ADVERTISEMENT

പൂജാരിക്കൊരു പൂച്ചയുണ്ട്. പൂച്ചയെന്നുവച്ചാൽ മഹാശല്യക്കാരനായൊരു പൂച്ച. പൂജാരി എങ്ങോട്ടെങ്കിലും പൂജ നടത്താൻ പോകുമ്പോൾ പൂച്ചയും കൂടെ പോകും, പൂജാ സാധനങ്ങളിൽ ഒക്കെ കേറിമറിയും, തരം കിട്ടിയാൽ നിവേദ്യമോ, പായസമോ ഒക്കെ എടുത്തു ശാപ്പിടും. പൂച്ചയെക്കൊണ്ട് പൂജാരി പൊറുതിമുട്ടി.

ഒടുവിൽ പൂജാരി ഒരു വഴി കണ്ടെത്തി. പൂജയ്ക്ക് പോകും മുൻപേ, പൂച്ചയെ പിടിച്ചു പൂമുഖത്തെ തൂണിൽ കെട്ടിയിടും. പിന്നെ സ്വസ്ഥമായി പൂജ ചെയ്യുകയോ പൂജയ്ക്ക് പോവുകയോ ചെയ്യും.

കാലം കടന്നുപോയി. പൂജാരി മരണപ്പെട്ടു, പൂച്ചയും ചത്തുപോയി. പൂജാരിക്കൊരു മകനുണ്ട്. പൂജാരിയുടെ കാലശേഷം പൂജാവിധികൾ പഠിച്ച മകനാണ് ആ തൊഴിൽ തുടർന്ന് ചെയ്യേണ്ടത്. മകന് പൂജാവിധികൾ ഒക്കെ അറിയാം, പക്ഷേ ഒരു പ്രശ്നമുണ്ട്. പൂജയ്ക്ക് പോകുമ്പോഴോ, പൂജ ചെയ്യുമ്പോഴോ പൂമുഖത്തെ തൂണിൽ ഒരു പൂച്ചയെ പിടിച്ചു കെട്ടിയിടണം, അതാണ് അതാണ് കീഴ്‌വഴക്കം. വീട്ടിൽ പൂച്ചയില്ലാത്തതുകൊണ്ടു പൂജ തുടരാനാവില്ല, പൂജ നടക്കണമെങ്കിൽ പൂച്ച കൂടിയേ തീരൂ.

അങ്ങനെ പൂജാരിയുടെ മകൻ കാശ് കൊടുത്ത് ഒരു പൂച്ചയെ വാങ്ങിച്ചു കൊണ്ടുവന്നു, അതിനെ ആചാരപരമായി പൂമുഖത്തെ തൂണിൽ കെട്ടിയിട്ടു പൂജ തുടങ്ങി, പിന്നീട് അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ഒക്കെ ഇങ്ങനെ പൂച്ചയെ കെട്ടിയിടുന്ന ആചാരം തുടർന്ന് പോന്നു എന്നതാണ് കഥ.

നമ്മൾ ഇന്ന് കാണുന്ന ഒട്ടുമിക്ക ആചാരങ്ങളുടെയും പിന്നിൽ ഇമ്മാതിരി പാരമ്പര്യത്തിന്റെ ഒരു പൂച്ചക്കഥ കാണും.

വാസ്തുവിദ്യയിൽ പ്രതിപാദിക്കുന്ന 'സൂത്രത്തിനും' ഇങ്ങനെ ഒരു കഥയുണ്ട്. പണ്ട് പറഞ്ഞതാണ്, എന്നാൽ ഉപോൽബലകമായി ഒന്നുരണ്ടു കാര്യങ്ങൾ കൂടി ചേർക്കേണ്ടതുണ്ടെന്നു തോന്നി.

എന്താണീ സൂത്രം?..

പഴയ തറവാടുകളുടെ അകത്തുകൂടി ഏതാണ്ട് ഒരു കോണിൽ നിന്നും എതിർകോണിലേക്കു ഉടനീളം എത്തുന്ന ഒരു ദ്വാരം കാണും, ഏതാണ്ട് ഏറിയാൽ രണ്ടിഞ്ചു വ്യാസമുള്ള ഒരു ദ്വാരം. ഈ ദ്വാരം അടയ്ക്കരുത് എന്നാണു വിശ്വാസം. കാരണം ഇത് സൂത്രം പോകാനുള്ള' ദ്വാരമാണ്. എന്റെ വീട്ടിലും ഉണ്ടായിരുന്നു.

എന്താണ് ഈ സൂത്രം എന്ന് ഞാനും അന്വേഷിച്ചു. പല മൂത്താശാരിമാരോടും ചോദിച്ചു, അവർക്കുമില്ല മറുപടി. പക്ഷേ അടയ്ക്കരുതെന്ന് മാത്രം പറയും. പക്ഷേ എന്റെ വീട്ടിലെ സൂത്രദ്വാരത്തെ ദുരുപയോഗം ചെയ്തിരുന്നത് വേറൊരു സൂത്രക്കാരായിരുന്നു. എലികൾ. ഈ സൂത്രദ്വാരത്തിലൂടെ സ്ഥിരമായി എലികൾ വീട്ടിനകത്തെത്താൻ തുടങ്ങിയപ്പോൾ അച്ഛൻ വേറൊരു സൂത്രം പ്രയോഗിച്ചു. ഈ പറയുന്ന സൂത്രദ്വാരത്തെ സിമന്റും മണലും കൊണ്ടുവന്നു അങ്ങോട്ട് അടച്ചുകളഞ്ഞു. ഒന്നും സംഭവിച്ചില്ല.

സൂത്രം എന്നതിന് നമ്മുടെ നാട്ടിൽ 'കൗശലം, ഉപായം' എന്നൊക്കെ അർത്ഥമുണ്ട്. എന്നാൽ വാസ്തുവിദ്യയിൽ എന്താണ് ഈ സൂത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നറിയാൻ വീണ്ടും ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു, ഈ വിഷയത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന കുറെ അധ്യാപകരുടെ കീഴിൽ പഠിക്കേണ്ടിവന്നു.

നമുക്കറിയുന്നപോലെ ഈ വാസ്തുവിദ്യ എന്നത് ഒരു പുരാതന വിഷയമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ അഥർവ്വവേദത്തിന്റെ ഉപവേദമാണ് സ്ഥപത്യ വേദം എന്നറിയപ്പെടുന്ന വാസ്തുവിദ്യ അഥവാ തച്ചുശാസ്ത്രം. ഈ വേദങ്ങൾ എല്ലാം രചിക്കപ്പെട്ടിരിക്കുന്നതു സംസ്കൃത ഭാഷയിലാണ്.

സംസ്കൃതത്തിൽ 'സൂത്രം' എന്ന വാക്കിന്‌ ചരട്, നൂല് എന്ന് ഒക്കെ മാത്രമേ അർത്ഥമുള്ളൂ. ഞാൻ പറയുന്നത് വിശ്വസിക്കണം എന്നില്ല. സംസ്കൃതം പഠിപ്പിക്കുന്ന ഏതെങ്കിലും അധ്യാപകരോടോ, വിദ്യാർത്ഥികളോടോ ചോദിച്ചാൽ മതി. ഇനി, എന്തിനാണ് ഈ സൂത്രം എന്നത് എന്ന് പറയും മുൻപേ, നിലവിൽ ആരാണ് ഈ സൂത്രത്തെ ഒരു സംഭവമായി കൊണ്ടുനടക്കുന്നതെന്നു നോക്കാം.

അതിൽ സൂത്രം എന്നത് അതീന്ദ്രിയമായ എന്തോ സംഭവം ആണെന്ന് വാദിക്കുന്ന പാരമ്പര്യവാദികൾ ഉണ്ട്, ഈ സൂത്രം വെന്റിലേഷന് വേണ്ടി ഉള്ള പൗരാണിക സമ്പ്രദായമായിരുന്നു എന്ന് വിശ്വസിക്കുന്ന എൻജിനീയർമാരും ആർക്കിടെക്ടുകളും ഉണ്ട്. പാരമ്പര്യ വാദികൾക്കുള്ള മറുപടി പുറകെ വരുന്നതിനാൽ നമുക്ക് ആദ്യം സൂത്രദ്വാരത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്ന സാങ്കേതിക വിദഗ്ധർക്ക് മറുപടി പറയാം.

നമുക്കറിയുന്നപോലെ ഈ സൂത്രദ്വാരം എന്ന് പറയുന്നത് ഒരു ചെറുദ്വാരമാണ്, ഏറിയാൽ ഒന്നരയോ രണ്ടോ ഇഞ്ചു വ്യാസം വരും. ദ്വാരങ്ങളിലൂടെയും, പൈപ്പുകളിലൂടെയും ഉള്ള ജലത്തിന്റെയും, വായുവിന്റെയും ഒക്കെ പ്രവാഹത്തെ സംബന്ധിച്ച് ചില ശാസ്ത്രീയ സിദ്ധാന്തങ്ങൾ ഉണ്ട്.

അതായത് ദ്വാരത്തിന്റെയോ, പൈപ്പിന്റെയോ വ്യാസം കുറയുന്നതിനനുസരിച്ചു അതിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെടും. ഒരറ്റത്തുനിന്നും ശക്തമായ മർദ്ദം ചെലുത്തിയാൽ മാത്രമേ അത്തരം ദ്വാരങ്ങളിലൂടെ ഒഴുക്ക് സാധ്യമാകൂ.

ഉദാഹരിക്കാം. ഒരു പപ്പായയുടെ തണ്ടിന് ഉള്ളിലൂടെ ഊതുന്നതിനേക്കാൾ വളരെ ശക്തിയായി ഊതിയാൽ മാത്രമേ കാലിയായ ഒരു റീഫിൽ പേനയുടെ ട്യൂബിനകത്തുകൂടി വായു പ്രവഹിപ്പിക്കാൻ നമുക്കാകൂ. ഇക്കാരണം കൊണ്ടുതന്നെ ഈ ചെറിയ വ്യാസമുള്ള ഒരു സുഷിരത്തിനു ഒരു റൂമിനകത്തേക്കാവശ്യമായ വെന്റിലേഷൻ കൊണ്ടുവരാൻ കഴിയില്ല, വെളിച്ചത്തിന്റെ കാര്യം പറയാനുമില്ല.

മാത്രമല്ല ഞാൻ കണ്ടിട്ടുള്ള പല സൂത്രദ്വാരങ്ങളും ജനലുകളോട് ചേർന്ന് നിലകൊള്ളുന്നവയായിരുന്നു. അതിനാൽതന്നെ ഏതാണ്ട് ഒന്നര ചതുരശ്ര മീറ്ററോളം വിസ്തീർണ്ണമുള്ള ഒരു ജനാലയുടെ അരികിൽ കേവലം രണ്ടിഞ്ചു വ്യാസമുള്ള ഒരു ദ്വാരം വെന്റിലേഷന് വേണ്ടി ഉണ്ടാക്കേണ്ട കാര്യമില്ല. എന്നുമല്ല, ഈ സൂത്രദ്വാരം എന്നത് ഒരു റൂമിനകത്തേക്കുള്ള ഒരു ചെറിയ ദ്വാരം മാത്രമല്ല, അത് ആ റൂമിൽ നിന്നും അടുത്ത റൂമിലേക്കും അതിനടുത്ത റൂമുകളിലേക്കും നേർരേഖയിൽ തുടരുന്ന ഒരു ദ്വാരമാണ്. ഒരു കാരണവശാലും സൂര്യവെളിച്ചമോ, വായുയോ ഈ സൂത്രദ്വാരങ്ങളിലൂടെ സഞ്ചരിക്കില്ല. അപ്പോൾ വെന്റിലേഷൻ എന്ന സാധ്യത നമുക്ക് വിടാം.

ഇനി, പാരമ്പര്യ വാദികൾക്ക് അകത്തോട്ടുവരാം. നിങ്ങൾ പറയുന്നപോലെ, സൂത്രം മുറിയരുതെന്നു വാസ്തുവിദ്യയിൽ പറയുന്നുണ്ടെന്നു എനിക്കുമറിയാം. 'സൂത്രം' എന്ന വാക്കിനു സംസ്കൃതത്തിൽ 'ചരട്, നൂല്' എന്നാണാർത്ഥമെന്നും നാം കണ്ടുകഴിഞ്ഞു. ഇനി എന്തിനാണ് ഈ നൂല് എന്നത്. അളവുകൾ പരിശോധിക്കാൻ വാസ്തുവിദ്യയിൽ കോൽ, ദണ്ഡ്, തുടങ്ങീ സംവിധാനങ്ങൾ ആണുള്ളത്. അല്ലാതെ ഇന്നത്തെക്കാലത്തെ ചുരുട്ടിയെടുക്കാവുന്ന മീറ്റർ ടേപ്പുപോലത്തെ ഒരു സംവിധാനം അന്നുണ്ടായിരുന്നില്ല.

പത്തോ അമ്പതോ മീറ്റർ അകലത്തിലുള്ള രണ്ടു പോയന്റുകൾ തമ്മിലുള്ള ദൂരം ഈ കോലുകൊണ്ടു അളന്നു പോകണമെങ്കിൽ ആ അളവ് പുരോഗമിക്കുന്നത് നേർരേഖയിൽ ആവണമെന്ന് യാതൊരു ഗ്യാരന്റിയും ഇല്ല, ഫലം അളവ് തെറ്റാം. ഒറ്റവഴി മാത്രമേ ഉള്ളൂ. രണ്ടു പോയന്റുകൾക്കും ഇടയിൽ ഒരു നൂല് (സൂത്രം) വലിച്ചു പിടിക്കുക, ആ ചരടിലൂടെ വളഞ്ഞു പോകാത്തവണ്ണം അളവ് കൊണ്ടുപോവുക.

ഇനി ഇങ്ങനെ അളവ് പരിശോധിക്കേണ്ടുന്ന രണ്ടു പോയന്റുകൾക്കിടയിൽ ആണ് കെട്ടിടം പണി നടക്കുന്നതെങ്കിലോ?.. കാര്യങ്ങൾ ചക്ക കുഴയുന്നപോലെ കുഴയും. കാരണം ഭിത്തി ഉയരുന്നതോടെ രണ്ടു പോയിന്റുകൾക്കിടയിലും ഉള്ള പരസ്പര കാഴ്ച മറയും, ചരട് വലിക്കാൻ ഒരു വഴിയും ഉണ്ടാവില്ല.

എൻജിനീയർമാരുടെ, സർവെയർമാരുടെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ 'ലൈൻ ഓഫ് സൈറ്റ്' നഷ്ടപ്പെടും. പരിഹാരം ഒന്നേയുള്ളൂ. നേർരേഖയിൽ നൂല് കടന്നുപോകത്തക്കവണ്ണം ഒരു ദ്വാരം ഇട്ടുവയ്ക്കുക, ഭാവിയിലെ ആവശ്യത്തിനായി അത് അടഞ്ഞുപോകാതെ സൂക്ഷിക്കുക. കാരണം ഈ ദ്വാരം അടഞ്ഞുപോയാൽ പിന്നെ റീലൊക്കേറ്റ് ചെയ്യാൻ അത്രമാത്രം ബുദ്ധിമുട്ടാണ് എന്നതുതന്നെ.

എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ, കോൺക്രീറ്റ് സാങ്കേതികവിദ്യയിൽ ഈ സൂത്രദ്വാരത്തിന്റെ യാതൊരു ആവശ്യവും ഇല്ല. അത് പ്ലോട്ടിന്റെ നിർണ്ണയത്തിനായാലും ശരി, വെന്റിലേഷന് ആയാലും ശരി. സൂത്രദ്വാരത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു വാചാലരാവുന്ന ഒരാൾക്കും ഇതിലൂടെ നൂലുകടത്തി വാസ്തുനിർണ്ണയം നടത്താനും അറിവുണ്ടാകാനിടയില്ല.

അതുപോലെ സൂത്രദ്വാരം എന്ന പേരിൽ ഇന്ന് കെട്ടിടത്തിൽ ഇടുന്ന വലിയൊരു ശതമാനം ദ്വാരങ്ങൾക്കും അതിന്റെ യഥാർത്ഥ സ്ഥാനവുമായി യാതൊരു ബന്ധവുമില്ല, അതുപോലെ ഈ സൂത്രദ്വാരത്തിലൂടെ അതീന്ദ്രിയമായ ഒന്നും കടന്നുപോകുന്നുമില്ല, അങ്ങനെ പോകുന്നുണ്ടെന്നു വാസ്തുവിൽ പറയുന്നുമില്ല.

തീർന്നില്ല,

ഈ സൂത്രങ്ങൾ ഒന്നുംതന്നെ അതായത് ജീവസൂത്രം, യമസൂത്രം, കർണ്ണസൂത്രം, ഇനി വേറേതെങ്കിലും സൂത്രങ്ങൾ ഉണ്ടെങ്കിൽ അവയൊന്നും തന്നെ ടോയ്‌ലെറ്റിനകത്തുകൂടി കടന്നുപോകരുതെന്നും വാസ്തുവിദ്യയിൽ പറയുന്നില്ല. ഞാൻ ഗ്യാരന്റി. കാരണം പഴയതു തന്നെ.

വാസ്തുവിദ്യയുടെ ഗ്രന്ഥങ്ങൾ എഴുതപ്പെട്ട കാലത്ത് വീട്ടിനകത്തു ടോയ്‌ലെറ്റ് ഉണ്ടായിരുന്നില്ല. തങ്ങളുടെ വരും തലമുറകൾ വീട്ടിനകത്തിരുന്നോ, വിമാനത്തിലിരുന്നോ അപ്പിയിടുമെന്ന് ഈ ഗ്രന്ഥങ്ങൾ എഴുതിയ ഒരു വാസ്തുആചാര്യന്മാരും സ്വപ്നത്തിൽ കൂടി വിചാരിച്ചിട്ടില്ല.

അങ്ങനെ വിചാരിച്ചാലല്ലേ അവർക്കു ആ നിയമങ്ങൾ പുസ്തകങ്ങളിൽ എഴുതിച്ചേക്കാൻ കഴിയൂ?...

അതായത് അപ്പുക്കുട്ടാ, മരുന്ന് ഡപ്പിയിൽ താക്കോൽ ഉണ്ടായാലല്ലേ അതെടുത്തു ഒളിപ്പിച്ചുവയ്ക്കാൻ പറ്റൂ ..?

എങ്കിലും നമുക്കുചുറ്റും ഈ സൂത്രദ്വാരത്തിന്റെ അമാനുഷിക കഥകളുമായി ഇനിയും പലരും അവതരിക്കും. കാരണം ഇക്കാലത്ത് ഈ സൂത്രം എന്നത് വേറെ ചിലരുടെ 'സൂത്രമാണ്'. യമസൂത്രമെന്നാൽ വീടുപണിയുന്നവനെ യമന്റെ പേരുപറഞ്ഞു പേടിപ്പിച്ചു നിർത്താനുള്ള സൂത്രം. ജീവസൂത്രം എന്നാൽ ജീവിച്ചുപോകാനുള്ള സൂത്രം...

***

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

(കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. അഭിപ്രായം വ്യക്തിപരം)

English Summary- Reality Behind Soothradvaram in House; Vasthu Fact check; Expert Talk 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com