ADVERTISEMENT

വാസ്തവത്തിൽ ഒരു വീടിനെ ചുറ്റിപ്പറ്റിയുള്ള പണികൾ എന്നെങ്കിലും തീരുന്നുണ്ടൊ? വീട് പണിതീർന്നിട്ട് കാശിക്ക് പോകാനാവുന്നുണ്ടൊ ആർക്കെങ്കിലും? പോയിട്ടുണ്ടൊ ആരെങ്കിലും? ഏകദേശം എല്ലാ പണികളും തീർത്ത് താമസിക്കാൻ തുടങ്ങിയപ്പോഴാണ് അടുക്കളയിൽ കിച്ചൻ കാബിനറ്റ് വേണമെന്ന തോന്നലുണ്ടായത്. ആദ്യം വേണ്ടെന്ന് തീരുമാനിച്ചതാണ്. പക്ഷേ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വേണംന്ന് തോന്നി. അതില്ലാതെ അടുക്കളക്കൊരു എടുപ്പുമില്ലാന്ന് തോന്നിയതിന്റെ കാരണം സോഷ്യൽ മീഡിയയിൽ കാണുന്ന ചിത്രങ്ങളും ബന്ധുമിത്രൂസിന്റെ അഭിപ്രായപ്രകടനങ്ങളുമാണ്.

അയ്യോ ഇതുകൂടി ചെയ്യാർന്നില്ലേ?

ശര്യാണ്, അടുക്കളയാവുമ്പോ ചട്ടീം കലോം കാണും തട്ടീം മുട്ടീം ഇരുന്നെന്നും വരും. പക്ഷേ  ആരുമതൊന്നും കാണരുത്. പിന്നെ അന്വേഷണമായി. അലച്ചിലായി. അലുമിനിയം, പ്ലൈവുഡ്, പിവിസി പാനലുകൾ അങ്ങനെ ഏത് വേണമെന്ന തലപുകഞ്ഞാലോചനാനന്തരം ഒരാളെ കണ്ടെത്തി പണികഴിപ്പിച്ചപ്പോൾ ഒരു ലക്ഷം ഉറുപ്പികയായി.

പണി അവസാനിച്ചെന്നു കരുതി റിലാക്സ് ചെയ്യുമ്പോഴാണ് വീടിന് ചുറ്റും മഴവെള്ളം വീട് മണ്ണ് തെറിച്ച് നിറമടിച്ച ഭിത്തിയെല്ലാം നിറംമാറി മുഷിഞ്ഞത് കാണുന്നത്. അസ്വസ്ഥനായി. എന്തു ചെയ്യും ? വീണ്ടും അന്വേഷണം. അലച്ചിൽ. ഒടുവിൽ വീടിന് ചുറ്റും കോൺക്രീറ്റ് ചെയ്യാമന്നങ്ങ് തീരുമാനിച്ചു. മെറ്റലും മണലും സിമന്റുമിറക്കി പണി തുടങ്ങി. ഉറുപ്പിക അമ്പതിനായിരമേ ചെലവായുള്ളു. ഭാഗ്യം. 

വർഷം ഒന്നും രണ്ടും കഴിഞ്ഞു. ഗേറ്റ് മുതൽ സിറ്റൗട്ട് വരെ ചളിയാണ്. ചളി ചവിട്ടി നടന്ന് വീട്ടിലേക്ക് കേറുമ്പോൾ എന്തോ ഒരു വിഷമവും അസ്വസ്ഥതയും. വീണ്ടും ആലോചന, അന്വേഷണം.

നാച്വറൽ ബാംഗ്ലൂർ റോക്ക് വേണോ കോൺക്രീറ്റ് ഇന്റർലോക്ക് കട്ട വേണോ അതോ ബേബി മെറ്റലിട്ടാൽ മതിയോ? കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും നോക്കി. ഒടുവിൽ തീരുമാനിച്ചു. ബേബി മെറ്റൽ വിരിക്കാം. വിരിച്ചു. ചെലവത്രയൊന്നുമായില്ല. ലാഭത്തിൽ ഒരു പണിയെങ്കിലും തീർന്നല്ലോ. 

***

വീണ്ടും ഒന്നോ രണ്ടോ വർഷം.

ഭിത്തിയെല്ലാം മുഷിഞ്ഞു. അകവും പുറവും നിറം പൂശേണ്ട സമയമായി. ഏത് കമ്പനി പെയിന്റാണ് ഉത്തമമായത് എന്ന് അന്വേഷിക്കാനുള്ള ത്രാണിയില്ലാത്തതിനാൽ പെയിന്ററെ വിളിച്ച് ചോദിച്ചു. പെയിന്റർ ആധികാരികമായി പറഞ്ഞുകൊടുത്തു. ഇന്നയിന്ന ബ്രാന്റ് വാങ്ങാം. വിലയോ കുറവ് ഗുണമോ ഗംഭീരം.

അമാന്തിക്കാതെ പെയിന്റടി തുടങ്ങി. ഉറുപ്പിക ഒന്നേമുക്കാൽ ലക്ഷം ചെലവഴിച്ച് വീടിനെയൊന്ന് ഉഗ്രനാക്കിയപ്പോൾ സന്തോഷവും സുഖവും തോന്നി.

അങ്ങനെയിരിക്കവേയാണ് പുരപ്പുറത്തൊരു ട്രസ്സിട്ട് റൂഫിങ് ഷീറ്റ് വിരിക്കാം എന്ന് തീരുമാനിച്ചത്. ചൂട് കുറയ്ക്കാൻ, മഴ നനയാതിരിക്കാൻ, തുണിയുണക്കാൻ...അങ്ങനെ കാരണങ്ങൾ ബഹുവിധം. അന്വേഷണം വ്യാപിപ്പിച്ചു. പഞ്ചായത്ത് പരിധിയും താലൂക്ക് പരിധിയും കടന്ന് ഒരാളിലെത്തി. സ്ക്വയർ ഫീറ്റ് റേറ്റ് നോക്കി പണിയേൽപ്പിച്ചു.

ഇത്തിരി കശപിശയൊക്കെ ഉണ്ടായെങ്കിലും പണി തീർന്നു. എല്ലാം കൂടി മൂന്നരലക്ഷമായി.

ഏകദേശം പണികളെല്ലാം തീർന്നെന്ന് കരുതിയിരിക്കവേ, കമ്പിവേലി കെട്ടി അതിർത്തി തിരിച്ച ഭാഗത്ത് മതിലു കെട്ടാമെന്ന് തീരുമാനിച്ചത്. ഇഷ്ടമുണ്ടായിട്ടല്ല. പണമുണ്ടായിട്ടുമല്ല. ചെയ്യേണ്ടിവരുകയാണ്. സ്നേഹമതിലാവാം. സിമന്റ് ബ്ലോക്കിലുമാവാം. സിമന്റ് ബ്ലോക്കിൽ മതില് പണിയുന്നതാ നല്ലതെന്ന് തീരുമാനിച്ച് മതിലങ്ങ് തീർത്തു. രൂപ എഴുപത്തയ്യായിരമായി.

***

വർഷം ഒന്നും രണ്ടും കഴിഞ്ഞു.

സിറ്റൗട്ടിലിരിക്കവേ മുറ്റത്തേക്ക് നോക്കിയപ്പോൾ ഒരു അസ്വസ്ഥത. മുറ്റത്ത് വിരിച്ച ബേബി മെറ്റലൊക്കെ ചിതറി രൂപമില്ലാതെ കിടക്കുകയാണ്. അതിനു ചുറ്റും ഒരു ബോർഡർ ചെയ്താൽ പ്രശ്നം തീരും. അതൊരു ചെലവാണ്. ഒടുവിൽ തീരുമാനിച്ചു മുറ്റത്ത് ടൈൽ വിരിക്കാമെന്ന്. ബാംഗ്ലൂർ സ്റ്റോണെത്തി. പണിക്കാരെത്തി പുല്ലെത്തി. രണ്ടരലക്ഷത്തിന് പണി പൂർത്തിയാക്കിയപ്പോൾ ഹൗ എന്താ ഒരു തലയെടുപ്പ്. ശരിയാണ് മുറ്റത്ത് കല്ല് പാളി വിരിക്കുന്നത് വല്ലാത്തൊരു സൗന്ദര്യം തന്നെ. പണ്ടേ അത് ചെയ്തിരുന്നുവെങ്കിൽ ഇരുപത്തയ്യായിരം ലാഭിക്കാമായിരുന്നു.

എല്ലാ പണിയും തീർത്ത് ആശ്വസിച്ചിരിക്കവേ വീടിന്റെ എലിവേഷന് ചെറിയൊരു അപാകതയുണ്ടോ എന്ന തോന്നലുണ്ടായി. ഗേറ്റ്- റോക്ക്- പേവിങ്...എല്ലാം ഗംഭീരമാണ്. അതിന് പോന്ന ഗാംഭീര്യം വീടിനില്ലയോ എന്ന തോന്നൽ. ചിലരത് അഭിപ്രായപ്പെടുകയും ചെയ്തു.

ആരെ സമീപിക്കും?

എൻജിനീയർ ആർക്കിടെക്ട് വാസ്തുവിദഗ്ധൻ. എലിവേഷനിൽ മാറ്റം വരുത്തിയാൽ വാസ്തു അളവുകൾ മാറിയാൽ പ്രശ്നമാണ്. ആർക്കിടെക്ടിന്റെ സേവനം കിട്ടണമെങ്കിൽ നഗരത്തിലേക്ക് പോകണം. പരിചയത്തിലാരുമില്ല. മാത്രമല്ല അക്കൂട്ടർക്കിത്തിരി കൂടുതൽ പണം കൊടുക്കണമെന്നാണ് പൊതുവേയുള്ള ശ്രുതി. വേണ്ട പരിസരത്തെ എൻജിനീയറെ കാണാം...

വേണ്ട അവർ ശരിയാവില്ല. അമ്മാവൻ പറഞ്ഞത് അവർക്ക് വാസ്തു അറിയണമെന്നില്ല എന്നാണ്. ശരിയായിരിക്കും. അവർ വാസ്തു പഠിക്കുന്നില്ലല്ലോ. അതു മാത്രമല്ല എൻജിനീയർക്ക് ചെയ്യാൻ മാത്രം ഒന്നുമില്ല. തൊട്ടടുത്ത നല്ല ദിവസം നോക്കി വാസ്തുവിദഗ്ദനെത്തി. അളവ് തെറ്റാതെ വീടിന്റെ മുൻകാഴ്ച ശരിയാക്കാനുള്ള കർമ്മങ്ങൾ ആരംഭിച്ചു.അതും കൂടി കഴിഞ്ഞെന്നുവരുകിൽ വീടിന്റെ പണി തീർന്നെന്നു പറയാം.

'മുകളിൽ ഒരു മുറി പണിയണം' എന്ന അഭിപ്രായം പലയിടത്തു നിന്നും ഉയരുന്നുണ്ടെങ്കിലും തൽക്കാലം അതൊന്നും വേണ്ടെന്നാണ് തീരുമാനം. ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാൽ ഒന്നാം നില ചെയ്തെന്നും വരാം. തൽക്കാലം ഇപ്പൊ വേണ്ടെന്നാണ് പറഞ്ഞത്.

ലേഖകൻ ഡിസൈനറാണ്.

Mobile Number- 8137076470

 

English Summary- Unending House Construction- Unfinished homes, Malayali Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com