ADVERTISEMENT

മൂത്ത മേസ്തിരി തലങ്ങും വിലങ്ങും ഒച്ചവച്ച് കയ്യും കാലും അതിവേഗത്തിൽ ചലിപ്പിച്ച് നടക്കുന്നുണ്ട്. എൻജിനീയറും നടക്കുന്നുണ്ട് തലങ്ങും വിലങ്ങും. പണിക്കാരും നടക്കുന്നുണ്ട്. വീട്ടുടമസ്ഥനും നടക്കുന്നുണ്ട്. ആരും അവിടെ നിശ്ചലാവസ്ഥയിൽ നിൽക്കുന്നില്ല. രംഗം വീട് മേൽക്കൂര കോൺക്രീറ്റാണ്. അതിന്റെ പശ്ചാത്തല സൗകര്യമൊരുക്കലാണ്. അതിന്റെ അങ്കം വെട്ടാണ് നടന്നുകൊണ്ടിരിക്കുന്നത്. 

കോൺക്രീറ്റ് ദിവസം അങ്ങനെയാണ്. പ്രദേശം പൊടിപൂരമായിരിക്കും. ശബ്ദ കോലാഹലത്തിനുള്ളിൽ ഭാഷയെല്ലാം പൊടിഞ്ഞു പോകും. ആര് എന്ത് പറഞ്ഞാലും പരസ്പരം കേൾക്കില്ല.

ചിലർ സിമന്റ്, ചിലർ മെറ്റൽ, ചിലർ മണൽ...സർവ്വരും ഓർഡർ കിട്ടാൻ കാത്തിരിക്കുന്നു. വെള്ളത്തിന്റെ ഇൻ-ചാർജ് മിക്സർ ഓപ്പറേറ്റർക്കാണ്. കൊട്ട-വട്ടി-ചട്ടി-കയ്ക്കോട്ട്. സർവ്വ യുദ്ധസാമഗ്രികളും റെഡി.

concreting-home

ഓപ്പറേറ്റർ മിക്സർമെഷീൻ ആഞ്ഞുകറക്കി സ്റ്റാർട്ടാക്കി ആജ്ഞ കാത്തു. സർവ്വരും യുദ്ധത്തിന് തയ്യാറായി നിന്നു. ഇനിയാണ് യുദ്ധം. വീട്ടുടമസ്ഥൻ ഭക്ഷണകാര്യത്തിൽ വ്യാപൃതനാണ്. അത്യാവശ്യക്കാർക്ക് 'മറ്റ് ചിലതും' കരുതിയിട്ടുണ്ട്. ആ വിവരം രാവിലെ തന്നെ കിങ്കരൻമാർ മുഖേന ചോർന്നതിനാലാവണം പലരുടെയും മുഖം മന്നവേന്ദ്രനെ പോലെ തിളങ്ങുന്നത് എത്ര പൊടിക്കിടയിലും വ്യക്തമായി കാണാം.

concreting-house

എൻജിനീയർ മൂത്ത മേസ്തിരിയെ മാറ്റി വിളിച്ചു. മേസ്തിരി മീശപിരിച്ച് മുണ്ട് കുത്തി എൻജിനീയർക്ക് മുമ്പിൽ ഞെളിഞ്ഞ് നിന്നു.

എൻജിനീയർ ഭവ്യതയോടെ ചോദിച്ചു; എങ്ങനയാ ഇവിടത്തെ മിക്സ്?

ഇവിടൊക്കെ ഒരു ചാക്ക് സിമന്റിന് മൂന്ന് കൊട്ട മണലിടും അഞ്ചു കൊട്ട മെറ്റലിടും.

എന്ത് കണക്കാ മേസ്തിരിയിത്?

ഇവിടൊക്കെ അങ്ങനയാ സാറേ.

"എന്നാലും മിക്സ് എത്രയാണ് പറ മേസ്തിരി "

"ഞാൻ ഇരുപത് കൊല്ലമായി സാറേ ഈ പണി ചെയ്യുന്നു".

മേസ്തിരി തന്റെ പ്രവൃത്തിപരിചയത്തിലേക്ക് കടന്നു.

എൻജിനീയർ വീണ്ടും ചോദിച്ചു

"മിക്സ് എത്രയാന്ന് പറ മേസ്തിരി "

എൻജിനീയർ ചോദിക്കുന്നതിന്റെ ഗുട്ടൻസ് മേസ്തിരിക്ക് മനസിലാകുന്നില്ല.

'വൺ വൺ ആന്റ് ഹാഫ് ത്രീ, വൺ ടൂ ഫോർ' ഇതിലേതാണ് ഈ പ്രദേശത്ത് ചെയ്യുന്നത്.

ഞങ്ങൾക്ക് അതൊന്നും അറിയില്ല, ഞങ്ങളിങ്ങനാ ചെയ്യുന്നത്. ഞങ്ങളങ്ങനയേ ചെയ്യൂ.

എങ്ങനെ?

ഒരു ചാക്ക് സിമന്റ്- മൂന്ന് കൊട്ട മണല്- അഞ്ചു കൊട്ട മെറ്റല്.

എൻജിനീയർക്ക് പതുക്കെ പെരുപ്പ് കയറി. അടിമുടി വിറച്ചു. ഉച്ചത്തിൽ ആജ്ഞാപിച്ചു.

മേസ്തിരീ...മിക്സ് ഞാൻ പറയുന്നതുപോലെ ഇട്ടാൽ മതി.

"എത്ര കൊട്ടയിടണം"

മേസ്തിരി കൊട്ടയിൽ നിന്ന് പുറത്ത് കടക്കുന്നില്ല.

വൺ ടു ഫോർ മിക്സ് കോൺക്രീറ്റ് ആണ് നമുക്ക് വേണ്ടത്. എൻജിനീയർ കനപ്പിച്ചു പറഞ്ഞു. എൻജിനീയർക്ക് മേസ്തിരി പറഞ്ഞ മിക്സ് മനസിലായി. ഇപ്പോൾ കേരളത്തിൽ പലയിടത്തും കാണുന്ന അളവാണത്. അതായത് 1: 1.5:3 എന്നതാണ് മേസ്തിരി പറഞ്ഞതെങ്കിലും മെറ്റലിന്റെ അളവ് കുറച്ച് ഇടുമ്പോൾ കോൺക്രീറ്റിങ് എളുപ്പത്തിലാവും. അതായത് Workability കൂടും. സിമന്റ് കൂടും. വീട്ടുടമസ്ഥന് സന്തോഷമാവും. നല്ല ബലം കിട്ടും എന്നതാണ് സ്ഥിരം സമാധാനം.

cement-house-construction

ഇവിടെ എൻജിനീയർ പറഞ്ഞത് 1: 2:4 മിക്സ് മതിയെന്നാണ്. മേസ്തിരി അന്ധാളിച്ചു.

അപ്പൊ എത്ര കൊട്ടയിടണം?

എൻജിനീയർ കൊട്ടക്കണക്ക് മേസ്തിരിയോട് പറഞ്ഞു. ആ കൊട്ടക്കണക്ക് കിങ്കരൻമാർ മുഖേന ഓപ്പറേറ്ററുടെ ചെവിയിലെത്തിച്ചു. ഓപ്പറേറ്റർ പടയാളികളോട് പറഞ്ഞു. അങ്ങനെ യുദ്ധം തുടങ്ങി. പൊരിഞ്ഞ യുദ്ധം. സിമന്റ് ചാക്കുകളുടെ വയറ് നെടുകെ പിളർന്ന് സിമന്റെടുത്ത് ദൂരേക്കെറിഞ്ഞു. മെറ്റലും മണലും നിറച്ച് കൊട്ടകൾ തലയിലേറ്റി പായുന്ന മറ്റൊരു കൂട്ടർ സജീവം. കോൺക്രീറ്റ് കോരാൻ-ചുമക്കാൻ അങ്ങനെ സർവ്വരും യന്ത്രസമാനമായി ഓടുന്നു.

ഉഗ്രയുദ്ധം തന്നെയായിരുന്നു. കുറച്ച് മണിക്കൂർ മാത്രമേ യുദ്ധം നീണ്ടു നിന്നുള്ളു. എല്ലാം കഴിഞ്ഞു. മിക്സർ മെഷീൻ നിശ്ചലമായി. യുദ്ധഭൂമി ശാന്തമായി. വയറ് പിളർന്ന് മരിച്ചുകിടക്കുന്ന പടയാളികൾ പോലെ സിമന്റ് ചാക്കുകൾ. ഒരാൾ അതിന്റെ എണ്ണമെടുക്കുന്നുണ്ടായിരുന്നു.

എത്ര ചാക്ക് സിമന്റായി ?

എണ്ണം പറഞ്ഞു.

എൻജിനീയറുടെ കണക്കിനേക്കാൾ കൂടുതലാണ്.

ഓപ്പറേറ്ററോട് ചോദിച്ചു

"എങ്ങനയായിരുന്നു കണക്ക് "?

മൂന്ന് കൊട്ട മണല് അഞ്ച് കൊട്ട മെറ്റല്.

അതെന്താ അങ്ങനെ ? ഞാനങ്ങനെയല്ലല്ലോ പറഞ്ഞത് ?

"ഞങ്ങളൊക്കെ അങ്ങനയാ സാറേ ചെയ്യുന്നത് " .

ഇതാണ് കേരളത്തിലെ കോൺക്രീറ്റിന്റെ കൊട്ടക്കണക്ക്.

എന്തായാലും കോൺക്രീറ്റിന് കുഴപ്പമൊന്നും വരില്ലല്ലോ.

'എന്നാലേ ബലം കിട്ടൂ സാറേ' എന്ന അനുബന്ധ വാക്കും മേസ്തിരി പറയും. അതോടെ എല്ലാവർക്കും തൃപ്തിയാവും.

തലേന്ന് ഇതേ എഞ്ചിനീയർ ഇതേ മേസ്തിരിയോട് മറ്റൊരു മല്ലയുദ്ധത്തിലേർപ്പെട്ടതാണ്.

കൺസിൽഡ് ബീം 12 mm കമ്പി കൊണ്ട് ചെയ്യണമെന്ന് മേസ്തിരിയും കൺസിൽസ് ബീം തന്നെ വേണ്ടെന്ന് എൻജിനീയറും.

എന്തിനാ കൺസിൽഡ് ബീം ?

അതും മൂന്ന് മീറ്റർ സ്പാനുള്ള സ്ലാബിൽ ഒരു ഉറപ്പിനാ സാറേ? 

ഞങ്ങൾ എല്ലാടത്തും കൺസീൽഡ് ബീം ചെയ്യാറുണ്ട് സാറേ എന്ന മറ്റൊരു അനുബന്ധം.

"സാറാണ് ആദ്യായിട്ട് അത് വേണ്ടാന്ന് പറയുന്നത് ! "

"ബലം കിട്ടും സാറേ .....!!"

ആ ബലത്തിൽ മേലാണ് നമ്മുടെ കേരളത്തിലെ മിക്കവാറും എല്ലാ നിർമ്മാണ പ്രവർത്തനവും നടക്കുന്നത് എന്നതാണ് തമാശ നിറഞ്ഞ യാഥാർഥ്യം.

****

ലേഖകൻ ഡിസൈനറാണ്.

Mob- 8137076470

English Summary- Some myths in Concreting House in Kerala- Experience

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com