പണ്ട് വസ്ത്രം സൂക്ഷിച്ചിരുന്നത് വലിയ മൺചട്ടികളിലും മുളകൊണ്ട് നെയ്തെടുത്ത പേഴകളിലും മരപെട്ടകങ്ങളിലുമായിരുന്നു. പിന്നീടാണ് മരത്തിന്റെ അലമാരകൾ വന്നത്. അതിനുശേഷമാണ് ഇരുമ്പലമാരകളെത്തിയത്. ഇപ്പോൾ അലമാരകൾ രൂപാന്തരപ്പെട്ട് വാഡ്രോബുകളായി (Wardrobe) മാറി. വീടിന്റെ ഏതെങ്കിലും മൂലയിൽനിന്ന്, ചിലപ്പോൾ അടുക്കളയിൽ നിന്നുപോലും വേഷംമാറിയിരുന്നത് അടിമുടിമാറി. വേഷം മാറാൻ കൃത്യമായി ഇടങ്ങൾ ഡിഫൈൻ ചെയ്തു തുടങ്ങി. അങ്ങനെയാണ് Dressing Area അവതരിച്ചത്. അതാണ് വിഷയവും.
ചില പ്ലാനുകളിൽ കാണുന്നത്, ബാത്റൂമിൽനിന്ന് പുറത്തേക്ക് വന്നയുടൻ അതല്ലെങ്കിൽ ബാത്റൂമിനകത്തുതന്നെ പ്രത്യേകമായി സജ്ജീകരിച്ച വാഡ്രോബിൽനിന്ന് ഷർട്ടും പാന്റ്സും അതല്ലെങ്കിൽ സാരിയും ബ്ലൗസും അതല്ലെങ്കിൽ ചുരിദാർ അങ്ങനെ എന്തെങ്കിലും ധരിച്ച് ബെഡ്റൂമിലേക്ക് കയറുക എന്നതാണ്. ഇത് എത്രമാത്രം സൗകര്യപ്രദമാണ്?
മിക്കയാളുകളുടേയും രീതിയനുസരിച്ച് വേഷം മാറുന്നത് മുറിക്കകത്ത് വച്ചാണ്. കണ്ണാടിക്കു മുമ്പിൽ നിന്ന് ഒരുങ്ങി, ചെറുതായി നടന്ന് ശരീരത്തിന്റെ മുൻകാഴ്ചയും പുറംകാഴ്ചയും വശക്കാഴ്ചയും എല്ലാം ശരിയാക്കിയാണ് നാം പുറത്തേക്കിറങ്ങുന്നത്. അത്തരം ആളുകൾക്ക് ബാത്റൂമിനടുത്തുള്ള ഇടുങ്ങിയ ചെറിയൊരു Dressing space കൊണ്ടോ അവിടെ വച്ചിരിക്കുന്ന Wardrobe കൊണ്ടോഎന്തെങ്കിലും ഗുണമുണ്ടോ? അവിടെ നിന്ന് നമുക്കൊരുങ്ങാൻ കഴിയുന്നുണ്ടോ?

ഒരുമീറ്റർ വീതിയും നീളവുമുള്ള ചെറിയൊരു ഇടത്ത് ഒതുങ്ങിനിന്ന് വസ്ത്രം മാറാനാവുമോ നമുക്ക്? ഇല്ലെന്നാണ് എന്റെ ഉത്തരം. ബെഡ്റൂമിന്റെതന്നെ ഏതെങ്കിലും സൗകര്യപ്രദമായ ഭാഗത്ത് വച്ചിരിക്കുന്ന Dressing table, അതിനടുത്ത് സെറ്റ് ചെയ്തിരിക്കുന്ന Wardrobe, അതിനടുത്തു നിന്ന് തുണിമാറി ഒരുങ്ങുന്നതുതന്നെയല്ലേ ആയാസരഹിതവും സൗകര്യപ്രദവും?
***
ലേഖകൻ ഡിസൈനറാണ്.
മൊബൈൽ നമ്പർ- 8137076470
English Summary- Best Position for Dressing Area inside BedRoom; Expert Talk