ADVERTISEMENT

 വീട്ടിനുള്ളിൽ പൂവിരിയുന്ന കാലമാണു കോവിഡ് സൃഷ്ടിച്ചിരിക്കുന്നത്. വരാന്ത മുതൽ അടുക്കള വരെ പച്ചപ്പു പകരുന്ന ഇൻഡോർ പ്ലാന്റുകൾ മനസ്സിനും കണ്ണിനും കുളിർമയേകുന്ന കാഴ്ചയ്ക്കൊപ്പം വലിയ വിപണിയും തുറന്നിരിക്കുകയാണ്. കോവിഡ് കാലത്തു വീട്ടിൽ‍ തന്നെ ഇരുന്നപ്പോഴാണു പലരും വീടകം എങ്ങനെ ഭംഗിയുള്ളതാക്കാമെന്നു ചിന്തിച്ചത്. അതിനായി കൂടുതലും തിരഞ്ഞെടുത്തത് ഇൻഡോർ പ്ലാന്റുകളും.

വിൽപനകൂടി

vertical-garden

ആവശ്യക്കാർ വർധിച്ചതോടെ വീട്ടമ്മമാരുടെ നേതൃത്വത്തിൽ പോലും ഇൻഡോർ പ്ലാന്റ് നഴ്സറികൾ പലയിടങ്ങളിലും പുതുതായി ആരംഭിച്ചു കഴിഞ്ഞു. ഓഫിസുകളിലും ഇന്ന് ഇൻഡോർ പ്ലാന്റുകൾ ട്രെൻഡായി മാറിക്കഴിഞ്ഞു. കോവിഡ് കാലത്ത് മുൻപത്തേക്കാൾ 50% വിൽപന വർധിച്ചതായി ഇൻഡോർ പ്ലാന്റുകൾ വിൽക്കുന്ന സ്ഥാപന ഉടമ ജെറിൻ മാത്യു പറയുന്നു. 

വൈവിധ്യം

indoor-plants-home

ബോൺസായ് മരങ്ങളും വീടിന്റെ അകത്തളങ്ങളിൽ സ്ഥാനം പിടിക്കുന്നുണ്ട്. ആന്തൂറിയം, ഓർക്കിഡുകൾ ഇവയെല്ലാം ഇൻഡോർ പ്ലാന്റ് നഴ്സറികളിൽ എത്തുന്നു. മണി പ്ലാന്റ്, കലേഡിയം, കറ്റാർവാഴ, ബാംബൂ പാം, സ്പൈഡർ പ്ലാന്റ്, ഡ്രസീന, സ്നേക്ക് പ്ലാന്റ്, എയർ പ്ലാന്റ്, പീസ് ലില്ലി, ഗ്ലാസിനുള്ളിൽ വളർത്തുന്ന ചെടികളായ ഗ്ലാസ് ടെറേറിയങ്ങൾ എന്നിവയൊക്കെയാണ് ഇൻഡോർ പ്ലാന്റുകളിൽ ഏറ്റവും പ്രി‌യമുള്ളവ.

ശുദ്ധീകരണം

indoor-plants

വീടിനുള്ളിലെ വായു ശുദ്ധമാക്കാനും പൂപ്പൽ, ബാക്ടീരിയ എന്നിവയെ ചെറുക്കാനും കഴിവുള്ള കറ്റാർ വാഴയും ഫോർമാൽഡിഹൈഡ്, ബെൻസീൻ, ട്രൈക്ലോറോ എത്ത്‌ലീൻ എന്നിവ വലിച്ചെടുക്കാൻ കഴിവുള്ള ബാംബൂ പാം, വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും കഴിവുള്ള ഡ്രസീന, വായു ശുദ്ധീകരണത്തിനുള്ള കഴിവ് തെളിയിച്ച സ്നേക്ക് പ്ലാന്റ് എന്നിവയൊക്കെ ഗൃഹാന്തരീക്ഷത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കും.

അനുബന്ധ വ്യാപാരം

ഇൻഡോർ പ്ലാന്റ് നഴ്സറികളിൽ വിൽക്കുന്നതു ചെടികൾ മാത്രമല്ല. ഇൻഡോർ പ്ലാന്റ് പരിപാലനത്തിനായുള്ള വിവിധ ഉപകരണങ്ങളും കീടനാശിനികളും വളങ്ങളും കൂടിയാണ്. ചെടിച്ചട്ടികൾ, സെൽഫ് വാട്ടറിങ് പോട്ടുകൾ, പെബിൾസ്, കത്രികകൾ, ഹാങ്ങിങ് റോപ്പുകൾ തുടങ്ങിയവ. ജൈവ കീടനാശിനികൾ, ജൈവ വളങ്ങൾ, ഗാർഡൻ ടൂൾസ് എന്നിവയുടെ വ്യാപാരവും ഇതോടൊപ്പമുണ്ട്.

English Summary- Indoor Plant Nursery Flourish during Covid Times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com