ADVERTISEMENT

വീടുപണിയിൽ ഏറ്റവും വിവാദമാകുന്ന, വാദപ്രതിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു വിഷയമാണല്ലോ വാസ്തു. വീടു പണിയാന്‍ പോകുന്നവരെ ഏറ്റവും കൂടുതല്‍ കുഴക്കുന്ന പ്രശ്നമാണ് ചിലരുടെ അളവുകളും അതിനെ ചുറ്റിപറ്റിയുള്ള അന്ധവിശ്വാസങ്ങളും.

എൻജിനീയറിങ് പ്രകാരം മീറ്ററും സെന്‍റിമീറ്ററും. നാട്ടുനടപ്പുപ്രകാരം ഫീറ്റും ഇഞ്ചും. ഇതൊന്നും പോരാഞ്ഞിട്ടു കോലും അംഗുലവും. വാസ്തുശാസ്ത്രത്തിനേയും ജ്യോതിഷത്തെയും കൂട്ടുപിടിച്ചാണ് പലപ്പോഴും കോലും അംഗുലവും അവതരിക്കുന്നത്‌. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി അതിനു വലിയ ബന്ധമില്ല എന്നതാണ് സത്യം. 

1 meter = 100 centimeter

1 feet = 12 inch

1 kol = 24 Angulam

തീര്‍ന്നു. ഇത്രേയുള്ളു കാര്യം. പക്ഷേ  മരം മുറിക്കാന്‍ വന്നവര്‍ ക്യുബിക്കടി റേറ്റു പറഞ്ഞു, മരം അറപ്പിച്ചപ്പോള്‍ മില്ലുകാര്‍ ഒരു കോലിനു റേറ്റു പറഞ്ഞു, എൻജിനീയർ സ്ക്വയർ മീറ്ററിനും കോണ്‍ട്രാക്ടര്‍ സ്ക്വയർഫീറ്റിലും..അങ്ങനെ ആകെ മൊത്തം കൺഫ്യൂഷൻ ആയി നില്‍ക്കുമ്പോഴാണ് അടുത്ത മാരണം- മരണചുറ്റും വാസ്തുദോഷവും. 

വളരെ പണ്ട്  ഓരോദേശത്തും ഓരോ അളവുകളായിരുന്നു. അവയുടെ അടിസ്ഥാനം എകദേശം അവിടുള്ള ആളുകളുടെ ശരീരത്തിന്‍റെ അളവും കൃഷി ചെയ്യുന്ന വിളവുകളുടെ വലിപ്പവും ഒക്കെയായിരുന്നു. 

1 അംഗുലം എന്നാൽ 3 സെന്റീമീറ്റർ

4 അംഗുലം 12 സെന്റീമീറ്റർ

8 അംഗുലം 24 സെന്റീമീറ്റർ

1 കോൽ 72 സെന്റീമീറ്റർ

ഇതാണ് ഇപ്പോഴുള്ള standard കണക്ക്. എന്നാല്‍ ഇത് ഒരു എളുപ്പമാര്‍ഗ്ഗമായി വച്ചു എന്നതല്ലാതെ വാസ്തുശാസ്ത്രപരമായി ശരിയല്ല. കാരണം അംഗുലം എന്നാല്‍ തള്ളവിരല്‍ അഥവാ ഒരാളുടെ തള്ളവിരലിന്‍റെ വീതി. ഇതാരുടെ തള്ളവിരലിന്‍റെ വീതിയാണെന്നതാണ് ഏറ്റവും വലിയ തര്‍ക്കം.

സ്ഥപദിയുടേതെന്ന്( ആർക്കിടെക്ട് / എൻജിനീയർ /ശില്പി) എന്നു ചിലര്‍. അതല്ല ഗൃഹനാഥന്‍റേതെന്ന് ചിലര്‍ ഇതൊന്നുമല്ല ഗ്രാമമുഖ്യന്‍റെതെന്നും വാദമുണ്ട്. 

ഇതിലേതാണേലും നമ്മള്‍ മനസ്സിലാക്കേണ്ടത് എന്തു കൊണ്ടാണ് ഈ തള്ളവിരല്‍ കണക്ക് എന്നതാണ്‌. ശരിയായ വളര്‍ച്ചയുള്ള ഏതൊരു മനുഷ്യന്‍റെയും ( എല്ലാ ജീവികളുടേയും) ശരീരഭാഗങ്ങള്‍ തമ്മിലുള്ള അളവിന്‍റെ തോത് ( body ratio ) ഒരു പോലെയായിരിക്കും എന്നതാണ്. ഉദാഹരണമായി കൈകള്‍ വിടര്‍ത്തി പിടിച്ചാല്‍ ഉള്ള വീതിയും അയാളുടെ ഉയരവും ഒരുപോലെയാവും, അതുപോലെ ശരീരത്തിലെ ഓരോ ഭാഗത്തിനും ഈ തോത് ഉണ്ട്. എന്നാല്‍ ജനിതകമായ പലകാരണം കൊണ്ട് ഇതില്‍ ചെറിയ ഏറ്റകുറച്ചില്‍ ഉണ്ടാവാം.

ഒരു വീടിന്‍റെ വാതിലിന്‍റെ (length x breadth) തോതിലല്ല ഒരു പൊതുഇടത്തിലെ വാതിലിന്‍റെ അളവുകള്‍. ഉദാ. ക്ഷേത്രങ്ങള്‍, സദ്യാലയങ്ങള്‍ etc. അതുപോലെ മൃഗങ്ങളെ പാര്‍പ്പിക്കുന്ന തൊഴുത്ത്, കൊട്ടില്‍, ലയം തുടങ്ങിയവക്കൊക്കെ ഈ തോത് മാറും.

അപ്പോള്‍ കൃത്യമായ ഒരു കണക്കില്ലാതെ ഇവ എങ്ങനെ പണിയും? അതിനുള്ള സാമഗ്രികള്‍ - കല്ല്, മരം മുതലായവ എങ്ങനെ അളവെടുക്കും? വാതിലിനുള്ള അളവില്‍ തടി മുറിക്കാതെ ചെറിയ കഷണങ്ങള്‍ കൂട്ടിചേര്‍ത്ത് പണിതാല്‍ ബലവും കുറയും പണിയും ചെലവും കൂടും. ഇതിനേക്കാള്‍ വലിയ തലവേദനയാണ് വീടിന്‍റെ മേല്‍കൂര പണിയുന്നത്. മുറിയുടേയും വീടിന്‍റേയും നീളവും വീതിയും  അനുസരിച്ച് താഴെ നിന്നുതന്നെ ഉത്തരവും കഴുക്കോലും മോന്തായവും എല്ലാം തന്നെ പണിയണം. അതിനുശേഷമാണ് ഇവ കൂട്ടിയോജിപ്പിക്കേണ്ടത്, അതും മുകളിലിരുന്നു കൊണ്ട്. കാര്യം നിസ്സാരമല്ല. 

നൂലു കനം മാറിയാല്‍ മോന്തായം വളയും, മോന്തായം വളഞ്ഞാല്‍ എല്ലാം വളയും, ഓടു പാകിയല്‍ ശരിയായി ഇരിക്കില്ല. ചോര്‍ച്ച, ഭിത്തിയില്‍ വിള്ളല്‍ അങ്ങനെ പലവിധ പ്രശ്നങ്ങള്‍. തച്ചനു മാനനഷ്ടം, തൊഴില്‍ നഷ്ടം പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അതുപോലെ ഗൃഹനാഥനു ധനനഷ്ടം, മാനക്കേട്, മനസ്സമാധാനം പോയി. അവസാനം നെഞ്ചുപൊട്ടി ചാവുകയോ അല്ലെങ്കില്‍ ആത്മഹത്യ തുടങ്ങിയ പ്രശ്നങ്ങള്‍! ഇതിനെല്ലാം കാരണം 'മരണചുറ്റാണ്' എന്നാണ് വിവക്ഷ.

എന്താണ് മരണചുറ്റ് ? ഭിത്തിയുടെ/ഉത്തരത്തിന്‍റെ നീളവും വീതിയും അനുസരിച്ചാണല്ലോ മേല്‍ക്കൂരയുടെ ഓരോ ഭാഗവും നിര്‍മിക്കുന്നത്. അപ്പോള്‍ തോത് 1/2, 1/4,1,6 & 1/8 എന്നിങ്ങനെ എടുക്കണം. അതിന് 8 കൊണ്ട് ഭാഗിച്ചാല്‍ ശിഷ്ടം വരാത്ത രീതിയിലുള്ള അളവ് വേണം. ഉദാ. 2 kol 8 Angulam = 2× 24 + 8 = 56അംഗുലം ഇതിനെ 8 കൊണ്ട് ഭാഗിച്ചാല്‍ ശിഷ്ടം ഉണ്ടാവില്ല. സുഖമായി കണക്ക് കൂട്ടാനാവൂം. ഇത്തരത്തില്‍ നീളവും വീതിയും ആദ്യമെ കണക്കൊപ്പിച്ച് വച്ചാല്‍ മാത്രമേ കോണുകളില്‍ വരുന്ന കോടി കഴുക്കോലും മോന്തായവും ഉത്തരവും ചേര്‍ന്ന് ശരിയായ രീതിയില്‍ നില്‍ക്കൂ. ഇനി ശിഷ്ടം വന്നാലോ? അതും 8, 16, 32, 64 എന്നീ സംഖ്യകളാവണം അല്ലെങ്കില്‍ പണി പാളും. 

ആധുനികകാലത്തെ വെർനിയർ കാലിപ്പർ  പോലുള്ള ഉപകരണങ്ങൾ അന്നില്ലല്ലോ. തച്ചന്‍റെ മകന്‍ തച്ചനാകും. കൂട്ടത്തില്‍ കൂടുന്നവന്‍ അര തച്ചന്‍ അവന്‍റെ മകന്‍ മുക്കാല്‍ തച്ചന്‍ അങ്ങനെ തലമുറകള്‍ കൈമാറി വന്നിരുന്ന തോതു കണക്കില്‍ ചിലരൊക്കെ കുരുട്ടുബുദ്ധി കാണിച്ചു. 8 കൊണ്ടുനിശേഷം ഹരിക്കാനാവാത്ത ഒന്നും അവര്‍ക്ക് പണിയാനാവില്ല. അതുകൊണ്ട് അതെല്ലാം 'മരണചുറ്റാ'ണെന്ന് പറഞ്ഞു. 

പിന്നാലെ വന്നവരില്‍ ചിലര്‍ അതു തിരുത്തിയെഴുതാന്‍ ശ്രമിച്ചു. പെരുന്തച്ചന്‍റെ മകനെ പോലെ അവരെ അടിച്ചമര്‍ത്തി, അല്ലെങ്കില്‍ കാലപുരിക്കയച്ചു. അതിനെല്ലാം പുതിയ കഥകള്‍ മെനഞ്ഞു. അളവു തെറ്റിച്ചതു കൊണ്ട് തച്ചന്‍ മരിച്ചതെന്ന് വരുത്തി. അത് വിശ്വാസവും പിന്നീട് ആചാരവുമായി.

ചുരുക്കി പറഞ്ഞാല്‍ ഓട് മേയാനും പുല്ലു മേയാനും കൂടാരങ്ങളുണ്ടാക്കാന്‍ ഒരു എളുപ്പവഴി മാത്രമാണത്. എന്നാല്‍ ഇത് കോണ്‍ക്രീറ്റ് ഉപയോഗിച്ച് ലംബമായി വാര്‍ക്കുന്ന വീടിനും ബാധകമാണെന്ന രീതിയില്‍ പറയുന്നത് തെറ്റാണ്. തനിക്കറിയാത്തതെല്ലാം തെറ്റാണെന്ന് പറയുന്ന ആര്‍ക്കിടെക്ടും എൻജിനീയറും മേസ്തിരി മൂത്ത കോണ്‍ട്രാക്ടറും വാസ്തുവിദഗ്ധനും പ്ലമറും ഇലക്ട്രീഷനും പെയിന്‍റടിക്കുന്നവനും മേസ്തിരിയും മൈക്കാടും എന്തിനേറെ മണ്ണ് വരാന്‍ വരുന്ന ബംഗാളിവരെ ഉള്ളവരെ സഹിക്കുന്ന വീട്ടുടമസ്ഥനു തിരികെ ലഭിക്കുന്നതോ ജീവിതാവസാനം വരെ ലോണും സമാധാനമില്ലാത്ത ഉറക്കവും.

ഇനി ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ? ഉണ്ട്. അതാണ് സത്യം. കാര്യമുണ്ട്, പക്ഷേ വളരെ കുറവാണ്. 1% സത്യവും 99% കേട്ടു കേട്ടറിവും മാത്രം.

NB: അംഗുലം ഗൃഹനാഥന്‍റേത് മതി. പക്ഷേ അടുക്കളക്ക് ഗൃഹനാഥയുടെ അംഗുലമാണ്‌ വേണ്ടത്!

***

ലേഖകൻ ചാർട്ടേഡ് സിവിൽ എൻജിനീയറാണ്.

മൊബൈൽ നമ്പർ- +91 86068 10678

English Summary- Vasthu Myths and Facts Analysed; Vasthu in Kerala Houses

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com