ADVERTISEMENT

വീടു നിർമിക്കുമ്പോൾ മുകളിലൊരു ബാൽക്കണി േവണമെന്നു പറയാത്തവർ ചുരുക്കമാണ്. വീടുണ്ടാക്കിയാല്‍ ബാൽക്കണിയിലിരുന്ന് വായിക്കണം. കാറ്റുകൊള്ളണം എന്നൊക്കെയുള്ള സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നവരാണ് നാം. പക്ഷേ ഗൃഹപ്രവേശനത്തിനല്ലാതെ പല വീടുകളിലും പിന്നീടു ബാൽക്കണി പ്രവേശനം നടക്കാറില്ല എന്നുള്ളതാണ് അനുഭവം. 

അടുപ്പു കൂട്ടിയതുപോലെ അടുത്തടുത്തു വീടുള്ള കേരളത്തിലെ വീടിന്റെ ബാൽക്കണികൾ പലപ്പോഴും ഒരു സാമൂഹികപ്രശ്നമായി മാറാറുണ്ട്. ബാൽക്കണിയിലിരുന്നു പുസ്തകം വായിക്കുന്ന ഗൃഹനാഥൻ അടുത്ത വീട്ടിലെ അടുക്കളയിലേക്കു നോക്കിയതിനെ ചൊല്ലിയുള്ള അയൽക്കൂട്ടയുദ്ധങ്ങളും കേൾക്കാറുണ്ട്. ഇതു കൂടാതെ വീട്ടിലെ ബാലന്മാർ (കുട്ടികൾ) ഈ ബാൽക്കണിയിൽ കയറി അപകടങ്ങൾ വരുത്തിവയ്ക്കുന്നതും പതിവാണ്. ബാൽക്കണികൾ ബാല‘ക്കെണി’യായി മാറുന്ന സന്ദർഭങ്ങൾ നമ്മൾ പത്രത്തിലും മറ്റും വായിക്കാറുമുണ്ട്. 

ഇത്തരം ഓപ്പണിങ്ങുകൾക്കു പകരം ജനലുകൾവച്ച ഒരിടമാണു രൂപകൽപന ചെയ്യുന്നതെങ്കിൽ അതിന്റെ ഉപയോഗസാധ്യത എത്രയോ കൂടും. അപ്പർലിവിങ്ങിന്റെ ഭാഗമായോ കിടപ്പുമുറിയുടെ ഭാഗമായോ വായനശാലയായോ പഠനമുറിയായോ ഒക്കെ ഉപയോഗിക്കാം. പ്രകൃതിസുന്ദരമായ കായലോരങ്ങളോ വയലുകളോ മറ്റോ അഭിമുഖമായുണ്ടെങ്കിൽ ബാൽക്കണികൾ തീർച്ചയായും ഡിസൈൻ ചെയ്യാം.

ഒരു വീടിനു രണ്ടും മൂന്നും ബാൽക്കണിയൊക്കെ കൊടുത്ത് കള്ളന്മാരുടെ വരവ് വളരെ എളുപ്പമാക്കി കൊടുക്കുന്നവരുമുണ്ട്. ഒരുപാട് ഓപ്പണിങ്ങുകൾ വീടിന്റെ സുരക്ഷിതത്വത്തെ ബാധിക്കും. ഇത്തരം ഇടങ്ങളിൽ അനാവശ്യമായ ക്ലാഡിങ് ടൈലും ഹാൻഡ്റെയിലും മറ്റ് അലങ്കാരപ്പണികളുമൊക്കെ കെട്ടിപ്പടുത്ത് അവസാനം പക്ഷിക്കാഷ്ഠം ഏറ്റുവാങ്ങുന്ന ഒരു സ്ഥലമായി മാറ്റുന്നു. അതോടൊപ്പം അണ്ടർഗാര്‍മെന്റ്സ് ഉണക്കാനിടുന്ന ഇടമായും രൂപാന്തരപ്പെടും. 

ഒരുപാട് പണം മുടക്കാനില്ലാത്ത, കണിശമായ ബജറ്റിൽ വീടുപണിയുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. 100 മുതൽ 200 വരെ സ്ക്വയർഫീറ്റ് അധികമെടുത്ത് ചെലവു ഗണ്യമായി കൂട്ടുന്ന ഇത്തരം ബാൽക്കണികൾ യഥാർഥത്തിൽ നമുക്ക് ആവശ്യമുണ്ടോ?

English Summary- Creating Dead Space in the form of Balcony in House, Mistakes, Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com