വീടിനകത്തെ അദൃശ്യനായ കൊലയാളി; പേടിപ്പിക്കുന്ന വസ്തുതകൾ; ഇവ ശ്രദ്ധിക്കൂ

indoor-garden-plants
SHARE

കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന ഈ കാലത്തു വർക്ക് ഫ്രം ഹോമിന്റെ ഭാഗമായും പഠനത്തിനായും, ഉറങ്ങുവാനുമായി 90 % സമയവും നമ്മൾ വീടിനുള്ളിലാണ് ചെലവഴിക്കുക. എത്രപേർക്കറിയാം പുറത്തെ അന്തരീക്ഷത്തെക്കാൾ വീടിനകം 3 - 4 ഇരട്ടി മലിനമാണെന്നുള്ള വസ്തുത. കുട്ടികളും മുതിർന്നവരും അധിക സമയം പെരുമാറുന്ന സ്വീകരണ മുറിയിലും, പഠന മുറിയിലും, ഡൈനിങ്ങ് ഹാളിലുമെല്ലാം കാർബൺ ഡൈഓക്‌സൈഡ്, ബെൻസീൻ, ട്രൈക്ലോറോഎത്തിലീൻ തുടങ്ങിയ മലിനവാതകങ്ങൾ അധികമായി തങ്ങി നിന്ന് ശ്വാസംമുട്ടൽ, ആസ്തമ, ജലദോഷം, ഉന്മേഷ കുറവ്, തലവേദന തുടങ്ങിയ പല തരം രോഗങ്ങൾക്കും കാരണമാകാറുണ്ട്. ഇത്തരം അസുഖങ്ങൾക്ക് സാധാരണയായി ‘സിക്ക് ബിൽഡിംഗ് സിൻഡ്രോം’ എന്നാണ് വിശേഷിപ്പിക്കുക.

ഉദാഹരണത്തിന് അടുക്കളയിൽ ഗ്യാസ് സ്റ്റവ് ഉപയോഗിക്കുമ്പോൾ കത്താതെ പുറത്തേക്കു വരുന്ന വാതകത്തിൽ സൈലീൻ, ബെൻസീൻ, ടൊളുവിൻ തുടങ്ങിയവ ഉണ്ട്. ഷെൽഫ്, കബോർഡ്, വാർഡ്രോബ് എല്ലാം തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന പാർട്ടീഷൻ ബോർഡ്, പ്ലൈവുഡ് കൂടാതെ അപ്ഹോൾസ്റ്ററി, ഫ്ലോർ കാർപെറ്റ് ഇവയിലും പെയിന്റിലുമെല്ലാം മേൽ വിവരിച്ച മലിന വാതകങ്ങളിൽ പലതും ഉണ്ട്. വീടിനകത്തെ മലിന വാതകങ്ങൾ നീക്കം ചെയ്യാൻ പരിസ്ഥിതിക്കു ഇണങ്ങുന്നതതും ചെലവ് കുറഞ്ഞതുമായ അകത്തള ചെടികൾ ഉപയോഗിക്കാം. 

money-plant

അകത്തള ചെടികൾ മനസിന്റെ പിരിമുറുക്കം കുറച്ച് മനസ് ശാന്തമാക്കുന്നു, കണ്ണിനും മനസിനും കുളിർമ നൽകുന്നു, ജോലികൾ കൂടുതൽ ശ്രദ്ധയോടെ ചെയ്യുവാൻ സാധിക്കുന്നു. 100 ചതുരശ്ര അടി ഉള്ള മുറിയിൽ നന്നായി വളർച്ചയായ രണ്ട് ചെടി മതിയാകും ഈ കർമം നിർവഹിക്കുവാൻ; 1000 ചതുരശ്ര അടി വലിപ്പമുള്ള വീടിനുള്ളിലെ മലിനവായു ശുദ്ധീകരിക്കുവാനാവട്ടെ കുറഞ്ഞത് 20 ചെടികൾ എങ്കിലും വേണം. മുറിക്കുള്ളിൽ സ്ഥിരമായി പെരുമാറുന്ന ആളുകളുടെ എണ്ണത്തെ ആശ്രയിച്ചു വേണം വയ്‌ക്കേണ്ട ചെടികളുടെ എണ്ണം തീരുമാനിക്കുവാൻ. അധികമായി ആൾ പെരുമാറ്റമുള്ള മുറിയിൽ 100 ചതുരശ്ര അടിയിൽ നാല് ചെടികൾ എന്ന വിധത്തിൽ സ്ഥാപിക്കാം. 

aloe-vera

അകത്തള ചെടികളിൽ പീസ് ലില്ലി, മദർ ഇൻലോസ് ടങ് പ്ലാന്റ്, ഫിംഗർ പാം, അരക്ക പാമിന്റെ ഇൻഡോർ ഇനം എന്നീ 4 തരം ചെടികൾക്കാണ് മുറിക്കുള്ളിലെ വായൂ ശുദ്ധീകരിക്കുവാൻ ഏറ്റവും അധികമായി കഴിവുള്ളത്. ഈ ചെടികൾ പലതരം മലിന വാതകങ്ങളെയും ഒപ്പം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന കാർബൺ കണികകളെയും കൂടി നീക്കം ചെയ്യുന്നു. ഇവ കൂടാതെ മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, സിങ്കോണിയം, ബോസ്റ്റൺ ഫേൺ, അലോ (കറ്റാർ വാഴയുടെ അലങ്കാരയിനം), ആഗ്ളോനിമ, ഇന്ത്യൻ റബർ പ്ലാന്റ്, ഡ്രസീനയുടെ ലക്കി ബാംബൂ ഉൾപ്പടെയുള്ള അകത്തള ഇനങ്ങൾക്കും ഈ സ്വഭാവ സവിശേഷത ഉണ്ട്. വലിയ ഇലകൾ ഉള്ള മദർ ഇൻലോസ് ടങ് പ്ലാന്റ്, ഇന്ത്യൻ റബ്ബർ പ്ലാന്റ്, പീസ് ലില്ലി, ആഗ്ളോനിമ ഇവക്കെല്ലാം കുഞ്ഞൻ ഇലകൾ ഉള്ള സ്പൈഡർ പ്ലാന്റ്, മണി പ്ലാന്റ്, ബോസ്റ്റൺ ഫേൺ എന്നിവയെക്കാൾ വായു ശുദ്ധീകരിക്കുവാനുള്ള കഴിവ് അധികമായിരിക്കും. 

spider-plant

ചെടികൾ വീടിനുള്ളിൽ വളർത്തുവാൻ തിരഞ്ഞെടുക്കുമ്പോൾ മുറിയിൽ ലഭ്യമായ പ്രകാശത്തിന്റെ അളവ് കൂടി പരിഗണിക്കണം. അധികം വെളിച്ചം കിട്ടാത്ത മുറിയിലേക്ക് ഇലകൾക്ക് മുഴുവനായി പച്ചനിറമുള്ളവയാണ് നല്ലതു. പീസ് ലില്ലി, ഫിംഗർ പാം, ലക്കി ബാംബൂ, അരക്ക പാമിന്റെ ഇൻഡോർ ഇനം എല്ലാം പ്രകാശം കുറഞ്ഞ ഇടങ്ങളിൽ പോലും നന്നായി വളർന്നുകൊള്ളും. അധികമായി പ്രകാശം കിട്ടുന്ന ജനലൽ പടി, വരാന്ത, ബാൽക്കണി ഇവിടെയെല്ലാം പച്ചക്കൊപ്പം മറ്റു നിറത്തിലുള്ള ഇലകളോടുകൂടിയ ചെടികൾ തിരഞ്ഞെടുക്കാം. മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, സിങ്കോണിയം, അലോ (കറ്റാർ വാഴയുടെ അലങ്കാരയിനം), ആഗ്ളോനിമ, മദർ ഇൻലോസ് ടങ് പ്ലാന്റ് എല്ലാം ഈ വിധത്തിൽ ഇലകൾ ഉള്ളവയാണ്.

snake-plant

സ്പൈഡർ പ്ലാന്റ്, മണി പ്ലാന്റ്, പീസ് ലില്ലി, സിങ്കോണിയം, മദർ ഇൻലോസ് ടങ് പ്ലാന്റ് ഇവയെല്ലാം പാത്രത്തിൽ നിറച്ച വെള്ളത്തിൽ വേരുകൾ ഇറക്കി വെച്ച് വളർത്തുവാൻ പറ്റിയവയാണ്. ഇതിനായി ആകർഷകമായ ചില്ലു കുപ്പിയിലോ ബൗളിലോ നിറച്ച ശുദ്ധജലത്തിൽ വേരുകൾ മാത്രം മുഴുവനായി താഴ്ത്തി വെച്ച് വെള്ളാരം കല്ലുകൾ അല്ലെങ്കിൽ ജെല്ലി ബോളുകൾ ഉപയോഗിച്ച് നിവർത്തി നിർത്തി ഉറപ്പിക്കാം. വിസ്താരമുള്ള ചട്ടികളിൽ ഒന്നിൽ കൂടുതൽ ചെടികൾ ഒരുമിച്ചു നടുമ്പോൾ ഒരേ രീതിയിൽ നനയും പ്രകാശത്തിന്റെ ആവശ്യകതയും ഉള്ളവ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. സ്പൈഡർ പ്ലാന്റും സിങ്കോണിയവും ഒരുമിച്ചു നട്ടു വളർത്തുവാൻ പറ്റിയ ഇലച്ചെടികളാണ് . ഈ രണ്ടു ചെടികൾക്കും അധികമായി നനയും പ്രകാശവും ആവശ്യമുള്ളവയാണ്. അതുപോലെ ഒരുമിച്ചു നടാൻ പറ്റിയ സെക്ക്യൂലെന്റ് ഇനങ്ങളാണ് അലോയും മദർ ഇൻലോസ് ടങ് പ്ലാന്റും. ഇവക്കു രണ്ടിനും കുറഞ്ഞ രീതിയിൽ നനയും കൂടുതൽ വെളിച്ചവും വേണ്ടവയാണ്. അകത്തള സെക്ക്യൂലെന്റ് ചെടികൾക്ക് മണൽ ചേർത്ത, നല്ല നീർവാർച്ചയുള്ള മിശ്രിതമാണ് വേണ്ടത്. ഇത്തരം ചെടികൾ നടുവാനുള്ള മിശ്രിതത്തിൽ ചകിരിച്ചോറ് വളരു കുറച്ചു മതിയാകും. മണി പ്ലാന്റ്, സിങ്കോണിയം, പീസ് ലില്ലി ഇവയെല്ലാം അധികം ഈർപ്പമുള്ള മിശ്രിതം ഇഷ്ട്ടപെടുന്നവയാണ്. ഇവ നടുവാനുള്ള മിശ്രിതത്തിൽ ചകിരിച്ചോറ് ആവശ്യത്തിന് ചേർക്കാം.

മലിനവാതകങ്ങൾ ആഗിരണം ചെയ്തു നീക്കുവാൻ ഇലകൾക്കാണ് കൂടുതൽ കഴിവുള്ളത്. ഇലകളിൽ ഉള്ള കുഞ്ഞൻ സുഷിരങ്ങൾ ആണ് ഈ കർമ്മം നിർവഹിക്കുക. പകൽ സമയത്തെ പ്രകാശത്തിലോ അല്ലെങ്കിൽ കൃത്രിമമായി കിട്ടുന്ന പ്രകാശത്തിലോ ചെടിക്കു ആവശ്യമായ ഭക്ഷണം തയ്യാറാക്കുകയും ഈ പ്രക്രീയയിൽ നമ്മൾക്ക് ശ്വസിക്കുവാൻ അനിവാര്യമായ പ്രാണവായൂ പുറത്തേക്കു തള്ളുകയും ചെയ്യും. ഇതുവഴി മുറിക്കുള്ളിൽ ശുദ്ധവായുവിന്റെ അളവും ലഭ്യതയും വർധിക്കുന്നു. ഇലകളുടെ രണ്ടു വശത്തുമുള്ള അനേകായിരം സുഷിരങ്ങൾ ആണ് ചെടിയുടെ കാര്യക്ഷമത നിർണ്ണയിക്കുക. ഇലകളിൽ കാലക്രമേണ പൊടി തങ്ങിനിന്ന് ഈ സുഷിരങ്ങൾ അടഞ്ഞു പോകുവാൻ സാധ്യതയുണ്ട്. മാസത്തിൽ ഒരിക്കൽ നനഞ്ഞ പഞ്ഞിയോ തുണിയോ ഉപയോഗിച്ച് ഇലകൾ തുടച്ചു വൃത്തിയാക്കുന്നത് ചെടിയുടെ കാര്യശേഷി കൂട്ടുവാൻ നല്ലതാണ്.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ,

റിട്ട. അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി, ഭാരതമാതാ കോളജ്, തൃക്കാക്കര

ഫോൺ: 94470 02211 

Email: jacobkunthara123@gmail.com

English Summary- Indoor Plants that Purify Air; Indoor Garden Malayalam Tips

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA