വസ്തു കച്ചവടമാക്കാൻ ബ്രോക്കറിന് അമിതാവേശം; പന്തികേട് മണത്തു; ഒടുവിൽ...

plot real estate
Representative Shutterstock Image
SHARE

പ്രവാസജീവിതം ആരംഭിക്കുന്നതിനു ഏതാണ് മാസം മുൻപാണ് എന്റെ സുഹൃത്തായ ഒരു അഭിഭാഷകൻ ഒരു പ്ലോട്ട് കാണിക്കാനായി എന്നെ കൂട്ടിക്കൊണ്ടു പോകുന്നത്. പ്ലോട്ട് ടൗണിൽ നിന്നും അൽപം ദൂരെയാണ്, ഒരു ബ്രോക്കറുടെ കെയറോഫിലുള്ള കച്ചവടമാണ്. ആദ്യം മുതൽക്കേ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എന്റെ വരവ് സൈറ്റിന്റെ ഗുണഗണങ്ങളെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന ബ്രോക്കർക്കു അത്ര സുഖിച്ചിട്ടില്ല എന്നതാണ്.

അങ്ങനെ സൈറ്റിൽ എത്തി. സൈറ്റ് എന്ന് വച്ചാൽ അൽപ്പം ഉയർന്ന സൈറ്റാണ്, പഴയൊരു തറവാടിന്റെ  ഭാഗമായ സ്ഥലം കഷണങ്ങൾ ആയി മുറിച്ചു വിൽക്കുകയാണ്. മിക്ക പ്ലോട്ടുകളും ആളുകൾ വാങ്ങിച്ചു കഴിഞ്ഞിരിക്കുന്നു. ചിലതിലൊക്കെ പണി കഴിഞ്ഞ വീടുകൾ ഉണ്ട്, ചിലതിൽ പണി നടക്കുന്നു. ഇനി ഒന്നോ രണ്ടോ പ്ലോട്ടുകൾ മാത്രമേ ഉള്ളൂ എന്നും ഇപ്പോൾ ഇത് വാങ്ങിയില്ലെങ്കിൽ ഇനിയീ ഭൂലോകത്ത് വീട് വയ്ക്കാൻ സ്ഥലം കിട്ടില്ലെന്ന മട്ടിൽ ബ്രോക്കർ വാചക പരമ്പര നടത്തുന്നുമുണ്ട്.

സൈറ്റ് നോക്കി അത് കൺസ്ട്രക്‌ഷന് പറ്റുന്നതാണോ എന്ന് വിലയിരുത്തലാണ് എന്റെ ജോലി. അക്കാര്യം നടത്താനായി ഞാൻ സിബിഐയിലെ സേതുരാമയ്യരെ അനുസ്മരിപ്പിക്കും വിധം ചുമ്മാ കൈ പിന്നിലേക്ക് കെട്ടി സൈറ്റ് മൊത്തത്തിൽ ഒന്ന് നടന്നു നോക്കുകയും ചെയ്തു.

"ഒന്നും നോക്കാനില്ല, ഒക്കെ ആണെങ്കിൽ ഇന്നുതന്നെ ടോക്കൺ കൊടുക്കണം" എന്ന് പറഞ്ഞു ബ്രോക്കറും പിന്നാലെയുണ്ട്.

പ്രാഥമികമായി പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. പ്ലോട്ടിന് അളവുകൾ ഉണ്ട്, റോഡുണ്ട് ഒക്കെയുണ്ട്. പക്ഷേ എവിടെയോ എന്തോ ഒരു പന്തികേടുപോലെ. സൈറ്റിൽ മൊത്തം മണലുപോലുള്ള പൂഴി മണ്ണാണ്, ചിലയിടങ്ങളിൽ ഇതിന്റെ സാന്ദ്രത കൂടുതലുമാണ്. കൂടുതൽ ചികഞ്ഞു നോക്കി. സൈറ്റിൽ വളർന്നു നിൽക്കുന്ന ചില കുറ്റിച്ചെടികളും തണ്ടിലും, ഇലകളിലും ഒക്കെ പൂഴിപോലുള്ള ഈ മണ്ണ് പറ്റിപ്പിടിച്ചു കിടപ്പുണ്ട്.

"ഈ പ്ലോട്ടിൽ വർഷക്കാലത്ത് വെള്ളം കെട്ടിക്കിടക്കാറുണ്ട്, രണ്ടുതരം"

കേട്ടതും പഴയ ബാലെയിലെ രാവണനെ അനുസ്മരിപ്പിക്കുംവിധം ബ്രോക്കർ പൊട്ടിച്ചിരിച്ചു.

"ഈ ഉയർന്ന പ്ലോട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നു എന്ന് പറഞ്ഞാൽ അതിൽപരമൊരു മണ്ടത്തരം വേറെയില്ല" 

ഞാൻ പൊടിമണ്ണ് ചൂണ്ടിക്കാണിച്ചു.

"ഹൈവേ വർക്ക്‌ നടക്കുന്നിടത്തുനിന്നു പാറിവന്ന പൊടിയാണ് " ബ്രോക്കർക്കു സംശയമില്ല.

വക്കീലാണെങ്കിൽ ആകെ കൺഫ്യൂഷൻ ആയി നിൽക്കുകയാണ്. ബ്രോക്കർ ആണെങ്കിൽ ടോക്കൺ മണി കൊടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ എത്തിയിരിക്കുന്നു. ഞാൻ പെട്ടുപോയി, തെളിവ് വേണം-സിബിഐയിൽ ആണെങ്കിലും, എൻജിനീയറിങ്ങിൽ ആണെങ്കിലും.

ഏതു കേസിലും ദൈവം സൂക്ഷിച്ചുവെച്ച ഒരു തെളിവുണ്ടാവും എന്നാണു സേതുരാമയ്യർ ഇടക്കിടെ പറയാറ്. തപ്പേണ്ടിടത്തു തപ്പി, ഡൈമൻ ചട്ടമ്പിയെ കിട്ടി. പ്ലോട്ടിന്റെ മധ്യഭാഗത്തുനിന്നും അൽപം മാറി നിൽക്കുന്ന തെങ്ങിന്റെ മൂട്ടിൽ ഏതാണ്ട് രണ്ടര അടി പൊക്കത്തിലായി ഒരു വളയം. അതിന്റെ താഴെ ഒരു നിറം, മുകളിൽ വേറൊരു നിറം. മഴക്കാലത്തു വെള്ളം കെട്ടി നിന്നപ്പോൾ തെങ്ങിൽ ഉണ്ടായ അടയാളമാണ്.

ഉസ്താദ് ഫ്‌ളാറ്റ്. ബ്രോക്കർ എന്നെയും പ്രാകി സ്ഥലം വിട്ടു. 

ഒരു പ്ലോട്ടു വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയുണ്ട്. അതിലൊന്നാണ് മുകളിൽ പറഞ്ഞത്.

സ്വന്തം നാട്ടിലോ, കുടുംബംവക പറമ്പിലോ വീടുവയ്ക്കുന്നവർക്ക് ഈ സ്ഥലം സുപരിചിതമായിരിക്കും എന്നതിനാൽ റിസ്കില്ല. എന്നാൽ അന്യനാട്ടിൽ പോയി പ്ലോട്ട് വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. വെള്ളക്കെട്ടിലേക്കു തിരിച്ചു വരാം. ഒരു സ്ഥലം ഉയർന്നു നിൽക്കുന്നു എന്നതുകൊണ്ട് അവിടെ വെള്ളക്കെട്ട് ഉണ്ടാവില്ലെന്നോ, വെള്ളപ്പൊക്കം ഉണ്ടാവില്ലെന്നോ ഒരു ഗ്യാരണ്ടിയും ഇല്ല. പണ്ട് കേരളത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായത് മൂന്നാറിൽ ആണെന്ന് ഓർമ്മ വേണം.

പ്രാദേശികമായ ഭൗമഘടന ഒരു സ്ഥലത്തു വെള്ളക്കെട്ട് ഉണ്ടാക്കാം. അതുകൊണ്ടു പ്ലോട്ട് നോക്കാൻ പോകുമ്പോൾ പരിസരം കൂടി ഒന്ന് നടന്നുനോക്കാം. പ്ലോട്ടിൽ നിന്നും വെള്ളം ഒഴിഞ്ഞു പോകാൻ സാധ്യത ഉണ്ടോ എന്ന് നോക്കണം. അതുപോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് പ്ലോട്ടിന്റെ ലെവൽ.  വലിയ പ്ലോട്ടുകളിലും, നീളമേറിയ പ്ലോട്ടുകളിലും പ്ലോട്ടിന്റെ രണ്ടു ഭാഗങ്ങളും തമ്മിൽ കാര്യമായ ലെവൽ വ്യത്യാസം കണ്ടേക്കാം. പെട്ടെന്നൊരു നോട്ടത്തിൽ ഇത് ഫീൽ ചെയ്യണം എന്നും ഇല്ല. ഫൗണ്ടേഷൻ ചെയ്തു തുടങ്ങുമ്പോഴാണ് പണികിട്ടുന്ന വിവരം അറിയുക. 

അതുകൊണ്ടുതന്നെ പ്രാഥമികമായി സൈറ്റ് കാണാൻ പോകുമ്പോൾ ഇക്കാര്യം ഒന്ന് മനസ്സിൽ വയ്ക്കാം. ചെറിയ സൈറ്റാണെങ്കിൽ ഒരു ലവൽ ട്യൂബ് വച്ചോ, വലിയ സൈറ്റാണെങ്കിൽ ചെറിയൊരു സർവേ നടത്തിയോ ഇക്കാര്യം പരിശോധിക്കാം. സൈറ്റിലേക്കെത്തുന്ന റോഡിൻറെ കാര്യത്തിലും ഈ പഠനം ആവാം. എതിരെ വരുന്ന വാഹനത്തിനു സൈഡ് കൊടുക്കാനുള്ള വീതി ഉണ്ടോ, സൈറ്റിലേക്ക് വാഹനം സുഗമമായി തിരിഞ്ഞു കയറുമോ , മുറ്റത്തു വണ്ടി ഇട്ടു തിരിക്കാൻ കഴിയുമോ എന്നൊക്കെ ചിന്തിക്കണം.

തീർന്നില്ല. ഈ റോഡ് എന്ന്  പറയുന്നത് ഇരുതല മൂർച്ചയുള്ള ഒരു വാളാണ്. രണ്ടോ അതിൽ കൂടുതലോ വശങ്ങളിൽ റോഡുള്ള പ്ലോട്ടുകൾ ഒഴിവാക്കുന്നതാണ് ബുദ്ധി. പ്രൈവസി എന്ന് പറയുന്ന പരിപാടി മൊത്തം നഷ്ടപ്പെടുന്നതോടെ എല്ലാ ഭാഗത്തുനിന്നും സർക്കാർ അനുശാസിക്കുന്ന മിനിമം അകലം പാലിച്ചേ പണി ചെയ്യാൻ പറ്റൂ.

തീർന്നില്ല. പ്ലോട്ടിനകത്തെ മണ്ണിന്റെ ഘടന ശ്രദ്ധിക്കണം. ഇതിനുവേണ്ടി സോയിൽ ടെസ്റ്റ് നടത്തണം എന്നൊന്നുമില്ല. തൊട്ടടുത്ത പ്ലോട്ടിലെ കിണറ്റിൽ പോയി ഒന്ന് എത്തിനോക്കിയാൽ മതി. ഏഴോ എട്ടോ മീറ്റർ താഴ്ച വരെ ഉള്ള മണ്ണിന്റെ ഘടന ഏതാണ്ട് മനസ്സിലാവും. ഇനി പടവ് ഉള്ള  കിണർ ആണെങ്കിൽ, ഇടിയുന്ന സ്വഭാവമുള്ള മണ്ണായതുകൊണ്ടാണ് പടവ് വേണ്ടിവന്നത് എന്നും മനസ്സിലാക്കാം. കൂടാതെ പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യതയെ കുറിച്ചും ഏതാണ്ടൊരു പിടി കിട്ടും.

കിണറിനെ കുറിച്ച് പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓർമ്മ വന്നത്. പ്ലോട്ടിൽ മുൻകാലങ്ങളിൽ മൂടിയ കിണറുണ്ടോ എന്ന് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഗ്രാമപ്രദേശങ്ങളിൽ നാട്ടിലെ പഴയ ആളുകൾക്ക് ഇതൊക്കെ ഓർമ്മ കാണും. എന്നാൽ പട്ടണത്തിൽ ഇതിനുള്ള സാധ്യത കുറവാണ്.

എന്നാൽ ഏതെങ്കിലും വിധത്തിൽ ഇത്തരമൊരു മൂടപ്പെട്ട കിണറിനെക്കുറിച് അറിഞ്ഞാൽ തന്നെ പ്ലോട്ടിന്റെ മുൻ ഉടമയോ ബ്രോക്കറോ പറയുന്ന ന്യായം പ്രസ്തുത കിണർ ഇരുപതോ ഇരുപത്തഞ്ചോ വര്ഷം മുൻപ് നികത്തിയാണ്, കുഴപ്പമില്ല എന്നായിരിക്കും.

എന്നാൽ ഓർമവയ്ക്കുക, നൂറു കൊല്ലം മുൻപ് നികത്തിയ കിണറാണെകളിൽ പോലും അത് സജീവമായിരിക്കും. നിലവിൽ ഉള്ള ഒരു കിണറിനു മുകളിൽ നിർമ്മാണം നടത്തേണ്ട എല്ലാ മാനദണ്ഡങ്ങളും അവിടെ പാലിക്കേണ്ടതായും വരും. കല്ല് വെട്ടിയെടുത്ത വെട്ടുകല്ല് മടകളുള്ള പ്ലോട്ടുകൾ വാങ്ങുന്നവരും  ഈ വിധത്തിൽ കെണിയിൽ പെടാറുണ്ട്. അതുപോലെ പ്ലോട്ടിൽ വൈദ്യുതി എത്താൻ എത്ര പോസ്റ്റുകൾ വേണ്ടിവരും എന്നെല്ലാം ശ്രദ്ധിക്കാം. 

ദാ വരുന്നു വാസ്തു. നിങ്ങൾക്ക്‌ വാസ്തുപരമായി എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടെങ്കിൽ അത് പ്ലോട്ട് വാങ്ങും മുൻപേ അന്വേഷിക്കുക. ഈ വിഷയത്തിൽ കഴിവതും അന്നാട്ടിൽ നിന്നുള്ള വാസ്തുവിദഗ്ധരെ ആശ്രയിക്കരുത്. കാരണം സിമ്പിളാണ്. ഒരു സ്ഥലത്തെ റിയൽ എസ്റ്റേറ്റുകാരും, അന്നാട്ടിലെ ഒട്ടുമിക്ക വാസ്തുവിദ്യക്കാരും തമ്മിൽ ഒരു അന്തർധാര നിലവിലുള്ളതും അത്തരം ഒന്നുരണ്ടു അന്തർധാരകൾ ഈ കുമ്പിടി പിടികൂടിയിട്ടും ഉള്ളതാണ്.

ഇക്കാരണം കൊണ്ടുതന്നെ, പ്ലോട്ട് വാങ്ങിച്ചു കഴിഞ്ഞാൽ പിന്നീട് വാസ്തുവുമായി നിങ്ങളെ സമീപിക്കുന്നവരെ ഒന്ന് കരുതിയിരിക്കുക, അങ്ങനെ വേണ്ടിവന്നാൽ ആദ്യത്തെ വാസ്തുക്കാരനെയും, രണ്ടാമത്തെ വാസ്തുക്കാരനെയും തമ്മിൽ മുട്ടിച്ചിട്ട് നിങ്ങൾ സ്വസ്ഥമായിരുന്നു കപ്പലണ്ടി കഴിക്കുക.  ഹൗസിങ് കോളനികളിൽ പ്ലോട്ട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട വേറൊരു കാര്യമാണ് സമീപ വീടുകളിലെ സെപ്റ്റിക് ടാങ്കിന്റെ നിലവിലുള്ള സ്ഥാനം. പലപ്പോഴും രണ്ടോ, മൂന്നോ ടാങ്കുകൾ ചേർന്ന് നിങ്ങളുടെ പ്ലോട്ടിൽ കിണറിനുള്ള സാദ്ധ്യതകൾ പരിമിതപ്പെടുത്തിയിരിക്കും.

എന്തായാലും നമ്മുടെ കേസിൽ വക്കീൽ  ആ സ്ഥലം വാങ്ങിയില്ല. പക്ഷെ ഏതാനും ദിവസം കഴിഞ്ഞപ്പോൾ ബ്രോക്കറുടെ ഒരു കാൾ എന്നെത്തേടി വന്നു.

"അനിയാ, ഒന്ന് കാണണമല്ലോ "

"എന്തിനാ ചേട്ടാ "

"അളിയന് വീടുവയ്ക്കാൻ ഒരു പ്ലോട്ട് നോക്കുന്നുണ്ട്, മോൻ ഒന്ന് വന്നു നോക്കണം...

ശുഭം.

***

മികച്ച വീടുകളുടെ വിഡിയോ കാണാം.

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Things to note before buying Plots for House Construction- Expert Talk

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}