കല്യാണം കഴിഞ്ഞു മക്കളൊക്കെ ആയാൽ പിന്നെ നമ്മൾ മക്കളുടെ ഭാവികൂടി ചിന്തിക്കണം. അതിൽ ഏറ്റവും പ്രധാനം ചെറുതെങ്കിലും സ്വന്തമായൊരു വീടാണ്. പിന്നെ വിദ്യാഭ്യാസം. ഇതുരണ്ടും ചിന്തിക്കാത്ത എത്രയോ രക്ഷിതാക്കളുണ്ട്. അങ്ങനൊരു രക്ഷിതാവിന്റെ മകളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്റെ മക്കൾക്ക് ആ അവസ്ഥ ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു.
കുറേക്കാലം പലപല വാടക വീടുകളിലായിരുന്നു താമസം. ചേർത്തുനിർത്തി സംരക്ഷിക്കേണ്ടവരുടെ ഉത്തരവാദിത്വമില്ലായ്മകാരണം ഞാനും മക്കളും വാടകവീട്ടിൽനിന്നും ഇറക്കിവിടപ്പെട്ടു. പിന്നെ കുറെ നല്ല കൂട്ടുകാരുടെ സഹായത്തോടെ ഒരു ചെറിയ വീട്ടിൽ താമസിക്കാൻ പറ്റി. ചെറിയവരുമാനമുള്ളൊരു ജോലി ഉണ്ടായിരുന്നതുകൊണ്ട് പട്ടിണിയില്ലാതെ മക്കളെ നോക്കാൻ കഴിഞ്ഞു. എങ്കിലും സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹം വളർന്നുവന്നു. ചെലവുചുരുക്കി സ്വരുക്കൂട്ടിയ 12000 രൂപ മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ.
21 വർഷം മുൻപുള്ള കാര്യമാണ് ഇനി പറയുന്നത്. 35 ാം വയസ്സിൽ മൂന്നര സെന്റ് സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുത്തു. സ്ഥലത്തിന് രജിസ്‌ട്രേഷൻ ഫീസ് അടക്കം 22000 വേണം. ഒരുചേച്ചി കയ്യിൽകിടന്ന് വള ഊരിത്തന്നു പണയം വയ്ക്കാൻ. ബാക്കി കുറച്ചു കൂട്ടുകാരും തന്നു. അങ്ങനെ സ്ഥലം വാങ്ങി. ആ കടം തീർന്നപ്പോൾ വീടുപണി തുടങ്ങി. 19 വർഷം മുമ്പ് പഞ്ചായത്തുവഴി വീടുപണിയാൻ 35000 ധനസഹായം കിട്ടി. 37 ാം വയസ്സിൽ വീടുപണി തുടങ്ങി.
ഞാനും മോനും ജോലിചെയ്ത് സ്വരുക്കൂട്ടിയ കാശുകൊണ്ട് വീടിന്റെ മെയിൻ വാർപ്പ് കഴിഞ്ഞപ്പോൾത്തന്നെ അടുപ്പുകൂട്ടി താമസം തുടങ്ങി. പിന്നീട് കുറച്ചു ലോൺ എടുത്ത് വീടിന്റെ കുറച്ചു പണി ചെയ്തു. ആ കടം തീർന്നപ്പോൾ വീണ്ടും കുറച്ചു ലോൺ എടുത്ത് വീടിന്റെ തേപ്പൊക്കെ കഴിച്ചു. അങ്ങനെ കുറേനാൾക്കൊണ്ട് വീടിന്റെ പണി മുഴുവൻ തീർത്തു.
പഠിച്ചു ഒരു ടീച്ചർ ആകുക എന്നത് എന്റെ വല്ല്യൊരു ആഗ്രഹമായിരുന്നു. എനിക്കതിനു കഴിഞ്ഞില്ല. എന്റെ മോൾ ഇപ്പോൾ TTC കഴിഞ്ഞു ഡിഗ്രി രണ്ടാം വർഷംപഠിക്കുന്നു. മോൻ കല്യാണം കഴിഞ്ഞൊരു കുടുംബമായി. ഒരു കുഞ്ഞുവാവയും ഉണ്ട്. അങ്ങനെ ജീവിതം കുഴപ്പമില്ലാതെ പോകുമ്പോഴാണ് അടുത്ത തിരിച്ചടി.
ബൈപാസ് ഹൈവേയുടെ പണിക്ക് സ്ഥലം ഏറ്റെടുത്തപ്പോൾ കഷ്ടപ്പെട്ട് വർഷങ്ങൾകൊണ്ട് പണിത വീട് പൊളിക്കേണ്ടി വന്നു. അപ്പോൾ പലരും ചോദിക്കും. വലിയ നഷ്ടപരിഹാരം കിട്ടിക്കാണുമല്ലോ, അതുകൊണ്ട് വീട് വച്ചുകൂടെ എന്ന്...പക്ഷേ ആകെ മൂന്നര സെന്റിൽ ഒന്നര സെന്റുമാത്രമേ ഹൈവേയ്ക്ക് വേണ്ടി ഏറ്റെടുത്തുള്ളൂ. ഒരുപാട് സ്ഥലം ഉള്ളവർക്ക് ഭാഗ്യമാണ്. എനിക്ക് നഷ്ടവും. നഷ്ടപരിഹാരത്തുക കൊണ്ട് വേറൊരു സ്ഥലം വാങ്ങി വീട് വയ്ക്കാൻ കഴിയില്ല. എന്തായാലും ബാക്കിയുള്ള 2 സെന്റിൽ ഇപ്പോൾ വീടുപണി നടക്കുന്നുണ്ട്.
ഇപ്പോൾ രണ്ട് വർഷമായി വീണ്ടും വാടകയ്ക്കാണ്. പക്ഷേ തോൽക്കാൻ മനസ്സില്ല. ഇത്രയും കാലം പൊരുതിയാണ് ജീവിച്ചത്. അതിനാൽ ജീവിതത്തെ കുറിച്ച് ശുഭാപ്തി വിശ്വാസവുമായി മുൻപോട്ടുപോകുന്നു...
English Summary- House Build by Hardwork- Woman Inspirational Life Experience