ADVERTISEMENT

ടൗണിൽ റബ്ബർഷീറ്റുകളുടെ വ്യാപാരം നടത്തിയിരുന്ന അദ്ദേഹത്തെ കാക്കു എന്നാണു നാട്ടുകാർ വിളിച്ചിരുന്നത്. അതിലപ്പുറം പുള്ളിയുടെ  പേര് ഇന്നും എനിക്കറിയില്ല. കാക്കുവിന്റെ കടയ്ക്ക് സമീപമുള്ള എന്റെ ചില സുഹൃത്തുക്കളെ കാണാൻ ഞാൻ സ്ഥിരമായി അതിലെ പോകാറുണ്ട്. അങ്ങനെ ഉള്ള കണ്ടുപരിചയത്തിന്മേൽ ആയിരിക്കണം എന്നെ കാണുമ്പോൾ അദ്ദേഹം ചിരിക്കാനും കൈവീശിക്കാണിക്കാനും തുടങ്ങി. എങ്കിലും കാക്കുവുമായി ഞാൻ വിശദമായി പരിചയപ്പെടുന്നതും, സംസാരിക്കുന്നതും സുഹൃത്തായ ഒരു ദന്തഡോക്ടറുടെ ക്ലിനിക്കിൽ വച്ചാണ്. കാക്കുവിന് പറയാനുണ്ടായിരുന്നത് വിചിത്രമായ ഒരു കഥയാണ്.

ചുരുക്കിപ്പറയാം.

കാക്കുവിന്റെ വീടുപണി കഴിഞ്ഞിട്ട് മൂന്നുനാലു വർഷമായി. പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല, ഒന്നൊഴിച്ച്...ചില സമയങ്ങളിൽ വീട്ടിനകത്തുനിന്നും ആരോ ഉച്ചത്തിൽ 'കൈ കൊട്ടുന്ന' ശബ്ദം കേൾക്കുന്നു!  ഇത്രയും കാലത്തിനിടയ്ക്ക് ഇതിന്റെ കാരണം കണ്ടുപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല.

എന്നാൽ ഈ കൈകൊട്ടലിൽ കാക്കുവിന് പരാതിയോ ഭയമോ ഇല്ല. തൽക്കാലം വേറെ പ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ കൈ കൊട്ടുന്നവർ കൈ കൊട്ടട്ടെ എന്ന നിലപാടാണ് പുള്ളിക്ക്. ഇക്കാര്യം പറഞ്ഞു ജോത്സ്യന്മാരെയോ, സിദ്ധന്മാരെയോ ഒന്നും സമീപിച്ചിട്ടുമില്ല. ഇതൊരു എൻജിനീയറിങ് വിഷയം ആയിരിക്കാം എന്ന കാര്യത്തിൽ അദ്ദേഹത്തിന് ഉറപ്പുണ്ടുതാനും.എന്നിരുന്നാലും ഇതിന്റെ ഗുട്ടൻസ് അറിയാനൊരു പൂതി. അതിനാണ് എന്നോട് ചോദിച്ചത്.

സത്യത്തിൽ ഞാനും ഇങ്ങനെയൊരു വിഷയം ആദ്യമായി കേൾക്കുകയാണ്. അതിനാൽതന്നെ ഈ ശബ്ദത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞാനും ആഗ്രഹിച്ചു. ശബ്ദം സാമാന്യം ഉച്ചത്തിൽ ഉള്ളതാണ്, ഏതാണ്ട് പത്തു മുപ്പതു മീറ്റർ ദൂരെവരെ കേൾക്കാം.കൃത്യമായ ഒരു ഇടവേളയിൽ അല്ല ഈ ശബ്ദം കേൾക്കുന്നത്.

ചിലപ്പോൾ ഒരുതവണയോ, അപൂർവ്വം ചിലപ്പോൾ സെക്കൻഡുകൾക്കുള്ളിൽ രണ്ടുതവണയോ ഈ ശബ്ദം കേൾക്കാം. ചിലപ്പോൾ മൂന്നോ നാലോ ദിവസം കേൾക്കില്ല. അവസാനത്തെ കാരണം കൊണ്ടുതന്നെ പ്രശ്‌നബാധിത സ്ഥലം സന്ദർശിക്കാനുള്ള ഉദ്യമം ഞാൻ ഉപേക്ഷിച്ചു. അൽപകാലത്തിനു ശേഷം ഞാൻ അബുദാബിയിലേക്ക് വിമാനം കയറുകയും ചെയ്തു.

ട്വിസ്റ്റ് ഇനിയാണ്...

ഞാൻ കൈ കൊട്ടുന്നവരെ ഉപേക്ഷിച്ചിരുന്നു എങ്കിലും കൈ കൊട്ടുന്നവർ എന്നെ ഉപേക്ഷിച്ചിരുന്നില്ല.

അൽഐൻ പട്ടണത്തിലെ മാർക്കാനിയയിൽ ഒരു ഷെയറിങ് വില്ലയിൽ താമസിക്കുമ്പോളാണ് ഈ കൈ കൊട്ടൽ എന്നെ തേടിവരുന്നത്.അടുക്കളയിൽ നിന്ന്. കാക്കുവിന്റെ കേസിലെ അതേ സവിശേഷതകൾ ഉള്ള കൈകൊട്ടൽ. എന്നാൽ ശ്രീമതിക്ക്‌ ചെകുത്താനിലും കുട്ടിച്ചാത്തനിലുമൊന്നും കാര്യമായ വിശ്വാസം ഇല്ലാത്തതുകൊണ്ട് അതത്ര കാര്യമാക്കിയില്ല. എന്നുമല്ല 'ഒരു വീട്ടിൽ ഒരേ സമയം രണ്ടു കുട്ടിച്ചാത്തന്മാർ വാഴില്ല' എന്നാണു പുള്ളിക്കാരി അതിനു പറയുന്ന ന്യായം .

മധ്യവേനൽ അവധിക്കു വീട്ടുകാരി കുട്ടികളെയും കൂട്ടി നാട്ടിൽ പോയതോടെ അടുക്കളയിൽ ഞാനും കൈകൊട്ടുകാരും മാത്രമായി. പരസ്പരം അറിയാനും മനസ്സിലാക്കാനും സാധിച്ചു. ദിവസങ്ങളുടെ നിരീക്ഷണത്തിൽ നിന്നും അനുഭവത്തിൽ നിന്നും ശബ്ദം വരുന്നത് ഒരു സ്ഥലത്തുനിന്നും മാത്രമാണെന്ന് മനസ്സിലായി.

അടുക്കളയിൽ വച്ച വാഷിങ് മെഷീന്റെ മുകളിലുള്ള ഭിത്തിയിൽ നിന്ന്. ആ ഭാഗത്തെ ഓരോ ഇഞ്ചും പരിശോധിച്ചു. പരിശോധന നടക്കുമ്പോൾ തന്നെ വീണ്ടും ശബ്ദം കേട്ടു. കാരണം കണ്മുന്നിൽ കാണുകയും ചെയ്തു.

വാഷിങ് മെഷീനിലേക്കു വാട്ടർ കണക്‌ഷന് വേണ്ടി അടുക്കളയിലെ ടൈലുകൾക്കു മുകളിലൂടെ ഒരു പൈപ്പ് കടന്നു പോകുന്നുണ്ട്. ഇതിനെ ചുവരുമായി സ്ക്രൂ ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. ടൈൽ പൊട്ടരുതെന്നു കരുതി ടൈൽ ജോയന്റുകളിലാണ് ഇങ്ങനെ സ്ക്രൂ ചെയ്തു പിടിപ്പിച്ചിരിക്കുന്നത്. തന്മൂലം രണ്ടു ക്ലാമ്പുകൾക്കിടക്കു ഏതാണ്ട് മുപ്പത്തഞ്ചു സെമി ദൂരമുണ്ട്. ഇത്രയും ദൂരം പൈപ്പ് ടൈലിന് മുകളിലൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോവുകയാണ്.

എവിടെനിന്നോ കയറിക്കൂടുന്ന എയർ ബബിൾസ് നിമിത്തം ഇങ്ങനെ കടന്നു പോകുന്ന പൈപ്പ് ഇടക്ക് ഒന്ന് വിറയ്ക്കും. വിറയ്ക്കുമ്പോൾ അത് താഴെയുള്ള ടൈലിൽ തട്ടും. ടൈലിൽ തട്ടി നോക്കിയപ്പോൾ അതിന്റെ  അടിവശം പൊള്ളയാണ്‌. ഇങ്ങനെ പൈപ്പ് തട്ടുമ്പോൾ നല്ല ശബ്ദമുണ്ടാകും. ഒന്നോ ഒന്നരയോ മില്ലീമീറ്ററിനുള്ളിൽ നടക്കുന്ന സംഗതി ആയതുകൊണ്ട് ആരും കാണില്ല.

എന്നാൽ ഞാൻ കണ്ടു...ഞാനേ കണ്ടുള്ളൂ ..

ഒരു മാസികയുടെ പേജെടുത്തു നാലായി മടക്കി പൈപ്പിനും ടൈലിനും ഇടയിൽ തിരുകിക്കയറ്റി. പിന്നെ ആരും എന്റെ അടുക്കളയിൽ കൈകൊട്ടിയിട്ടില്ല!..

ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്.

എന്നിരുന്നാലും പ്ലമിങ് ലൈനുകളിലെ ഇത്തരം പ്രശ്നങ്ങൾ നിമിത്തം ഇത്തരം ശബ്ദങ്ങൾ, ചെറിയ മുഴക്കം, ചൂളം വിളി ഒക്കെ ഉണ്ടായ അനുഭവങ്ങൾ ചില പ്ലംബർമാരും എൻജിനീയർമാരും ഒക്കെ പങ്കുവച്ചിട്ടുണ്ട്. കണ്ടുപിടിക്കാൻ അൽപം ബുദ്ധിമുട്ടാണെങ്കിലും ഇതിനു പിന്നിൽ അമാനുഷികമായ ഒന്നും തന്നെ ഇല്ല.

അതിന്റെ പേരിൽ ജോൽസ്യനെയോ സിദ്ധനെയോ ഒന്നും കൊണ്ടുവരേണ്ട കാര്യവും ഇല്ല. മിക്കവാറും നല്ലൊരു പ്ലമർ വിചാരിച്ചാൽ തീർക്കാവുന്ന ബാധകളെ കാണൂ. വേറെ കുഴപ്പം ഒന്നുമില്ലെങ്കിൽ അവഗണിക്കുന്നതാണ് നല്ലത്.

ഇനി ആരെങ്കിലും എന്നെങ്കിലും അൽഐനിലെ ആ വില്ലയിൽ ഞാൻ സ്ഥാപിച്ച ആ പേപ്പർ വലിച്ചൂരിയെടുത്താൽ അവിടെ വീണ്ടും കൈകൊട്ടിക്കളി തുടങ്ങും.  അതുവരെ അന്തേവാസികൾക്ക് പേടിക്കാതെ സ്വസ്ഥമായി ഉറങ്ങാം...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary : Clapping Sound from House Mystery Solved; Designer Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com