ADVERTISEMENT

ക്രിസ്മസ് അവധിക്ക് ബന്ധുവീടുകളിൽ സന്ദർശനം നടത്തിയപ്പോൾ കേറിയ വീടുകളിലൊന്ന് ദീർഘകാലം പ്രവാസിയായിരുന്ന ഒരു അങ്കിളിന്റെതായിരുന്നു. നാട്ടിലുള്ള കൊട്ടാരം പോലെയുള്ള വീട്ടിൽ 70 പിന്നിട്ട അങ്കിളും ആന്റിയും മാത്രം. ക്രിസ്മസ് കാലമായിട്ടും ആ വലിയ വീട്ടിൽ സ്റ്റാറുകളോ മറ്റലങ്കാരങ്ങളോ ഇല്ലാതിരുന്നത്  വീട്ടിലേക്ക് കയറുമ്പോൾ ശ്രദ്ധിച്ചിരുന്നു. ആകെ ഒരു മ്ലാനതയുടെ അന്തരീക്ഷം വീടിനുള്ളിൽ തളംകെട്ടിനിൽക്കുന്നു.

ഇനി അങ്കിളിന്റെ ജീവിതത്തിലേക്ക് പെട്ടെന്നൊരു ഫ്ലാഷ്ബാക്ക് പോയിട്ടുവരാം.

മധ്യകേരളത്തിലെ ഒരു കുഗ്രാമത്തിലെ മിഡിൽ ക്‌ളാസ് കുടുംബത്തിലാണ് അങ്കിൾ ജനിച്ചു വളർന്നത്. അപ്പന് ചെറിയ കടയായിരുന്നു എങ്കിലും പാരമ്പര്യമായി നല്ല ഭൂസ്വത്തുണ്ടായിരുന്നു. തന്റെ നിറയൗവനത്തിൽ ഗൾഫിൽ പോയി സ്വന്തം അധ്വാനം കൊണ്ട് ജീവിതം സമ്പുഷ്ടമാക്കിയയാളാണ് ഈ അങ്കിൾ. ഭാര്യയും മൂന്ന് മക്കളും. 48 വർഷത്തോളം നീണ്ട പ്രവാസം. കീശ നിറഞ്ഞുതുളുമ്പിയപ്പോൾ പ്രവാസജീവിതം അവസാനിപ്പിക്കാൻ പലതവണ ശ്രമിച്ചിട്ടും, വിശ്വസ്തനായ കാര്യസ്ഥനെ അറബാബ് വിടാത്തതുകൊണ്ടുമാത്രം പ്രവാസം തുടർന്നയാളാണ് അങ്കിൾ. ഒടുവിൽ നാട്ടിലെ കുടുംബകല്ലറയിലേക്ക് എടുക്കുംമുൻപ് കുറച്ചുകാലമെങ്കിലും കൊച്ചുമക്കളെയും കളിപ്പിച്ചു സ്വസ്ഥമായി സ്വന്തം നാട്ടിൽ വീട്ടിൽ താമസിക്കണം എന്നുള്ള ഇമോഷണൽ സംസാരത്തിൽ അറബി വീണു. അങ്ങനെ ഗൾഫിനോട് സലാം പറഞ്ഞു നാട്ടിലെത്തിയതാണ്.  മൂന്ന് മക്കൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം കൊടുത്തു. മൂന്നുപേരും മൂന്ന് വിദേശരാജ്യങ്ങളിൽ കുടുംബമായി സന്തോഷത്തോടെ താമസിക്കുന്നു. മൊത്തത്തിൽ ശരിക്കും ഒരു 'സക്സസ്ഫുൾ മാൻ'. 

എന്നിട്ടും ക്രിസ്മസ് കാലത്ത് അദ്ദേഹത്തിന്റെ മുഖം മ്ലാനമായി ഇരിക്കുന്നതിന്റെ കാരണം ഞാൻ ചോദിച്ചു.

അങ്കിൾ മനസ്സുതുറന്നു പറഞ്ഞുതുടങ്ങി. ഇപ്പോൾ ചിന്തിക്കാൻ ഒരുപാട് സമയമുണ്ട്. അപ്പോൾ ജീവിതത്തിലേക്ക് ഞാനൊന്ന് തിരിഞ്ഞുനോക്കി. ചോരത്തിളപ്പുള്ള കാലത്ത് ഗൾഫിൽ എത്തുമ്പോൾ ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. പണം ഉണ്ടാക്കുക, നാട്ടിൽ പോയി രാജാവിനെപ്പോലെ ജീവിക്കുക. കാശുണ്ടാക്കാനുള്ള ഓട്ടത്തിനിടയിൽ അപ്പനെയും അമ്മയെയും അവരുടെ അവസാനകാലത്ത് ശരിക്ക്  നോക്കാൻ കഴിഞ്ഞില്ല. ജോലിക്കാരെയും ഹോം നഴ്സിനെയുമൊക്കെ ഏർപ്പാടാക്കിയിരുന്നു. എന്നാലും 'കാശയച്ചു തന്നാൽ എല്ലാമായോ?' എന്ന് അമ്മച്ചി ഫോൺ വിളിക്കുമ്പോൾ വ്യംഗ്യമായി ചോദിക്കുമായിരുന്നു.  വയസ്സാംകാലത്ത് എന്റെ സാന്നിധ്യം അവർ ആഗ്രഹിച്ചിരുന്നു എന്നത് എനിക്ക് മനസ്സിലായെങ്കിലും ഞാനത് കണ്ടില്ലെന്ന് നടിച്ചു. അവസാനം അവരുടെ മരവിച്ച ശരീരം കാണാനാണ് നാട്ടിലെത്തിയത്.

ഇപ്പോൾ എനിക്ക് പ്രായമായി നാട്ടിൽ സെറ്റിൽ ചെയ്തപ്പോഴാണ് എന്റെ അപ്പന്റെയും അമ്മയുടെയും ഭാഗത്ത് നിന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങിയത്. ഇപ്പോൾ എനിക്ക് ഭൗതികമായി എല്ലാമുണ്ട്. നാട്ടിൽ കൊട്ടാരം പോലെ വീട്, ഏക്കർ കണക്കിന് ഭൂസ്വത്ത്, വലിയ ബാങ്ക് ബാലൻസ്, കൊച്ചിയിലും ബെംഗളുരുവിലും ഫ്ലാറ്റ്, ഇടുക്കിയിലും വയനാട്ടിലും എസ്റ്റേറ്റ്. പക്ഷേ ഞാൻ അധ്വാനിച്ചു സമ്പാദിച്ചതിന്റെ ഭാവി എന്താകും എന്നാലോചിക്കുമ്പോൾ ഒരു വേദന.

അതെന്താ അങ്കിളേ അങ്ങനെ തോന്നാൻ? ഞാൻ ചോദിച്ചു.

മക്കൾക്ക് നാട്ടിലോട്ട് വരാൻ താൽപര്യമില്ല. അമേരിക്കയിലുള്ള മൂത്ത രണ്ടുപേർക്കും ഇപ്പോൾ അവിടുത്തെ പൗരത്വംകിട്ടി. ഗൾഫിൽ ഉണ്ടായിരുന്ന ഇളയവനിലായിരുന്നു ആകെയുള്ള പ്രതീക്ഷ. ഇപ്പോൾ അവനും കുടുംബവും കാനഡയ്ക്ക് മൈഗ്രേറ്റ് ചെയ്യാൻപോകുന്നു. മറ്റുരാജ്യങ്ങളിൽ കുടിയേറാൻപോയ മക്കൾ ബഹിരാകാശത്തേക്ക് വിട്ട റോക്കറ്റ് പോലെയാണ്. ഒരിക്കലും തിരികെവരാൻ സാധ്യതയില്ല.

അടുത്തിടെ ഞാൻ സ്വത്ത്  ഭാഗം വയ്ക്കുന്നതിനെക്കുറിച്ച് മക്കളോട് സംസാരിച്ചു. സാധാരണ കേരളത്തിലെ വീടുകളിൽ നടക്കുന്നതിന്റെ നേർവിപരീതമാണ് ഇവിടെ. മക്കൾക്കാർക്കും നാട്ടിലെ വീടും വസ്തുവും ഫ്ലാറ്റും എസ്റ്റേറ്റുമൊന്നും വേണ്ട. അവർക്കതെല്ലാം വലിയ ബാധ്യതയാണ്. അവർക്ക് നാട്ടിലേക്ക് വരാൻതന്നെ ഇഷ്ടമല്ല. കൊച്ചുമക്കൾക്കും നാടിനോട് ഒരു അറ്റാച്ച്മെന്റുമില്ല. കിട്ടുന്ന വിലയ്ക്ക് എല്ലാം വിറ്റുപെറുക്കി പണമായി വീതംവച്ചാൽ മതിയെന്നാണ് മക്കളുടെ പക്ഷം. ഇനി ഒന്നും കിട്ടിയില്ലെങ്കിലും പരിഭവമില്ല എന്നാണ് അവരുടെ നയം.

പക്ഷേ ഇത്രയും വലിയ വീടും വലിയ വസ്‌തുവുമൊക്കെ വാങ്ങാൻ ആളെ കിട്ടുമോ? അതും ഈ ഗ്രാമത്തിൽ? ഇതെല്ലാം ഞാൻ ജീവിച്ചിരിക്കുമ്പോൾ നടന്നാലായി. ഇല്ലെങ്കിൽ അവകാശികൾ ഇല്ലാതെ അനാഥപ്രേതം പോലെ വീടും ഭൂസ്വത്തുമെല്ലാം അന്യാധീനമായി പോകും. അതോർക്കുമ്പോൾ മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല.

'നമ്മൾ വിതച്ചതുതന്നെ നമ്മൾ കൊയ്യും' എന്ന് ബൈബിൾ പറയുന്നത് സത്യമാണ് ഇന്നിപ്പോൾ ബോധ്യമായി. എന്റെ മാതാപിതാക്കൾ വയസാംകാലത്ത് എന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നു. പക്ഷേ എനിക്കത് സാധിച്ചുകൊടുക്കാനായില്ല. ഇപ്പോൾ എനിക്ക് വയസ്സായി. ഞാൻ മക്കളുടെയും കൊച്ചുമക്കളുടെയും സാമീപ്യം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഞാൻ മരിച്ചാൽപോലും ഇപ്പോഴത്തെ സാഹചര്യത്തിൽ, ഒരു ലൈവ് ടെലക്കാസ്റ്റ് നടത്തി, വിദേശരാജ്യത്ത് സിനിമകാണുമ്പോലെ ടിവിയുടെ മുന്നിലിരുന്നു അവർ കണ്ടാലായി.

ഇപ്പോൾ കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ട്. പഴയപോലെ യാത്ര പാടില്ല. പിന്നെ കോവിഡ് കാലവും. ഇല്ലെങ്കിൽ ഞങ്ങൾ അവരുടെ അടുത്തേക്ക് പോയേനെ. അപ്പുറത്തെ വീടുകളിലൊക്കെ മക്കളും കൊച്ചുമക്കളും ഒത്തുചേർന്ന് സന്തോഷിക്കുന്നത് കാണുമ്പോൾ ഒരു വിഷമം. അങ്കിൾ ദീർഘനിശ്വാസത്തോടെ പറഞ്ഞുനിർത്തി. അപ്പുറത്ത് അതുകേട്ടിരുന്ന ആന്റിയുടെ കണ്ണുകളിലും നനവ് പടർന്നിരുന്നു.

***

ഇതുപോലെ ഒരുപാട് വേദനിക്കുന്ന കോടീശ്വരന്മാർ കേരളത്തിലുണ്ട്. അതുപോലെ അനുഭവയോഗമില്ലാത്ത മക്കളും...കേരളത്തിൽ മക്കൾ അടുത്തില്ലാതെ, വയസ്സുകാലത്ത് ഒറ്റപ്പെട്ടു ജീവിക്കുന്ന മാതാപിതാക്കളുടെ അവസ്ഥ ഗൗരവമായി ചർച്ച ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. 

 

English Summary- Aged Parents in Homes; Story of a Rich NRI Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com