ADVERTISEMENT

"മുറ്റത്ത് ഇന്റർലോക്ക് കട്ടയിട്ടാൽ മഴെവെള്ളം ഭൂമിയിലേക്ക് ഇറങ്ങുകില്ല..."എന്ന് ചിലർ പറയുന്നു. "മുറ്റത്ത് പെയ്യുന്ന മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ ഇന്റർലോക്ക് കട്ടകൾ ഇടുന്നതാണ് ഏറ്റവും നല്ലത്.." എന്ന് മറ്റു ചിലരും പറയുന്നു. ഇതിൽ ഏതാണ് ശരി? ഈ വിഷയത്തിലെ എന്റെ അറിവും അനുഭവവും വച്ചുകൊണ്ടു പറഞ്ഞാൽ, രണ്ടു കൂട്ടർ പറയുന്നതിലും ശരിയുമുണ്ട്, തെറ്റുമുണ്ട്.

ഇന്റർലോക്ക് എന്നാൽ 'അന്യോന്യം കോർക്കുക, 'പരസ്പരം കൂട്ടിക്കൊളുത്തുക' എന്നൊക്കെയാണ് അർഥം എന്നത് എല്ലാവർക്കും അറിയാം. പരസ്പരം കൂട്ടികൊളുത്തി മുറ്റത്ത് ഉറപ്പിക്കുന്ന ഇന്റെർലോക്ക് ബ്ലോക്കുകളുടെ സ്വഭാവത്തെ കുറിച്ചും കട്ടകൾ ഇടുന്നതിന്റെ വ്യത്യസ്തമായ രീതികളെ കുറിച്ചും അതിലെ ഗുണ-ദോഷങ്ങളെ കുറിച്ചും പലർക്കും ശരിയായ ധാരണയുണ്ടാകണമെന്നില്ല.

ഇന്റർലോക്ക് കട്ടകൾ പല വലുപ്പത്തിലും, പല ആകൃതിയിലും, പലവിധ കനത്തിലുള്ളതുമുണ്ട്. അവരവരുടെ താൽപര്യത്തിനനുസരിച്ച് പല രീതിയിലും പല ഡിസൈനിലും കട്ടകൾ ഫിക്സ് ചെയ്യുമെങ്കിലും പ്രധാനമായും രണ്ടു രീതിയിലാണ് ഈ കട്ടകൾ മുറ്റത്ത് പിടിപ്പിക്കുന്നത്. മുറ്റത്തെ പുല്ലും മറ്റും പിഴുതുമാറ്റി മുറ്റം ലെവൽ ചെയ്ത് നല്ലവണ്ണം ഉറപ്പിക്കുന്നു. അതിനുശേഷം ക്വാറിപ്പൊടിയോ എം സാൻന്റോ (M-Sand) ഇട്ട് ദൃഢമാക്കുന്നു. പിന്നീട് അതിന്മേൽ കട്ടകൾ (പരസ്പരം ലോക്കായി) പിടിപ്പിക്കുന്നു. ശേഷം 'പ്ലേറ്റ് കോംപാക്റ്റർ' (plate compactor) കൊണ്ട് നല്ലതുപോലെ അമർത്തി അതിനുശേഷം കട്ടകൾക്കുമുകളിൽ വീണ്ടും ക്വാറിപ്പൊടിയോ എംസാൻന്റോ ഇട്ട് കട്ടകളുടെ വിടവുകൾ ഭംഗിയായി അടക്കുന്നു. ഇതാണ് കട്ടകൾ പിടിപ്പിക്കുന്ന ഒരു രീതി.

ഇങ്ങനെ ഫിക്സ് ചെയ്യുന്ന കട്ടകളുടെ വിടവുകളെല്ലാം അടഞ്ഞു കിടക്കുന്നതുമൂലം വെള്ളം സുഗമമായി താഴേക്ക് ഇറങ്ങാൻ പ്രയാസമാണ്. ശക്തിയായ മഴ പെയ്താൽ വെള്ളം താഴേക്ക് ഇറങ്ങുന്നതിനു മുൻപു തന്നെ പുറമേക്ക് ഒലിച്ചു പോകും ചെയ്യുന്നു. ഇങ്ങനെ കട്ടയിട്ടിട്ടുള്ളവരാണ് ''കട്ടയിട്ടാൽ വെള്ളം താഴേക്ക് ഇറങ്ങില്ല' എന്ന് പറയുന്നവർ.

ബ്ലോക്ക് ഫിക്സ് ചെയ്യുന്ന മറ്റൊരു രീതി:

മുകളിൽ പറഞ്ഞതുപോലെ, മുറ്റം ലെവൽ ചെയ്ത് ഉറപ്പിക്കുന്നു. അതിനുമുകളിൽ ആവശ്യാനുസരണം ബേബി മെറ്റൽ (മിനി മെറ്റൽ) ഇട്ടതിനുശേഷം 'പ്ലേറ്റ് കോംപാക്റ്റർ' കൊണ്ട് മെറ്റൽ നന്നായി ഉറപ്പിക്കുന്നു. അതിനുശേഷം കട്ടകൾ പരസ്പരം ലോക്ക് ചെയ്ത് പിടിപ്പിക്കുന്നു. ഈ കട്ടകൾ പോളിഷ് ചെയ്ത് ഭംഗിയാക്കുന്നു.

ഈ രീതിയിൽ ഇടുന്ന കട്ടകളുടെ വിടവുകൾ അടയുന്നില്ല. അത് തുറന്നുതന്നെ കിടക്കും. കട്ടകളുടെ പാത്തികളിൽ ഒന്നിനുമുകളിൽ ഒന്നായി (വീടിനു മുകളിൽ ഓടുകൾ പാകുന്നതുപോലെ) കട്ടകൾ ഇരിക്കുന്നതുകൊണ്ട് കട്ടകളുടെ സൂക്ഷ്മമായ വിടവുകൾ പ്രത്യക്ഷമായി കാണുകയുമില്ല. ഈ വിടവുകളിലൂടെ മഴവെള്ളം സുഗമമായി താഴേക്ക് ഇറങ്ങുകയും ചെയ്യും. കട്ടകൾക്കടിയിൽ മിനി മെറ്റൽ ധാരാളം ഉള്ളതുകൊണ്ടുതന്നെ മഴവെള്ളം മണ്ണിലേക്കിറങ്ങാൻ ഒട്ടും പ്രയാസം നേരിടുന്നില്ല.

എന്നുമാത്രമല്ല, വെള്ളം ഒട്ടും പുറമേക്ക് ഒലിച്ചു പോകാതെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നു. ഇന്റർലോക്ക് കട്ടകൾ ഇടുന്നതിലെ നല്ല രീതി ഇതാണ്. (മഴവെള്ളത്തിലൂടെ മണ്ണും ചളിയും വന്ന് കട്ടകളുടെ വിടവുകൾ അടയാതെ നോക്കണം..)

'കട്ടകൾ ഇട്ടാൽ മഴവെള്ളം താഴേക്ക് ഇറങ്ങുകില്ല...' എന്ന് ചിലർ പറയുന്നതിന്റെയും, 'മഴവെള്ളം ഒലിച്ചു പോകാതെ ഭൂമിയിലേക്കിറങ്ങാൻ ഏറ്റവും നല്ലത് മുറ്റത്ത് കട്ട ഇടുന്നതാണ്...' എന്ന് മറ്റു ചിലർ  പറയുന്നതിന്റെയും പിന്നിലെ കാര്യം ഇതാണ്!

എട്ട് വർഷത്തോളം എന്റെ വീട്ടുമുറ്റത്ത് ബേബി മെറ്റൽ ഇട്ടിരുന്നു. കുറച്ചുവർഷം വർഷം മുൻപാണ് മെറ്റൽ മാറ്റി മുറ്റം ഇന്റർലോക് ചെയ്തത്. മുറ്റത്ത് പെയ്യുന്ന മഴവെള്ളം ഒലിച്ചുപോയി നഷ്ടപ്പെടുന്നു എന്ന് കണ്ടപ്പോൾ ആ വെള്ളത്തെ സംരക്ഷിക്കാൻ കൂടിയാണ് ഞാൻ മുറ്റത്ത് ഇന്റർലോക് ഇട്ടത്. നിലം ശരിപ്പെടുത്തിയതിന് ശേഷം ആവശ്യാനുസരണം ബേബി മെറ്റലിട്ട് (മിനി മെറ്റൽ) കട്ടകൾ ചുമ്മാ ലോക്ക് ചെയ്ത് പിടിച്ചാൽ മഴവെള്ളം ഒരു തുള്ളിപോലും ഒലിച്ചു പോകുകയില്ല. 

മുറ്റത്ത് കടപ്പ പോലുള്ള കല്ലുകൾ പതിപ്പിച്ച് അതിന്റെ ഗ്യാപ്പുകളിൽ പുല്ല് പിടിപ്പിക്കുന്ന രീതികളുണ്ട്. അത്തരം രീതികൾ മഴവെള്ളം ഭൂമിയിലേക്കിറങ്ങാൻ തടസ്സമാണ്. മഴവെള്ളം നമ്മുടെ മണ്ണിൽ തന്നെ താഴേക്കിറങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല രീതി ഞാൻ ആദ്യം പറഞ്ഞിട്ടുള്ള, മിനി മെറ്റലിൽ ഇന്റർലോക് ചുമ്മാ ലോക്ക് ചെയ്തുവയ്ക്കുന്ന രീതിയാണ്. അടിയിൽ ഇടുന്ന മെറ്റലിന്റെ അളവ് അൽപം കൂടിയാലും ഒട്ടും കുറവ് വരുത്താതിരിക്കാൻ ശ്രദ്ധിക്കണം!

English Summary- Interlocking Landscape-some Myths and Facts- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com