ADVERTISEMENT

കോഴിക്കോട് ജില്ലയിലെ കീഴ്പ്പാടം സ്വദേശിയായ ബഷീർ കളത്തിങ്ങൽ അറിയപ്പെടുന്നത് പ്രകൃതിയുടെ കാവൽക്കാരൻ എന്ന  നിലയ്ക്കാണ്. ചെറുപ്പം മുതൽ തുടങ്ങിയതാണ് ഈ പ്രകൃതിസ്നേഹം. അത് ആരും പഠിപ്പിച്ചതല്ല. തനിക്ക് ചുറ്റുമുള്ള പ്രകൃതിയെ കണ്ടും അറിഞ്ഞും പഠിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ പ്രകൃതിചൂഷണം നടക്കുന്ന ഓരോയിടത്തും ബഷീർ ഇടപെടും. അതിപ്പോൾ പാറമടയിൽ കല്ലെടുക്കുന്നതായാലും പാടം നികത്തുന്നതായാലും ശരി.

എന്നാൽ ഈ ചെയ്യുന്നതൊക്കെ മനുഷ്യനൊരു വാസസ്ഥലം ഒരുക്കുന്നതിനല്ലേ എന്ന ചോദ്യം വന്നപ്പോഴാണ്, പ്രകൃതിയെ ചൂഷണം ചെയ്യാതെ തന്നെ വീടൊരുക്കി കാണിക്കണം എന്ന ചിന്ത അദ്ദേഹത്തിനുണ്ടായത്. അതിന്റെ ഫലമാണ് ഇന്ന് അദ്ദേഹം താമസിക്കുന്ന മൂന്നു മുറികളോട് കൂടിയ വീട്. എന്താണ് ഈ വീടിന്റെ പ്രത്യേകത എന്നല്ലേ ? പൂർണമായും കളിമണ്ണിൽ തീർത്ത ഒരു വീടാണ് ഇത്.

8-lakh-mud-house-owner

പാടത്ത് പണിക്കായി എത്തുന്ന ആളുകൾക്ക് താത്കാലികമായി താമസിക്കുന്നതിനായി കളിമണ്ണുകൊണ്ട് വീടുകൾ ഉണ്ടാക്കുമായിരുന്നു ബഷീർ. എന്നാൽ ഇത്തരം വീടുകളുടെ ദീർഘകാല പരിപാലനത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. സ്വന്തമായി ഒരു വീടുണ്ടാക്കണം എന്നും അത് പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ ഉള്ളതാകണം എന്നുമുള്ള ആഗ്രഹം കലശലായപ്പോഴാണ്, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കളിമൺ വീടുകളുടെ സാധ്യത ബഷീർ കളത്തിങ്ങൽ തേടിയത്.

കീഴ്പ്പാടത്ത് തനിക്ക് സ്വന്തമായുള്ള പത്ത് സെന്റ് ഭൂമിയിലാണ് അദ്ദേഹം വീട് പണിതിരിക്കുന്നത്. ഭൂമിയുടെ ഒരു വശം ചെരിഞ്ഞതായിരുന്നു. ഇത് സമതലപ്പെടുത്തുന്നതിനായെടുത്ത മണ്ണ് കൊണ്ടാണ് വീട് പണിഞ്ഞത്. 1090 ചതുരശ്ര അടി വിസ്‌തീർണമുള്ള വീട്ടിൽ മൂന്നു മുറികൾ, വിശാലമായ ഹാൾ, വരാന്ത , അടുക്കള എന്നിവയാണുള്ളത്. മൂന്നു മാസം കൊണ്ടാണ് വീടിന്റെ പണി പൂർത്തിയായത്.

വീട് പൂർണമായും കളിമണ്ണും അതിന്റെ ഉൽപ്പന്നങ്ങളും കൊണ്ട് ഉണ്ടാക്കണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും കുടുബാംഗങ്ങളുടെ കൂടെ അഭിപ്രായം കണക്കിലെടുത്ത് വീടിന്റെ ഉൾഭാഗത്ത് ടൈൽ വിരിച്ചു. ഇരുമ്പുകൊണ്ട് ട്രസ് വർക്ക് ചെയ്ത അതിന്മേൽ ഓട് വിരിച്ചാണ് മേൽക്കൂര ഉണ്ടാക്കിയിരിക്കുന്നത്. ഒരു തരി പോലും സിമന്റ് ഉപയോഗിക്കാതെയാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ചെങ്കല്ലുകൊണ്ടാണ് തറ ഒരുക്കിയിരിക്കുന്നത്. എന്നിട്ട് ചിതലുകൾ വരാതിരിക്കുന്നതിനായി ഉലുവയും കടുക്കയും ചേർന്ന മിശ്രിതം ചേർത്തു. വീട് തേയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നതും കളിമണ്ണ് തന്നെയാണ്. ഒറ്റനോട്ടത്തിൽ കളിമണ്ണിൽ തീർത്ത വീടാണ് എന്ന് തോന്നുക  പോലുമില്ല . തന്റെ ആശയം പണിക്കാർക്ക് പറഞ്ഞുകൊടുത്ത് അവരെ കൊണ്ടാണ് ബഷീർ വീട് നിർമിച്ചത്.

എല്ലാം കഴിഞ്ഞപ്പോൾ ചെലവ് വെറും ഒൻപത് ലക്ഷം രൂപ മാത്രം. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ അവസരമൊരുക്കുന്ന ഈ വീടിന് ഇത് വരെ അറ്റകുറ്റപണികൾ ഒന്നും തന്നെ അനിവാര്യമായി വന്നിട്ടില്ല എന്ന് ബഷീർ പറയുന്നു.

English Summary- Mud House for 9 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com