ADVERTISEMENT

യുക്രെയ്ൻ യുദ്ധത്തിന്റെ വാർത്തകൾക്കിടയിൽ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. എന്തുമാത്രം വിദ്യാർഥികളാണ് കേരളത്തിൽനിന്നും അവിടെ പഠിക്കാനായി ചേക്കേറിയിരിക്കുന്നത്! പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള മലയാളിയുടെ പ്രവാസത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും, മുൻപെങ്ങുമില്ലാത്ത വിധമാണ് ഇപ്പോൾ മലയാളി ചെറുപ്പക്കാർ അന്യരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. നാട്ടിൻപുറങ്ങളിൽ പോലും ഇവരെ കയറ്റി അയക്കുന്ന സ്ഥാപനങ്ങൾ കൂൺ പോലെ മുളയ്ക്കുന്നു, ലാഭമുണ്ടാക്കുന്നു.

ചെറുപ്പക്കാരുടെ നാട്ടിലെ വിശേഷിച്ചു 'വീട്ടിലെ' അഭാവം വീടുകളെ, അതിലെ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

മക്കൾ അടുത്തില്ലാതെ പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന എത്ര കൊട്ടാരം പോലുള്ള വീടുകൾ കേരളത്തിലുണ്ടാകും!.. ഉന്നത പഠനത്തിനായി പോകുന്ന കുട്ടികളും വിദേശത്തേക്കു വീസയെടുത്തവരും നാടുപേക്ഷിച്ചു പോയിക്കഴിഞ്ഞാൽ ആളെണ്ണി നിർമിച്ച മുറികളെല്ലാം ‘ഡംപിങ് സ്റ്റേഷൻ’ ആയി മാറും.  ഒരു തലമുറ ജീവിച്ചു തീർന്ന വീടുകൾ ആളൊഴിഞ്ഞ കെട്ടിടമായി മാറുന്നതു നാം കണ്ടു കൊണ്ടിരിക്കുന്നു. പുതിയ തലമുറ പുതിയ ആശയങ്ങളുമായി പുതിയ നാടുകളിലേക്കും  വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും കൂടുകൂട്ടുമ്പോൾ ഇത്തരം കെട്ടിടങ്ങൾ ശൂന്യമാകുന്നു. 

വർഷങ്ങളായിട്ടും ഒരു അതിഥി പോലും താമസിക്കാത്ത എത്രയോ മുറികൾ നമ്മുടെ കേരളത്തിലെ വീടുകളിലുണ്ട്!  ഒരിക്കലും വന്നു താമസിക്കാത്ത വിരുന്നുകാർക്കായി എന്തിനിങ്ങനെ മുറികൾ? ഇത്തരം കെട്ടിടങ്ങൾക്കു വാടകക്കെട്ടിടമോ സ്ഥാപനമോ ഇതര സംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രമോ ആയി മാറാനാണു വിധി. 

വർഷങ്ങൾ കൂടുമ്പോൾ എന്നെങ്കിലും വരുന്ന അതിഥികൾക്കുവേണ്ടി അൽപം അഡ്ജസ്റ്റ് ചെയ്യാൻ തയാറായാൽ ബജറ്റിനുള്ളിൽ വീടുപണിത് സ്വസ്ഥമായി ഉറങ്ങാം. പിറക്കാനിരിക്കുന്ന കുഞ്ഞിന്, മരുമക്കൾക്ക്, അവരുടെ കുടുംബാംഗങ്ങൾക്ക് എന്നൊക്കെ വിചാരിച്ചു നിർമിക്കുന്ന മുറികൾ കൊല്ലത്തിൽ എത്രദിവസം ഉപയോഗിക്കപ്പെടുന്നു. എന്നു കണ്ടറിയണം. വൃത്തിയാക്കാൻ പോലും സമയം കിട്ടാതെ പൊടിപിടിച്ചും മലിനമായും തീരുന്ന ഈ ഗസ്റ്റ് മുറികൾ വീടിനെ ഗോസ്റ്റ് ഹൗസാക്കി മാറ്റുകയല്ലേ ചെയ്യുന്നത്? ഇനി വീട് പണിയുന്ന മലയാളികൾ എങ്കിലും ചിന്തിക്കുക.

English Summary- Youth Migration from Kerala- Impact on House & Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com