ADVERTISEMENT

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹയര്‍ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലയ്ക്കൽ സ്നേഹത്തണൽ വിരിക്കുന്നത് ഒന്നും രണ്ടും പേർക്കല്ല, 150 കുടുംബങ്ങൾക്കാണ്. എല്ലാവർക്കും സുരക്ഷിതമായി അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടുകൾ. ആ സ്നേഹത്തണലിൽ ഇടംപിടിച്ചവരിൽ ബഹുഭൂരിപക്ഷവും തീരദേശത്തെ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നുള്ള വിദ്യാർഥിനികളാണ്. ഏഴുവർഷം കൊണ്ടാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. 

തൃശൂർ ജില്ലയിലെ മേലടൂരിൽ ജനിച്ച സിസ്റ്റർ ലിസി എഫ്എംഎം സന്യാസിനി സമൂഹാംഗമാണ്. തിരുവനന്തപുരം കടലോരഗ്രാമത്തിലെ സെന്റ് ഹെവൻസ് സ്കൂളിലായിരുന്നു ആദ്യ നിയമനം. പരിശീലനകാലത്ത് ഒട്ടേറെ ഗ്രാമങ്ങളിലെ ജനങ്ങളുടെ ദയനീയാവസ്ഥ നേരിൽ കണ്ട സിസ്റ്റർ അധ്യാപനത്തിനൊപ്പം സാമൂഹിക സേവനത്തിലേക്കു കൂടി തിരിഞ്ഞു. ഇതോടെ പലരിൽ നിന്നും സഹായവാഗ്ദാനങ്ങളും എത്തിത്തുടങ്ങി. 

അധ്യാപനത്തിനൊപ്പം പഠിപ്പിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നതു പതിവാക്കി. അങ്ങനെ െചല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളുടെ ദയനീയ ജീവിതസാഹചര്യം മനസ്സിലാക്കിയ സിസ്റ്റർ ‘ഹൗസ് ചാലഞ്ച്’ എന്ന പദ്ധതിക്കു രൂപം കൊടുക്കുകയായിരുന്നു. 

അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ഒറ്റമുറി വീട്ടിലാണ് തന്റെ കുട്ടികൾ താമസിക്കുന്നതെന്നു സിസ്റ്റര്‍ കണ്ടറിഞ്ഞു. സ്കൂളിനു പിറന്നാളാഘോഷങ്ങളോ ജൂബിലിയോ നടത്താറില്ല. പകരം ആഘോഷങ്ങൾക്കായി മാറ്റിവയ്ക്കുന്ന തുക ചാരിറ്റി ബോക്സിൽ നിക്ഷേപിക്കും. ആ തുക ഭവനരഹിതർക്ക്. സിസ്റ്റർ തന്നെ പണം സമാഹരിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ പൂർവ വിദ്യാർഥികളും അധ്യാപകരുമെല്ലാം സഹായഹസ്തവുമായെത്തി. തോപ്പുംപടിയിലെ സാന്തോം കോളനി സന്ദർശനത്തിനു ശേഷം 17 വീടുകളാണു പണിതു നൽകിയത്. 

lizy-chakalakkal-housing-project

സിസ്റ്റർ ലിസി ചക്കാലയ്ക്കലും അധ്യാപിക ലില്ലി പോളും ചേർന്നാണ് നൂറ്റൻപതോളം കുടുംബങ്ങൾക്കു വീടെന്ന സ്വപ്നം സഫലമാക്കിയത്. എല്ലാം ഒന്നാംതരം വീടുകൾ. ഒരു സെന്റിലും രണ്ടു സെന്റിലുമൊക്കെയായി ആറു മുതൽ പത്തു ലക്ഷം വരെ ചെലവിലായിരുന്നു നിർമാണം. ഈ ദൗത്യം ഏറ്റെടുക്കാൻ ഒരു നിമിത്തമുണ്ടായി. സ്കൂളിലെ ഒരു കുട്ടിയുടെ പിതാവു മരിച്ചതറിഞ്ഞ് അവളുടെ വീട്ടിലെത്തി. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിലായിരുന്നു വീട്. ആ കാഴ്ച സിസ്റ്ററിനെ വേദനിപ്പിച്ചു. ചെറിയ സംഭാവനകൾ സ്വീകരിച്ച് വേഗത്തിൽ ഒരു വീട് ആ കുട്ടിക്ക് നിർമിച്ചു നൽകിയായിരുന്നു തുടക്കം.

തന്റെ കുട്ടികളിൽ അടച്ചുറപ്പുള്ള വീടില്ലാത്തവർ ഒട്ടേറെയുണ്ടെന്ന് സിസ്റ്റർ മനസ്സിലാക്കി. ജോലി സമയം കഴിഞ്ഞ് സിസ്റ്റർ, അധ്യാപിക ലില്ലിക്കൊപ്പം ഇറങ്ങി സഹായം േതടി. അങ്ങനെ ഓരോ മാസവും ഓരോ വീടിനു തുടക്കമിട്ടു. തൊഴിൽ സാമഗ്രികളും മറ്റും പല വൻകിട സ്ഥാപനങ്ങളും സംഭാവന നൽകി. ഒട്ടേറെ തൊഴിലാളികളും സംരംഭത്തിൽ പങ്കാളികളായി. സ്കൂളിലെ എൺപതോളം കുട്ടികൾക്കാണ് ഇത്തരത്തിൽ വീടു നിർമിച്ചു നൽകിയത്. പലരും ഭൂമി ദാനം ചെയ്തു. വൈപ്പിനിൽ സൗജന്യമായി ലഭിച്ച 72 സെന്റിൽ പന്ത്രണ്ടു വീടുകളാണു പണിതത്. സിസ്റ്റർ ലിസി ചക്കാലയ്ക്കൽ സ്വജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തുന്നു: നല്ല അധ്യാപിക നല്ല സാമൂഹിക പ്രവർത്തക കൂടിയാവണം. 

തയാറാക്കിയത് 

രശ്മി

English Summary- Sr. Lizy Chakkalakkal Charity Housing Mision Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com