ADVERTISEMENT

പത്തിരുപത്തെട്ടു കൊല്ലം മുൻപാണ് അമ്മ വീട്ടിൽ ആ ആവശ്യം ഉന്നയിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെ ആയാൽ പറ്റില്ല, വീട്ടിലൊരു ഡൈനിങ്ങ് ടേബിൾ വേണം, മിനിമം ആറുപേർക്ക് എങ്കിലും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ കഴിയണം. അക്കാലത്ത് ഞങ്ങൾ അടുക്കളയിൽ തന്നെ ഒരു ഡസ്‌ക്കും ബെഞ്ചും ഇട്ട് അതിലിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. കൂടാതെ അടുക്കളയിൽ നിന്നുതന്നെ കിണറ്റിലെ വെള്ളം കോരാവുന്ന ഒരു സംവിധാനമുണ്ട്, സാധനങ്ങൾ സൂക്ഷിക്കാൻ ഒന്നുരണ്ടു റാക്കുകൾ ഉണ്ട്, വിറകു കത്തിക്കാൻ ചിമ്മിനിയും അടുപ്പും ഉണ്ട്. അതുകൊണ്ടുതന്നെ തറവാട്ടിലെ ഏറ്റവും വലിയ റൂമുകളിൽ ഒന്നായിരുന്നു ഞങ്ങളുടെ അടുക്കള.

ഇത് എന്റെ വീട്ടിലെ മാത്രം കാര്യമല്ല, വാസ്തുവിദ്യാവിധിപ്രകാരം നിർമ്മിക്കപ്പെട്ട കേരളത്തിലെ ഒട്ടുമിക്ക പഴയ തറവാടുകളിലും ഇതായിരുന്നു അവസ്ഥ. മേൽപറഞ്ഞ കാര്യങ്ങളൊക്കെ ഉൾക്കൊള്ളുന്ന പഴയ അടുക്കളകൾക്ക് ഇതരറൂമുകൾ അപേക്ഷിച്ചു താരതമ്യേന വലുപ്പം കൂടുതലായിരുന്നു.

അതിനാൽതന്നെ അടുക്കളയ്ക്ക് കിടപ്പുമുറിയെക്കാൾ വലുപ്പം പാടില്ല എന്ന നമ്മുടെ നാട്ടിലെ കുമ്പിടി വാസ്തു ആചാര്യന്മാരുടെ വാദഗതി തെറ്റാണ്, അങ്ങനെയൊരു നിയമം ഒരു വാസ്തുവിദ്യാഗ്രന്ഥത്തിലും ഉള്ളതായി അറിവില്ല. എന്നാൽ ഇന്നത്തെ നമ്മുടെ വിഷയം വാസ്തുവിദ്യ അല്ല, ഡൈനിങ്ങ് ടേബിളാണ്. പിന്നെ ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ വാസ്തുവിദ്യക്കാരുടെ ഒരു ഉടായിപ്പു നിയമത്തെ ഒന്ന് ചോദ്യം ചെയ്തെന്നു മാത്രം.

അങ്ങനെ ഏതാനും ആഴ്ചകൾക്കകം ആറുപേർക്കിരിക്കാവുന്ന ഒരു ഘടാഘടിയൻ ഡൈനിങ്ങ് ടേബിൾ വീട്ടിൽ എത്തി, അടുക്കളയ്ക്ക്  സമീപമുള്ള തളത്തിൽ സ്ഥാനം പിടിച്ചു. നല്ലൊരു പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ടു ചേച്ചി അതിനെ കവർ ചെയ്തു.. പഴയ ഗ്രീറ്റിങ് കാർഡുകൾ ഉള്ളിൽ തിരുകിവച്ചു ഭംഗി കൂട്ടി. ആഹാ..അന്തസ്സ്. അങ്ങനെ ഞങ്ങൾ ആ തീന്മേശയിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു, രണ്ടു ദിവസം അങ്ങനെ തുടർന്നു.

മൂന്നാം ദിവസം ഡൈനിങ്ങ് ടേബിളിൽ അച്ഛമ്മയെ കാണാനില്ല. അച്ഛമ്മ നേരത്തെ ഭക്ഷണം കഴിച്ചു നാമവും ജപിച്ചു കിടന്നുറങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മ കാലുമാറി. എല്ലാവർക്കും വിളമ്പിക്കൊടുത്ത ശേഷം കഴിക്കുന്ന രീതിയാണ് അമ്മയ്ക്ക് സൗകര്യം. അടുത്തദിവസം അമ്മയ്ക്ക പിൻതുണ പ്രഖ്യാപിച്ചു ചേച്ചിയും സ്ഥലം വിട്ടു. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ നാട്ടുകാരുടെ വക ഓസിനു ലഭിക്കുന്ന ഡിന്നറും കൂടെ ഉണ്ടാവുമ്പോൾ മിക്ക ദിവസങ്ങളിലും ഞാനും ഈ തീന്മേശയിൽ ഹാജരുണ്ടാവില്ല.

അങ്ങനെ ചേട്ടനും അച്ഛനും നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റൺവെ പോലൊരു ടേബിളും നാല് കസേരകളും മാത്രമായി. ക്രമേണ ഈ കസേരകൾ പത്തായത്തിനടുത്തുള്ള സാധനങ്ങൾ കൂട്ടിയിടുന്ന റൂമിലേക്ക് മാറ്റി, ഈയടുത്ത് തറവാട് പൊളിച്ചപ്പോൾ എടുത്തു വെളിയിൽ കളഞ്ഞു.

ഇന്ന് കേരളത്തിലെ മിക്ക വീടുകളിലും ഡൈനിങ്ങ് ടേബിളുകളുടെയും കഥ ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്. പ്രായമായവർ വീട്ടിൽ ഉണ്ടെങ്കിൽ അവർ നേരത്തെ ഭക്ഷണം കഴിച്ചു കിടക്കും. മാക്സിമം നാല് പേർ മാത്രമാണ് ഒരേ സമയം ഡൈനിങ്ങ് ടേബിളിൽ ഉണ്ടാകാനുള്ള സാധ്യത. കൂട്ടുകുടുംബസമ്പ്രദായം പിന്തുടരുന്ന വീടുകളിൽ മാത്രമാണ് ഇതിനൊരു വ്യത്യാസമുള്ളത്.

ഇനി അതിഥികൾ വന്നാലത്തെ കാര്യം. നമ്മുടെ ഒരു രീതി വച്ച് പുരുഷന്മാർ ആദ്യം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും, സ്ത്രീകൾ വിളമ്പിക്കൊടുക്കും. പിന്നീട് സ്ത്രീകൾ ആദ്യം ഭക്ഷണം കഴിച്ച പുരുഷന്മാരുടെ കുറ്റം പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കും...കുട്ടികൾ ഇതിനിടയിൽ എപ്പോഴെങ്കിലും കഴിക്കും. ഇതല്ലാതെ സായിപ്പന്മാരെ പോലെ കൃത്യമായ ഒരു ഡൈനിങ് ടേബിൾ സംസ്കാരം നിലവിൽ നമുക്കില്ല. അപ്പോൾ പിന്നെ നമുക്ക് നമ്മുടെ തീന്മേശകളുടെ വലുപ്പം ഒന്ന് കുറയ്ക്കുന്നതിൽ എന്താണ് തെറ്റ് ..?

നാലുപേർക്കിരുന്നു കഴിക്കാവുന്ന ചതുരാകൃതിയിൽ ഉള്ള ഒരു ഡൈനിങ്ങ് ടേബിളോ, അഞ്ചു പേർക്കിരിക്കാവുന്ന വൃത്താകൃതിയിൽ ഉള്ള ഒരു ടേബിളോ അത്താഴത്തിനു മാത്രം ഒരുമിച്ചു കൂടുന്ന ഒരു ശരാശരി മലയാളി കുടുംബത്തിന് ധാരാളമാണ് എന്നാണു എന്റെ ഒരു നിരീക്ഷണം. കാരണം ഈ വൃത്താകൃതിയിൽ ഉള്ള ടേബിളിനു നല്ല ഒതുക്കം കിട്ടും.

ഈ തിരിച്ചറിവിലാണ് ഇന്ന് നാം 'ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അടുക്കളക്കുള്ളിലെ ചെറുതീന്മേശകളുടെ ജനനം. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയെന്നു ചുരുക്കം.

കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ആളുകൾ പ്രാതലും ഉച്ചഭക്ഷണവും ഒരുമിച്ചല്ല കഴിക്കുന്നത്. പ്രാതൽ എന്ന് പറയുന്നത് ഒരോട്ടപ്പാച്ചിലാണ്, മിക്ക വീടുകളിലും. വീട്ടമ്മ ജോലി ചെയ്യുന്ന വീടാണെങ്കിൽ ഉച്ചക്ക് ആരും വീട്ടിലുണ്ടാകില്ല, അല്ലെങ്കിൽ അവർ തനിച്ചു കഴിക്കും. വൈകുന്നേരം മാത്രം ഒരേ സമയം മാക്സിമം നാലുപേർ കണ്ടേക്കാം.

പിന്നെ എന്തിനാണ് സ്വാമീ, നമുക്കീ ഘടാഘടിയൻ തീന്മേശകൾ...?

എന്നാൽ പ്രശ്നം ഇവിടെ തീരുന്നില്ല. ഈ വലിയ തീന്മേശകൾ ഉണ്ടാക്കുന്ന പണി ഇവിടെയൊന്നും തീരുന്നില്ല. നമുക്കറിയാം നമ്മുടെ വീടുകളിലെ ഏറ്റവും വലിയ റൂമുകളിൽ ഒന്നാണ് ഡൈനിങ്ങ് റൂമുകൾ. ചെറിയ ടേബിളുകൾ പ്ലാൻ ചെയ്‌താൽ ഇതിന്റെ വലുപ്പം കുറക്കാം. ഏതാണ്ട് അമ്പതു മുതൽ നൂറു ചതുരശ്രഅടിവരെ ഏരിയ കുറയ്ക്കാം. എന്നുവച്ചാൽ ഏതാണ്ട് ഒരു ലക്ഷം രൂപാ മുതൽ രണ്ടു ലക്ഷം രൂപ വരെ ലാഭിക്കാം.

അതായത് ഒരു ശരാശരിക്കാരന്റെ ഏതാണ്ട് പത്തുമാസത്തെ ഭവനവായ്പ തിരിച്ചടവ്. തീരുന്നില്ല. ഡൈനിങ് ഹാളിൽ നിന്നാണ് വീട്ടിനകത്തെ ഒട്ടുമിക്ക റൂമുകളിലേക്കും ഉള്ള വഴി കടന്നുപോകുന്നതെന്ന് നമുക്കറിയാം. ഡൈനിങ് ഹാൾ ചെറുതാകുന്നതോടെ ഈ ഇടങ്ങളിലെ അനാവശ്യ ഏരിയകൾ ഒഴിവാക്കാൻ ഡിസൈനർ നിർബ്ബന്ധിതനാകും. അങ്ങനെ വീണ്ടും ലാഭം.

അതുപോലെ ഈ ഡൈനിങ്ങ് ടേബിളുകളെ, കൗണ്ടറുകൾ ഒക്കെ ഇടസമയങ്ങളിൽ വർക്ക്‌ ടോപ്പുകളായി ഉപയോഗിക്കാനും ലാപ്‌ടോപ്പുകൾ വയ്ക്കാനും ഉള്ള ഇടങ്ങളായി നാം കാണണം, അതിനുള്ള സൗകര്യവും ഒരുക്കണം. കാരണം കോവിഡ് കാലത്തിനുശേഷവും ഓൺലൈൻ ക്ളാസുകളുടെയും മീറ്റിങ്ങുകളുടെയും ഒക്കെ സംസ്കാരം നമ്മെ പിന്തുടരും

ചെറിയ വീട് എന്നാൽ അതിൽ സൗകര്യം കുറവാണെന്നു അർത്ഥമില്ല. വലിയ വീട്ടിൽ സൗകര്യം ഉണ്ടാകണമെന്നുമില്ല. വലിയ സൗകര്യങ്ങളുള്ള, ഉടമയുടെ കീശയ്ക്കും പ്രകൃതിക്കും ഇണങ്ങുന്ന ചെറിയ വീടുകളാണ് നമുക്ക് വേണ്ടത്. ഞാൻ സ്വപ്നം കാണുന്ന കിണാശേരിയും അതാണ്.

***

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Do we Need Big Dining Tables; Designer Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com