വീട്ടുപേരുകളാണിന്നത്തെ വിഷയം.
'ഓർക്കാപ്പുറത്ത്' സിനിമയിൽ പുരാവസ്തു കച്ചവടക്കാരനായ മോഹൻലാലിന്റെ കഥാപാത്രം വശംവദനായേക്കാവുന്ന ഒരാളുടെ വീട്ടിൽ ചെന്ന് കച്ചവടം സംസാരിച്ച് അത് തെന്നിപ്പോയതിന്റെ ഇച്ഛാഭംഗത്തിൽ അയാളുടെ വീടിന് വെളിയിൽ വന്നിട്ട് ആ വീടിന്റെ 'JJ MANSION' എന്ന നെയിംബോർഡ് വായിച്ചിട്ട് പുച്ഛത്തോടെ പറയുന്നുണ്ട്.
"ജേജേ മാൻഷൻ!എന്തൊരു മനുഷൻ!"
അടുത്തിടെ കുറേനാളുകൾക്കുശേഷം പരിചയക്കാരനെ കണ്ടപ്പോൾ കുശലം ചോദിച്ചു. വീട്ടുവിശേഷവും ആരോഗ്യസ്ഥിതിയും സിനിമയും സാഹിത്യവും എല്ലാം ചർച്ച ചെയ്തു. പിരിയും മുമ്പ് ചോദിച്ചു
" വേറെന്തുണ്ട് സാറേ വിശേഷം ?"
" ഓ എന്ത്? ഇതൊക്കെ തന്നെ വിശേഷം " എന്ന മറുപടി പ്രതീക്ഷിച്ച എന്നോട് പുള്ളി പെട്ടെന്നെന്തോ ഓർത്തു വളരെ എക്സൈറ്റഡായി പറഞ്ഞു.
" ഒരു വിശേഷമുണ്ട്. ഞാനെന്റെ വീട്ടുപേര് തിരിച്ചുപിടിച്ചു. "
വീട്ടുപേര് തിരിച്ചുപിടിക്കുകയോ ?
" വളരെ പുരാതനമായ എന്റെ കുടുംബപ്പേര് അങ്ങനെയാർക്കും കേട്ടിട്ടില്ല. ഞാനുമത് ഉപയോഗിക്കാതെയിരിക്കുകയായിരുന്നു. പേരിന്റെ അറ്റത്ത് വാല് വേണ്ടന്ന് കരുതി. അപ്പോഴാണ് അയലത്തുള്ളൊരാൾ ആ പേരുപയോഗിച്ചു തുടങ്ങിയതെന്റെ ശ്രദ്ധയിൽ പെട്ടത്. അത് വിഷമമായി. ഞാനയാളോട് സംസാരിച്ചു. എന്റെ കുടുംബപ്പേരുപയോഗിക്കരുതെന്ന് പറഞ്ഞു. അയാളത് സമ്മതിച്ചു. അന്നുമുതൽ ഞാൻ ആ പേര് എന്റെ പേരെവിടെയൊക്കെ വരുന്നുണ്ടോ അവിടെയെല്ലാം ചേർത്തു തുടങ്ങി. "
ശരിയാണ്. സമീപഭൂതകാലം അദ്ദേഹത്തിന്റെ പേര് കാണുന്നടത്തെല്ലാം ആ ഒരു കുടുംബപേരുമുണ്ട്. പറഞ്ഞിട്ട് യാത്ര പറഞ്ഞു പോകുമ്പോൾ കക്ഷി വളരെ ഉൽസാഹത്തിലായിരുന്നു. ജീവിതത്തിന്റെ സായാഹ്നകാലത്താണ് പരിചയക്കാരന് തന്റെ വേരുകളിലേക്ക് മടങ്ങണമെന്ന താത്പര്യമുണ്ടായത്. അതയാൾ ആസ്വദിക്കുകയും ചെയ്യുന്നു.
ആ കൂടിക്കാഴ്ച അവസാനത്തേതായിരുന്നു. പരിചയക്കാരൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പേരിന്റെ അറ്റത്ത് ഞാനാ കുടുംബപ്പേര് കണ്ടു.
***
സിനിമകളിലൊക്കെ വീട്ടുപേരുകൾ ഒരു ബിൽഡപ്പിനുപയോഗിക്കാറുണ്ട്.
'മംഗലശ്ശേരി'- നീലകണ്ഠൻ
'പൂവള്ളി'- ഇന്ദുചൂഡൻ
'താക്കോൽക്കാരൻ'- പുണ്യാളൻ അഗർബത്തീസ്.
'ചക്കച്ചാമ്പറമ്പിൽ' - ഫ്രണ്ട്സ്.
"OP ഒളശ്ശ ഒളശ്ശ PO, തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒളശ്ശ " - ബോയിങ് ബോയിംഗ്.
അങ്ങനെ എത്രയെത്ര... വായനക്കാർക്ക് കമന്റായി കുറിക്കുന്നതിലേക്ക് ഈ ടോപിക് വിടുന്നു.
2020 ൽ മനോരമ ആഴ്ചപ്പതിപ്പിൽ ഞാനെഴുതിയ 'ഇന്ദീവരം' എന്ന നോവലെറ്റ് ഒരു സ്ത്രീയുടെ ജീവിതം തന്നെയാണ്. അവരുടെ അനുവാദത്തോടു കൂടി ഞാനെഴുതിയത്. അതു വായിച്ചിട്ട് അവർ എന്നോട് സന്തോഷപൂർവം പറഞ്ഞു.
"ഇനി ഞാൻ വീടിനൊരു നെയിം ബോർഡ് വയ്ക്കും ഇക്ക. ഇന്ദീവരം എന്ന് "
അതൊരു വീട്ടുപേരുമായി ബന്ധപ്പെട്ട എഴുത്തുകാരന്റെ വ്യക്തിപരമായ സന്തോഷം .
***
എന്റെ ഉപ്പയുടെ ഉപ്പയുടെ കുടുംബപ്പേര് 'എള്ളിൽ' എന്നായിരുന്നു. ആയതിനാൽ ഒന്നു മുതൽ അഞ്ചു വരെ എന്റെ സ്കൂൾ പേര് 'എള്ളിൽ ഷുഹൈബ്' എന്നായിരുന്നു. ഹൈസ്കൂളിലായപ്പോൾ നിലവിലുളള പേരായി. എങ്കിലും ഇപ്പോഴും 'എള്ളിൽൽൽ " എന്ന് ഊന്നി വിളിക്കുന്നവരുണ്ട്.
" റസൂലേ നിൻ കനിവാലേയിലെ" റസൂലേ റസൂലേ എന്ന ആവർത്തനതാളത്തിൽ "ഷുഹൈബേ ഹമീദേ" വിളിച്ചിരുന്നവൻ ഇപ്പോ എവിടെയാണാവോ.. എന്റെ പന്ത്രണ്ട് വയസ് വരെ ഞങ്ങൾ പലയിടങ്ങളിൽ വാടകയ്ക്കും ഒറ്റിക്കുമായായിരുന്നു താമസിച്ചു പോന്നത്. വീടു പണിഞ്ഞപ്പോൾ വീടിനെക്കുറിച്ച് ഉപ്പയും അമ്മച്ചിയും നടത്തിയിരുന്ന ചർച്ചകളെക്കുറിച്ച് കേട്ടിട്ടുണ്ട്.
"ഡ്രോയിംഗ് റൂമിനൊരു പേര് വയ്ക്കണം. Come come കൊള്ളാവോന്നേ ?" അമ്മച്ചി വലിയ കാര്യത്തിൽ ഉപ്പയോട് ചോദിക്കുമ്പോൾ
"എന്നാപ്പിന്നെ കക്കൂസിന് Go Go ന്ന് പേരിടാം. ഒന്ന് പോടി. "
അതു കേട്ട് ദേഷ്യത്തിലെണീറ്റ് പോകുന്ന അമ്മച്ചി .
സ്വന്തം വീടിനൊരു നല്ല പേര് പോലും രണ്ടുപേരും ഇട്ടില്ല. അമ്മച്ചിയുടെ കുടുംബപേരായ [കോട്ടപ്പുറം' ഉപ്പയുടെ ഉപ്പയുടെ 'എള്ളിൽ' ഒക്കെ കളരിക്ക് വെളിയിലായി. ചങ്ങനാശ്ശേരിയിലെ ഭൂരിപക്ഷ കുടുംബപ്പേരായ ഒന്ന് വീട്ടുപേരായി വന്നു ഭവിച്ചു - 'പുതുപ്പറമ്പിൽ'! അതും പോരാഞ്ഞിട്ട് എന്റെ പേരും കൂടെ ചേർത്തൊരു അഡീഷണൽ താങ്ങ് - ഷുഹൈബ് മൻസിൽ!
പുതുപ്പറമ്പിൽ ഷുഹൈബ് മൻസിൽ...
***

2014ലാണ് പുതിയ വീട് പണിഞ്ഞത്.
വീടിനൊരു പേര് വേണം. പുതുപ്പറമ്പിൽ വേണ്ടാ. ഷുഹൈബ് മൻസിൽ ഒട്ടും വേണ്ടെന്റെ പൊന്നച്ചോ..
അപ്പോഴാണ് ഭാര്യ എന്റെ ഉപ്പയുടെ ഉമ്മയുടെ, എന്റെ ഉപ്പുമ്മയുടെ കുടുംബപ്പേര് ശ്രദ്ധയിൽ പെടുത്തിയത്.
'ചന്ദ്രോത്ത്'
പൗരാണികത മണക്കുന്ന ചന്ദ്രോത്ത് !
Yes, അതു മതി.
വീടിനാ പേരങ്ങിട്ടു. വീടിനടുത്ത് നില കൊള്ളുന്ന കമേഴ്‌സ്യൽ കെട്ടിടത്തിനും ആ പേരുതന്നെ കൊടുത്തു. ഉപ്പയുടെ കുടുംബത്തിൽ നിന്നും വർഷങ്ങൾ കൂടിയൊരു സന്ദർശനമുണ്ടായപ്പോൾ ബന്ധു എന്നോട് പറഞ്ഞു.
"നീ മറന്നില്ലല്ലോ. നന്നായി. "
***
എന്റെ പാസ്പോർട്ടിലെ അഡ്രസൊക്കെ ഈ പുതുപ്പറമ്പിൽ ഷുഹൈബ് മൻസിൽ കോമഡിയാണ്. അത് റിക്കോർഡിക്കലായി പോയതിനാൽ മകൾക്ക് പാസ്പോർട്ട് അപ്ളൈ ചെയ്യാൻ പോയപ്പോൾ പാസ്പോർട് ഓഫീസറുമായുള്ള അഭിമുഖത്തിന് ശേഷം തിരിച്ചു വന്ന അവളുടെ മുഖഭാവം ഏതാണ്ടിങ്ങനായിരുന്നു
"പുതുപ്പറമ്പിലോ ഷുഹൈബ് മൻസിലോ ചന്ദ്രോത്തോ ഏതേലും ഒന്നൊറപ്പിക്ക് " . ആപ്പീസറ് പറഞ്ഞു പോലും.
വീട്ടുപേര് അവനവന്റെ മതം അടയാളപ്പെടുത്തുകയും ചെയ്യുന്നു. പണ്ടൊരു ഗാനമേള കഴിഞ്ഞു നിൽക്കുമ്പോൾ പ്രായം ചെന്നൊരു ക്രിസ്ത്യൻ അമ്മച്ചി വന്നു പറഞ്ഞു.
"പാട്ടിഷ്ടമായി കേട്ടോ ."
" താങ്ക്സമ്മച്ചി . "
" മോന്റെ പേരെന്തവാ ?"
" ഷുഹൈബ്, "
ജാതി അങ്ങനെ പിടിക്കാൻ പറ്റുവോ ? പ്രത്യേകിച്ച് പഴയൊരമ്മച്ചിയ്ക്ക് .
" മോന്റെ വീട്ടുപേരെന്തവാ ?"
"പുതുപ്പറമ്പിൽ . "
അതോടെ അമ്മച്ചി പരാജയം സമ്മതിച്ചു യാത്ര പറഞ്ഞു.
****
നിങ്ങൾക്ക് വീട്ടുപേരിനെ ചുറ്റിപറ്റി സമാനമായ അനുഭവകഥകളുണ്ടോ? എങ്കിൽ അയച്ചുതരൂ. email id- customersupport@mm.co.in
English Summary- Stories Behing House Names- Malayali Experience