ADVERTISEMENT

വീടിന്റെ മറ്റുഭാഗങ്ങളിൽനിന്നും വ്യത്യസ്തമായി ഏറെ പ്രത്യേകതകളോടെ കാണുന്ന ഒരിടമാണ് പൂജാമുറികൾ. അകത്തളത്തിന് ലുക്ക് കൂട്ടാൻ വേണ്ടി മാത്രമാകരുത് പൂജാമുറികളുടെ നിർമ്മാണം. താരതമ്യേന ചെറിയ വീടുകൾ നിർമ്മിക്കപ്പെട്ടിരുന്ന മുൻകാലങ്ങളിൽ കന്നിമൂലയിൽ വിളക്ക് കൊളുത്താൻ ഒരിടം നീക്കിവയ്ക്കുകയായിരുന്നു പതിവ്. എന്നാൽ ഇന്ന് പ്രത്യേക ഒരു മുറിയായി തന്നെ പൂജാമുറി നിർമ്മിക്കുന്നവരാണ് ഏറെയും. പൂജാമുറിയുടെ നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. 

വീടിന്റെ  വടക്കുകിഴക്കു ഭാഗത്തായി പൂജാമുറികൾ നിർമിക്കുന്നതാണ് ഉചിതം. കിഴക്കുഭാഗത്തിന് അഭിമുഖമായി വേണം നിർമ്മിക്കാൻ. മറ്റു മുറികളുടെയത്ര സ്ഥലസൗകര്യം പൂജാമുറികൾക്ക് വേണമെന്നില്ല. എന്നാൽ വൃത്തിയും വെടിപ്പും പ്രധാനമാണെന്ന് മാത്രം. പൂജാമുറി നിറയെ സാധനങ്ങൾ തിക്കി ഞെരുക്കി വയ്ക്കുന്നത് അശുഭകരമാണ്. 

പൂജാമുറി വേണം എന്ന ആഗ്രഹം സാധിക്കാനും അതേസമയം സ്ഥലം ലാഭിക്കാനുമായി സ്റ്റെയർകെയ്സുകൾക്ക് അടിയിൽ പൂജാമുറികൾ നിർമ്മിക്കുന്ന ഒരു രീതിയുണ്ട്. എന്നാൽ അത് അനുചിതമാണ്. പൂജാമുറികൾ വേണമെന്നുണ്ടെങ്കിൽ വീടിന്റെ പ്ലാനിങ് നടക്കുമ്പോൾ തന്നെ വാസ്തുശാസ്ത്രപ്രകാരം ഒരു പ്രത്യേക ഇടം കണ്ടു വയ്ക്കുക. അതേപോലെ  കിടപ്പുമുറി, ബാത്ത്റൂം എന്നിവയോടു ചേർത്ത് പൂജാമുറികൾ നിർമിക്കുന്നതും അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. 

പൊതുവേ ശാന്തമായ അന്തരീക്ഷമാവണം പൂജാമുറിയിൽ ഉള്ളത്. അതിനാൽ വീട്ടിലെ മറ്റ് മുറികൾക്ക് കടുംനിറമാണ് പെയിന്റു ചെയ്തിരിക്കുന്നതെങ്കിലും പൂജാമുറിയിൽ ഇളം നിറം ഉപയോഗിക്കുന്നതാണ് ഉചിതം. വെളിച്ചം ധാരാളമായി പ്രതിഫലിപ്പിക്കാനും അതിലൂടെ പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത് സഹായിക്കും. 

ഉടഞ്ഞതോ കേടുപാടുകൾ സംഭവിച്ചതോ ആയ  ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാമുറിയിൽ സൂക്ഷിക്കുന്നത് നന്നല്ല. മരിച്ചവരുടെ ചിത്രങ്ങൾ ഒരു കാരണവശാലും  പൂജാമുറിയിൽ ഉൾപ്പെടുത്തരുത്. തൂക്കുവിളക്കുകൾ ഒഴിവാക്കി നിലവിളക്ക് തന്നെ കൊളുക്കാൻ ശ്രമിക്കുക. വീടിനുള്ളിലെ ഏറ്റവും  പരിശുദ്ധമായ ഇടം എന്ന് കണക്കാക്കി  ക്ഷേത്രത്തിന്റെ പ്രതീതിയിൽ പൂജാമുറികൾ നിർമിക്കുന്നതാണ് ഉചിതം.  മുകൾനിലയിലോ ബേസ്മെന്റിലോ നിർമ്മിക്കാതെ എപ്പോഴും പൂജാമുറികൾ ഗ്രൗണ്ട്ഫ്ലോറിൽ തന്നെ നിർമിക്കാൻ ശ്രദ്ധിക്കുക.

English Summary- Prayer Space in House; Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com