പഴയ മലയാളി കുടുംബം vs പുതിയ മലയാളി കുടുംബം; എന്തൊരു മാറ്റം!

2173215851
Representative shutterstock © Jithesh Sundar
SHARE

ഓരോ വീടും ഇങ്ങനെയൊക്കെയാണ്...

1. പഴയ അമ്മയും പുതിയ അമ്മയും 

പഴയ അമ്മമാരും പുതിയ അമ്മമാരും തമ്മില്‍ കുറെ വ്യത്യാസങ്ങളുണ്ട്. പഴയ അമ്മയായിരിക്കും ഒരു വീട്ടില്‍ ആദ്യം എഴുന്നേല്‍ക്കുന്നതും  എല്ലാവരും ഉറങ്ങിയ ശേഷം ഉറങ്ങുന്നതും. ആ അമ്മയ്ക്ക് നേരം പുലരുന്നതുമുതൽ പിടിപ്പതു പണിയായിരിക്കും. മുറ്റമടിക്കണം, ഭക്ഷണം ഉണ്ടാക്കണം, അടുപ്പില്‍ ഊതണം, വിറക് ഉണ്ടാക്കണം, നിലം തുടക്കണം, അലക്കണം, ഇസ്തിരിയിടണം, ഇടിക്കണം, അരയ്ക്കണം , പൊടിക്കണം, വെള്ളം കോരണം, തൂത്തുവാരണം, അങ്ങനെ തീരാത്ത പണികള്‍...ഒന്ന് കഴിഞ്ഞു മറ്റൊന്ന്.. നടുനിവര്‍ത്താന്‍ നേരമില്ല.

ഇന്നത്തെ അമ്മമാര്‍ക്ക് ഭക്ഷണം സ്വയം ഉണ്ടാക്കണ്ട; കുക്കര്‍ ചെയ്തോളും. മുറ്റം അടിക്കേണ്ട; മുറ്റത്തു കട്ട പതിച്ചതാണ്. അടുപ്പില്‍ ഊതണ്ട ; 'ടക്' എന്ന ശബ്ദത്തില്‍ ഒന്ന് പൊട്ടിച്ചാല്‍ മതി. ഗ്യാസ് അടുപ്പ് കത്തുകയായി. അരയ്ക്കണ്ട; അത് മിക്സി ചെയ്തോളും. പൊടിക്കേണ്ട ; അത് ഗ്രൈണ്ടര്‍ ചെയ്തോളും. വെള്ളം കോരേണ്ട; അത് മോട്ടോര്‍ ചെയ്തോളും. നിലം തുടക്കേണ്ട; അത് വേലക്കാരി അമ്മിണി ചെയ്തോളും. അലക്കേണ്ട; അത് വാഷിങ് മെഷീന്‍ ചെയ്തോളും. താനും തുല്യമായി പരിഗണിക്കപ്പെടേണ്ട ഒരു മനുഷ്യജീവിയാണെന്നും കുടുംബത്തിനുവേണ്ടി മെഴുകുതിരി പോലെ എരിഞ്ഞുതീരേണ്ട ഒന്നല്ല തന്റെ ജീവിതമെന്നും പുതിയകാല അമ്മമാർ തിരിച്ചറിയുന്നു. നല്ലകാര്യം...

2. പഴയ അച്ഛനും പുതിയ അച്ഛനും 

malayali-cooking
Shutterstock © DGLimages

പഴയ അച്ഛന്മാര്‍ എല്ലാ നിലയ്ക്കും കുടുംബനാഥന്‍ ആയിരുന്നു . വീട്ടിലെ അവസാന വാക്ക് അച്ഛന്റെത് മാത്രം. ഭാര്യക്കോ മക്കള്‍ക്കോ കാര്യമായ വോയ്സ് ഒന്നുമില്ല. മിക്ക അച്ഛന്മാരെയും മക്കള്‍ക്ക്‌ പേടിയായിരുന്നു. അച്ഛനെ അവിടെ കാണുമ്പോള്‍ ഇവിടെ മാറും മക്കള്‍. അച്ഛനോട് നേരിട്ട് കാര്യങ്ങള്‍ പറയാന്‍ പറ്റില്ലായിരുന്നു മിക്ക മക്കള്‍ക്കും. അമ്മ മുഖേനയാണ് ആവശ്യങ്ങള്‍ അച്ഛനില്‍ എത്തിച്ചിരുന്നത്.

അച്ഛന്‍ വീട്ടിലുണ്ടെങ്കില്‍ വീട് ശാന്തമായിരിക്കും. ഒരു ഹെഡ്മാഷുടെ റോളിലും കൂടിയായിരുന്നു അച്ഛന്‍. മിക്ക വീടുകളിലും അച്ഛന്‍ നരിയും അമ്മ പൂച്ചയും ആയിരിക്കും. വല്ല വഴക്കോ വക്കാണമോ ഉണ്ടായാല്‍ അച്ഛന്റെ ശബ്ദം ഉയരും. അമ്മ മിണ്ടാതെ നില്‍ക്കും. ഒരൊഴിഞ്ഞ കോണില്‍ കണ്ണീരൊഴുക്കി സങ്കടപ്പെടും. മറുത്തൊന്നും പറയില്ല. അച്ഛന്റെ ഒരു നിഴലായി അമ്മ ഓടി നടക്കും. സ്വന്തം കാര്യങ്ങള്‍ ഒക്കെ മറക്കും . 

അച്ഛന്‍ വലിയ ദേഷ്യക്കാരന്‍ ആവും. പുറത്തു നിന്ന് വരുമ്പോള്‍ ഉമ്മറത്ത്‌ കിണ്ടിയില്‍ വെള്ളം കണ്ടില്ലെങ്കില്‍ ഒച്ചയിടും. വാതില്‍ തുറക്കാന്‍ അല്പം വൈകിയാല്‍ അമ്മയെ ശകാരിക്കും. ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ പോലും അടുത്തടുത്തു ഇരിക്കില്ല. ബസ്സില്‍ അമ്മ മുമ്പില്‍ കേറും. അച്ഛന്‍ പിന്നിലും. കുട്ടികളെ ഒക്കത്തും കൈയ്യിലും അമ്മ തന്നെ പിടിച്ചിട്ടുണ്ടാവും. അച്ഛന്‍ കുട്ടിയെ എടുത്തു നടക്കുന്നത് അപൂര്‍വ്വം.

അമ്മയെ ബാധിക്കുന്ന വിഷയങ്ങളില്‍ പോലും അച്ഛന്റെ തീരുമാനം ആവും അവസാന വാക്ക്. പ്രസവം / ഗര്‍ഭധാരണം പോലെയുള്ള കാര്യങ്ങളില്‍ പോലും അമ്മയ്ക്ക് മൗനം പാലിക്കാനേ പറ്റൂ. അച്ഛന്റെ അമ്മ / സഹോദരി / ഇവരുടെ ക്രൂരതകള്‍ എല്ലാം അമ്മ സഹിക്കും. അച്ഛനോട് പറയില്ല. പറഞ്ഞാലും ഫലം ഇല്ല എന്ന് അമ്മയ്ക്ക് അറിയാം. അച്ഛനും അമ്മയും ഒന്നിച്ചു ഭക്ഷണം കഴിക്കില്ല. വീട്ടില്‍ മറ്റെല്ലാവരും കഴിച്ചിട്ടേ അമ്മയ്ക്ക് കഴിക്കാന്‍ പറ്റൂ. ചുരുക്കത്തില്‍ അമ്മ വെറും ഒരു ഉപകരണം മാത്രം. അച്ഛന്റെ നിഴല്‍.

പുതിയ അച്ഛന്‍ ഏറെ വ്യത്യസ്തനാണ്.

പഴയ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി പല വീടുകളിലും അമ്മ പുലിയും അച്ഛന്‍ എലിയും ആണ്. കുടുംബനാഥനുള്ള അത്ര പ്രാധാന്യം കുടുംബ നാഥയ്ക്കും ഉണ്ട്. ഭാര്യയുടെയും മക്കളുടെയും അഭിപ്രായം ആരായാതെ സ്വന്തം ഇഷ്ടപ്രകാരം അച്ഛന്‍ ഒന്നും നടപ്പാക്കില്ല. അച്ഛനും അമ്മയും സുഹൃത്തുക്കളെ പോലെയാണ് 

മക്കൾക്ക്‌ അച്ഛനെ പേടിയില്ല. തോളില്‍ കയ്യിട്ടു നടക്കാം. ഒന്നിച്ചിരുന്നു സംസാരിക്കാം. പൊട്ടിച്ചിരിക്കാം. അച്ഛന്‍ ഉണ്ടെങ്കില്‍ വീട് ഉണരും. ബഹളം ഉണ്ടാകും. അച്ഛന്‍ ഇല്ലെങ്കില്‍ ആണ് വീട് ഉറങ്ങുക. അച്ഛനോട് എന്തും പറയാന്‍ മക്കള്‍ക്ക്‌ ഒരു പ്രയാസവും ഇല്ല. എന്തും തുറന്നു പറയാം. തമാശ പോലും പറയാം. ഒന്നിച്ചിരുന്നു സിനിമ കാണാം. അച്ഛനും മക്കളും ഒന്നിച്ചിരുന്നു മദ്യപിക്കുന്ന വീടുകള്‍ പോലുമുണ്ട്. 

അച്ഛനും അമ്മയും വഴക്ക് കൂടുമ്പോള്‍ രണ്ടു പേരും ഒരു പോലെ ഒച്ചയിടും. രണ്ടാളും ചൂടാകും. പറയാനുള്ളത് രണ്ടു പേരും പറയും . ഒന്നിച്ചു ഒരു സീറ്റിലിരുന്നു യാത്ര ചെയ്യും. ഒന്നിച്ചു ഭക്ഷണം കഴിക്കും .യാത്രക്കിടയില്‍ കുട്ടിയെ എടുക്കുന്നത് അച്ഛന്‍ ആയിരിക്കും. അമ്മ ചിലപ്പോള്‍ ബാഗും തൂക്കി നടക്കും. വേണമെങ്കില്‍ അമ്മയുടെ ബാഗ് അടക്കം അച്ഛന്‍ എടുത്തു തോളിലിട്ടു കൂടെ നടക്കും! അച്ഛന്റെ അമ്മ / സഹോദരി / തുടങ്ങിയവരുടെ 'വിളയല്‍' ഒന്നും ഇക്കാലത്ത് അമ്മയുടെ അടുത്ത് വിലപ്പോവില്ല .

പഴയ അച്ഛന്‍ അടുക്കളയിലേക്ക് അധികം പോവില്ല. പുതിയ അച്ഛന്‍ ചിലപ്പോഴൊക്കെ അമ്മയെ സഹായിക്കാന്‍ അടുക്കളയില്‍ ചെല്ലും . ഏറ്റവും പുതിയ അച്ഛന്മാര്‍ സീരിയല്‍ സമയം കഴിയും വരെ അങ്ങാടിയില്‍ തന്നെ ഇരിക്കും . അതിനു മാത്രം വിശാലഹൃദയരും ഉണ്ട് ! അമ്മയെ 'പേടിയുള്ള' അച്ഛന്മാരും 'ഒണ്ട്' . മെല്ലെ മെല്ലെ 'പഴയ അമ്മ'യുടെ സ്ഥാനത്തേക്ക് 'പുതിയ അച്ഛനും' 'പഴയ അച്ഛന്റെ 'സ്ഥാനത്തേക്ക് 'പുതിയ അമ്മയും' മാറുന്നുണ്ടോ എന്ന ഒരു ചോദ്യത്തോടെ ഈ അച്ഛനും അമ്മയും താരതമ്യം അവസാനിപ്പിക്കുന്നു .

3. പഴയ മക്കളും പുതിയ മക്കളും

malayali-family
shutterstok ©StockImageFactory.com

മക്കളിലുമുണ്ട് മാറ്റങ്ങൾ. പഴയ മക്കൾക്ക് രക്ഷിതാക്കളെ പേടിയായിരുന്നു. പുതിയ മക്കളെ രക്ഷിതാക്കൾക്ക് പേടിയാണ്. പഴയ മക്കൾ രാത്രിയിൽ നേരത്തെ കിടക്കുമായിരുന്നു. മക്കൾ കിടന്നിട്ടേ രക്ഷിതാക്കൾ കിടക്കൂ. ഇന്നത്തെ മക്കൾ രക്ഷിതാക്കൾ ഉറങ്ങിയിട്ടേ ഉറങ്ങൂ. മക്കളുടെ റൂമിൽ പാതിരാക്കും വെളിച്ചം കാണാം. പഴയ മക്കൾ ഒരുമിച്ച് ഒരു പായയിൽ കിടന്നിരുന്നു. ഇന്ന് ഓരോരുത്തർക്കും ഓരോ റൂമാണ്. അങ്ങോട്ടും ഇങ്ങോട്ടും പ്രവേശനമില്ല.

മുമ്പ് മക്കൾക്ക് വീട്ടിൽ വലിയ വോയ്സ് ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് മക്കളുടെ വോയ്സിനിടയിൽ രക്ഷിതാക്കളുടെ വോയ്സ് മുങ്ങിപ്പോവുന്നു. മുമ്പ് രക്ഷിതാക്കളുടെ ഇഷ്ടമായിരുന്നു മക്കളുടെ ഇഷ്ടം. ഇന്ന് നേരെ തിരിച്ചാണ്. പണ്ട് കുടുംബനാഥന്റെ മെനു ആയിരുന്നു വീട്ടിലെ മെനു. ഇപ്പോൾ മക്കളുടെ മെനുവാണ്. പണ്ട് രക്ഷിതാക്കൾ ശാസിച്ചാൽ മക്കൾ റൂമിൽ പോയി കരയും. ഇപ്പോൾ ശാസിച്ചാൽ ചിലപ്പോൾ ജീവൻ കളയും....!

മികച്ച വീടുകൾ ഒറ്റക്ലിക്കിൽ

English Summary- Changes in Malayali Family House Relationships- A Comparison

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS