ഭാര്യാഗൃഹത്തിൽ അച്ഛനും അമ്മയും മാത്രമേയുള്ളു. പക്ഷേ അവിടെ താമസിക്കില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അച്ചിവീട്ടിൽ പൊറുക്കുന്നത് മോശമെന്നാണ് ടിയാന്റെ കാഴ്ചപ്പാട്. അത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലത്രെ. അച്ചിവീട്ടിലെന്നല്ല അതിന്റെ പരിസരത്തു പോലും താമസിക്കില്ല കട്ടായം.
അങ്ങനെ വീടുവയ്ക്കാൻ സ്ഥലമന്വോഷിച്ച് ഒടുവിലെത്തിയത് തന്റെ തറവാട്ടിനടുത്തുതന്നെയുള്ള ഇടത്താണ്. നിലമാണ്. പക്ഷേ ഉണക്കിയെടുത്ത നിലം. പ്ലോട്ടുകളാക്കി പൊരിച്ചുവച്ചിരിക്കുന്നു. മണ്ണിട്ട് നികത്തണം. മണ്ണിട്ട് നികത്തി പലയിടത്തായി പലരും വീട് നിർമ്മിക്കുന്നുണ്ട്.
ചുളുവിൽ ഒരു പ്ലോട്ട് കിട്ടി. ആ പ്ലോട്ടിന്റെ പഴയ ഉടമസ്ഥൻ മറ്റൊരാൾക്ക് വിറ്റു. ആ മറ്റൊരാൾ സാമ്പത്തിക ബാധ്യത വന്നപ്പോൾ ഇയാൾക്ക് വിറ്റു. 'ചുളുവിൽ' സ്ഥലം കിട്ടുന്നത് കേരളത്തിൽ എവിടെയാണെങ്കിലും ഒരു സുഖമുള്ള കാര്യമാണല്ലോ. വാങ്ങി. അതിരിട്ടു. പണി തുടങ്ങി. ചുളുവിൽ മണ്ണ് കിട്ടി. രാത്രിയിൽ മണ്ണടിച്ചു. പലർക്കും കൈക്കൂലി കൊടുത്തു.
നൂറ് കണക്കിന് പ്ലാനുകൾ നെറ്റിൽ നിന്നെടുത്തു. മാഗസിനുകളിലെ നിറമുള്ള പേജുകളിലെ മനോഹരങ്ങളായ ചിത്രങ്ങൾ ആർത്തിയോടെ നോക്കി ഒരു പ്ലാൻ തയ്യാറാക്കി.
"ഓ ഞാൻ തന്നെയാ പ്ലാൻ തയ്യാറാക്കിയതെന്നേ " എന്ന് പലരോടും പറഞ്ഞു. ഭാര്യയുടെ പേരുപോലും പുറത്ത് പറയുന്നില്ല. പ്ലാനിലെ ചില നല്ല ആശയങ്ങൾ ഭാര്യയിൽ നിന്നാണ് ഉണ്ടായത് എന്ന് പുറത്തറിഞ്ഞാൽ മോശമാകുമോ എന്ന ഭയമാണ് കാരണം.
ചുരുങ്ങിയ ചിലവിൽ പഞ്ചായത്തിൽ കൊടുക്കാനായി മാത്രം ചുളുവിൽ ഒരു പ്ലാൻ വരപ്പിച്ചു. വീട് നിർമ്മാണത്തിൽ അനാവശ്യ പണച്ചെലവും ധൂർത്തും ഒഴിവാക്കണമെന്ന് ചിലർ ഉപദേശിച്ചിട്ടുണ്ട്. അതുകൊണ്ട് ആദ്യം തന്നെ എൻജിനീയറെ ഒഴിവാക്കി ചെലവ് കുറച്ചു.കരാറുകാരെയും ഒഴിവാക്കി. എല്ലാം പണിക്കാരെ നേരിട്ട് വിളിപ്പിച്ച് ദിവസക്കൂലിക്ക് ചെയ്യിപ്പിച്ചു.
ഒരു ഘട്ടത്തിൽ പണിക്കാരൊക്കെ മടിയൻമാരും കള്ളൻമാരുമാണെന്ന പ്രസ്താവനയും നടത്തി ടിയാൻ. എല്ലാ കരാറുകാരും പറ്റിക്കുമെന്ന് കേശവമ്മാമ പറഞ്ഞിട്ടുണ്ട്. തീരെ നിവൃത്തിയില്ലാത്ത ജോലികൾ മാത്രം കരാറുകാരെ ഏൽപിക്കാനാണ് കേശവമ്മാവ ഉപദേശിച്ചിട്ടുള്ളത്. എങ്കിലും കരാറുകാരൻ എത്ര ലാഭം എടുത്തു കാണും എന്നാലോചിച്ച് പല രാത്രിയിലും ഉറക്കം വന്നില്ല.
അത്യാവശ്യത്തിന് വകയിൽ ഒരു എൻജിനീയറുണ്ട്. പുള്ളിയോട് ഫോണിൽ സംശയം ചോദിക്കും. നേരിട്ട് വന്നാൽ പണം കൊടുക്കണമല്ലോ. എല്ലാവർക്കും സ്വന്തം ബന്ധുക്കളായി നാല് സിവിൽ എഞ്ചിനീയറെങ്കിലും ഉണ്ടാവുമെന്നാണ് ഏകദേശ കണക്ക്. പിന്നെ പിന്നെ എഞ്ചിനീയർ ബന്ധു ഫോൺ എടുക്കാതായി.
എൻജിനീയർ ഭാര്യയുടെ വകയിലെ ബന്ധുവായതിനാൽ ഈ വിഷയം പറഞ്ഞ് ഭാര്യയോട് പിണങ്ങി. നിങ്ങൾക്കും എൻജിനീയർ ബന്ധുക്കളുണ്ടല്ലോ അവരോട് ചോദിച്ചൂടെ എന്ന് ഭാര്യ തിരിച്ചടിച്ചു
അങ്ങനെ ഭാര്യ, ബന്ധുക്കൾ, ജോലിക്കാർ, കരാറുകാർ എന്നിവരുമായുള്ള നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ചിങ്ങത്തിൽ പാല് കാച്ചി. ചടങ്ങിൽ നിന്ന് എല്ലാ സിവിൽ എൻജിനീയർ ബന്ധുക്കളും വിട്ടുനിന്നു. സിവിൽ ഒഴിച്ചുള്ള മറ്റ് എൻജിനീയേഴ്സ് എല്ലാവരുംതന്നെ പലതരം പൊതികളുമായി ചടങ്ങിൽ സന്നിഹിതരുമായി.
ഗണപതി ഹോമത്തിനു വന്ന തിരുമേനിക്ക് ആയിരം ഉറുപ്പിക കുറച്ചുകൊടുത്ത് ചുളുവിൽ പൂജ ചെയ്യാൻ തീരുമാനിച്ചു. പൂജകഴിഞ്ഞ് തിരുമേനി പണംവാങ്ങി എണ്ണി രൂക്ഷമായൊന്നു നോക്കിയ മാത്രയിൽ അയ്യോ അറിയാതെ പറ്റിയതാണെന്ന ഭാവേന കുറവുവന്ന ആയിരം ഉറുപ്പിക പോക്കറ്റിൽ നിന്നെടുത്തുകൊടുത്ത് തിരുമേനിയെ തൃപ്തനാക്കി യാത്രയയച്ചു.
പുതിയ വീട്ടിൽ താമസം തുടങ്ങി. വറ്റാത്ത കിണറിൽ അഭിമാനിച്ചു. ഇത്രയും വലിയ വീട് പണിയാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറഞ്ഞു. തന്റെ കഴിവിൽ അയാൾ സ്വയം അഭിമാനിച്ചു. ശങ്കയുണ്ടായപ്പോൾ ഫ്രഷ് റൂമിൽ കയറി വിലകൂടിയ യൂറോപ്യൻ ക്ലോസെറ്റിലിരിക്കവേ വെറുതേ സന്തോഷിച്ചു. എത്രയോ കാലം ഇന്ത്യൻ ക്ളോസറ്റിൽ ഇരുന്ന കാലത്തെ പഴിച്ചു.
സന്തോഷാനന്തരം എണീറ്റ് ഫ്ലഷ് ഞെക്കി.
ഗ്ളും ഗ്ളും. എവിടന്നാണാ ശബ്ദം? ചെവിയോർത്തു. വീണ്ടും ഫ്ലഷ് ഞെക്കി.
ക്ലോസെറ്റിൽ നിന്ന് 'സന്തോഷം' അകത്തേക്ക് പോകുന്നില്ല എന്ന സത്യം മനസിലായപ്പോൾ കലികയറി. ഫോണെടുത്ത് പ്ലമറെ വിളിച്ചു.
"സാർ അവിടത്തെ എല്ലാ വീട്ടിലും ഇതേ പ്രശ്നമുണ്ട്. നല്ല മഴയല്ലെ. വെള്ളക്കെട്ടുണ്ട്. അതുകൊണ്ടാണ്. രണ്ട് ദിവസം വെയിലടിച്ചാൽ ശര്യാവും സർ."
പ്ലമറുടെ മൊഴിയിൽ അയാൾ ആശ്വാസിതനായി! അടുത്ത വീട്ടിലും ബ്ലോക്കുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം.
"ഞാൻ പറഞ്ഞില്ലെ എന്റെ വീട്ടിൽ നിൽക്കാന്ന്"... ഭാര്യ രൂക്ഷമായി പിറുപിറുത്തു.
"എന്റെ പട്ടിനിൽക്കും".
ഭാര്യയുടെ അഭിപ്രായത്തോട് പുഛം മാത്രമായിരുന്നു അപ്പോഴും അയാൾക്ക്!
ഭാര്യയുടെ വാക്കനുസരിക്കാതെ നികത്തുവയലിൽ വീട് പണിതാൽ പണി ക്ലോസെറ്റിലും കിട്ടും എന്ന് ഗുണപാഠം.
***
ലേഖകൻ ഡിസൈനറാണ്.
മൊബൈൽ നമ്പർ- 81370 76470
English Summary- Building House in Wetland Consequence- Experience Story in Malayalam