ADVERTISEMENT

ഇനി വീട് പണിയാൻ പോകുന്നവർക്ക് വേണ്ടിയുള്ള കുറച്ചുകാര്യങ്ങളാണ് പറയുന്നത്. പണിതുകഴിഞ്ഞ പലർക്കും സമാനഅനുഭവവും ഉണ്ടാകാം. ജസ്റ്റ് കല്യാണം കഴിഞ്ഞു ഹണിമൂൺ ആഘോഷിച്ചു കൊണ്ടിരിക്കുന്നവരോട് വിവാഹജീവിതം എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ, മിക്ക ദമ്പതികളും പറയും: 'മച്ചാനെ, ഇതു പോരേ അളിയാ, അടിപൊളി ആണ്' എന്നൊക്കെ. എന്നാൽ ഇതേ ആൾക്കാരോട് ഇതേചോദ്യം അഞ്ചോ പത്തോ ഇരുപതോ വർഷം കഴിഞ്ഞവരോട് ചോദിച്ചാൽ ഉത്തരങ്ങൾ പലവിധം ആയിരിക്കും (പലതും അത്ര സുഖകരമാകാനും സാധ്യതയില്ല!) .

അതുപോലെതന്നെയാണ് ഇപ്പോൾ മിക്കവരും വീടുപണി തുടങ്ങുന്നതിനു മുൻപ് സംശയങ്ങൾ ചോദിക്കുന്നതും ചെന്നു കാണുന്നതും ജസ്റ്റ് പണി കഴിഞ്ഞ വീടുകൾ ആയിരിക്കും. അവരിൽ നിന്നും കിട്ടുന്ന മറുപടികൾ മിക്കതും നേരത്തേ പറഞ്ഞ ഹണിമൂൺ കപ്പിൾസിന്റെ മറുപടി പോലെയായിരിക്കും. ' 'അടിപൊളി വീടാണ്, കിടു ഫീലിങ്ങാണ്, ലൈഫാണ്' എന്നൊക്കെ...കാരണം അവർ തങ്ങളുടെ വലിയൊരു സ്വപ്നം പൂർത്തീകരിച്ച സന്തോഷത്തിൽ മുങ്ങി നിൽക്കുന്ന സമയമാണ്. അന്നേരം ആ ചോദ്യത്തിന് അവരിൽനിന്നും അങ്ങനെയൊരു ഉത്തരമേവരൂ.

നിങ്ങൾ സ്വന്തമായി വീടുപണിയുംമുൻപ് പുതിയ വീടുകൾ പോയി കാണുന്നതൊക്കെ നല്ലതാണ്. അവിടെനിന്ന് കുറേ വ്യത്യസ്തതയുള്ള  പുതിയ ഐഡിയകൾ കിട്ടും. ശരിതന്നെ. എന്നാൽ ശരിക്കും കാര്യങ്ങൾ മനസ്സിലാക്കണം എങ്കിൽ, നേരത്തെ പറഞ്ഞപോലെ അഞ്ചും പത്തും വർഷങ്ങൾ ആയി കല്യാണം കഴിഞ്ഞവരോട് ചോദിച്ച പോലെ വീടുപണി കഴിഞ്ഞിട്ട് മിനിമം മൂന്നോ നാലോ വർഷങ്ങൾ കഴിഞ്ഞവരോട് ചോദിക്കണം. എങ്കിലേ പോരായ്മകൾകൂടി അറിയാൻ പറ്റൂ. 

വീട് ഒരുപാട് നാളത്തേക്ക് വേണ്ടി പണിയുന്നവർ ആണ് മിക്കവരും. എത്രയൊക്കെ വാരി കോരി ആർഭാടം കാണിച്ചാലും കുറച്ചുനാൾ കഴിയുമ്പോൾ അത് നമ്മൾക്കും കാണുന്നവർക്കും പഴയത് ആകും.പിന്നീട് വലിയ തലവേദനയും ആകും. പരിപാലിച്ചു കൊണ്ട് നടക്കാനും ക്ളീൻ ചെയ്യാൻ എളുപ്പത്തിലുള്ളതും അത്യാവശ്യം കാണാൻ ഭംഗിയുള്ളതും ആയ വീടുകൾ ആണ് പണിയേണ്ടത്. ചുരുക്കത്തിൽ മറ്റുള്ളവരെ 'കാണിക്കാൻ' ഉള്ള വീട് എന്നതിലുപരി നമുക്ക് സമാധാനമായി 'താമസിക്കാൻ' ഉള്ള വീട് ആണ് പ്രധാനം.

അടിക്കുറിപ്പ്: നിലവിൽ ഒരു 10 വർഷം എങ്കിലും ആകാത്ത നിർമാണരീതികളും മോഡലുകളും മെറ്റീരിയലുകളും ഉപയോഗിക്കുമ്പോൾ, ആ രീതിയിൽ പണിത, മൂന്നോ നാലോ വർഷം എങ്കിലും കഴിഞ്ഞിട്ടുള്ള കുറച്ചു വീടുകൾ പോയി കണ്ടു അതിന്റെ ഗുണങ്ങളും ദോഷങ്ങളും ചോദിച്ചു മനസ്സിലാക്കണം. വീടിന്റെ കാര്യത്തിൽ, ഗുണങ്ങൾ ചിലപ്പോൾ മിക്കവരും പറയുമായിരിക്കും എന്നാൽ ദോഷങ്ങൾ 'ചോദിച്ചാൽ' മാത്രമേ മിക്കവരും പറയാറുള്ളൂ.(ഇത് നമ്മളുടെ കാര്യത്തിൽ നേരെ തിരിച്ചു ആയിരിക്കും) ഇപ്പോൾ ഉണ്ടാകുന്ന കനത്ത മഴയിൽ പലർക്കും അബദ്ധം പറ്റിയതായി മനസ്സിലായിട്ടുണ്ട്, മിക്കവരും പറയുന്നില്ല എന്ന് മാത്രമേ ഉള്ളൂ. 

 

English Summary- Don't formulate Views based on Visiting New House; Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com