ADVERTISEMENT

കേരളത്തിലെ ന്യൂജെൻ ചെറുപ്പക്കാരിൽ നല്ലൊരു പങ്കും നാടുവിടുകയാണ്. 'രക്ഷപ്പെടണമെങ്കിൽ ഇവിടം വിടണം' എന്നൊരു ചിന്ത ചെറുപ്പക്കാരുടെ മനസ്സിൽ മുൻപത്തേക്കാളേറെ ഉറച്ചിരിക്കുന്നു. നാട്ടിൽ സുരക്ഷിതമായ ജോലി കിട്ടണമെങ്കിൽ രാഷ്ട്രീയസ്വാധീനവും പണവും വേണമെന്ന തിരിച്ചറിവും, പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള ഇവരുടെ പലായനത്തിന് ആക്കം കൂട്ടുന്നു. കുഗ്രാമങ്ങളിൽപോലും വിദേശത്തേക്ക് കയറ്റിയയക്കുന്ന ഏജൻസികൾ പൊട്ടിമുളയ്ക്കുന്നത് ഇതിന്റെ സൂചനയാണ്. ഈ പലായനം നമ്മുടെ വീടുകളിലും കുടുംബാന്തരീക്ഷങ്ങളിലും ചെലുത്തുന്ന സ്വാധീനം ശ്രദ്ധിച്ചിട്ടുണ്ടോ?

മലബാറിലെ പ്രവാസജീവിതവും സ്വാധീനങ്ങളും....

കേരളത്തിൽ മധ്യകേരളവും മലബാറും താരതമ്യം ചെയ്താൽ ഈ പലായനത്തിന്റെ അനന്തരഫലം വ്യത്യസ്തമാണ് എന്നുകാണാം. ഉദാഹരണത്തിന് മലബാർ മേഖലകളിൽ, പതിറ്റാണ്ടുകളായി ശക്തമായ ഗൾഫ് സ്വാധീനമുണ്ട്. അവിടെ കൂടുതൽ ചെറുപ്പക്കാരും ഡിഗ്രി കഴിയുന്നതോടെ ഗൾഫ് പ്രവാസം ആരംഭിക്കും.

ഗൾഫിൽ പോകുന്ന ഭൂരിഭാഗം മലയാളികളും, പരമാവധി കാശുകാരനായി നാട്ടിലേക്ക് തിരിച്ചുവരാനാണ് വിമാനം കയറുന്നത്. അവിടെ സമ്പാദിക്കുന്ന പണത്തിന്റെ സിംഹഭാഗവും അവർ നാട്ടിലേക്ക് അയയ്ക്കുന്നു. മലബാർ മേഖലകളിൽ ഭൂരിഭാഗം ചെറുപ്പക്കാർക്കും നാട്ടിൽ നല്ലൊരു വീട് വയ്ക്കണം എന്നത് 'പ്രസ്റ്റീജ് ഇഷ്യൂ' ആണ്. കാരണം അവർ വളർന്ന ചുറ്റുപാടുകളുടെ സ്വാധീനം അങ്ങനെയാണ്. 

പ്രവാസികൾ ഏറെയുള്ള മലബാർ മേഖലകളിലൂടെ സഞ്ചരിച്ചാൽ 'വീട്' ഇവർക്ക് ഒരു 'കോംപറ്റീഷൻ ഐറ്റം' ആണോയെന്ന് തോന്നിപ്പോകും. ഇത്തരം വീടുകളിൽ ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയായിരിക്കും. അതല്ലെങ്കിൽ നിധി കാക്കുന്ന ഭൂതത്തിനെപ്പോലെ പ്രായമായ മാതാപിതാക്കൾ മാത്രമാകും താമസം. കേരളത്തിൽ ഏറ്റവും മികച്ച വീടുകൾ കാണണമെങ്കിൽ വടക്കൻ ജില്ലകളിലേക്ക് വരണം എന്നുപറയുന്നതിൽ കുറച്ചൊക്കെ കാര്യമുണ്ട്. കേരളത്തിൽ ഏറ്റവുമധികം ആർക്കിടെക്ടുകളും ഡിസൈനർമാരും സജീവമായി പ്രവർത്തിക്കുന്നതും മലബാർ മേഖലകളിലാണ് എന്നതും ഇതിനോട് ചേർത്തുവായിക്കാം.

ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ നിറയൗവനത്തിൽ പ്രവാസികളായി അത്യാവശ്യം സമ്പാദിച്ച്, ഇപ്പോൾ മധ്യവയസ്സിൽ എത്തിയവർ പലരും നാട്ടിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്നുണ്ട്. പക്ഷേ അവരുടെ ചെറുപ്പക്കാരായ മക്കളിൽ ഭൂരിഭാഗത്തിനും അവർ വളർന്നുപരിചയിച്ച ഗൾഫ് ഭൂമികയിൽ തുടരാനാകും താല്പര്യം. അങ്ങനെ പ്രവാസം അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നു. 

ഗൾഫിൽ നിന്നുണ്ടാക്കിയ സമ്പാദ്യത്തിന്റെ 90 ശതമാനവും വീടിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പിന്നെ വിവാഹത്തിനും മുടക്കി വിശ്രമകാലം, രമ്യഹർമ്യങ്ങളിൽ അരിഷ്ടിച്ചു ജീവിക്കുന്ന പ്രവാസികളുമുണ്ട്. അതുപോലെ ബാധ്യതകൾ തീർക്കാൻ മധ്യവയസ്സിൽ വീണ്ടും പ്രവാസജീവിതത്തിലേക്ക് എടുത്തെറിയപ്പെടുന്നവരുമുണ്ട്. പുറമെ നോക്കുമ്പോൾ വലിയ വീട് വമ്പൻ സെറ്റപ്, പക്ഷേ ബാങ്ക് ബാലൻസ് പരിതാപകരമാകും. ദുരഭിമാനം കൊണ്ട് കഷ്ടപ്പാട് ആരെയും അറിയിക്കാതെ ജീവിക്കുന്നവരുമുണ്ട്.

 

മധ്യതിരുവിതാംകൂറിലെ പ്രവാസജീവിതവും സ്വാധീനങ്ങളും....

ഇനി മധ്യതിരുവിതാംകൂറിലേക്ക് പോകാം. അവിടെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ താരതമ്യേന ഗൾഫിനേക്കാൾ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ചെറുപ്പക്കാർ കുടിയേറുന്നത്. ഇവിടേക്ക് പോകുന്നവർ ഭൂരിഭാഗവും മടങ്ങിവരാൻ താൽപര്യപ്പെടുന്നില്ല. ഗ്രീൻ കാർഡും പിആറും എടുത്ത്, ഇന്ത്യൻ പാസ്പോർട് സറണ്ടർ ചെയ്ത് ശിഷ്ടകാലം ആ രാജ്യത്തെ പൗരനായി അവിടെ ജീവിക്കാനാണ് അവർക്കിഷ്ടം. ആ രാജ്യങ്ങളിലുള്ള മികച്ച ജീവിതനിലവാരവും സോഷ്യൽ സെക്യൂരിറ്റിയുമാണ് കാരണം. ആദ്യം ഗൾഫ് പ്രവാസിയായി, അവിടെനിന്നും യൂറോപ്പിലേക്ക് 'രക്ഷപ്പെടുന്നവരും' മധ്യതിരുവിതാംകൂർ ഏരിയയിലാണ് കൂടുതലുള്ളത്.

നാട്ടിലെ വലിയ വീടും അപ്പനപ്പൂപ്പന്മാർ കൈമാറിയ ഏക്കർ കണക്കിന് വസ്തുവകകളും അവരെ സംബന്ധിച്ച് ബാധ്യതകളാണ്. കേരളത്തിൽ ഏറ്റവുമധികം 'വസ്തുവും വീടും വിൽപനയ്ക്ക്' പരസ്യങ്ങൾ വരുന്നത് മധ്യതിരുവിതാംകൂറിലെ പ്രവാസികൾ ഏറെയുള്ള സ്ഥലങ്ങളിൽ നിന്നാണെന്ന് നിരീക്ഷിക്കാം.

ഒരു ഉദാഹരണം പറയാം. മധ്യതിരുവിതാംകൂറിലെ എൻ.ആർ.ഐ ബെൽറ്റാണ് തിരുവല്ല-കുമ്പനാട്- കോഴഞ്ചേരി-റാന്നി തുടങ്ങിയ സ്ഥലങ്ങൾ. ഈ വഴി പോകുമ്പോൾ വഴിയരികിൽ നിരവധി രമ്യഹർമ്യങ്ങൾ തലയുയർത്തിനിൽക്കുന്നത് കാണാം. ചിലത് ഗെയ്റ്റ് മുതൽ പൂട്ടിയിട്ടിരിക്കുകയാകും. ചിലതിൽ പ്രായമായ മാതാപിതാക്കളും അവർക്കായി മക്കൾ ഏർപ്പെടുത്തിയ സഹായികളും താമസമുണ്ടാകും. മാതാപിതാക്കളുടെ കാലം കഴിയുന്നതോടെ, ആ വസ്തുവകകൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാനാണ് ഭൂരിഭാഗം യൂറോപ്യൻ മലയാളി പ്രവാസികളും ശ്രമിക്കുക.

രത്നച്ചുരുക്കം...

ഒരു ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തിന് കയറ്റുമതി ചെയ്യാൻ ആകെയുള്ളത് മനുഷ്യവിഭവശേഷിയാണ്. അതുകൊണ്ടാണ് ചന്ദ്രനിൽ പോയാലും അവിടെ മലയാളിയുടെ ചായക്കട ഉണ്ടാകുമെന്ന് പറയുന്നത്. പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള മലയാളിയുടെ പലായനം ഇനിയും വർധിക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ പ്രവചിക്കുന്നത്. ചെറുപ്പകാരെല്ലാം നാടുവിടുന്നതോടെ പത്തിരുപത് വർഷത്തിനുള്ളിൽ കേരളം ഒരു 'വൃദ്ധസദനം' ആയിമാറുമെന്നും പ്രവചനങ്ങളുണ്ട്. 

കേരളത്തിലെ ആകെ വീടുകളുടെ 14 ശതമാനം താമസക്കാരില്ലാതെ പൂട്ടിക്കിടക്കുന്നു എന്ന് രണ്ടു വർഷം മുൻപിറങ്ങിയ സാമ്പത്തികസര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ നിഷ്ക്രിയ ആസ്തികളിൽ നിന്നും അധിക നികുതിവരുമാനമടക്കം നേടാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഒരിക്കലും മടങ്ങി വരാൻ ഇഷ്ടമില്ലാത്തവരെയും കാത്ത് കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന 'ഗോസ്റ്റ് ഹൗസു'കളുടെ നാടായി മാറുമോ കേരളം. ചിന്തിക്കാം. പ്രവർത്തിക്കാം..

English Summary- Youth Turning Expatriates; Impact on Kerala Housing Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com