തിരിച്ചറിയണം പരിഷ്കാരത്തിലെ ചില അബദ്ധങ്ങൾ; ഒപ്പം പഴമയുടെ നന്മയും

modern-kerala-home
Representative Image
SHARE

നമ്മുടെ പൂർവികർ വ്യക്തമായ കാഴ്ചപ്പാടോടുകൂടിത്തന്നെയാണ് വീടുകൾ നിർമിച്ചിട്ടുള്ളതെന്നോർക്കണം. പ്രകൃതിയുടെ വ്യതിയാനങ്ങൾ മരത്തിനെയും കല്ലിനെയും ബാധിക്കില്ലന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണല്ലോ അഞ്ഞൂറും ആയിരവും വർഷം പഴക്കമുള്ള കെട്ടിടങ്ങളും ക്ഷേത്രങ്ങളും യാതൊരു കേടുപാടും കൂടാതെ ഇന്നും നിലനിൽക്കുന്നത്. ഒന്നുറപ്പാണ്, മരത്തിനു പകരം വയ്ക്കുവാനായി ഒരു സാധനവും ഇന്നു ലോകത്തിലില്ല. ഇരുമ്പു ഫ്രെയിമിൽ ഗ്ലാസ് വച്ചു ജനാലകൾ നിർമിക്കുന്നതിനേക്കാൾ ഈടും ഉറപ്പും മരത്തിനുണ്ട്.

പുതുതായി മരം മുറിക്കാതെ, പണ്ടു ചെയ്തുവച്ച മരത്തിലെ ജനവാതിലുകളും, കട്ടിള, വെന്റിലേറ്റർ തുടങ്ങിയവയുമെല്ലാം പുനരുപയോഗിക്കുന്നതിൽ കവിഞ്ഞൊരു ഇക്കോഫ്രണ്ട്‍ലി കാഴ്ചപ്പാട് മറ്റൊന്നുണ്ടാകുമോ? യൂറോപ്യൻ രാജ്യങ്ങൾ ഈ പുനരുപയോഗസാധ്യതകളെയാണു പരിപോഷിപ്പിക്കുന്നത്. കോസ്റ്റ് കുറയും, ഈടു കൂടും. പ്രകൃതിസന്തുലനം നിലനിൽക്കും– ഇതിൽ കൂടുതലായെന്തുവേണം? നൂറോ നൂറ്റൻപതോ വർഷം മുൻപ് വിദഗ്ധനായൊരാള്‍ പണിത ജനൽവാതിലുകളാണ് ഞാനെന്റെ വീട്ടിൽ വച്ചിട്ടുള്ളത്. ഒരു പതിറ്റാണ്ടു പിന്നിട്ടു കഴിഞ്ഞപ്പോഴും അതിന്റെ തനിമയ്ക്കൊരു കോട്ടവും സംഭവിച്ചിട്ടില്ല.

പഴയ ഇല്ലങ്ങളും കോവിലകങ്ങളും കൊട്ടാരങ്ങളും പരിശോധിച്ചാലറിയുവാൻ കഴിയും, അവിടുത്തെ ജനാലകൾക്കു വലുപ്പം കുറവാണ്. അതവരുടെ വിവരക്കേടാണെന്നു വിലയിരുത്തരുത്. കൃത്യമായ കണക്കുകളും ക്രോസ് വെന്റിലേഷനും മുന്നിൽ കണ്ടു കൊണ്ടുതന്നെയാണവ പണിയിച്ചിട്ടുള്ളത്. ജനാലകളിലെ മരയഴി (വള)കൾക്കിടയിലൂടെ കടന്നു പോകുന്ന കാറ്റിന് ഏതു സമയത്തും തണുപ്പുണ്ടാകും. കുംഭത്തിലെ കടുത്ത ചൂടിൽ പോലും ആ മുറികളിൽ തണുപ്പനുഭവപ്പെടും. തട്ടിൻപുറവും വെന്റിലേഷൻ സംവിധാനങ്ങളും ഈ തണുപ്പു നിലനിർത്താൻ സഹായിക്കും. അതുപോലെ തന്നെയാണ് വെളിച്ചത്തിന്റെ സാധ്യതകളും. ഈയൊരു സുഖം പുതിയ കോൺക്രീറ്റ് കെട്ടിടങ്ങളിൽ ലഭിക്കുകയില്ല.

ഇന്ന് തുറന്നിടുന്ന അവസരങ്ങളിൽ മാത്രമല്ല അടച്ചിടുമ്പോഴും ഗ്ലാസ് വഴി ചൂടിനെ അകത്തേക്കു കടത്തിവിടുന്ന അവസ്ഥയാണ്. ഇത് തീർത്തും യൂറോപ്യൻ മാത‍ൃകയുടെ അന്ധമായ അനുകരണമാണ്. തണുപ്പുള്ള രാജ്യങ്ങളിൽ മുറിക്കകത്തേക്കു കടന്നു വരേണ്ടത് ചൂടുവായുവാണ്. കൈവിരലൊന്നു മുറിപ്പെട്ടാൽ മുറിഭാഗം വായ്ക്കകത്തേക്കിട്ട് ശക്തമായി ഊതി നീറ്റൽ നിയന്ത്രിക്കാറില്ലല്ലോ? വായ്ക്ക് അഭിമുഖമായി പിടിച്ച് ഒരു മയത്തിലേ ഊതൂ. അതേ തിയറി തന്നെയാണ് പഴയ ജനാലകളുടെയും കാര്യത്തിലുള്ളത്. മുകളിൽ തിളച്ചു മറിയുന്ന ചൂടിനെ അതിജീവിക്കുവാൻ കഴിയാത്തത്ര വലിയ ജാലകളങ്ങളും അതിലെ ചില്ലുവാതിലുകളും, അതിലൂടെ ഉള്ളിലേക്കു കയറുന്ന ചൂടുകാറ്റും ഒരു ഹോട്ട് ചേമ്പറാക്കി ഗൃഹാന്തർഭാഗത്തെ മാറ്റിയെങ്കിൽ അദ്ഭുതപ്പെടേണ്ടതില്ല. ഫാനില്ലാതെ ഇന്നും ഒരു പഴയ വീടിനകത്തിരിക്കുവാൻ നമുക്കു കഴി‍ഞ്ഞേക്കും. പക്ഷേ, കോൺക്രീറ്റ് വീടിനകത്ത് ഒരു മണിക്കൂർ പോലും ഇരിക്കുവാനായെന്നു വരില്ല.

പണ്ടത്തെ തട്ടിൻപുറവും കുഞ്ഞു ജാലകങ്ങളും യുഗാന്തരങ്ങളിലെ കാഴ്ചപ്പാടാണ്. എയർ ഗ്യാപ്പുകളും ജാലകങ്ങളുമെല്ലാം അന്നു നിഷ്കർഷതയോടെ തന്നെ നിർമിച്ചതാണ്. മേൽക്കൂര ഓടുമേയുന്നത് വീണ്ടും ഹിറ്റായി വരുന്നത് അതിന്റെ ഗുണമേന്മ കണ്ടുകൊണ്ടുതന്നെയാണ്. അടിക്കടി മെയിന്റനൻസ് എന്നതും സാധാരണക്കാരന് താങ്ങാനാവില്ലല്ലോ? 10 സെന്റിൽ 2050 സ്ക്വയർ ഫീറ്റിൽ ഒരു വ്യാഴവട്ടത്തിനു മുൻപ് ഞാൻ ചെയ്ത എന്റെ വീട് പിന്നീടിന്നുവരെ പെയിന്റ് ചെയ്യേണ്ടി വന്നിട്ടില്ല. പായലോ പൂപ്പലോ കാണില്ല. സ്വന്തം അനുഭവമാണ് ഉദാഹരിക്കുവാനായി ഞാനെടുത്തു കാട്ടുന്നത്.


വീടിനു മുൻഭാഗത്ത് ഓപ്പൺ ടെറസ് ഇടുന്നതും ഇന്നൊരു ചടങ്ങാണ്. വീടിന്റെ ഭംഗി കളയുക എന്ന ഒരേയൊരു കാര്യമേ ഇതു കൊണ്ടു ലഭിക്കൂ. പല പ്രശ്നങ്ങളും കാരണം വൈകാതെ തന്നെ ഷീറ്റ് മേയും. അതോടെ കാഴ്ച മാറിപ്പോകും. വീട്ടിൽ കയറിവരുന്നവർക്കു മുകളിൽ ഉണങ്ങാനിട്ട വസ്ത്രങ്ങൾ കണ്ടു പ്രവേശിക്കാം. എന്നതാണ് അടുത്ത സീൻ.

ഇടക്കാലത്ത് അവതരിച്ച പരിഷ്കാരമായിരുന്നു സിമന്റ് കട്ടിള ജനാലകൾ. വിജാഗിരി കേടുവരും വരെയുള്ള സുരക്ഷിതത്വമേ അവയ്ക്കവകാശപ്പെടാനുള്ളൂ. കേടുപാടു തീർക്കുവാനാവാത്തതിനാൽ മാറ്റി സ്ഥാപിക്കലേ പോംവഴിയായുള്ളൂ. ബാത്റൂം ഡോറുകൾ ഫൈബറിൽ ചെയ്യുന്നതു നല്ലതാണ്. അപാകതയുമില്ല. ഈർപ്പം തട്ടി മരത്തിനുണ്ടാകുന്ന കോട്ടങ്ങൾ ഫൈബർ ഡോറുകൾക്കുണ്ടാവില്ലല്ലോ.

മണലും എംസാൻഡും ക്രിസ്റ്റൽ മെറ്റീരിയൽ തന്നെ. എംസാൻഡിന് നന കൂടുതൽ വേണം. എയർബ്രേക്ക്, സൺക്രാക്ക് എന്നിവ വരുവാനുള്ള സാധ്യതയും മുന്നിൽ കാണണം. എംസാൻഡിനു പകരക്കാരനാകാനുള്ള ശേഷിയുണ്ട്.


വിവരങ്ങൾക്ക് കടപ്പാട്- ജയൻ ബിലാത്തികുളം, വാസ്തുശിൽപി 

English Summary- Goodness of Traditional Construction

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA