ADVERTISEMENT

കഴിഞ്ഞ വർഷമിറങ്ങിയ 'ഭീമന്റെ വഴി' എന്ന സിനിമ അവതരിപ്പിച്ചത് കേരളത്തിൽ കാലങ്ങളായി നിലനിൽക്കുന്ന വഴിപ്രശ്നമാണ്. വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം തർക്കം ഉണ്ടാകുന്ന മേഖലകളിലൊന്നാണ് വഴി. വഴിപ്രശ്നത്തിന്റെ പേരിൽ നിരവധി അയൽപക്ക ബന്ധങ്ങൾ തകർന്നിട്ടുണ്ട്. അടുത്തിടെയും വഴിപ്രശ്നത്തിന്റെ പേരിൽ ബന്ധുക്കൾ തമ്മിൽ പോരടിക്കുകയും മതിൽ കെട്ടിയടയ്ക്കുകയും ചെയ്ത സംഭവം വാർത്തയായിരുന്നു.

വസ്തുവിലേക്കുള്ള വഴി അളന്ന് തിട്ടപ്പെടുത്തി പ്രമാണം റജിസ്റ്റർ ചെയ്യാത്തതാണ് പ്രശ്നങ്ങൾക്കൊക്കെ കാരണം. വസ്തു വിൽപനയുമായി പൊതുനിരത്തിൽ നിന്ന് നേരിട്ട് പ്രവേശിക്കാനാകാത്ത പ്ലോട്ടുകളുടെ കാര്യത്തിൽ നിലവിലുള്ള സ്വകാര്യവഴി തുടർന്നും ഉപയോഗിക്കാം എന്ന് കരുതുകയോ അല്ലെങ്കിൽ വാക്കാലുള്ള ഉറപ്പിന്മേൽ സ്ഥലം വഴിയായി ഉപയോഗിക്കുകയോ ആണ് മിക്കവരും ചെയ്യുന്നത്. ഈ അനുവാദം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും എന്ന കാര്യം പലരും ഓർക്കാറില്ല. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം നേരിടുകയോ അല്ലെങ്കിൽ വഴി ഇല്ലാത്തതിന്റെ പേരിൽ ബാങ്ക് ലോൺ കിട്ടാതിരിക്കുകയോ ചെയ്യുമ്പോഴാണ് പലർക്കും അബദ്ധം മനസ്സിലാക്കുക.  

ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ വസ്തുവിന്റെ റവന്യൂ വിശദാംശങ്ങൾക്കും അവിടെയുള്ള വീടിന്റെ നമ്പറിനും ഒപ്പം അവിടേക്കുള്ള വഴിയുടെ നീളം, വീതി, അളവ്എന്നിവയും ഉൾപ്പെടുത്തണം. സ്ഥാവര വസ്തുവിന്റെ വിശദീകരണത്തിൽ ‘വഴിനടക്കാനുള്ള അവകാശവും (Right of Way) ഉൾപ്പെടും എന്ന കാര്യം പ്രത്യേകം ഓർക്കണം. വിൽപന കരാർ റജിസ്റ്റർ ചെയ്യാത്ത പക്ഷം വഴിയെപ്പറ്റി യാതൊരു അവകാശവും ഉന്നയിക്കാനാവില്ല എന്നത് വ്യക്തമാണ്. 

പ്ലോട്ടുകളായി തിരിച്ച വസ്തു വാങ്ങുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വഴി തന്നെ പല വീട്ടുകാർ ഉപയോഗിക്കുന്ന സംവിധാനമാണ് ഇവിടെ ഉണ്ടാകുക. ‘സ്വകാര്യ വഴി’ എന്നായിരിക്കും പ്രമാണത്തിൽ രേഖപ്പെടുത്തുക. സ്വകാര്യവഴിയിലുള്ള ഗതാഗത അവകാശം കൃത്യമായി പരാമർശിക്കാത്ത പക്ഷം പിന്നീട് എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ കാര്യങ്ങൾ സങ്കീർണമാകാം. വഴിയിന്മേൽ ഓരോ വീട്ടുകാരനുമുള്ള അവകാശം വിശദമാക്കി പ്രമാണം റജിസ്റ്റർ ചെയ്യുക മാത്രമാണ് പോംവഴി. ഇതിനു പകരം നൂറ് രൂപ പത്രത്തിൽ കരാർ എഴുതി വഴി ഉപയോഗിക്കുന്ന വീട്ടുകാർക്കെല്ലാം  നൽകുകയാണ് പലരും ചെയ്യുന്നത്. ഇതിന് നിയമസാധുതയില്ല എന്ന കാര്യം ഓർക്കണം.  പ്രമാണം റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് വസ്തുവും വഴിയും അളന്ന് തിട്ടപ്പെടുത്തണം. അളന്ന് തിട്ടപ്പെടുത്തിയ വസ്തുവിന് മാത്രം പണം നൽകുക.

English Summary- Road towards plot Disputes- What Law Says- Expert talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com