പുറമെ നിന്ന് നോക്കുന്നവർക്ക് വീടിന്റെ ശിൽപഭംഗിയേക്കാൾ ആകർഷണമാകുന്നത് ഭംഗിയും വൃത്തിയുമുള്ളവീടിന്റെ മുൻവശവും പരിസരവുമാണ്. പുറമെ നിന്ന് നോക്കുന്നവർക്ക് മാത്രമല്ല, വീട്ടുകാർക്കും കണ്ണിനും കുളിർമ്മയും മനസ്സിന് സന്തോഷവും നൽകുന്നത് പുറം കാഴ്ചയിലുള്ള പച്ചപ്പുകൾ തന്നെയാണ്.
വീടിന്റെ ശിൽപഭംഗിയേക്കാൾ, അതല്ലങ്കിൽ അതിനോളംതന്നെ പ്രാധാന്യം നൽകേണ്ട കാര്യമാണ് വീടിന്റെ പരിസരഭംഗിയും വൃത്തിയും. പച്ചപ്പും പൂവുകളും നിറഞ്ഞ വീടിന്റെ മുൻവശവും പരിസരവും വീട്ടിൽ വരുന്ന അതിഥികൾക്കും ഏറെ സന്തോഷം നൽകുന്ന ഒന്നാണ്.(പൂന്തോട്ടത്തിലെ ഇഷ്ടപ്പെട്ട ചെടികളുടെ ഒരു കമ്പൊ, വിത്തൊ അതിഥികൾക്ക് സമ്മാനമായി നൽകുക വഴി അവരുമായുള്ള സ്നേഹബന്ധം കൂടുതൽ ദൃഢവും ഊഷ്മളവുമായി മാറുകയും ചെയ്യുന്നു.)
നല്ല നിലയിൽ പരിപാലിക്കുന്ന പൂന്തോട്ടമുള്ള വീടുകൾ വീടിനകത്തെ സന്തോഷകരമായ അന്തരീക്ഷം കൂടിയാണ് പുറമേക്ക് പ്രകടമാക്കുന്നത്. വീട്ടുകാരുടെ സന്തോഷകരമായ ജീവിതസന്ദേശം അതിലൂടെ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യുന്നു!
പഴയൊരോർമ്മ:
സുഹൃത്തിന് പെണ്ണുകാണാൻ പല വീടുകളിലും കയറിയിറങ്ങിയങ്കിലും എവിടേയും പെൺകുട്ടിയെ പറ്റിയില്ല.
അവസാനം പെണ്ണുകാണാൻ പോയ വീടിന്റെ മുറ്റത്തേക്ക് കാലെടുത്ത് വച്ചപ്പോൾ തന്നെ കൂടെയുണ്ടായിരുന്ന പൽപുവേട്ടൻ (ആർട്ടിസ്റ്റ് പത്മനാഭൻ സാർ) പറഞ്ഞു:
"ഈ വീട്ടിലെ കുട്ടിയെ നമ്മുക്ക് പറ്റാതെ വരില്ല..." എന്ന്. പറഞ്ഞതുപോലെ സംഭവിക്കുകയും ആ കാര്യം നടക്കുകയും ചെയ്തു.
തീരുമാനം ഉറപ്പിച്ച് തിരികെ പോരുമ്പോൾ പൽപുവേട്ടൻ പറഞ്ഞതിന്റെ കാര്യം എന്തായിരുന്നു എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞത്,
"പൂന്തോട്ടവും ചെടികളേയുമെല്ലാം നല്ല നിലയിൽ പരിപാലിച്ചുപോരുന്ന വീട്ടിൽ കലാബോധമുള്ള സുന്ദരിയായ സ്ത്രീകളും കുട്ടികളും ഉണ്ടാകും..." എന്നായിരുന്നു.
വീട്ടിലെ ശാന്തിയും സമാധാനവും സന്തോഷവും മാത്രമല്ല, കലാബോധത്തിന്റെയും സൗന്ദര്യബോധത്തിന്റെയും (കരുണയുടേയും) പ്രത്യക്ഷമായ ഉദാഹരണം കൂടിയാണ് ചെടികളേയും പൂവിനേയും പച്ചപ്പിനേയും സ്നേഹിക്കുകയും ആസ്വദിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത്!
English Summary- Importance of Garden and Good House Surroundings