ADVERTISEMENT

പത്താം ക്ലാസ് കഴിഞ്ഞു പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ചുമ്മാ തെക്കുവടക്കു നടക്കുന്ന കാലത്താണ് എനിക്ക് സിനിമാനടൻ ബാബു ആന്റണിയോട് വലിയ ആരാധന തോന്നിയത്. അങ്ങനെ ഞാൻ ബാബു ആന്റണി ചിത്രങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകനായി. പഴയതും പുതിയതുമായ എല്ലാ ബാബു ആന്റണി ചിത്രങ്ങളുടെയും വീഡിയോ കാസറ്റ്‌ സംഘടിപ്പിച്ചു കാണുന്നത് ഒരു സ്ഥിരം പരിപാടിയായി.

പകൽ സമയത്തെ വിഡിയോ കാണൽ കഴിഞ്ഞാൽ പതുക്കെ ടൗണിലേക്ക് ബസ്സു കയറും, അവിടെ ഉള്ള കുറെ ചേട്ടന്മാരുടെ കൂടെ ഷട്ടിൽ കളിക്കും, തൂതപ്പുഴയിൽ പോയി അർമ്മാദിച്ചു കുളിക്കും, കൂട്ടത്തിൽ വീട്ടിനടുത്തുള്ള ഒരു ചേട്ടന്റെ പഴയ സ്കൂട്ടറിന് പിന്നിൽ കയറിയിരുന്നു വീട് പിടിക്കും.  വല്ലപ്പോളുമൊക്കെ ചേട്ടന്റെ വക ഓസിനു ചപ്പാത്തിയും മുട്ടക്കറിയും കഴിക്കുകയും ചെയ്യും .അങ്ങനെ നിലാവുള്ള ഒരു രാത്രിയിൽ തൂതപ്പുഴയുടെ കരയിൽ നക്ഷത്രമെണ്ണി കിടന്ന പതിനഞ്ചുകാരന് ഒരു ഉൾവിളി ഉണ്ടാകുന്നു. കരാട്ടെ പഠിക്കണം. ബാബു ആന്റണിയെ പോലെ.

അങ്ങനെയാണ് ഞാൻ പട്ടാമ്പിക്കടുത്ത് കൊപ്പത്തെ പ്രമോദ് മാസ്റ്ററുടെ ശിഷ്യനാവുന്നത്‌. ഈ പ്രമോദ് മാസ്റ്റർ ആളൊരു പുലിയാണ്. ഒറ്റവെട്ടിനു നാലഞ്ചു ഇഷ്ടികയൊക്കെ പപ്പടം പോലെ തവിടുപൊടിയാക്കുന്ന അഭ്യാസി. കരാട്ടെ പഠിച്ചതോടെ ഞാനും രണ്ടുമൂന്നെണ്ണമൊക്കെ പൊട്ടിക്കാറുണ്ട്.

ഇഷ്ടികയല്ല, പപ്പടം. കാരണം, ഒരു ഇഷ്ടിക പൊട്ടിക്കാൻ പോലും അഭ്യാസിയായ ഒരാളുടെ ശക്തമായ കരങ്ങൾക്കേ കഴിയൂ. അപ്പോൾ നൂറുകണക്കിന് ഇഷ്ടികകൾ ചേർത്തു വച്ച് നിർമ്മിച്ച ഒരു ഭിത്തി പൊട്ടണമെങ്കിൽ അവിടെ എത്ര വലിയ ഒരു ബലമാണ് പ്രയോഗിക്കപ്പെട്ടതെന്നു നിങ്ങൾക്ക്‌ ഒരു സാമാന്യ ബോധം ഉണ്ടാക്കാനാണ് ഞാനീ കരാട്ടെ ചരിത്രം വിളമ്പിയത്.

എന്തുകൊണ്ടാണ് നമ്മുടെ ചുവരുകൾ പൊട്ടുന്നത് ..? ഈ പൊട്ടലുകളെ സംബന്ധിച്ച് നമ്മുക്കിടയിലുള്ള ധാരണകൾ രസകരമാണ്.

"എല്ലാ വീടുകളിലും പൊട്ടലുണ്ട്, അതുകൊണ്ടു കുഴപ്പമില്ല"എന്ന് എന്നോടുപറഞ്ഞ എൻജിനീയർമാരുണ്ട്.. സ്വന്തം വീട്ടിൽ കരണ്ടു പോയാൽ അയലത്തെ വീട്ടിലേക്കു നോക്കി അവിടെയും കറണ്ടില്ലെന്നു കണ്ടാൽ ആശ്വസിക്കുന്ന മലയാളിയുടെ എൻജിനീയറിങ് നിഗമനം മാത്രമാണിത്.

ഭിത്തികളിലുണ്ടാകുന്ന തെർമൽ എക്സ്പാൻഷൻ പൊട്ടലുകളെക്കുറിച്ചു മുൻപെങ്ങോ നമ്മൾ ചർച്ച ചെയ്തതാണ് . ഇന്ന് വേറൊരുതരത്തിലുള്ള പൊട്ടലുകളെ കുറിച്ച് ചിന്തിക്കാം. അതിനുമുൻപ്‌ ഈ ഭിത്തിയുടെ ആവശ്യം എന്താണെന്ന് പരിശോധിക്കാം. വീട്ടിനകത്തെ കാര്യങ്ങൾ പുറമെ കാണാതിരിക്കാനാണ് ഭിത്തി . കൂടാതെ അകത്തുള്ളവരെ പ്രകൃതിയിൽ നിന്നും , ഇഴ ജന്തുക്കളിൽനിന്നും ഒക്കെ സംരക്ഷിക്കുന്നതും ഒക്കെ ഈ ചുവരാണ്. കൂടാതെ ആണിയടിച്ചു കലണ്ടർ തൂക്കാനും ഭിത്തി കൂടിയേ തീരൂ.

ഒക്കെ ശരിയാണ്. എന്നാൽ ഒരു സ്ട്രക്ചറൽ എൻജിനീയർ ഒരു ഭിത്തിയെ നോക്കിക്കാണുന്നത് ഇങ്ങനെയല്ല .അദ്ദേഹത്തിന് ഈ ഭിത്തി എന്നത് റൂഫിന്റെ, ഫസ്റ്റ്‌ ഫ്ലോറിന്റെ, അതിലുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ- കിണ്ടി, കിണ്ണം, ചെമ്പു, ചരുവം  അടക്കം -  ഭാരം ഫൗണ്ടേഷനിലേക്കു ട്രാൻസ്ഫർ ചെയ്യിക്കാനുള്ള ഒരു മാധ്യമം കൂടിയാണ്.

അതിനു ഉറപ്പു കൂടിയേ തീരൂ. ഒന്നുകൂടി വിശദമാക്കിയാൽ ഈ ഭാരങ്ങൾ സൃഷ്ടിക്കുന്ന തന്നിലുണ്ടാക്കുന്ന സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കരുത്ത്‌ ഭിത്തിക്ക് ഉണ്ടാവണം. ഇങ്ങനെ ഭാരങ്ങൾ നിമിത്തം ചുവരിലുണ്ടാവുന്ന (ചുവരിൽ മാത്രമല്ല ഇവിടെ ആയാലും) സമ്മർദ്ദത്തെ ആണ് എൻജിനീയർമാർ 'സ്ട്രെസ്സ്' എന്ന് വിളിക്കുന്നത്.

അതായത് നിശ്ചിത സ്ഥലത്തു അനുഭവപ്പെടുന്ന ഭാരത്തെ സ്ട്രെസ്സ് എന്ന് വിളിക്കാം. ഈ സ്ട്രെസ്സ് താങ്ങാവുന്നതിലും അധികമായാൽ ചുവര് പൊട്ടും. അതിനെ മറികടക്കാൻ രണ്ടു വഴികളുണ്ട്. ഒന്ന് നല്ല ഉറപ്പുള്ള വെട്ടുകല്ലോ, ഇഷ്ടികയോ കൊണ്ട് നന്നായി പടവുപണി നടത്തുക. നിലവിൽ നമ്മൾ ചെയ്യുന്നത് അതാണ്.

എന്നിട്ടും പടവിൽ പൊട്ടലുണ്ടാകുന്നു എങ്കിൽ അടുത്ത വഴി പരീക്ഷിക്കാം. പടവിന്റെ വണ്ണം കൂട്ടുക എന്ന വഴി .ഭിത്തിയുടെ വണ്ണം എത്ര എന്ന ചോദ്യത്തിന് സാധാരണയായി കോൺട്രാക്ടർമാരും എൻജിനീയർമാരും ആർക്കിടെക്ടുകളും ഒക്കെ പറയുന്ന മറുപടിയുണ്ട് .

"ഒൻപതു ഇഞ്ചു"

"24 സെന്റീമീറ്റർ"

സഹോദരങ്ങളെ, ഏതു എൻജിനീയറിങ് പുസ്തകത്തിലാണ് ചുവരിന് ഒൻപതു ഇഞ്ചു കനം മതിയെന്ന് പറയുന്നത്..?

പഠിക്കുന്നത് ഇങ്ങനെയാണ്. ഹാഫ് ബ്രിക്ക് വാൾ, വൺ ബ്രിക്ക് വാൾ, വൺ ആൻഡ് ഹാഫ് ബ്രിക്ക് വാൾ, ടൂ ബ്രിക്ക് വാൾ, ടൂ ആൻഡ് ഹാഫ് ബ്രിക്ക് വാൾ ...അതായത് വേണ്ടിവന്നാൽ ഒന്നരയോ, രണ്ടോ, രണ്ടരയോ ഇഷ്ടിക വണ്ണത്തിൽ ഭിത്തി പണിയണം. ലോഡ് അനുസരിച്ച്...

പരീക്ഷയ്ക്ക് പഠിക്കാൻ ചിത്രം വരച്ചു പഠിച്ചാൽ പോരാ പിള്ളേച്ചാ, എടുത്തു ഉപയോഗിക്കണം. ലോഡ് കൂടുതലായ സ്ഥലങ്ങളിൽ വേണ്ടിവന്നാൽ മുപ്പതു സെ.മി കനത്തിൽ ഭിത്തി പണിയണം. ഏതാണ്ട് തൊണ്ണൂറുകളുടെ അവസാനം മുതൽക്കാണ് നമ്മൾ ഇങ്ങനെ ഭിത്തിയുടെ കനം കുറക്കാൻ തുടങ്ങിയത്.

ഭിത്തിവണ്ണം കൂടുതലുള്ള പഴയ കെട്ടിടങ്ങളിൽ ഇത്തരം പൊട്ടലുകളും കുറവാണ്. അങ്ങനെ പണിയാൻ മേസണ് അറിയില്ലെങ്കിൽ കാണിച്ചു കൊടുക്കണം. ഇനി നമ്മുടെ നാട്ടിൽ ഭിത്തികൾ പൊട്ടാനുള്ള വേറൊരു കാരണം കൂടിയുണ്ട്. പഴയ വീടുകളെ അപേക്ഷിച്ചു ഇന്ന് വീടുകളിലെ റൂമുകൾക്കു വലുപ്പം കൂടുതലാണ്. ഫലം ചുവരിലെ ലോഡ് കൂടുന്നു . ഉള്ള ചുവരുകളിൽ വലിയൊരു ശതമാനം ഏരിയ വലിയ ജനാലകൾ അപഹരിക്കുന്നു. ചുവര് തുരന്നുണ്ടാക്കുന്ന വാഡ്രോബുകൾ ചുവരിനെ ദുർബ്ബലമാക്കുന്നു .

ഇതൊന്നും വേണ്ടെന്നല്ല പറയുന്നത്. ചുവരിലെ പ്രധാന ധർമ്മമായ ഭാരം താങ്ങാനുള്ള കഴിവ് അതിനുണ്ടാകണം . ആയതിനാൽ ഇലക്ട്രിക്കൽ പൈപ്പുകൾ കഴിവതും ലിന്റലിനുള്ളിലൂടെ കടത്തിവിടുക. പ്ലമിങ് ലൈനുകൾ വീടിനു പുറത്തുകൂടെ കടത്തിവിട്ടു വേണ്ടുന്ന സ്ഥലങ്ങളിൽ മാത്രം ദ്വാരങ്ങളിട്ടു വീട്ടിനകത്തെത്തിക്കുക. ചുവരുകൾ സംരക്ഷിക്കുക.

കരാട്ടെ ക്ലാസ് കഴിഞ്ഞു പിരിയുമ്പോൾ പ്രമോദ് മാസ്റ്റർ പറയാറുള്ളതും അതാണ്. 'കരാട്ടെ' എന്നത് മറ്റുള്ളവനെ അക്രമിക്കാനുള്ളതല്ല. സ്വയരക്ഷയ്ക്കുള്ളതാണ്. കാരണം ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ..

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Stability of Walls and Cracks; A Real life Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com