒരു കാഴ്ചാനുഭവം തന്നെയാണ്. പ്രകൃതിയുമായി പൂർണമായും ഇഴുകിച്ചേർന്നു കിടക്കുന്ന വീടിനു സവിശേഷതകൾ ഏറെയുണ്ട്. സാധാരണക്കാർക്ക്  സങ്കൽപിക്കാൻ കഴിയുന്നതിനുമപ്പുറം സ്വയംപര്യാപ്തമാണ്‌ ഈ വീട്. അതായത് പുറത്തുനിന്നുള്ള വാട്ടർ കണക്‌ഷൻ, കറണ്ട് കണക്‌ഷൻ ഒന്നും ഇവിടെ എടുത്തിട്ടില്ല.

1996 ലാണ് നാലേക്കർ സ്ഥലം സ്നേഹൽ വാങ്ങുന്നത്. അവിടെ ഒരിക്കൽ വീട് വയ്ക്കും എന്ന പ്രതീക്ഷയിൽ ധാരാളം മരങ്ങൾ വച്ചുപിടിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം മരങ്ങൾ തിങ്ങി വളർന്നപ്പോൾ അതിനിടയിൽ തന്റെ സ്വപ്നഭവനത്തിന്റെ പണി ആരംഭിച്ചു. 2009 ൽ തുടങ്ങിയ വീടുപണി മൂന്ന് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. അങ്ങനെ 2012 ൽ 12000 ചതുരശ്രയടിയുള്ള ഈ ഭവനത്തിൽ സ്നേഹലും കുടുംബവും താമസം തുടങ്ങി. ഇപ്പോൾ വീടിനു ചുറ്റും എഴുന്നൂറോളം മരങ്ങളുണ്ട്. ഒപ്പം ഒരു കുളവും. ഇതാണ് വീട്ടിലെ പ്രധാന ജലസ്രോതസ്. പുറമെ നോക്കിയാൽ വള്ളിപ്പടർപ്പുകൾക്കിടയിൽ മറഞ്ഞു നിൽക്കുന്ന പഴയ കെട്ടിടം എന്നേ തോന്നൂ. ഈ അനുഭവം ലഭിക്കാൻ ബോധപൂർവം വള്ളിച്ചെടികൾ മേൽക്കൂരയിൽ പടർത്തിയതാണ്.

patel-family-solar

പ്രകൃതിയിലേക്കും പച്ചപ്പിലേക്കും തുറന്നുപിടിച്ച പോലെയാണ് വീടിന്റെ നിർമിതി. പഴയ കെട്ടിടങ്ങൾ പൊളിച്ചതിൽ നിന്നും ശേഖരിച്ച തടിയാണ് വീടിന്റെ ഫർണിഷിങ്ങിന് ഉപയോഗിച്ചത്. ധാരാളം വലിയ ജനലുകൾ ഭിത്തികളിൽ നൽകി. ഒപ്പം മേൽക്കൂരയിൽ പച്ചപ്പ് പടർത്തിയിരിക്കുന്നു. ഇതിനാൽ വീടിനുള്ളിൽ എപ്പോഴും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.

patel-family-pool

7.5 KW ഓഫ്‍ഗ്രിഡ് സോളർ പ്ലാന്റാണ് വീടിന്റെ ഊർജആവശ്യങ്ങൾ നിറവേറ്റുന്നത്. ധാരാളം കാറ്റ് ലഭിക്കുന്ന കുന്നിൻപ്രദേശമായതിനാൽ ചെറിയ വിൻഡ് പ്ലാന്റുമുണ്ട്. അങ്ങനെ പുറത്തു നിന്നും വൈദ്യുതി വാങ്ങി, കറണ്ട് ബിൽ കണ്ടു ഷോക്കടിക്കേണ്ട കാര്യവുമില്ല..

sutainable-home-surat-interior

കെട്ടിടത്തിന്റെ മേൽക്കൂരയിൽ വീഴുന്ന വെള്ളം പ്ലോട്ടിലെ കുളത്തിലേക്കും കിണറിലേക്കുമാണ് എത്തിക്കുന്നത്. അതുകൊണ്ട് വാട്ടർ കണക്‌ഷന്റെ ആവശ്യമില്ല. മാത്രമല്ല ഉള്ള ജലം റീസൈക്കിൾ ചെയ്താണ് ഉപയോഗിക്കുന്നത്. മേൽക്കൂരയിലെ ടാങ്കിൽ നിന്നും ഉപയോഗം കഴിഞ്ഞ ജലം ഫിൽറ്റർ ചെയ്തു പൂന്തോട്ടത്തിലേക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം. റൂട്ട് സോൺ ഫിൽറ്ററേഷൻ എന്ന പ്രക്രിയയിലൂടെ ബാത്റൂമിൽ ഉപയോഗിച്ച ജലം വരെ ഇവർ പുനരുപയോഗിക്കുന്നു.

ചുരുക്കത്തിൽ കഴിഞ്ഞ എട്ടുവർഷമായി സ്നേഹലും കുടുംബവും കറണ്ട് ബില്ലും വാട്ടർ ബില്ലും അടച്ചിട്ടില്ല! ഇപ്പോൾ വിദ്യാർഥികളടക്കം ധാരാളംപേർ ഈ വീട് കാണാനെത്തുന്നു. പ്രകൃതിയെ നോവിക്കാതെ എങ്ങനെ ജീവിക്കാം എന്ന് ജീവിച്ചുകാട്ടി മാതൃകയാവുകയാണ് സ്നേഹലും കുടുംബവും..

English Summary- Sustainable House with Solar Plant and Water Recharge Model

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA