21-ാം വയസ്സിൽ വിദേശത്തു പോകുകയും, 26-ാം വയസ്സിൽ കടങ്ങളില്ലാതെ വീട് വയ്ക്കുകയും, 27-ാം വയസ്സിൽ ഗൾഫ് മതിയാക്കി നാട്ടിൽ സെറ്റിൽ ആകുകയും ചെയ്ത ഒരാളുടെ അനുഭവകഥ അടുത്തിടെ സോഷ്യൽമീഡിയയിൽ വായിച്ചു. അദ്ദേഹം '21 വയസ്സിൽ പ്രവാസിയായതൊ, 26 വയസ്സിൽ കടങ്ങളില്ലാതെ വീട് വച്ചതൊ', ഒന്നും പ്രവാസിയായ എനിക്ക് അദ്‌ഭുതമായി തോന്നിയില്ല. പക്ഷേ, 27 വയസ്സിൽ പ്രവാസം മതിയാക്കി നാട്ടിൽ സെറ്റിൽ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് എന്നെ ഏറെ അദ്‌ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. അതിന് കാരണമുണ്ട്:
***
നാട്ടിൽ ജോലി ചെയ്തുകൊണ്ട് വീട് പണിയുന്നവർ കുറവല്ല. എങ്കിലും, വീട് വയ്ക്കാൻ വേണ്ടി പ്രവാസി ആയവരും, പ്രവാസി ആയതിന് ശേഷം മാത്രം വീട് വയ്ക്കാൻ സാധിച്ചവരുമാണ് മലയാളികളിൽ അധികവും എന്നാണ് എന്റെ നിഗമനം. (ഇപ്പോഴും അതിന് സാധിക്കാത്ത പ്രവാസികളും ഉണ്ട്...)
സ്വദേശത്തായാലും വിദേശത്തായാലും ജോലിയും ഉത്തരവാദിത്വ ബോധമുള്ളവരും എങ്ങനെയെങ്കിലും കഷ്ടപ്പെട്ടുകൊണ്ട് അവരുടെ 'വീട് എന്ന സ്വപ്നം' പൂവണിയിക്കുന്നത് കാണാം. പക്ഷേ, വിദേശത്തുള്ളവർ എത്ര ശ്രമിച്ചിട്ടും യാഥാർത്ഥ്യമാക്കാൻ കഴിയാത്ത വീടിനോളം പോന്ന (അതല്ലങ്കിൽ, അതിനേക്കാൾ വലുതായ) ഒരു കാര്യമുണ്ട്.
(എല്ലാം നേടിയില്ലെങ്കിൽ തന്നെയും) പലതും നേടിയതിന് ശേഷവും എത്ര ശ്രമിച്ചാലും പ്രവാസിക്ക് നടത്താൻ സാധിക്കാത്ത ഒരു കാര്യമാണ് പ്രവാസത്തിൽ നിന്ന് വിരമിക്കുക എന്നതും, നാട്ടിൽ സെറ്റിലാവുക എന്നതും. വിദേശമണ്ണിൽ കാലുകുത്തിയ നിമിഷംമുതൽ ഏതൊരു 'സാധാരണ പ്രവാസിയും' ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം സ്വന്തം നാട്ടിലേക്ക് തിരികെ പോയി അവിടെ പ്രിയപ്പെട്ടവരോടൊത്ത് അല്ലലില്ലാതെ സുഖമായി ജീവിക്കുക എന്നതാണ്.
ഓരൊ വീസ പുതുക്കുമ്പോഴും ഈ 'സാധാരണക്കാരൻ പ്രവാസി' മനസ്സിൽ കണക്കു കൂട്ടുന്നത് അടുത്ത വീസ പുതുക്കാതെ നാട്ടിൽ പോയി സെറ്റിലാകാൻ പറ്റുമൊ എന്നതാണ്. പക്ഷെ, ഒന്നിനു പുറകെ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്ന താങ്ങാനാകാത്ത ഉത്തരവാദിത്വങ്ങളും (ഒപ്പം അടങ്ങാത്ത മോഹങ്ങളും) ഓരോ പ്രവാസിയുടേയും മാസങ്ങളും വർഷങ്ങളും പതിറ്റാണ്ടുകളും കവർന്നുതിന്നുന്നത് ആരും അറിയാറില്ല.
കുടുസ്സു മുറിയിൽ ഒന്നിമേൽ ഒന്നായി കോർത്തിട്ട മൂന്നടി വീതിയുള്ള കട്ടിലിൽ നെടുവീർപ്പിട്ട് തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം നടിക്കുന്ന മിക്ക പ്രവാസിയുടേയും ഉള്ളിലുള്ളത്, നാട്ടിലൊരു നല്ല വീടും മക്കളുടെ പഠനവും മകളുടെ വിവാഹവുമൊക്കെയാണ്. തലയിണക്കടിയിൽ സൂക്ഷിച്ചുവച്ച, പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പ്ലാനിലെ വിശാലമായ സൗകര്യങ്ങളും എലിവേഷന്റെ ഭംഗിയും ഇടക്കിടെ നിവർത്തി നോക്കി "ഇനിയെങ്ങിനെ മുന്നോട്ട്..." എന്ന ചിന്തയിൽ ജീവിതം ഉരുകി തീരുന്നവർ!
വർഷങ്ങളുടെ പ്രയത്നംകൊണ്ട് വീട് പണി പൂർത്തിയാക്കി വീടിരിക്കലിന് നാട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ അതിനുള്ള ഭാഗ്യം ലഭിക്കാതെ ഈ ലോകം വിട്ടുപോയ എന്റെ ഒരു കൂട്ടുകാരനെ എനിക്കോർമ്മ വരുന്നു. പെട്ടിയിലാക്കിയ അദ്ദേഹത്തിന്റെ ചലനമറ്റ ശരീരം സ്വന്തം വീട്ടിലേക്ക് കയറ്റാൻ അദ്ദേഹത്തിന്റെ ചില ബന്ധുക്കൾ സമ്മതിച്ചില്ല. അതിനവർ പറഞ്ഞ കാരണം:
"വീടു പാർക്കലിന് മുൻപ് വീട്ടിലേക്ക് മൃതദേഹം കയറ്റുന്നത് നല്ലതല്ല..." എന്നതാണത്രെ!!
വീട് എന്നത് ഏതൊരാൾക്കും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്നിരുന്നാലും സ്വന്തം ജീവനേക്കാൾ വലുതാകരുത് വീടും മറ്റൊന്നും. സ്വന്തമായൊരു വീട് എന്ന സ്വപ്നം വേണ്ടതുതന്നെ. പക്ഷെ, ഒരിക്കലും തീർത്താൽ തീരാത്ത ഭാരമാകരുത് വീട് എന്ന സ്വപ്നവും അതിന്റെ പ്ലാനും പണികളും!
മറുവശം:
നാട്ടിലുള്ള പ്രിയപ്പെട്ടവരെ പിരിഞ്ഞു നിൽക്കുന്നു എന്ന അടക്കാനാകാത്ത പ്രയാസം ഒഴിച്ചാൽ, മറ്റെല്ലാ കാര്യത്തിലും സ്വന്തം നാടിനേക്കാൾ ആയിരം മടങ്ങ് നല്ലത് (ഇപ്പോൾ) വിദേശനാടുകൾ തന്നെയാണ്. 'വിദേശത്താണല്ലൊ' എന്ന ഒറ്റപ്പെടൽ മനസ്സിനെ വല്ലാതെ അലട്ടുമ്പോൾ ടിവി ഓൺ ചെയ്ത് നാട്ടിലെ വാർത്തകളൊക്കെ ഒന്നുകണ്ടാൽമതി. 'നാട് വിട്ടു നിൽക്കുന്നു' എന്ന എല്ലാ പ്രയാസവും അപ്പോൾ മാറി കിട്ടും!
***
നിങ്ങളുടെ വീടനുഭവങ്ങൾ പങ്കുവയ്ക്കാം. പേരും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന വിലാസത്തിലേക്ക് അയച്ചുതരൂ...
English Summary- House and Life- which is Important- Pravasi House Experience