വീട്ടുടമസ്ഥന്റെ അപ്രതീക്ഷിത വിളി. ക്ലോസറ്റ് ബ്ലോക്കാണ്, ഉടൻ പ്ലമറെ വിടണം. ഞാൻ പ്ലമറെ വിളിച്ച് കാര്യം പറഞ്ഞു. പ്ലമർ സ്വരം താഴ്ത്തി പറഞ്ഞത് ഇങ്ങനെ.
"സാറേ അവിടത്തെ പെമ്പിള്ളാരുണ്ടാക്കുന്ന പുലിവാലാണത് അവർക്കത് വേറെവിടെങ്കിലും ഇട്ടൂടാർന്നോ?"
ഒരു ദിവസം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറായ എന്റെ സുഹൃത്തിന് നഗരത്തിലെ സർക്കാർ കോളേജിൽ നിന്നും വനിതാ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു വിളി.
"സാർ ഇവിടത്തെ ടോയ്ലറ്റ് ബ്ലോക്കാണ് ഉടൻ റിപ്പയർ ചെയ്യണം."
വിവരം അസിസ്റ്റന്റ് എക്സി. എൻജിനീയറെ അറിയിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ.
"ടോയ്‌ലറ്റ് ബ്ലോക്കാണെങ്കിൽ കാരണം മറ്റതുതന്നെ."
ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻതന്നെ എന്ന മട്ടിലായിരുന്നു ടിയാന്റെ പ്രതികരണം. അയാൾ നേരിട്ട് പ്രൊഫസറെ വിളിച്ചു.
"നിങ്ങൾ ഇത്തരത്തിൽ പ്രവർത്തിച്ചാൽ പിഡബ്ല്യുഡി യ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല."
മറുതലക്ക് വനിതാ പ്രൊഫസർ നിശ്ശബ്ദയായി.
"നിങ്ങൾക്ക് മറ്റ് വഴികൾ തേടിക്കൂടേ? ദയവായി ടോയ്‌ലറ്റിൽ നിക്ഷേപിക്കാതിരിക്കൂ."
പ്രൊഫസർ ഒന്നും മിണ്ടാതെ ഫോൺ വച്ചു.
അതേസമയം മറ്റൊരിടത്ത് പുതുതായി ജോലിക്ക് ചേർന്ന യുവതി തന്റെ മേലുദ്യോഗസ്ഥനെ കണ്ട് ചോദിച്ചത് ഇങ്ങനെ:
"സാർ നാപ്ക്കിൻസ് എവിടെയാണ് ഇടേണ്ടത്?"
അപ്രതീക്ഷിത ചോദ്യം കേട്ട് ഞെട്ടിയെങ്കിലും ചെറുപ്പക്കാരനായ മേലുദ്യോഗസ്ഥൻ സമനില തെറ്റാതെ ശാന്തനായി പറഞ്ഞത് ഇങ്ങനെ:
"എനിക്കറിയില്ല അതൊക്കെ ഇവിടത്തെ സ്ത്രീകളോട് തന്നെ ചോദിക്കൂ"...
നോക്കൂ ഇതാണവസ്ഥ. നമ്മുടെ വീടുകളിൽ എല്ലാ ആധുനിക ഉപകരണങ്ങളും ഉണ്ടാകും. മനോഹരമായി അലങ്കരിച്ച വീടുകളായിരിക്കും മിക്കതും. ഹൗസ് വാമിങ്ങിന് നാം ഒട്ടനവധി ഉപകരണങ്ങൾ സമ്മാനം കൊടുക്കും. ഓഫീസുകളെല്ലാം കമ്പ്യൂട്ടറൈസ്ഡായിരിക്കും. പ്രൊഫസർ പഠിപ്പിക്കുന്നത് സയൻസായിരിക്കും. മെഡിക്കൽ സയൻസ് പഠിക്കുന്ന വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റലായിരിക്കും. പക്ഷേ നമ്മുടെ ഇടങ്ങളൊന്നും സ്ത്രീ സൗഹൃദമായിരിക്കില്ല എന്നതിന്റെ തെളിവാണ് മേൽപറഞ്ഞ കാര്യങ്ങൾ.

എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കോളേജുകളിലും സ്കൂളുകളിലും ഹോസ്റ്റലുകളിലും ബസ് സ്റ്റേഷനുകളിലും ഷോപ്പിങ് സെന്ററുകളിലും അവശ്യം വേണ്ട ഒരുപകരണമാണ് നാപ്ക്കിൻ ഷ്റഡർ മെഷീൻസ്. എങ്കിലേ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗകര്യപൂർവ്വം ആത്മവിശ്വാസത്തോടെ പൊതുവിടങ്ങൾ ഉപയോഗിക്കാനാവൂ പഠിക്കാനാവൂ ജോലി ചെയ്യാനാവൂ എന്ന് സാരം.
ഒടുക്കം:
നമ്മുടെ ഡിസൈനേർസ് ഇനിയെങ്കിലും സാനിറ്ററി നാപ്ക്കിൻ ഷ്റഡർ മെഷീൻ വക്കുന്നതിനായി പ്ലഗ് പോയിന്റോടു കൂടിയുള്ള ഒരു ഇടം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കരുതണമെന്നാണ് എന്റെ അഭ്യർത്ഥന.
***
ലേഖകൻ ഡിസൈനറാണ്.
മൊബൈൽ നമ്പർ-+91 81370 76470
English Summary- Importance of Napkin Shredding Machines in Home, Public Spaces