ADVERTISEMENT

ഉപേക്ഷിക്കപ്പെടേണ്ടത് എന്നു നമ്മൾ കരുതുന്ന പല സാധനങ്ങളും വീട് നിർമാണത്തിനുള്ള അസംസ്കൃത സാധനങ്ങളായി തീരുകയാണ് ആർക്കിടെക്ട് ആകാശിന്റെ കൈകളിൽ. നമ്മൾ വലിച്ചെറിയുന്ന സാധനങ്ങൾ മതി ചെലവുകുറഞ്ഞ ഒരു വീടുണ്ടാക്കാനെന്ന് നാടിനെ പഠിപ്പിക്കുകയാണ് ഈ യുവാവ്. അദ്ദേഹത്തിന്റെ ആശയത്തിൽ പൂർത്തീകരിക്കപ്പെട്ട, പയ്യന്നൂരിനടുത്ത അന്നൂരിലെ ബീയർ കുപ്പി കൊണ്ടുള്ള വീട് ഇതിനകം ജനശ്രദ്ധ നേടി കഴിഞ്ഞു. പരമ്പരാഗത നിർമാണരീതി വിട്ട് പുതിയ തലങ്ങൾ കണ്ടെത്താനുള്ള ആശയം ഉരുത്തിരിഞ്ഞതിന്റെ കഥയാണിത്. ഒപ്പം ബീയർകുപ്പി കൊണ്ടുള്ള  വീടിന്റെ നിർമാണ രീതിയും കൗതുകങ്ങളും അറിയാം. 

ഒന്നും കളയാനുള്ളതല്ല 

ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും പാഴ്മുളയും മണൽ ചാക്കുകളും മറ്റും ഉപയോഗിച്ചൊരു വീട്. അന്നൂരിലാണ് ഇങ്ങനെയൊരു വീട് ഉയരുന്നത്. ആഫ്രിക്കയിലും നേപ്പാളിലുമൊക്കെയുള്ള വീടിന്റെ മാതൃകയാണ്. 2,000 ബീയർ കുപ്പികൾ, ഒരടി വീതിയുള്ള 800 മീറ്റർ ചാക്ക്, മണ്ണും ചെളിയും ഉമിയും പ്ലാസ്റ്റിക് കുപ്പികളും പഴയ ഓടുകളും കമ്പി വലയും സ്റ്റീൽ ദണ്ഡും പാഴ്മുളകളുമൊക്കെയാണ് 1000 സ്ക്വയർ ഫീറ്റ് വീട് നിർമാണത്തിന് അന്നൂരിലെ താനിയ - അജി ആനന്ദ് ദമ്പതികൾ ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ. ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീട് നിർമിക്കണമെന്ന ആശയം അജയ് സഹോദരനായ ആർകിടെക്ട് ആകാശിനോട് പറഞ്ഞപ്പോൾ ഭോപാൽ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിലെ പഠന കാലത്ത് അവിടെ കണ്ട ഒരു മാതൃക നോക്കാമെന്ന നിർദേശം മുന്നോട്ടു വച്ചു. 

ഭോപാലിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച വീടുകൾ നേരത്തേ തന്നെ ആകാശിന്റെ ഉള്ളിൽ  കയറിക്കൂടിയിരുന്നു. ദമ്പതികൾ ആകാശിന്റെ ആശയത്തോട് യോജിക്കുകയും ഒരു വർഷം മുൻപ് ലോക്ഡൗൺ കാലത്ത് തന്നെ അസംസ്കൃത വസ്തുക്കൾ കണ്ടെത്താൻ തുടങ്ങുകയും ചെയ്തു. 

ബീയർ കുപ്പി സമൂഹമാധ്യമം വഴി 

2000 ബീയർ കുപ്പികൾ കിട്ടാൻ പ്രയാസം നേരിട്ടപ്പോൾ ആവശ്യം സമൂഹമാധ്യമം വഴി സുഹൃത്തുക്കളുമായി പങ്കുവച്ചു. മണിക്കൂറുകൾക്കകം വിവിധ കേന്ദ്രങ്ങളിൽ കുപ്പികൾ തയാർ. അതെല്ലാം ശേഖരിച്ച് സുഹൃത്തുക്കൾ തന്നെ എത്തിച്ചു. കോവിഡ് കാലത്തെ വീട്ടിലിരിപ്പ് വീട് പണിക്കായി ഉപയോഗിച്ചപ്പോൾ പരിസ്ഥിതി സൗഹൃദ വീട് ഉയർന്നു തുടങ്ങി. സാധാരണ ചെങ്കല്ലിൽ തറ കെട്ടി ചാക്കിൽ മണ്ണ് നിറച്ച് ചുമർ നിർമിച്ചു. ഓരോ ചാക്ക് മണലിനുമിടയിൽ കമ്പി വലയിട്ട്  ബലപ്പെടുത്തി. 4 ലയർ കഴിഞ്ഞാൽ 8 എംഎം സ്റ്റീൽ ബാർ അടിച്ച് വീണ്ടും ബലപ്പെടുത്തി. പഴയ ജനലും കട്ടിളയുമാണ് ഉപയോഗിച്ചത്. മുകളിൽ മോന്തായത്തിനും കഴുക്കോലിനും വാരിക്കുമുള്ള മരത്തിനു പകരം സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചു. അതിനു മുകളിൽ ഓടു വച്ചു. 

mud-home-art

മണൽ നിറച്ച് ഒരുക്കിയ ചുമരും മേൽക്കൂരയും തമ്മിൽ ബന്ധിപ്പിക്കാനാണ് ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും മുളയും ഉപയോഗിച്ചത്. കുപ്പികൾ സെറ്റ് ചെയ്യുന്നതിന് മണലും പൂഴിയും വയ്ക്കോലും ചെളിയും സിമന്റും ചേർത്ത മിശ്രിതം ഉപയോഗിച്ചു. ചുമർ 2 പാളിയായി തേച്ചു മിനുക്കി. ഇതിനും കുപ്പികൾ സെറ്റ് ചെയ്യാൻ ഉപയോഗിച്ച മിശ്രിതം തന്നെയാണ് ഉപയോഗിച്ചത്. 

ചെലവ് 5 ലക്ഷം രൂപ 

1000 സ്ക്വയർഫീറ്റുള്ള വീടിന് 5 ലക്ഷം രൂപയാണി ചെലവു വരുന്നത്.  2 കിടപ്പുമുറി , തുറന്ന അടുക്കള,  തീന്മുറി, ശുചിമുറി വരാന്ത ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഉള്ളത്. ഭോപാൽ കോളജിൽ ആദർശിന്റെ പരിചയത്തിലുള്ള വിദ്യാർഥികൾ ചുമരുകളിൽ ആർട് വർക്ക് നടത്തുന്നുണ്ട്. ഒരു മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് താനിയ - അജി ദമ്പതികൾ. സൈന്യം ഉപയോഗിച്ചിരുന്ന എർത്ത് ബാഗ് കൺസ്ട്രക്‌ഷൻ മാതൃകയിലാണ് ഈ പ്രകൃതി സൗഹൃദ വീടൊരുങ്ങുന്നത്.

ആകാശിന് ജോലിയും കിട്ടി 

ബീയർ കുപ്പികളും മുളയും വൈക്കോലും ഉമിയും പ്ലാസ്റ്റിക് കുപ്പികളുമൊക്കെ വീട് നിർമാണത്തിന്റെ അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ച ആർക്കിടെക്ചർ ആകാശ് കൃഷ്ണരാജന് യുഎസ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലിയും ലഭിച്ചു. ഇനി ആകാശിന്റെ സേവനം നമ്മുടെ നാട്ടിലേക്കു കിട്ടുമോ എന്നറിയില്ല. ഹൈദരബാദിൽ തുടങ്ങുന്ന കമ്പനിയിലാണ് വീടു പൂർത്തിയാകും മുൻപു തന്നെ ജോലി നൽകിയത്. ഭോപാൽ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ 5 വർഷത്തെ പഠനത്തിനിടയിലാണ് പ്രകൃതി സൗഹൃദ വീട് നിർമാണത്തിനുള്ള ആശയങ്ങൾ ആകാശിനു ലഭിച്ചത്. കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പഠനത്തിന്റെ ഭാഗമായുള്ള യാത്രയിലാണ് ഇത്തരം വീടുകളുടെ നിർമാണം പഠിച്ചത്. നാച്വറൽ കൺസ്ട്രക്‌ഷൻ വർക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും കടന്നു ചെന്നപ്പോൾ കിട്ടിയ അനുഭവമാണു കരുത്ത്. വലിച്ചെറിയുന്ന ബീയർ കുപ്പികൾ വരെ വീട് നിർമാണത്തിന് അസംസ്കൃത വസ്തുവായി ഈ എൻജിനീയറിങ് വിദ്യാർഥി കണ്ടെത്തുകയായിരുന്നു. പഠനത്തിനിടയിൽ തന്നെയാണ് ജ്യേഷ്ഠ സഹോദരൻ എൻജിനീയറായ അജി പ്രകൃതി സൗഹൃദവീട് എന്ന ആശയം അനുജന്റെ മുന്നിൽ വച്ചത്. വിവിധ സംസ്ഥാനങ്ങളിൽ താൻ കണ്ടുകൊണ്ടിരുന്ന വീടുകളെല്ലാം ചേർന്ന് ഒരു വീട് സഹോദരനു മുന്നിൽ സമർപ്പിച്ചപ്പോൾ കേരളത്തിലെ ആദ്യ എർത്ത് ബാഗ് കൺസ്ട്രക്‌ഷൻ വീട് യാഥാർഥ്യമാവുകയായിരുന്നു. ലോക്ഡൗണിൽ പഠനം ഓൺലൈനിലായി മാറിയതോടെ വീടിന്റെ ഡിസൈൻ ഒരുക്കുക മാത്രമല്ല നിർമാണത്തിൽ പങ്കാളിയാകാനും ആകാശിനു കഴിഞ്ഞു. 

English Summary- House made of Beer Bottles; Eco friendly Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com