ADVERTISEMENT

കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ പ്രധാന മേഖലകളിലൊന്ന് കെട്ടിടനിർമാണമേഖലയാണ്. നിർമ്മാണസാമഗ്രികളുടെ ഉത്പാദനം കുറഞ്ഞതു മുതൽ സാധാരണക്കാരായവർക്ക് ഉണ്ടായ തൊഴിൽനഷ്ടം വരെ ഈ മേഖലയെ സാരമായി ബാധിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുന്നതോടെ ഈ സ്ഥിതിക്കു വ്യത്യാസം വരുമെന്ന് കരുതിയെങ്കിലും നിലവിൽ മറ്റൊരു പ്രതിസന്ധിയാണ് കെട്ടിട നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയാകുന്നത്. സിമന്റ് അടക്കമുള്ള നിർമ്മാണസാമഗ്രികളുടെ വില കുതിച്ചുയരുന്നതാണ് ഈ പ്രതിസന്ധി. 

സ്റ്റീൽ, സിമന്റ്, കമ്പി, മെറ്റൽ തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ വിലയിൽ ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മാത്രം വൻകുതിപ്പാണ് ഉണ്ടായത്. അൻപത് കിലോഗ്രാമുള്ള ഒരു ചാക്ക് സിമന്റ് 380 രൂപയ്ക്കാണ് ഈ വർഷം ആദ്യം ചില്ലറ വ്യാപാരികളിൽനിന്ന് ലഭിച്ചിരുന്നതെങ്കിൽ അതിനേക്കാൾ നൂറു രൂപയിൽ അധികമാണ് ഒക്ടോബർ മാസത്തിൽ നൽകേണ്ടിവരുന്നത്. ഒറ്റ ചാക്ക് സിമന്റിന്റെ വിലയിൽ അറുപതും എഴുപതും രൂപയുടെ വ്യത്യാസമാണ് ഒന്നുരണ്ട് ആഴ്ചകൾക്കുള്ളിൽതന്നെ ഉണ്ടാവുന്നത്. ഒരു ചാക്ക് എ ഗ്രേഡ് സിമന്റിന് 525 രൂപയാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ വില. സെപ്റ്റംബർ അവസാനം 55000 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ടൺ സ്റ്റീലിന്റെ വില ഒക്ടോബർ ആദ്യവാരം 60,000 നും 65000 നും ഇടയ്ക്ക് എന്ന നിലയിലേക്ക് ഉയർന്നു. രാജ്യം കൽക്കരി ക്ഷാമം നേരിടുന്നതാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ഇതിനെല്ലാം പുറമേ മണൽ, പ്ലൈവുഡ്, ഗ്ലാസ് തുടങ്ങി എല്ലാവിധ നിർമ്മാണസാമഗ്രികളുടെയും വിലയിൽ കുതിപ്പ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ 600 -750 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കപ്പെടുന്ന ഒരു കെട്ടിടത്തിന്റെ നിർമാണച്ചെലവ് മുമ്പത്തേതിനേക്കാൾ 30 മുതൽ 40 ശതമാനം വരെ വർദ്ധിച്ചേക്കും എന്നാണ് ഏകദേശ കണക്ക്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവും മൂലമാണ് നിർമ്മാണസാമഗ്രികളുടെ വില വർധിപ്പിച്ചത് എന്നാണ് കമ്പനികളുടെ വിശദീകരണം. ഇതിനുപുറമേ വയറിങ്​​, പ്ലംബിങ്​​ സാമഗ്രികളുടെ വിലയും കൂടിക്കൊണ്ടിരിക്കുന്നു. 

സ്വകാര്യ കമ്പനികൾ നിർമ്മാണ സാമഗ്രികളുടെ വില വർധിപ്പിക്കുന്നതനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളും വില വർധിപ്പിക്കാൻ നിർബന്ധിതരാവുന്ന സ്ഥിതിയാണ്. സ്വന്തം നിലയിൽ വീടുകൾ പണിയുന്നവരെയും ബിൽഡർമാരെയും വിലവർദ്ധനവ് ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിർമാണസാമഗ്രികളുടെ വില വർധനക്കെതിരെ സ്വകാര്യ​ ബിൽഡിങ്​​ കോൺട്രാക്​ടേഴ്​സ്​ അസോസിയേഷൻ സമരം നടത്തിയിട്ടും ഫലമൊന്നുമുണ്ടായിട്ടില്ല. കോവിഡ് വ്യാപനം മൂലം പാതിവഴിയിൽ നിർത്തിവയ്‌ക്കേണ്ടിവന്ന കെട്ടിട നിർമ്മാണം നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ പുനരാരംഭിക്കാമെന്ന്  കരുതിയിരുന്നവർക്ക് ആശ്വാസത്തിന് വകയില്ല എന്ന് ചുരുക്കം.

English Summary- House Construction Cost Skyrocketing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com