ADVERTISEMENT

'വിയർപ്പിന്റെ മണമുള്ള വീട്'- പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ 65 കാരനായ വിക്രമൻ പിള്ളയും 58 വയസുള്ള ഭാര്യ മണിയും പണിതുയർത്തിയ ഈ വീടിന് ഇതിനേക്കാൾ നല്ലൊരു വിശേഷണം കാണില്ല.  പ്രതിസന്ധികളിൽ തളരാതെ അധ്വാനവും മനക്കട്ടിയും കൊണ്ട് സ്വന്തമായി പണിതുയർത്തിയ വീടിന്റെ കഥ ഇരുവരും പറയുന്നു.

ഞങ്ങൾ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. മക്കളില്ല. സ്വന്തമായി ഒരു കിടപ്പാടം വേണമെന്ന ആഗ്രഹത്തിനായി വർഷങ്ങളായി ഓഫിസുകൾ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം. ഒടുവിൽ പത്തനംതിട്ട കലക്ടറുടെ നിർദേശപ്രകാരമാണ് ലൈഫ് പദ്ധതിയിൽ ഭൂരഹിത ഭവനരഹിതർക്കു വസ്തു വാങ്ങി വീട് വയ്ക്കുന്ന പദ്ധതിയിൽ ഞങ്ങളെ ഉൾപ്പെടുത്തിയത്. വസ്തുവിന് 2 ലക്ഷം രൂപയും വീടിന് 4 ലക്ഷം രൂപയുമാണ് പദ്ധതിയിൽ അനുവദിച്ചത്. പക്ഷേ  വസ്തുവിന് തന്നെ മൂന്നേകാൽ ലക്ഷമായി. അധികം ചെലവായ ഒന്നേകാൽ ലക്ഷം രൂപയ്ക്കു വേണ്ടി ഞാൻ ഭാര്യയുടെ ആകെയുണ്ടായിരുന്ന മാലവിറ്റു.

kalanjoor-veedu-JPG

നിർമാണസാമഗ്രികൾക്ക് തീവിലയുള്ള ഈ കാലത്ത്  4 ലക്ഷം കൊണ്ട് വീട് പൂർത്തിയാകില്ലെന്ന തിരിച്ചറിവിലാണ് പണിക്കാരെ വയ്ക്കാതെ ഞാനും ഭാര്യയും ചേർന്ന് വീട് പണിയാനിറങ്ങിയത്. 40 വർഷം മേസ്തിരിപ്പണി ചെയ്തതിന്റെ ആത്മവിശ്വാസമായിരുന്നു എന്റെ ആകെയുള്ള കൈമുതൽ. ഭാര്യയ്ക്കാണെങ്കിൽ തൊഴിലുറപ്പിനു പോയുള്ള അനുഭവം മാത്രമേയുള്ളൂ. എങ്കിലും അവൾ എനിക്ക് പിൻബലമായി നിന്നു.

വാനമെടുപ്പ് മുതൽ വാർപ്പുവരെ ഞങ്ങൾ രണ്ടുപേരും ചേർന്നാണ്  ചെയ്തതെന്ന് പറഞ്ഞിട്ടും പലരും ഇപ്പോഴും വിശ്വസിക്കുന്നില്ല. 6 മാസമെടുത്താണ് വീടിന്റെ ഇപ്പോഴുള്ള  സ്ട്രക്ചർ ഞങ്ങൾ കെട്ടി ഉയർത്തിയത്. 4 ദിവസം എടുത്താണ് വാർപ്പ് പൂർത്തിയാക്കിയത്. രണ്ടു കിടപ്പുമുറി, ബാത്റൂം, ഹാൾ, അടുക്കള എന്നിവയാണ് പ്ലാനിൽ ഉണ്ടായിരുന്നത്. ഞങ്ങൾക്ക് ഒരു സിറ്റൗട്ട് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ അതും കൂട്ടിച്ചേർത്തു. മൊത്തം വീട്  420 സ്ക്വയർഫീറ്റുണ്ട്. 

kalanjoor-veedu-hall

സമീപത്തൊന്നും വീടോ കിണറോ ഇല്ലാത്തതുകൊണ്ട് മഴവെള്ളത്തെ ആശ്രയിച്ചായിരുന്നു പണി പുരോഗമിച്ചത്. ഇതിനായി സെപ്റ്റിക് ടാങ്കിനായി തയാറാക്കിയ കുഴിയിൽ മഴവെള്ളം ശേഖരിച്ചു. നിർമാണ സാമഗ്രികൾ ഉയരത്തിൽ എത്തിക്കാൻ തടി ഏണിയിൽ കപ്പി കെട്ടി സംവിധാനം ഒരുക്കി.

kalanjoor-veedu-view-JPG

സ്വപ്നഭവനത്തിലേക്കുള്ള യാത്ര പകുതി പിന്നിട്ട ഇവർക്ക് ഇനി വേണ്ടത് സുമനസ്സുകളുടെ കൈത്താങ്ങാണ്. ഇനിയും തേപ്പ്, ഇലക്ട്രിക്കൽ, പ്ലമിങ്, ഫ്ളോറിങ് അടക്കം ധാരാളം ഫർണിഷിങ് പണികൾ ബാക്കിയുണ്ട്. ഇവർക്ക് നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. സുമനസ്സുകൾ സഹായിച്ചാൽ കുറച്ചുമാസങ്ങൾക്കുള്ളിൽ ഇവർക്ക് സ്വന്തം വീടിന്റെ സ്നേഹത്തണലിൽ അന്തിയുറങ്ങാനാകും. ചുരുക്കത്തിൽ പ്രതിസന്ധികളെ അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ മറികടക്കാമെന്ന് തെളിയിക്കുകയാണ് ഈ ദമ്പതികൾ.

kalanjoor-couples-JPG

സുമനസ്സുകൾക്ക് സഹായിക്കാം👇

VIKRAMAN PILLAI

Ac.No: 3391998792

IFSC: CBIN0282065

Central Bank of India Kalanjoor

Phone: 7012522039

English Summary- Owners Self Built House- 4 Lakh House- Inspiration Life Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com