ADVERTISEMENT

സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.. കയ്യിൽ കാശ് ആയിട്ട് വേണം വീട് വയ്ക്കാൻ എന്ന ചിന്ത തൽക്കാലം  മാറ്റിവയ്ക്കുക. അമ്പതിനായിരം രൂപവച്ചു വീടുപണി തുടങ്ങിയ ആളാണ് ഞാൻ. കടം തന്നെയാണ് എല്ലാം. പക്ഷേ അത് നമ്മൾക്ക് വീട്ടാൻ പറ്റും എന്ന ചിന്തയും അതിനുള്ള മാനസികമായുള്ള തയ്യാറെടുപ്പുമാണ് വേണ്ടത് എന്നാണ് എന്നെ പഠിപ്പിച്ച പാഠം. സൗദിയിൽ വച്ച് ഏകദേശം ഒരു കൊല്ലം മുൻപാണ്  വീട് വയ്ക്കണം എന്ന തോന്നൽ തുടങ്ങിയത്. കയ്യിൽ ഉള്ള അമ്പതിനായിരം കൊണ്ട് എന്താവാൻ എന്ന ചിന്ത എന്നെ പുറകോട്ട് വലിച്ചെങ്കിലും എവിടുന്നോ കിട്ടിയ ധൈര്യം എന്നെ മുന്നോട്ട് നടത്തിച്ചു. ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചു മാറ്റാൻ പറഞ്ഞു. 

അതുകഴിഞ്ഞ ശേഷം പ്ലോട്ട് നിരത്തി. ജെസിബി വന്നു. മണ്ണെല്ലാം നിരത്തി. പിന്നീട് പ്ലാൻ വരപ്പിച്ചു. സിറ്റ് ഔട്ട്‌, മൂന്ന് കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്ത് റൂം, ഹാൾ, ഡൈനിങ്, കിച്ചൻ, വർക്കേരിയ എന്നിവ ഉൾകൊള്ളുന്ന 1236 sqft ഉള്ള ഒരു പ്ലാൻ.

തറപണികൾക്ക് വന്നത് 14 ലോഡ് കരിങ്കല്ല്.45000 രൂപ.

ലേബർ ചാർജ്  39700 ഏഴു പണിക്കാർ എട്ടു ദിവസം ജോലി.

ജെസിബി പാതുകം എടുക്കാനും ശേഷം തറയിൽ മണ്ണ് നിറയ്ക്കാനും 19000.

ആകെ 123000 രൂപ തറപണികൾക്കായി ചെലവ് വന്നിട്ടുണ്ട്. (ഓർമയിൽ ഉള്ള കണക്കാണ് ഇത്. ചെറിയ കണക്കിൽ ഉൾക്കൊള്ളിക്കാത്ത ചെലവ് ഉണ്ടാവാം)

വീടിന്റെ പടവ് മുതൽ വാർപ്പ് വരെ മെറ്റീരിയൽ അടക്കം (കല്ല്, സിമന്റ്‌, മണൽ, കമ്പി) 6.55 ലക്ഷം രൂപയ്ക്ക് കരാർ കൊടുത്തു. ശേഷം വയറിങ്ങിന്റെ പൈപ്പ് ഇടാൻ വേണ്ടി 13,500 ലേബർ ചാർജും സാമഗ്രികൾക്കായ് 10,300 മാണ് വന്നത്.. അതിന് ശേഷം പ്ലാസ്റ്ററിങ് ആണ് നടത്തിയത്..60 ചാക്ക് സിമന്റ്‌ ആണ് ഉപയോഗിച്ചത്. 70000 രൂപക്ക് ബംഗാളികൾ ആണ് കരാർ എടുത്തത്. പൂർണമായും വൃത്തിയിൽ തന്നെ ആഗ്രഹിച്ച പ്രകാരം അവർ പ്ലാസ്റ്ററിങ് ചെയ്തു.15 ദിവസം കൊണ്ടാണ് തേപ്പ് കഴിഞ്ഞത്. മൂന്ന് ലോഡ് പി.സാൻഡ് ആവശ്യം വന്നു.

mustafa-house1

ശേഷം വൈറ്റ് സിമന്റ്‌ അടിച്ചു. പിന്നീട് വർക്ക്‌ ഏരിയയും ഒരു ബാത്റൂമും സിങ്കും മാത്രം ടൈൽ ഇട്ടു ഉപയോഗത്തിനായി. ശേഷം വയറിങ് ജോലികൾ വീണ്ടും പുനരാരംഭിച്ചു. വീട് മുഴുവനായും വയറിങ് നടത്തുന്നതിനും നാല് പോയിന്റ് പ്ലമിങ് ചെയ്യുന്നതിനും 70000 രൂപയ്ക്ക്  കരാർ കൊടുത്തു. വാഷ് ബേസിൻ ഞാൻ വാങ്ങി കൊടുത്തു..6800 രൂപയ്ക്ക് കൂടാതെ 950 രൂപക്ക് അതിന്റെ ടാപ് കൂടി..

mustafa-house-final

ഇപ്പോൾ ചിത്രത്തിലുള്ളതാണ് വീടിന്റെ അവസ്ഥ.. പണികൾ ഏതാണ്ട് തീരാറായിരിക്കുന്നു. ഇനി ബാക്കി ഉള്ളത് നിലം ശരിയാക്കി എടുക്കലാണ്. കുറെ കഷ്ടപ്പാട് സഹിച്ചും കടം വാങ്ങിയുമാണ് വീട് ഈ നിലയിലെങ്കിലും എത്തിക്കാനായത്. കടം ഉണ്ടെങ്കിലും ഈ വീടിങ്ങനെ കാണുമ്പോൾ അതൊരു സന്തോഷമാണ്. അധ്വാനം വെറുതെ ആയില്ലല്ലോ എന്നൊരു മനസ്സമാധാനം. അപ്പോൾ പറഞ്ഞുവന്നത്  അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ എല്ലാം നടക്കും. കാരണം ഇതെന്റെ അനുഭവമാണ്.

നിർമാണ ചെലവുകൾ ദിനംപ്രതി വർധിച്ചു വരികയാണ്. സിമന്റ്, കമ്പി തുടങ്ങിയവയ്‌ക്കൊക്കെ ഇരട്ടിയാണ് വില കൂടിയത്. അതുകൊണ്ട് എന്നെപ്പോലെയുള്ള സാധാരണക്കാരോട് എനിക്ക് പറയാനുള്ളത്, കയ്യിൽ പത്തുപുത്തൻ കയ്യിൽവന്നിട്ട് വീടുപണി തുടങ്ങാമെന്ന തീരുമാനം മാറ്റുക. ഉദാഹരണത്തിന് അടുത്ത വർഷത്തേക്ക് നിങ്ങൾ സ്വരുക്കൂട്ടുന്ന ഇന്നത്തെ 10 ലക്ഷത്തിന്, അന്ന് 6 അല്ലെങ്കിൽ 7 ലക്ഷത്തിന്റെ മൂല്യമേ ഉണ്ടാകൂ. എന്നുകരുതി എടുത്താൽ പൊങ്ങാത്ത കടം എടുത്ത് തലയിൽ വയ്ക്കാനല്ല പറയുന്നത്. അധ്വാനിച്ചു കടങ്ങൾ വീട്ടാമെന്ന ആത്മവിശ്വാസവും സാഹചര്യവും നിങ്ങൾക്കുണ്ടെങ്കിൽ ധൈര്യമായി വീടുപണി തുടങ്ങുക.കാരണം, 'ശുഭസ്യശീഘ്രം' എന്നത് നിലവിലെ വീടുപണിയുടെ കാര്യത്തിൽ വളരെ പ്രസക്തമാണ്.

English Summary- Exorbitant Price Hike-Start House Construction at the Earliest; Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com