മലയാളിയുടെ പോക്കറ്റ് കീറുന്ന വീടുപണി; വേണം ഈ തിരിച്ചറിവുകൾ

home-construction
Representative Image
SHARE

പണ്ടത്തെപ്പോലെയല്ല, ഒരു ശരാശരി മലയാളിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കുടുംബത്തിന്റെ നടുവൊടിക്കും വീടുപണി. എന്തുകൊണ്ടാണിത്? കമ്പിയുടെയും സിമന്റിന്റെയും ഇഷ്ടികയുടേയുമൊക്കെ വില പല മടങ്ങു വർധിച്ചത് വിസ്മരിക്കുന്നില്ല. പക്ഷേ , ഷോ-ഓഫിനായുള്ള നമ്മുടെ അനാവശ്യ കാട്ടിക്കൂട്ടലുകളും ചെലവ് പിടിവിട്ടു കുതിക്കുന്നതിനു ഒരു കാരണംതന്നെയാണ്.നമ്മുടെ കയ്യിലുള്ള പണം കൊണ്ടു നമുക്കിണങ്ങുന്ന, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പാർപ്പിടം പൂർത്തീകരിക്കാൻ കഴിയില്ലേ?

വീട്ടുമുറ്റത്തൊരു തുളസിത്തറ, കിഴക്കുഭാഗത്തായി ഒരു വശത്തൊരു ആല, കൃഷിപ്പാടങ്ങളിൽ നിന്ന് കൊയ്ത ധാന്യങ്ങൾ സൂക്ഷിക്കാൻ വീട്ടിനകത്തായി ഒരു ധാന്യപ്പുര– ഇതൊക്കെയായിരുന്നു ഒരറുപതു വർഷങ്ങൾക്കു മുൻപ് കേരളീയ ഗൃഹങ്ങളുടെ ആവശ്യവും ഐശ്വര്യവും. ഇന്നാകട്ടെ, അനാവശ്യ നിർമിതികളുടെയും അഭിമാന പ്രദർശനത്തിന്റെയും പ്രതീകമാണ് വീട്.

നിർമാണരീതികളെ കുറിച്ച് പറയുമ്പോൾ മേൽക്കൂരയുടെ കാര്യം തന്നെയെടുക്കാം. കഴുക്കോലുകളും പട്ടികകളും നിരത്തി ഓടു വിരിച്ചായിരുന്നു ഒരു കാലത്ത് സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവരും ഇടത്തരക്കാരും വീടിന്റെ മേൽക്കൂരകൾ പണിതത്. മരപ്പലകകൾ ചേർത്തു അടുക്കുന്ന രീതിയുമുണ്ടായിരുന്നു. പിന്നീട് ഹുരുഡീസ് വന്നു. അതോടെ ഓടിട്ട മേൽക്കൂരകളെ ഹുരുഡീസ് കൊണ്ടു ഭംഗിയായി മറയ്ക്കാൻ തുടങ്ങി. പിന്നീടു പക്ഷേ, റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റുകൾ ആ ചുമതല മൊത്തമായങ്ങ് ഏറ്റെടുക്കുകയാണുണ്ടായത്.

നിലത്തിന്റെയും നിറത്തിന്റെയും കാര്യത്തിൽ വിസ്മയകരമായ മാറ്റങ്ങൾ തന്നെ സംഭവിച്ചു. ചാണകം മെഴുകിയ നിലങ്ങൾ പഴങ്കഥയായി. കാവിയും തറയോടും മൊസെയ്ക്കും മിക്കവാറും അപ്രത്യക്ഷമായി. സെറാമിക് ടൈലുകളും ഗ്ലോസ്ഡ് ടൈലുകളും മാർബിളും ഗ്രാനൈറ്റുമാണ് മലയാളിക്കിന്ന് പഥ്യം. വീടു മൊത്തമായും ഗ്രാനൈറ്റ് വിരിക്കാനുള്ള ശേഷിയില്ലെങ്കിൽ പ്രാഥമിക കാഴ്ചയിൽ വരുന്ന ഇടങ്ങളിലെങ്കിലും അത് നിർബന്ധമായിരിക്കുന്നു.

നിലത്തെന്നപോലെ ചുമരിലും ആകർഷകമായ നിറങ്ങൾ നൽകുന്നതിൽ വാശിയേറിയ മത്സരം തന്നെയാണ് അരങ്ങേറുന്നത്. പണ്ടാണെങ്കിൽ നീറ്റുകക്ക പൊടിച്ചു വെള്ള പൂശുക എന്നൊരു പതിവേ നിലവിലുണ്ടായിരുന്നുള്ളൂ. അതു ഭംഗിക്കുവേണ്ടി മാത്രമായിരുന്നില്ല, പൂപ്പലിനെയും പായലിനെയും ചെറുക്കുന്ന ഒരു ആന്റിഫംഗൽ ഇഫക്റ്റും നൽകിയിരുന്നു. ഇന്നിതിനു പകരം മണലേൽക്കാത്തതും വ്യത്യസ്ത കാലാവസ്ഥകളെ അതിജീവിക്കുന്നതുമായ പെയിന്റുകൾ രംഗത്തെത്തി. അത്തരം കാര്യങ്ങൾക്കു കൂടി വകകൊള്ളിച്ചു കൊണ്ടാണു ബജറ്റ് തയാറാക്കുന്നതെങ്കിൽ കുഴപ്പമില്ല, അല്ലാത്ത സാധാരണക്കാർക്ക് ആലോചിക്കാൻ ചില അനുഭവങ്ങൾ തുറന്നുപറയുന്നു എന്നേയുള്ളൂ.

കൊച്ചു കുട്ടികളുണ്ടെങ്കിൽ അവർക്കായി ഒരു പ്രത്യേക മുറി കെട്ടി, അതിനെ കടുംനിറത്തിൽ അലങ്കരിക്കുന്നത് സ്വന്തം കുട്ടികളോടുള്ള സ്നേഹം കൊണ്ടു മാത്രമല്ല, ഗൃഹപ്രവേശത്തിന് നാലാളെ വിളിക്കുമ്പോൾ അതൊക്കെയൊന്ന് കാണിക്കാമല്ലോ എന്നൊരു ഉദ്ദേശ്യവും ഇല്ലാതില്ല. അടുക്കളയിലും ആർഭാടങ്ങൾ കുറയുന്നില്ല. പൊങ്ങച്ചത്തിന് നല്ലൊരുപാധിയാണു കിച്ചന്റെ ആഡംബരം.

ഈ വിധം, ഗൃഹനിർമാണത്തിൽ കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ ഉണ്ടായ മാറ്റങ്ങൾ നിരവധിയാണ്. അതിൽ എല്ലാം മോശമാണെന്നല്ല; പലതും ഗുണപരവും സ്വീകാര്യവുമാണുതാനും. നിർമാണ വസ്തുക്കൾക്കെല്ലാം വില കുതിച്ചു കയറുന്നു, ലേബർ കോസ്റ്റ് ജീവിതച്ചെലവുമായി പൊരുത്തപ്പെടുന്നതിനായി വർധിച്ചു കൊണ്ടേയിരിക്കുന്നു. മോഹങ്ങൾ വർധിക്കുന്നതനുസരിച്ചു പ്ലാനും വിസ്തീർണവും മാറുമ്പോൾ ചെലവ് പിടിച്ചാൽ കിട്ടാത്തതായിത്തീരുന്നു.

സ്വയം നിയന്ത്രിക്കാമായിരുന്ന ഘട്ടങ്ങളിലെല്ലാം സ്വപ്നച്ചിറകിൽ പറന്നുയർന്നിട്ട് ഒടുവിൽ ഇതിൽ പങ്കെടുത്ത മറ്റെല്ലാവരെയും എണ്ണിയെണ്ണി കുറ്റപ്പെടുത്തുകയാണു പലപ്പോഴും. നമ്മുടെ വീട്ടിൽ ഗൃഹപ്രവേശം മുതൽ നമുക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയണം. സമാധാനമായി പുലരാൻ പറ്റണം. കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം സജീവമാകണം. അതിനു വീട് ഒരു ആനന്ദസങ്കേതമാകണം.

വിവരങ്ങൾക്ക് കടപ്പാട്- ജയൻ ബിലാത്തികുളം 

English Summary- House Construction Cost Skyrocketing

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA