ADVERTISEMENT

ഒരുപാട് പേരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമാണ്, 'അടുക്കളയോട് ചേർന്നോ വേർപെട്ടോ ഒരു സ്റ്റോർറൂം വേണോ' എന്നത്. പുതിയ വീട് പണിയുമ്പോൾ, പ്രത്യേകിച്ച് അടുക്കള വൃത്തിയായി കിടക്കാൻ ഇത് വളരെ അത്യാവശ്യം ആണെന്ന് കുറച്ചു പേർ. എന്നാൽ വേസ്റ്റ് തള്ളാനും പല്ലികൾക്കും പാറ്റകൾക്കും വേണ്ടിയുള്ളതാണ് എന്ന് കുറച്ചുപേർ. 

വർക്ക് ഏരിയ ഉണ്ടെങ്കിൽ എല്ലാം അവിടെ സെറ്റ് ചെയ്യാം എന്ന് ചിലർ പറയുമ്പോൾ, എന്താ പല്ലികൾക്കും പാറ്റകൾക്കും അവിടേക്കുള്ള വഴി അറിയില്ലേ എന്ന് മറ്റു ചിലർ. ഇനി ഇടക്ക് ക്ളീൻ ചെയ്തില്ലെങ്കിൽ ബെഡ്റൂമിൽ പോലും പാറ്റകളും പല്ലികളും ഉണ്ടാകുമെന്ന് വേറെ ചിലർ. സാധനങ്ങൾ വയ്ക്കുന്നത് മാത്രമല്ല വേണ്ടിവന്നാൽ ഇതിന്റെയുള്ളിൽ കൂൺ വരെ കൃഷി ചെയ്യും എന്ന് എന്റെ ഭാര്യ. ആകെ ജഗപൊക.

ഇനി എന്റെ അഭിപ്രായം പറയാം, ആളുകളെയും അവർ താമസിക്കുന്ന സ്ഥലത്തെയും ചുറ്റുപാടിനെയും അനുസരിച്ചാണ് സ്റ്റോർ റൂമിന്റെ ആവശ്യകത വരുന്നത്. ഉദാഹരണത്തിന് പണ്ട് വീട്ടിൽ അത്യാവശ്യം കൃഷിയൊക്കെയുള്ളവർ ഫലമൂലാദികൾ വയ്ക്കാനായി അടുക്കളയോട് ചേർന്ന സ്റ്റോർ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന് വാഴക്കുല കെട്ടിത്തൂക്കിയിരുന്നതും ഏത്തക്കുല പഴുപ്പിക്കാൻ വയ്ക്കുന്നതും കുരുമുളക് ഉണക്കി സൂക്ഷിക്കുന്നതും കപ്പയും ചേനയുമെല്ലാം സൂക്ഷിക്കുന്നതും ഇവിടെയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം വീടിനുള്ളിലോ പുറത്തോ  ഇത്തരം സ്റ്റോർ റൂമുകൾ ആവശ്യമായിരുന്നു. പിന്നീട് കൃഷി കുറഞ്ഞപ്പോൾ മറ്റുചില സാധനസാമഗ്രികൾ വയ്ക്കാനുള്ള ഇടമായി സ്റ്റോർ മാറി. ചിരവ, മുറം, വെട്ടുകത്തി, ഒഴിഞ്ഞ ഗ്യാസ് കുറ്റി, ചക്ക, ചക്കക്കുരു, പൊതിച്ച തേങ്ങ, അങ്ങനെ പോകും ലിസ്റ്റ്... 

എന്നാൽ ഇപ്പോൾ ജീവിതത്തിന്റെ വേഗം മാറി. കാശുപൊടിച്ച് ഷോ കിച്ചനും വർക്കിങ് കിച്ചനും പണിതിട്ട് ഒരിക്കൽ പോലും തീപുകയാതെ കിടക്കുന്ന വീടുകൾ ഒരുപാടുണ്ട്. അതുകൊണ്ട് നിങ്ങൾ തിരക്കിട്ട ജീവിതശൈലിയുടെ വക്താവാണെങ്കിൽ, അധികം കൃഷിയോ അനുബന്ധ കാര്യങ്ങളോ ഇല്ലെങ്കിൽ, വർക്കേരിയയിൽ അത്യാവശ്യം സ്ഥലം പ്ലാനിൽ വിട്ടിട്ടുണ്ടെങ്കിൽ, കണിശമായ ബജറ്റിൽ വീട് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നയാളാണെങ്കിൽ പിന്നെ സ്റ്റോർ വേണമെന്നില്ല. വെറുതെ ഡെഡ് സ്‌പേസ് കൂട്ടാൻ മാത്രമേ ഉപകരിക്കൂ. അതേസമയം മുകളിൽ പറഞ്ഞ ജീവിതശൈലിയുടെ എതിർവശത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ ഒരു സ്‌റ്റോർറൂം ഉൾപ്പെടുത്തുന്നത് ഗുണകരമാകും.

എന്റെ വീട്ടിൽ സ്റ്റോർ റൂം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ അനുഭവത്തിൽ നമ്മുടെ അടുക്കള ക്ളീൻ ആയി കിടക്കുന്നതിനു, സ്റ്റോർ റൂം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇനി അടുക്കള ആയാലും വർക്ക് ഏരിയ ആയാലും എവിടെ ആയാലും, വൃത്തിയാക്കിയില്ലായെങ്കിൽ എല്ലാം ഒരുപോലെ ആണ്.

ഇപ്പോൾ ഇത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്ക് എന്താണ് അഭിപ്രായം. ഇത് വേണോ വേണ്ടയോ? നിങ്ങൾക്ക് ഇത് ഉപകാരപ്പെടുന്നുണ്ടോ. അതോ അബദ്ധം ആയിപ്പോയി എന്ന് തോന്നുന്നുണ്ടോ? അഭിപ്രായങ്ങൾ താഴെ പങ്കുവയ്ക്കൂ...

English Summary- Is Store Room necessary in House; Practical Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com