'എല്ലാവരെയും തൃപ്തിപ്പെടുത്തി ഒന്നും ചെയ്യാൻ കഴിയില്ല'; അനുഭവം
Mail This Article
വീട് എന്നല്ല, ഏതൊരു കാര്യമായാലും എല്ലാവരേയും ഒരേപോലെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സംഗതിയും ആർക്കും ചെയ്യാൻ സാധിക്കില്ല. ഒരനുഭവം ഓർക്കുന്നു: കൂട്ടുകാരോടൊത്ത് ചാവക്കാട് to കൊടുങ്ങല്ലൂർ യാത്രയ്ക്കിടെ ഹൈവെയിൽ നിന്ന് അൽപം ഉള്ളിലായി മനോഹരമായ ഒരു വീട് കാണാൻ ഇടവന്നു.
വീടിന്റെ ശിൽപഭംഗികൊണ്ടു മാത്രമല്ല ആ വീട് മനോഹരമാകുന്നത്. വിശാലമായ മുറ്റവും, മുറ്റത്തിന്റെ ഇരുവശങ്ങളിലായി കായ്ച്ചു നിൽക്കുന്ന പല തരത്തിലുള്ള ബോൺസായ് പഴവൃക്ഷങ്ങളും, അടുക്കും ചിട്ടയോടേയും ഭംഗിയായി നട്ടുപിടിപ്പിച്ച മനോഹരമായ പൂച്ചെടികൾ നിറഞ്ഞുനിൽക്കുന്ന പൂന്തോട്ടവുമൊക്കെയാണ് ആ വീടിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നത്.
വീടിന്റെ നിർമ്മാണത്തിന് വലിയ തുകയൊന്നും ചെലവ് വന്നിട്ടില്ല. ഏകദേശം 2000/2200 Sqft യിൽ ഒതുക്കുന്ന ലളിതമായൊരു വീട്. പക്ഷേ , പൂന്തോട്ട നിർമ്മാണത്തിൽ വീട്ടുടമ ഒട്ടും പിശുക്ക് കാണിച്ചിട്ടില്ല എന്നതാണ് ഹൈലൈറ്റ്. (ഭംഗിയും വൃത്തിയുമുളള വീടും പരിസരവും കണ്ടാൽ അവിടെയൊന്നു കയറി വിശദമായി കാണുക എന്നത് എന്റെ പണ്ടേയുള്ളൊരു വീക്നെസ്സാണ്.....)
ഞങ്ങൾ വാഹനം തിരിച്ചു ആ വീടും പരിസരവും വിസ്തരിച്ചൊന്നു കാണുകയും ചെയ്തു. പൂന്തോട്ടവും പ്ലാന്റുകളും പരിപാലിക്കുന്നത് വീട്ടുടമയുടെ സഹധർമ്മിണിയും മക്കളും തന്നെയാണ്. ഒട്ടുമിക്ക പഴമരങ്ങളും മലേഷ്യൻ ഫ്രൂട്ട്സുകളാണ്. കൂട്ടത്തിൽ വേറേയും വിദേശികളുണ്ട്.
പിന്നീടുള്ള യാത്രയിൽ ഈ വീടിന്റെ മനോഹാരിതയെക്കുറിച്ചും അവിടത്തെ ചെടികളുടെ സംരക്ഷണത്തെക്കുറിച്ചുമായിരുന്നു ഞങ്ങളുടെ ചർച്ച. ചർച്ചയ്ക്കിടെ കൂട്ടത്തിലുള്ള ഒരുവനുമാത്രം ആ വീടും പരിസരവും ഒട്ടും ബോധിച്ചിട്ടില്ല. അവന്റെ കണ്ണിൽ അതല്ലാം ആർഭാടവും അഹങ്കാരവുമായിട്ടാണ് ഫീൽ ചെയ്തത്.
വീടിനെ കുറിച്ച് അവന്റേതായ അഭിപ്രായം: "ആ വീട് പൊളിക്കേണ്ടി വന്നാൽ വീട്ടുടമ വല്ലാതെ പ്രയാസപ്പെടും...." എന്നതായിരുന്നു. (വീട് എങ്ങനെ പൊളിക്കും എന്നതിനെ കുറിച്ചായിരുന്നു പുള്ളിയുടെ ചിന്ത എന്ന് തോന്നുന്നു)
പറഞ്ഞു വരുന്നത്:
എത്ര മനോഹരമായ നിർമിതികൾ കണ്ടാലും ചിലരുടെ കണ്ണിനും മനസ്സിനും അത് സന്തോഷത്തോടെ സ്വീകരിക്കാൻ വലിയ പ്രയാസമാണ്. അത്തരക്കാരുടെ നാവിൽനിന്നും അഭിപ്രായമായി എപ്പോഴും പുറത്തേക്ക് വരുന്നത് 'വികട സരസ്വതി'യായിരിക്കും. മറ്റുള്ളവർ നമ്മളുമായി സന്തോഷത്തോടെ പങ്കുവയ്ക്കുന്ന സ്വപ്നഭവന പോസ്റ്റിന് താഴെ "മനോഹരം, സുന്ദരം, ബ്യൂട്ടിഫുൾ...." എന്നൊക്കെ രണ്ടുവാക്ക് എഴുതിവിടുമ്പോൾ അത് പോസ്റ്റു ചെയ്തവരിലും വായിക്കുന്നവരിലും (നമുക്കുള്ളിലും) ഉണ്ടാകുന്ന സന്തോഷം ഒന്നുവേറെതന്നെയാണ്!
English Summary- Importance of Appreciating Good Houses- Experience