ADVERTISEMENT

എന്റെ നാടായ ചെർപ്പുളശ്ശേരിയിൽനിന്നും പട്ടാമ്പിക്കു പോകുന്ന വഴി മഞ്ചക്കൽ എന്നൊരു സ്ഥലവും അവിടെ കാടുപിടിച്ചു കടക്കുന്ന പഴയൊരു ശ്മശാനവുമുണ്ട്. ഈ ശ്മശാനത്തെക്കുറിച്ചു പല കഥകളും പണ്ടുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്. ഏതാണ്ടൊരു പത്തിരുപതു വർഷം മുൻപുവരെ പല ദിവസങ്ങളിലും രാത്രി പത്തു പത്തരയോടടുത്തു വെളുത്തവസ്ത്രം ധരിച്ച ഒരു സ്ത്രീ രൂപം കയ്യിലൊരു പൊതിയുമായി പതിയെ റോഡ് മുറിച്ചു കടന്നു ശ്മശാനത്തിന്റെ ഗേറ്റിനരികിലേക്കു നടന്നുനീങ്ങുന്നത് പലരും കാണാറുണ്ട്. ചിലപ്പോഴൊക്കെ ഈ രൂപം ശ്മശാനത്തിന്റെ ദിശയിൽ നിന്നും എതിർ ദിശയിലേക്കു വെറുംകൈയോടെ പോകുന്നതായും പറഞ്ഞു കേട്ടിട്ടുണ്ട്. 

ഇനി ഞാനാ സത്യം പറയാം. നിങ്ങൾ വിശ്വസിച്ചാലും ശരി, ഇല്ലങ്കിലും ശരി, രാത്രി ബൈക്കിൽ വരുമ്പോൾ ഞാനും ആ കാഴ്ച കണ്ടിട്ടുണ്ട്. എന്നാൽ നിങ്ങൾ കരുതുന്നപോലെ ഈ വെളുത്ത വസ്ത്രം ധരിച്ച സ്ത്രീ യക്ഷിയോ പ്രേതമോ ഒന്നുമല്ല. പരേതനായ പോലീസുകാരൻ ഗോപാലൻ നായരുടെ ഭാര്യ ഗോമതിയമ്മയാണ്.

ഗോമതിയമ്മ മകൾക്കും കുടുംബത്തിനും ഒപ്പം ശ്മശാനത്തിനു എതിർവശത്തായാണ് വാടകക്ക് താമസിക്കുന്നത്, ഭർത്താവ് മരണപ്പെട്ടതുകൊണ്ടു വെള്ളവസ്ത്രമേ ധരിക്കാറുള്ളൂ, വാതത്തിൻറെ അസുഖമുള്ളതിനാൽ പതുക്കെയേ നടക്കൂ. രാത്രി മകൾക്കൊപ്പം അടുക്കള ജോലിയെല്ലാം തീർത്ത് കഴിയുമ്പോൾ അന്നത്തെ അടുക്കള വേസ്റ്റുമായി ഗോമതിയമ്മ പതുക്കെ പുറത്തിറങ്ങും, റോഡ് മുറിച്ചു കടന്ന് ഈ വേസ്റ്റ് നൈസായി ശ്മശാനത്തിലേക്ക് തട്ടും, തിരിച്ചു പോരും. അതാണ് പതിവ്. ഇത്തരത്തിൽ നിത്യേന കാണുന്നതുകൊണ്ട്  ഗോമതിയമ്മയും ശ്മശാനത്തിലെ പ്രേതങ്ങളും തമ്മിൽ ഒരു അന്തർധാര സജീവമായിരുന്നതിനാൽ  പ്രേതങ്ങളെ ഗോമതിയമ്മയോ, ഗോമതിയമ്മയെ പ്രേതങ്ങളോ ഭയപ്പെട്ടിരുന്നില്ല എന്നുവേണം അനുമാനിക്കാൻ.

ഇനി കാര്യത്തിലേക്ക് വരാം. വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു പലരും എന്നോട് ചോദിക്കാറുണ്ടെങ്കിലും വീട് പണിയാനുള്ള പ്ലോട്ട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു വിരലിലെണ്ണാവുന്ന ആളുകളെ എന്നോട് ചോദിക്കാറുള്ളൂ. ഇക്കഴിഞ്ഞ ദിവസം അങ്ങനെയൊരാൾ ചോദിച്ചപ്പോഴാണ് ഞാൻ ഗോമതിയമ്മയെ കുറിച്ച് ഓർത്തത്.

കാര്യം നിങ്ങൾ പ്രേതത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും ശ്മശാനത്തിനരികിലോ, അങ്ങോട്ടുള്ള വഴിയിലോ വീടിനു സ്ഥലം വാങ്ങാതിരിക്കുന്നതാണ് ബുദ്ധി. വിശദമാക്കാം.

പാലക്കാട് ജില്ലയിൽ തന്നെയുള്ള വലിയൊരു ശ്മശാനത്തിനരികിൽ ജീവിക്കുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞ കാര്യമാണ്. രാവിലെ മുതൽതന്നെ പല ഭാഗങ്ങളിൽ നിന്നും അവിടേക്കു മൃതദേഹങ്ങൾ എത്തും, ഒന്നും രണ്ടുമല്ല, നിരവധി. അത് വല്ലാത്ത, മനം മടുപ്പിക്കുന്നൊരു കാഴ്ചയാണ്. അതിനു പുറമെ ശവം ദഹിപ്പിക്കുമ്പോൾ  ഉണ്ടാവുന്ന പുകയും മാലിന്യവും വേറൊരു വഴിക്ക്‌.

അതാണ് പറയുന്നത് ശ്മശാനത്തിന്റെ അടുത്ത പ്ലോട്ട് വേണ്ടെന്ന്‌.

എന്നാൽ കേരളത്തിൽ വീടുവയ്ക്കാൻ പ്ലോട്ട് വാങ്ങാനുദ്ദേശിക്കുന്നവർ ആദ്യം ചിന്തിക്കേണ്ടത് വീടിനടുത്ത് ശ്മശാനമുണ്ടോ എന്നല്ല, വാങ്ങാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടോ എന്നാണ്‌. ഉണ്ടെങ്കിൽ കഴിഞ്ഞ വലിയ വെള്ളപ്പൊക്കത്തിന് എത്ര ലെവൽ വരെ പൊങ്ങി എന്നാണറിയേണ്ടത്. ഈ ലെവലിനെയാണ് എൻജിനീയർമാർ HFL അഥവാ ഹൈയസ്റ്റ് ഫ്ളഡ് ലെവൽ എന്ന പദംകൊണ്ടു ഉദ്ദേശിക്കുന്നത്. ഈ HFL പഠിച്ച ശേഷം അതിൽ നിന്നും ഉയർത്തി വേണം വീടിന്റെ തറ പണിയാൻ എന്നാണ്‌ ചട്ടം. എന്നാൽ എല്ലാ എൻജിനീയർമാരും ഇതൊക്കെ പരിശോധിക്കണമെന്നൊ, നിങ്ങളോട് ചർച്ച ചെയ്യണമെന്നോ ഇല്ല. നിങ്ങൾ നോക്കിയാൽ നിങ്ങൾക്കു കൊള്ളാം. 

അതുപോലെ വീട് വയ്ക്കാനായി പ്ലോട്ട് വാങ്ങുമ്പോൾ നിങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ട ഒരിടമാണ് പാടം അഥവാ വയൽ. വിശദമാക്കാം.

ഒന്ന്, പാടത്തു വെള്ളപ്പൊക്കസാധ്യത കൂടുതലാണ്. എന്നാൽ ഇതിലും വലിയ ഒരു പാര ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.  പാടത്തു പൊതുവെ ഭൂഗർഭ ജലനിരപ്പ് ഉയർന്നിരിക്കും. ഈ നിരപ്പിനെയാണ് എൻജിനീയർമാർ ഗ്രൗണ്ട് വാട്ടർ ടേബിൾ എന്ന് വിളിക്കുന്നത് .അതുകൊണ്ടുതന്നെ പാടത്തു കിണറിൽ വെള്ളം കിട്ടാനും എളുപ്പമാണ്. പക്ഷെ പ്രശ്നമുണ്ട്.

നമ്മുടെ കക്കൂസുകളിൽനിന്നുള്ള വെള്ളം സോക് പിറ്റിൽനിന്നും ഒഴുകിയിറങ്ങുന്നതും ഇതേ വാട്ടർ ടേബിളിലേക്കാണ്. ഫലം, യാതൊരു തട്ടും തടവും ഇല്ലാതെ ടോയ്‌ലെറ്റിലെ ജലം കൂളായി കിണറ്റിൽ എത്തും. കാരണം ഒരിടത്തു ജലം പുറത്തേക്കെടുക്കുന്നു, ഏതാനും മീറ്റർ അകലെ ജലം  മണ്ണിലേക്ക് ഒഴുക്കുന്നു. ഡിമാൻഡ് ഉള്ളിടത്തേക്കു ലഭ്യത ഉള്ളിടത്തുനിന്നും സാധനം ഒഴുകിയെത്തും എന്നത് എക്കണോമിക്സിലെ ഒരു തത്വമാണ്.പിന്നെ ഞാനിതൊന്നും ശ്യാമളയോട് പറഞ്ഞില്ലെന്നു മാത്രം. ഇങ്ങനെ ഒഴുകിയെത്തുന്നത് സ്വന്തം വീട്ടിലെ മലം കലർന്ന വെള്ളം മാത്രമല്ല. ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ ഭേദമില്ലാതെ കാലങ്ങളായി അയൽവീടുകളുമായി ഈ സാഹോദര്യം പങ്കുവയ്ക്കുന്നുണ്ട്.. മഴക്കാലമായാൽ ഈ സാഹോദര്യം ഒന്നുകൂടി കൊഴുക്കും.

അപ്പൊ പാടത്തെ പ്ലോട്ട് വേണ്ട.  

പാടം മാത്രമല്ല, ദേവാലയങ്ങൾക്കടുത്തും വീട് വേണ്ട. ദേവാലയങ്ങൾക്കടുത്തു വീട് വേണ്ടെന്നു വാസ്തുവിദ്യയിലും ചില സൂചനകൾ ഉണ്ട്. വിശ്വാസപരമായ വസ്തുതകൾക്കപ്പുറം സുരക്ഷാപരമായ ചില കാഴ്ചപ്പാടുകൾ കൂടി ഇതിലുണ്ട്.

നമ്മുടെ പുറ്റിങ്ങൽ  അമ്പലത്തിൽ ഉണ്ടായ സംഭവം നമുക്കറിയാം. വെടിക്കെട്ടപകടത്തിൽ നൂറിൽപ്പരം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉൽസവം നടക്കുന്ന ഓരോ ദേവാലയവും ഇമ്മാതിരി സ്‌ഫോടകവസ്തുക്കളുടെ ഓരോ കേന്ദ്രങ്ങളാണ്  എന്നോർമ്മ വേണം. കൂടെ ആനയോട്ടമോ, ആനയൂട്ടോ, എഴുന്നള്ളിപ്പോ ഒക്കെ ഉണ്ടെങ്കിൽ ഒന്നുകൂടി ഉഷാറായി. അപ്പൊ ദേവാലയത്തിനടുത്തെ പ്ലോട്ട് വേണ്ട. 

ഇനി വേറൊന്ന്.

റോഡുവക്കത്ത് വീടുവച്ചു താമസിക്കണം എന്ന കാര്യത്തിൽ നമുക്ക് നിർബ്ബന്ധമാണ്. സ്വന്തം വീട് പത്തുപേർ കാണണം എന്നുള്ള ഒരു രഹസ്യതാൽപര്യവും ഇതിനകത്തുണ്ട്. എന്നാൽ ഈ കാഴ്ചപ്പാട് മലയാളി മാറ്റണം. റോഡുവക്കത്തു വീട് വയ്ക്കണം എന്നതിൽനിന്ന് റോഡിലേക്ക് വീട് വേണം എന്നതിലേക്ക് നമ്മുടെ ചിന്താഗതി മാറ്റണം.

കാരണം പറയാം.

ഇന്നുള്ള ഒട്ടുമിക്ക പ്രധാന റോഡുകളും വരുന്ന പത്തോ ഇരുപതോ വർഷത്തിനുള്ളിൽ സർക്കാർ വീതി കൂട്ടും. ഫലം, നമ്മുടെ സ്ഥലം ഏറ്റെടുക്കും, അവർ നിശ്ചയിക്കുന്ന വീതിക്കുള്ളിലാണെങ്കിൽ പൊളിച്ചു കളയുകയും ചെയ്യും. അതുകൊണ്ടുതന്നെ ഹൈവേക്കരികിൽ വീട് പണിയുമ്പോൾ ഒന്നുകൂടി ആലോചിക്കുന്നതാണ് ബുദ്ധി. നഷ്ടപരിഹാരം ഒക്കെ കിട്ടുമെങ്കിലും അതിന്റെ പിന്നാലെ നടക്കണം, പുതിയ വീട് പണിയണം, ഒക്കെ പാടാണ്‌.

തീർന്നില്ല. ചിലപ്പോൾ നിങ്ങളുടെ വീടിനു മുന്നിലെ റോഡ് മണ്ണിട്ടുയർത്തുകയോ, ഇടിച്ചു താഴ്ത്തുകയോ ചെയ്തേക്കാം. അങ്ങനെ വന്നാൽ ഒന്നുകിൽ നിങ്ങളുടെ വീട് കുഴിയിലായപോലെ ആവുകയോ, അല്ലെങ്കിൽ വീട്ടിലേക്കു പതിനെട്ടാംപടി കയറുന്നപോലെ കയറി വരുകയോ ചെയ്യേണ്ടിവന്നേക്കാം.  

വേറൊരെണ്ണമാണ് ആശുപത്രികൾ.

സംഗതി ഒരാശുപത്രി തൊട്ടടുത്തുണ്ടാകുന്നത് ഒരു ധൈര്യമാണെങ്കിലും നമ്മുടെ ഓരോ ആശുപത്രികളും സാമാന്യം നല്ലരീതിയിൽ മാലിന്യം പുറംതള്ളുന്നവയാണ്. മാത്രമല്ല ഈ ഹോസ്പിറ്റൽ വേസ്റ്റ്‌ എന്നുപറഞ്ഞാൽ അത് സാദാ മാലിന്യം പോലെയല്ല. കുറച്ചുകൂടി പ്രശ്നക്കാരനും അപകടകാരിയുമാണ്. അതുപോലെ രോഗങ്ങളുടെ പകർച്ചാകേന്ദ്രം കൂടിയാണ് പലപ്പോഴും ആശുപത്രികൾ. ഇതോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് പ്ലോട്ടുകളുടെ നിയമപരമായ വിഷയങ്ങൾ. അത്തരം കാര്യങ്ങൾ അതാത് മേഖലകളിലെ വിദഗ്ധരുമായി ചർച്ച ചെയ്തു വേണം സ്ഥലം വാങ്ങുന്ന കാര്യം തീരുമാനിക്കാൻ.

പ്ലോട്ടിന്റെ ലൊക്കേഷൻ തീരുമാനിക്കുന്നതിന് കുറിച്ചുള്ള കാര്യങ്ങളാണ് ഇതുവരെ സംപ്രേക്ഷണം ചെയ്തത്. പ്ലോട്ടിനകത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പിന്നീടൊരിക്കൽ പറയാം. 

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : 

തുടക്കത്തിലെ കഥ വായിച്ചു ആർക്കെങ്കിലും മാനസിക ബുദ്ധിമുട്ടുകളോ, പേടിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു ഞാനോ പരേതനായ ഗോപാലൻ നായർ ഭാര്യ ശ്രീമതി ഗോമതിയമ്മയോ യാതൊരു വിധത്തിലും ഉത്തരവാദികൾ ആയിരിക്കുന്നതല്ല.

English Summary- Important Checklist before Selecting Plot For House Construction; Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com