ADVERTISEMENT

40 അല്ലെങ്കിൽ 50 കൊല്ലം പഴക്കമുള്ള കോൺക്രീറ്റ് വീടുകൾ നിലനിർത്തേണ്ടതുണ്ടോ? നിലനിർത്തുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? അത്രയുംതന്നെ വർഷം പഴക്കമുള്ള ഓടിട്ട വീടുകളെന്തു ചെയ്യണം? പൊളിക്കണോ അതോ നിലനിർത്തണോ ? ഇത്തരം ചോദ്യങ്ങളുടെ ഉത്തരം അത്രക്ക് ലളിതമായിട്ട് പറയാനാവില്ല. കാരണം വീട് അത്രക്കും സങ്കീർണ്ണമായ ഒരിടമാണ്. അതിന്റെ ഘടനയോ സ്ട്രക്ചറോ സൗകര്യങ്ങളോ അസൗകര്യങ്ങളോ ആയിരിക്കില്ല ഏതൊരു വീടിനോടും നമുക്ക് ഇഷ്ടമോ അനിഷ്ടമോ ഒക്കെയുണ്ടാക്കുന്നത്.

നമ്മുടെ ജനനം, കളിയിടം, പഠനം, ഓർമ്മകൾ.. അങ്ങനെ ധാരാളം വൈകാരികതലങ്ങൾ മറഞ്ഞിരിക്കുന്ന സമസ്യകളുടെ ഇടം കൂടിയായിരിക്കും നമുക്കോരോരുത്തർക്കും നമ്മുടെ പഴയവീടുകൾ. അതിനെ പൊളിക്കാൻ നിർദ്ദയം പറയുമ്പോൾ അതെത്ര അസൗകര്യങ്ങൾ നിറഞ്ഞതെങ്കിലും ചിലപ്പോൾ ഒരു പൊള്ളലനുഭവപ്പെടും.

ഏറെ ആലോചനകൾക്കും കണക്കുകൂട്ടലുകൾക്കും ഒടുവിലായിരിക്കും ഒരു തീരുമാനത്തിലെത്തേണ്ടി വരുക. അച്ഛൻ പണിത വീട് അച്ഛനുമമ്മയും മണ്ണ് കുഴച്ച് ചുമരുണ്ടാക്കി നിർമ്മിച്ച വീട് ഏറെക്കാലത്തെ വാടക ജീവിതത്തിനു ശേഷം അച്ഛന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങളുപയോഗിച്ച് നിർമ്മിച്ച വീട്, കടംവാങ്ങി നിർമ്മിച്ച വീട് ഏറെ കഷ്ടപ്പാടനുഭവിച്ച് പണിതുയർത്തിയ വീട്...അങ്ങനെ ഒട്ടേറെ വൈകാരിക തലങ്ങൾ ഉരുകിയിറങ്ങുന്ന ഇടങ്ങളാണ് ഓരോ വീടുകളും. അതിന്റെ ഓരോ മൂലകൾക്കും ജനലകൾക്കും വാതിലുകൾക്കും പറയാനുണ്ടാവും ഒട്ടേറെ വർത്തമാനങ്ങൾ. അങ്ങനെയുള്ള വീടിനെ എങ്ങനെ എളുപ്പത്തിൽ പൊളിക്കും. 

ഗ്രൗണ്ട് സീറോയിൽ നിന്ന് വീണ്ടും മറ്റൊരു വീടിനെ നാം നിർമ്മിക്കും. ഒരു വീടിനെ തകർക്കുന്നത് ഒരുകാലഘട്ടത്തെ തകർക്കലിന് തുല്യമായിട്ടായിരിക്കും അനുഭവപ്പെടുക ചിലനേരം. അപ്പോൾ നാം എന്തു ചെയ്യും? പുതിയ ഒട്ടേറെ വീട് സങ്കൽപങ്ങളുമായി പഴയ വീട് പലപ്പോഴും ഇടഞ്ഞു നിൽക്കുന്നതാണ് പ്രധാനവിഷയം.

അതിനുള്ള പരിഹാരം നിലവിലുള്ള വീടിന്റെ പരിമിതികൾ എന്തൊക്കെയാണെന്ന് ആദ്യം മനസിലാക്കുക എന്നതാണ്. ചിലപ്പോൾ മുറികളുടെ അസൗകര്യങ്ങളാവാം, അടുക്കള ഇടുങ്ങിയതാവാം, അറ്റാച്ച്ഡ് ടോയ്ലറ്റുകൾ ഇല്ലാത്തതാവാം, അതിഥികൾക്ക് ഒരു ബെഡ്റൂം ഇല്ലാത്തതാവാം, അകത്ത് സ്റ്റയർ ഇല്ലാത്തതാവാം...അങ്ങനെ പരിമിതികൾ പലരീതിയിലാവാം നമുക്കനുഭവപ്പെടുക.

ചിലപ്പോൾ പരിമിതികൾക്കുപരിയായി ഭിത്തിയുടെ വിള്ളലാവാം, കോൺക്രീറ്റിനുള്ളിലെ കമ്പികൾ തുരുമ്പിച്ച് പ്ലാസ്റ്ററിംഗ് പൊളിയുന്നതാവാം, ഭിത്തി നനഞ്ഞൊഴുകി അകത്തെ പെയിന്റിളകുന്നതാവാം, നനവു കാരണം ഇലക്ട്രിക്ക് സർക്ക്യൂട്ടിൽ നിന്നുള്ള ഷോക്കാവാം, വ്യാപകമായ ചിതലാവാം.. അങ്ങനെ ഒട്ടേറെ കാരണങ്ങൾ പഴയ വീടുകളിൽ വില്ലനാവാറുണ്ട്. ഇതൊക്കെ റിപ്പയർ ചെയ്യുന്നതിനു വേണ്ടി ഇടക്കിടെ ചെലവഴിക്കേണ്ടി വരുന്ന പണത്തിന്റെ കണക്ക് നമ്മെ അസ്വസ്ഥരാക്കിയെന്നും വരാം.

പൂർവ്വികരോടുള്ള കടപ്പാട് അവരുടെ അധ്വാനം അവരോടുള്ള സ്നേഹം ഇതൊക്കെ നമ്മെ ക്ഷമയുള്ളവരാക്കി നിലനിർത്താറുണ്ട്. ഒരു പ്രത്യേകഘട്ടത്തിൽ നാം ആ തീരുമാനമെടുക്കും. പൊളിക്കാം എന്ന്!! പക്ഷെ പൊളിക്കുന്നതിന് മുമ്പ് അത് നിലനിർത്തി അകത്തെ ചില ഭിത്തികൾ മാത്രം പൊളിച്ച് അത്യാവശ്യത്തിന് മാത്രം പുതുതായി അടിത്തറയുണ്ടാക്കി 'പുതിയ' വീട് പണിയാനും സാധിച്ചെന്നു വരും.

പുതിയതും പഴയതുമായ നിർമ്മിതികളെ കൂട്ടിയോജിപ്പിക്കാനുള്ള വൈദഗ്ധ്യമാണ് പ്രധാനം. മിക്ക വീടുകൾക്കും അടിത്തറക്കോ ബേസ്മെന്റിനോ ഉറപ്പിന്റേതായ യാതൊരു പ്രശ്നവുമുണ്ടാവില്ല. പുതിയ സങ്കൽപങ്ങൾക്കനുസൃതമായുള്ള ഇടങ്ങളുടെ അപര്യാപ്തതയാണ് പല വീടുകൾക്കും പ്രധാന ന്യൂനതയായി ഉയർന്നുവരാറ്.

നിലവിലെ അടിത്തറക്കോ ഭിത്തിക്കോ യാതൊരു തകരാറുമില്ലെങ്കിൽ അത് നിലനിർത്തിക്കൊണ്ട് ആവശ്യമുള്ളിടത്ത് സ്റ്റീൽ തൂണുകളോ ബീമുകളോ നിർമ്മിച്ച് പഴയ കോൺക്രീറ്റ് സ്ലാബുകളെ താങ്ങ് കൊടുത്ത് പഴക്കമുള്ള വീടുകളെ സൗകര്യമുള്ളതാക്കാം. 

സ്ലാബിനകത്തെ കമ്പികൾ തുരുമ്പിച്ചതാണെങ്കിൽ എത്രമാത്രം ആഴത്തിൽ തുരുമ്പിച്ചിട്ടുണ്ടെന്നും ഇനിയെത്ര കാലയളവ് ഇതേ രീതിയിൽ നിലനിർത്താനാവുമെന്നും ആധുനിക യന്ത്രസാമഗ്രികളുപയോഗിച്ച് പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്. ഉദാഹരണത്തിന് 10 എംഎം കമ്പി 30 കൊല്ലത്തിനുള്ളിൽ 4എംഎം തുരുമ്പിച്ചിട്ടുണ്ടെന്ന് വിചാരിക്കുക. അവശേഷിക്കുന്നത് 6 എംഎം ആയിരിക്കുമല്ലൊ. ഇനിയെത്ര കാലം പ്രസ്തുത കോൺക്രീറ്റ് സ്ലാബ് നിലനിർത്താനാവുമെന്നറിയാനായി ഒരു സിവിൽ എഞ്ചിനീയറുടെ സേവനം തേടാവുന്നതുമാണ്.

തുരുമ്പ് ഗുരുതരമല്ലെങ്കിൽ, ചെറിയ മിനുക്കുപണികളിലൂടെയോ അറ്റകുറ്റപ്പണികൾ ചെയ്തോ പഴയ വീടുകളെ ബലപ്പെടുത്താവുന്നതും ആധുനികവൽക്കരിക്കാവുന്നതുമാണ്. പഴയ വീടിന് മുൻമ്പിൽ ചിലയിടത്ത് ഷോവാൾ പണിത് ബോക്സ്  രീതിയിൽ സ്ലാബ് പ്രൊജക്ഷൻ കൊടുത്ത് ചില ജനാലകൾ ഫ്രഞ്ച് മാതൃകയിൽ നിർമ്മിച്ച് പഴയതിന്റെ സ്ഥാനത്തുറപ്പിച്ചാൽ മാത്രം മതിയാവും വീട് കണ്ടമ്പററി രീതിയിൽ  'പുതിയ'താക്കാൻ.

അത്തരം സാധ്യതകൾ പ്രയോജനപ്പെടുത്താതെ പഴയ വീടിനെ മൊത്തം പൊളിച്ച് നിലംപരിശാക്കി തൽസ്ഥാനത്ത് പുതിയതൊന്ന് നിർമ്മിക്കുന്നത് എല്ലായ്പ്പോഴും ശരിയായ തീരുമാനമാവണമെന്നില്ല എന്നുമാത്രമല്ല വലിയ സാമ്പത്തികബാധ്യതയെ ക്ഷണിച്ചു വരുത്തലുമാവാം ചില ഘട്ടത്തിലെങ്കിലും...

***

ലേഖകൻ ഡിസൈനറാണ്.

മൊബൈൽ നമ്പർ-+91 81370 76470

English Summary-Demolishing Old House- How to make a Practical Decision; Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com