ADVERTISEMENT

ഒരാളുടെ മോശം സമയത്താണ് വീടുപണി നടക്കുക എന്നുപറയാറുണ്ട്. അത്രത്തോളം സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുകളിലൂടെയാണ് സാധാരണക്കാരനായ മലയാളി കടന്നുപോവുക. ഇവിടെ പ്രവാസിയായ മനോജ് കുമാർ കാപ്പാട്, എട്ടുവർഷമെടുത്തു പൂർത്തിയാക്കിയ തന്റെ വീടുപണിക്കാലത്ത് മനസിലാക്കിയ പാഠങ്ങൾ പങ്കുവയ്ക്കുന്നു. വീട് പണിയുന്ന മറ്റുള്ളവർക്ക് ഇത് ഒരു പാഠമാകട്ടെ...

എട്ടു കൊല്ലം കൊണ്ടാണ് വീട് പണി പൂർത്തീകരിച്ചത്. ശരിക്ക് പറഞ്ഞാൽ ആ നീണ്ട  കാലയളവിൽ  പലതും പഠിപ്പിച്ചു . ഒരുപക്ഷെ നിങ്ങളിൽ പലരും വീടെന്ന സ്വപ്നത്തിലേക്ക് കാലൂന്നുന്നവരാകാം . അതുകൊണ്ടുതന്നെ  എനിക്ക് പറ്റിയ ശരി / തെറ്റുകൾ അറിഞ്ഞിരിക്കുന്നത്  നിങ്ങൾക്ക് ഉപകരപ്രദമായേക്കാം . നീട്ടി പറഞ്ഞാലും ,മുഴുവൻ പറഞ്ഞാലും നിങ്ങൾ വായിക്കില്ല എന്നറിയാവുന്നത്  കൊണ്ട് കുറുക്കിപ്പറയാം .

1. വില കുറഞ്ഞ വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വയ്ക്കുമ്പോൾ ആ കുറവ്/ ലാഭം, മണ്ണടിച്ചും, ഫൗണ്ടേഷനുള്ള അധിക ചെലവിലും  ഒലിച്ചു പോയേക്കാം . ചുരുക്കത്തിൽ, സ്ഥലം വാങ്ങുമ്പോൾ ഉണ്ടാവുന്ന ആശ്വാസം നിർമാണം തുടങ്ങിയാൽ ദീർഘനിശ്വാസമാകുമെന്ന് സാരം.

2. സാമ്പത്തികം എത്ര  കുറവാണെങ്കിലും  താഴ്ന്ന സ്ഥലങ്ങളിൽ  തറയുടെ ഉയരം കുറയ്ക്കരുത് . ഇരുപുറത്തുള്ള സ്ഥലങ്ങൾ  മണ്ണിട്ട് ഉയർത്തിയാൽ നമ്മുടെ വീട് സ്വിമിങ് പൂൾ ആവും.കണ്ണീർ കടൽ ആവും.

3.  അടിത്തറ ഇടുന്ന പ്രവൃത്തി, കുഴികുത്തി മണ്ണിൽ കല്ല് കുഴിച്ചിടുന്ന  വെറുമൊരു കലാപരിപാടിയല്ല . എന്നാൽ ഉടമസ്ഥർ ഏറ്റവും ലാഘവത്തോട് കാണുന്നൊരു ഘട്ടവും ഇത് തന്നെ. അടിത്തറ ഇടുന്നതിൽ  വരുന്ന ചെലവ്  ലാഭിക്കാൻ ശ്രമിക്കരുത് . 

4 .വരച്ചു കിട്ടിയ പ്ലാൻ നോക്കിയാൽ പലപ്പോഴും ഒന്നും  സാധാരണക്കാരന് മനസിലാവില്ല. എന്തിന്  റൂമിന്റെ വലുപ്പം പോലും പിടികിട്ടില്ല  ( പ്രത്യേകിച്ച് സ്ത്രീകൾക്ക് ) . പണി പൂർത്തിയായാലാണ് പലപ്പോഴും  ഇതെന്തു "പ്ലാൻ" എന്ന് ചിന്തിച്ചു അന്തിക്കുക!. 

pravasi-malayali-house

5. പ്ലാനിനെ മാത്രം ആശ്രയിക്കാതെ ,  കുടുബത്തിലോ , സൗഹൃദവലയത്തിലോ ഉള്ള വീടുകൾ നേരിട്ട് കണ്ടു , നമ്മുടെ ആവശ്യകതകൾ കൂടെ പരിഗണിച്ചു നിർമിച്ചാൽ,  തിരിയാത്ത പ്ലാനിൽ കെട്ടിപൊക്കുന്നതിനേക്കാൾ നല്ലതാവും . ഒപ്പം ആ വീടുകളിൽ താമസിക്കുന്നവരുടെ അഭിപ്രയങ്ങൾ തേടുക. താമസിച്ചതിനു  ശേഷമുള്ള അവരുടെ അഭിപ്രയങ്ങൾ  നമുക്ക് പറ്റിയേക്കാവുന്ന  തെറ്റുകുറ്റങ്ങൾ ഏറെ ഒഴിവാക്കാൻ സഹായിക്കും . അനുഭവം ഗുരു എന്നാണല്ലോ !! 

6. സിറ്റ് ഔട്ടിലെ  സൺഷേഡ്, സ്റ്റെപ്പുകൾ   നനയാത്ത വിധം  പുറത്തക്ക്  നീട്ടി നൽകാൻ ശ്രമിക്കുക.  അല്ലാത്ത പക്ഷം  മഴക്കാലത്ത് സ്റ്റെപ്പുകൾ  കരഞ്ഞൊലിക്കും, കാൽ വഴുതി വീണ്  നമ്മളും ചേരും !! .

7. ഏത് മോഡൽ പണിതാലും സൺഷേഡ്  ആവശ്യമായ ഇടങ്ങളിൽ  ഒഴിവാക്കരുത് . ഒഴിവാക്കിയാൽ ചുവര് നനഞ്ഞു വെള്ളം അകത്തും, നമ്മൾ പുറത്തും നിൽക്കേണ്ടി വരും. ഒപ്പം ഇലക്ട്രിക് വയറുകൾ നനഞ്ഞു കറണ്ട് ബില്ല് കണ്ടു കണ്ണ് തള്ളും . വീടിന്റെ പുറത്തുള്ളവർക്ക്  'സുന്ദര കാഴ്‌ച' ഒരുക്കാൻ അകത്തുള്ളവർ അനുഭവിക്കണോ ആവോ ? നിങ്ങൾ തീരുമാനിക്കുക .

8. നിലത്ത് വിരിക്കുന്ന ടൈൽസും, മാർബിളും പൊട്ടി വിണ്ടു കീറിയാൽ നമ്മുക്ക് അത് വിരിച്ചവരുടെയോ , അല്ലെങ്കിൽ ആ പ്രൊഡക്ടിന്റെ കുഴപ്പമായി തോന്നാം . എന്നാൽ പലപ്പോഴും വില്ലൻ ഒളിച്ചിരിക്കുന്നിടം നിലം കോൺക്രീറ്റ് യാതൊരു കരുതലും, ഉറപ്പും  ഇല്ലാതെ ചെയ്യുന്നിടത്താണ് .  ലക്ഷക്കണക്കിന് രൂപയാണ് ഫ്ലോർ ഫിനിഷിങിനായി ചിലവഴിക്കേണ്ടി  വരുന്നത്! അപ്പോൾ വിലകൂടിയ ടൈലുകൾ  വിരിക്കുന്ന നിലം ഗൗരവത്തിൽ എടുക്കേണ്ടതല്ലെ ? ആരോട് പറയാൻ !

9 . ഫ്ലോറിങ്ങിനെ കുറിച്ച് പറഞ്ഞപ്പോഴാണ് പ്രധാനപ്പെട്ട ഒരു കാര്യം ഓർമ്മ വന്നത് . മിക്ക വീടുപണിയുടെയും  അവസാന "അടി വലിവിന്റെ " ഘട്ടത്തിലാണ് ഫ്ലോർ വർക്ക് തുടങ്ങുക. അതുകൊണ്ടുതന്നെ അഡ്ജസ്റ്റ്മെന്റിന്  കീഴടങ്ങേണ്ടി ഗുണനിലവാരം കുറയ്‌ക്കേണ്ടി വരുന്നതും അതിൽ തന്നെയാവും . വീടിന്റെ നിലം നന്നായാൽ പാതി നന്നായി എന്നാണ് . അതിനാൽ  പിന്നീട് ചെയ്യാൻ മാറ്റിവെക്കേണ്ടി വന്നാലും നിലത്ത് വിരിക്കുന്നതിന്റെ ഗുണനിലവാരത്തിൽ  കോംപ്രമൈസിന് നിൽക്കരുത് . 

10 . തുടച്ചു വൃത്തിയാക്കാൻ മടിയില്ലെങ്കിൽ നിലത്തിന് വൈറ്റ് ഷേഡിലുള്ള ഫ്ളോറിങ് പോലെ ചേരുന്ന മറ്റൊന്നില്ല . അവ വെളിച്ചം നിലനിർത്തും എന്ന് മാത്രമല്ല , ഒരു പോസിറ്റീവ് എനർജി  നൽകും . അനുഭവം ഗുരു !. ( ചേറായാൽ  പെട്ടെന്ന്  അറിയും എന്നാണ് വാദം എങ്കിൽ , നിങ്ങളുടെ കൊച്ചു ,കുഞ്ഞുങ്ങൾ ആ കനത്ത ചേറിലാണ് ഇഴഞ്ഞു നടക്കുക, നമ്മൾ കാണുന്നില്ല എന്നത് കൊണ്ട് ആ അഴുക്ക് അവിടെ ഇല്ലയെന്നല്ലല്ലോ അർത്ഥം! ) 

11 . കോമൺ ബാത്ത്റൂമും ,  വാഷ് ബേസിനും ഡൈനിങ് ടേബിളിന് സമീപം നൽകരുത്. പണ്ടൊക്കെ വീടിനു പുറത്തായിരുന്നു ശൗചാലയങ്ങൾ.  ഭക്ഷണം കഴിക്കുന്ന ഇടവും ടോയ്‌ലറ്റും അടുത്ത് വരുന്നത്, ടോയിലറ്റ്  എന്തൊക്കിയിട്ട്  വൃത്തിയാക്കി എന്ന് പറഞ്ഞാലും ഇറിറ്റേഷൻ ആയി അനുഭവപ്പെടും .

12 . റൂമുകൾ, സിറ്റിംഗ് ഹാൾ, അടുക്കള  തുടങ്ങിയവയ്ക്ക് ഇരുവശങ്ങളിലും  ജനലുകൾ  വരുന്നുണ്ടെന്നു പ്ലാൻ വരയ്ക്കുമ്പോഴേ ഉറപ്പാക്കണം . 

13. ജനൽ പാളികൾ ഉണ്ടാക്കുബോൾ , മുകൾഭാഗം തുറന്ന് ഇടാൻ കഴിയുന്ന രീതിയിൽ ഒരു പൊളി ചെറുത് ഉണ്ടാക്കിയാൽ, കറണ്ട് ഇല്ലാത്ത അവസരങ്ങളിൽ ഉപകാരമാവും .

14 . മുൻവാതിലിൽ പന്ത്രണ്ട് താഴുള്ള പൂട്ടു ഫിറ്റ് ചെയുന്ന നമ്മൾ അടുക്കള വാതിൽ ഒരു നട്ടും ബോൾട്ടിലും ഒതുക്കും . കള്ളന് സുഖവും , സുരക്ഷിതവുമായ എൻട്രൻസ്‌,  അടുക്കള വാതിൽ ആയിരിക്കെ മാറി ചിന്തക്കേണ്ട സമയം അതിക്രമിച്ചില്ലേ  ?  . അതേപോലെ ഉള്ളിൽ നിന്നും ബലപ്പെടുത്തേണ്ട വാതിലാണ് സ്റ്റെയർകേസിനു മുകളിലെ വാതിൽ. നിർബന്ധമായും പട്ടയും കമ്പിയും അടിച്ചു ബലപ്പെത്തുക തന്നെ വേണം .

15. അടുക്കള എപ്പോഴും വലിയ വലുപ്പം ഉണ്ടാവാത്തതാണ്  നല്ലത് . വീതിയെക്കാൾ നീളം അല്പം കൂടിയാൽ കിച്ചനിലെ ടേബിളുകൾക്കിടയിലുള്ള നടത്തത്തിന്റെ ദൈർഘ്യം കുറയും .

16 . എത്ര ചെറിയ വീടാണെങ്കിലും ഉള്ളിൽ കയറിയാൽ ഒരു കുടുങ്ങിയ അവസ്ഥ ഫീൽ ചെയ്യരുത് .  പാസേജുകൾക്കായി ഒരുപാട് സ്ഥലം നീക്കി വെക്കുന്നത് വലിയ വീടുകളിലും  കുറഞ്ഞ സൗകര്യവും സൃഷ്ടിക്കും .

ഇനി കുറച്ചു പൊതുവിൽ ഉള്ള കാര്യങ്ങൾ പറയാം 

  • വലിയ വീടുകൾ  എന്നാൽ സൗകര്യങ്ങൾ കൂടിയ വീടാവണമെന്നില്ല . ആ ധാരണ മാറ്റിയേതീരൂ. ആവശ്യമുണ്ടെങ്കിൽ മാത്രം ഇരു നില വീടുകൾ വയ്ക്കുക . മുകൾ തട്ട് ആവശ്യമില്ലാത്ത  പക്ഷം വവ്വാലുകൾ വാടക തരാതെ താമസിക്കും .
  • വീട് പണി തുടങ്ങുമ്പോൾ തന്നെ  ലോൺ എടുക്കാതിരിക്കുന്നതാണ് നല്ലത് കാരണം , അടവും , വീട്ട്  ചിലവും പലപ്പോഴും അടവ് മുടക്കി ,  തടവറയിലാക്കും  . അതോടെ  പണി പകുതിക്ക് നിലയ്ക്കും . 
  • മെറ്റീരിയലുകൾ കഴിവതും സംഭരിച്ചു വച്ചതിന് ശേഷം വീട് പണി തുടങ്ങാൻ കഴിഞ്ഞാൽ , അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തിൽ നിന്നും രക്ഷപ്പെടാം . ഒപ്പം, ലേബർ ചാര്ജും, മെറ്റീരിയൽ ചാർജ്ജും ഒരുമിച്ച് വഹിക്കേണ്ടി വരുമ്പോൾ നേരിടുന്ന  "ശ്വാസതടസം" ഒഴിവാകുകയും ചെയ്യാം .
  • ഒരു വീട് എങ്ങിനെ ഉള്ളതാവണം എന്ന് ചോദിച്ചാൽ , ഏതൊരു വീടും സുരക്ഷിതത്ത്വത്തിന്റെ മടിത്തട്ടിലേക്ക് സ്നേഹത്തോടെ  നമ്മെ മാടി വിളിക്കുന്നതാവണം .  ആ തണലിലേക്ക് കയറിന്നാൽ,  അതിന്റെ  മടിത്തട്ടിൽ തലചായ്ക്കാൻ കൊതിക്കുന്നതാവണം. കറന്റ് പോയാൽ ജനിലൂടെ അടുത്ത വീട്ടിലേക്ക് നോക്കി അവിടെയും ഇല്ലായെന്ന് സമാധാനിക്കുന്ന ഞാൻ അടക്കമുള്ള മലയാളി അടുത്ത വീടിനേക്കാൾ വലുപ്പമുള്ളത് വയ്ക്കുന്നതിൽ നിർവൃതി കൊള്ളാതെ, സ്വന്തം ആവശ്യങ്ങളും , നീക്കിയിരിപ്പും തിരിച്ചറിഞ്ഞു വീട് പണിതാൽ,കടമില്ലാതെ സ്വസ്ഥമായി  കിടന്നുറങ്ങാം എന്നതാണ് ഞാൻ പഠിച്ച വലിയ പാഠം .

കടപ്പാട്- മനോജ് കുമാർ കാപ്പാട്

English Summary- Pravasi Malayali Shares House Construction Experiece; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com