ADVERTISEMENT

കൊക്കിലൊതുങ്ങാത്ത വീടുപണിത് കടക്കെണിയിലായി മനഃസമാധാനമില്ലാതെ ജീവിക്കുന്ന ധാരാളം മലയാളികളുണ്ട്. ഇവർക്ക് എവിടെയാണ് പാളിയത് എന്ന് പരിശോധിച്ചാൽ ബജറ്റിങ്ങിലാണെന്ന് മനസ്സിലാകും. അതിനാൽ മറ്റുള്ളവരുടെ പാളിച്ചകൾ അനുഭവപാഠങ്ങളാകണം.

ബജറ്റ് എത്രയെന്ന് ആദ്യമേ പറയുക. കയ്യിൽ ഇത്ര ലക്ഷം, ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന തുക ഇത്ര എന്നിങ്ങനെ കൃത്യമായിത്തന്നെ പറയാം. അതിനുള്ളിൽ നിൽക്കുന്ന വീട് ഡിസൈൻ ചെയ്യലാണ് ആർക്കിടെക്ടിന്റെ വെല്ലുവിളി. പ്രവാസികളും മറ്റും ലീവിൽ വരുമ്പോൾ ആയിരിക്കും വീടുപണിയുമായി സജീവമാകുന്നത്. രണ്ടു മൂന്നു വർഷമെടുത്ത് തീർക്കാം എന്നാകും പലരുടെയും പ്ലാൻ. എന്നാൽ, വീടുപണിക്കിടയിലെ കാലതാമസം പലപ്പോഴും ബജറ്റ് കൂടാനുള്ള കാരണമാകാറുണ്ട്. കഴിയുന്നതും വേഗം പണി തീർക്കുന്നതാണ് സാമ്പത്തികപരമായി ലാഭം. അതുകൊണ്ടുതന്നെ, എത്ര സമയപരിധിക്കുള്ളിലാണ് വീട് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന കാര്യം ആർക്കിടെക്ടുമായി ചർച്ച ചെയ്യണം. 

മാർക്കറ്റിൽ ട്രെൻഡായ എല്ലാ മെറ്റീരിയലുകളും അത്യാകർഷകമായ ഡിസൈൻ ശൈലികളുമെല്ലാം സ്വന്തം വീട്ടിലും വേണമെന്ന നിർബന്ധബുദ്ധിയോടെ വീടിനെ സമീപിക്കുന്ന ചിലരുണ്ട്, അത്തരം നിർബന്ധബുദ്ധികൾ, പണം പാഴാക്കാനേ ഉപകരിക്കൂ. നിത്യേന ജീവിതത്തിൽ വേണ്ടി വരുന്ന ആവശ്യങ്ങളെ മനസ്സിലാക്കി വേണം വീടിന്റെ സ്പെയ്സുകൾ തീരുമാനിക്കുന്നത്.

ചെറിയ കുട്ടികൾ ഉള്ള വീടാണെങ്കിൽ ചിലപ്പോൾ അവർക്ക് ഒരു പ്ലേ ഏരിയ വേണ്ടിവന്നേക്കാം. എന്നാൽ അത് എക്കാലത്തേക്കും വേണ്ട ഒരു സ്പെയ്സ് അല്ലതാനും. കുട്ടികള്‍ വളരുമ്പോൾ ആ സ്പെയസ് പിന്നെ ആവശ്യമില്ലാതാവും. അപ്പോൾ ആ ഏരിയയെ എങ്ങനെ പ്രയോജനകരമാക്കാം എന്നു കൂടി ദീർഘവീക്ഷണത്തോടെ കാണേണ്ടതുണ്ട്. അതുപോലെതന്നെ, ട്രെഡീഷണൽ, കന്റെംപ്രറി, യൂറോപ്യൻ, മോഡേൺ എന്നിവയിൽ ഏതു ശൈലിയാണ് വേണ്ടതെന്നും ആദ്യമേ തീരുമാനിക്കണം. ഒരു പ്രത്യേക െമറ്റീരിയൽ ഉപയോഗിച്ചുള്ള വീട് വേണം എന്നുണ്ടെങ്കിൽ അതും ആർക്കിടെക്ടിനോട് തുറന്നു സംസാരിക്കാം. ഉദാഹരണത്തിന് ഇഷ്ടിക വീട്, ഇന്റർലോക്കിങ് ബ്രിക് വീട്...

കാർപോർച്ച് ടെമ്പററി മതിയോ അതോ പെർമനന്റ് മതിയോ എന്നതാണ് തീരുമാനമെടുക്കേണ്ട മറ്റൊരു കാര്യം. പെർമനന്റ് പോർച്ചാണെങ്കില്‍ അത് സ്ട്രക്ചറിന്റെ ഭാഗമായി വരും. മൊത്തം സ്ക്വയർ ഫീറ്റിന്റെ നല്ലൊരു ശതമാനം അതിനുവേണ്ടി മാറ്റി വയ്ക്കേണ്ടിയും വരും. വീടിനകത്തെ സ്പെയ്സുകൾ അതിന് അനുസരിച്ച് ചെറുതാക്കേണ്ടി വരും. വീട്ടിലെ സ്ത്രീകളുടെ അഭിപ്രായത്തിനും നിർദേശങ്ങൾക്കും കൂടി പ്രാധാന്യം നൽകിയാവണം കിച്ചന്‍ പോലുള്ള ഏരിയകൾ ഡിസൈൻ ചെയ്യുന്നത്. അടുക്കള വലുതു വേണോ? ചെറുതു വേണോ? ബ്രേക്ക് ഫാസ്റ്റ് ടേബിളിന് അടുക്കളയിൽത്തന്നെ സ്പെയ്സ് നൽകണോ? കോമൺ ബാത്റൂം എവിടെ വേണം? സ്റ്റോർ റൂമാണോ വർക്ക് ഏരിയയാണോ ആവശ്യം? അതുപോലെ ഗ്യാസ് സിലിണ്ടറിന് സ്പെയ്സ് അകത്തു നൽകണോ അതോ പുറത്തു വച്ച് ട്യൂബ് വഴി ഘടിപ്പിച്ചാൽ മതിയോ? എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം വീട്ടമ്മമാരുടെ അഭിപ്രായങ്ങൾ ചോദിച്ചറി‍ഞ്ഞ് തീരുമാനത്തിലെത്തുന്നതാണു നല്ലത്. വലിയ അടുക്കളകൾ ഷോയ്ക്ക് ഉപകരിക്കുമെങ്കിലും പരിപാലിക്കുക ബുദ്ധിമുട്ടാണ്. ഇവയ്ക്ക് ബജറ്റും കൂടും. 

വീട് നല്ലതാണെങ്കിൽ അയൽപക്കവും നല്ലതായിരിക്കണം എന്നു പറയാറില്ലേ? പ്ലോട്ടിന്റെ അയൽപക്കത്തെ കുറിച്ച് ആർക്കിടെക്ടിന് കൃത്യമായ ധാരണ നൽകേണ്ടത് ക്ലയന്റിന്റെ ജോലിയാണ്. ചിലപ്പോൾ അയൽപക്കത്ത് ഫ്ളാറ്റോ കൊമേഴ്സ്യൽ ബിൽഡിങ്ങോ ആകാം. ഇത്തരം അവസരങ്ങളിൽ അത് വീടിന്റെ സ്വകാര്യതയെ ബാധിക്കും. അല്ലെങ്കിൽ അയൽക്കാരുമായി അത്ര സുഖത്തിൽ അല്ലാത്ത അവസരങ്ങളുണ്ടാകാം. ഇത്തരം സന്ദർഭങ്ങളിലെല്ലാം രണ്ടു വീടുകളുടെയും സ്വകാര്യതയെ ബാധിക്കാത്ത രീതിയിൽ വീടൊരുക്കുക ആർക്കിടെക്ടിന്റെ ധർമമാണ്. ഇത്തരം കാര്യങ്ങൾ സൈറ്റ് വിസിറ്റിൽ ആർക്കിടെക്റ്റ് മനസ്സിലാക്കിക്കൊള്ളണമെന്നില്ല.

English Summary- Importance of Budgeting in House Construction- Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com