ഒരുദിവസം രാവിലെ ഫോൺ ചിലയ്ക്കാൻ തുടങ്ങി. സുഹൃത്തിന്റെ വിളിയാണ്.
"നമുക്ക് ഒരിടംവരെ പോകണം. ബന്ധുവിന്റെ വീട് പണി തുടങ്ങിയിട്ടുണ്ട്. അവിടെയൊരു തർക്കം നടക്കുകയാണ്. നീയൊന്ന് വന്ന് പരിഹരിക്കണം."
ഞാൻ അന്ധാളിച്ചു. തർക്കമാണെങ്കിൽ ഞാനെങ്ങനെ പരിഹരിക്കാനാണ്?
എന്താണ് തർക്കവിഷയം?
ആരാണ് താർക്കികർ?
തർക്കത്തിന്റെ ആഴം എന്താണ്?
ഇടി കിട്ടുന്ന കേസാണോ?
സുഹൃത്ത് തടിമിടുക്കുള്ളവനായതു കൊണ്ടും ഇത്തിരി കളരിയൊക്കെ അഭ്യസിക്കുന്ന ആളായതു കൊണ്ടും അവന്റെ പുറകിൽ നിൽക്കാമെന്ന് ഞാനും കരുതി.
സ്ഥലമെത്തുന്നതിനുമുന്നെ ഒരു ചെറുവിവരണം തന്നു അവൻ. ഉന്നതവിദ്യാഭ്യാസമുള്ളയാളാണ് അവന്റെ ബന്ധു. യൂറോപ്പിൽ കുറച്ചു കാലം കുടുംബസമേതം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ നാട്ടിലുണ്ട്. വീടുപണി കഴിഞ്ഞിട്ടേ തിരിച്ചുപോകുന്നുള്ളു. ഇപ്പോൾ വർക്ക് ഫ്രം ഹോം. കാലങ്ങളായി വീട് നിർമ്മിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ്. പഴയ ഓടിട്ട സൗകര്യമില്ലാത്ത വീടാണ്. അതിൽ നിന്ന് മാറണം. തൊട്ടടുത്ത് 8 സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്.
വിഷയമെന്താന്നു വച്ചാൽ 'വീടുപണി തുടങ്ങി'.അതാണ് വിഷയം.
അതാണോ വിഷയം?
അല്ല കോൺട്രാക്ടറും ബന്ധുവും തമ്മിൽ ചില കശപിശകളുണ്ട്. അതൊന്ന് നോക്കണം. പരിഹാരം നിർദ്ദേശിക്കണം.
ഞങ്ങളിരുവരും പണിസ്ഥലത്ത് എത്തുമ്പോൾ ബേസ്മെന്റിനുമീതെ ബെൽറ്റിനു വേണ്ടിയുള്ള കമ്പി കെട്ടികൊണ്ടിരിക്കുകയാണ് കോൺട്രാക്ടറുടെ ജോലിക്കാർ. കോൺട്രാക്ടറും ഉടമയും തമ്മിൽ തർക്കവും നടക്കുന്നുണ്ട്. ബെൽറ്റ് കനം ആറിഞ്ച് വേണമെന്ന് വീട്ടുടമയും നാലിഞ്ച് മതിയെന്ന് കോൺട്രാക്ടറും. അതാണ് തർക്കത്തിന്റെ കാതൽ.
"കരാറിൽ എത്രയാണ് എഴുതിയിട്ടുള്ളത് "
ഏയ് കരാറൊന്നുമില്ല.
ഭാര്യയുടെ അച്ഛന്റെ അടുത്ത പരിചയക്കാരനാണ് കരാറുകാരൻ.
എങ്കിൽ ലേശം ആധികാരികമായിട്ട് പറയാമെന്ന് മനസിൽ തീരുമാനിച്ചു. ഇവിടത്തെ മണ്ണിന്റെ ഘടന കാണുമ്പോൾ കരിങ്കല്ല് ബേസ്മെന്റിന് മീതെ ഒരു റീൻ ഫോഴ്സ്ഡ് കോൺക്രീറ്റ് ബെൽറ്റ് ആവശ്യമില്ലെന്നാണ് എന്റഭിപ്രായം. പിന്നെ സൂപ്പർ സ്ട്രക്ചറിലേക്ക് ജലാഗിരണം കുറയ്ക്കാൻ വേണമെങ്കിൽ പത്തു സെന്റീമീറ്റർ കമ്പിയിട്ട് കോൺക്രീറ്റ് ചെയ്യാം.
പതിനഞ്ച് സെന്റിമീറ്റർ കനത്തിൽ കമ്പി വച്ച് കോൺക്രീറ്റ് ചെയ്യുന്നതുകൊണ്ട് പ്രത്യേകമായി ഉറപ്പൊന്നും വീടിന് കൂടാൻ പോകുന്നില്ല. ലേശം ഗൗരവത്തിൽ താത്വികമായ അവലോകനം നടത്തിയപ്പോൾ ഇരുകൂട്ടരും സമാധാനത്തിലേക്ക് തിരിച്ചെത്തി. അന്തരീക്ഷം ശാന്തമായി.
ആരാണ് പ്ലാൻ ഡിസൈൻ ചെയ്തത്?
200 കിലോമീറ്റർ അപ്പുറത്തുള്ള ഒരാൾ.
അയാൾ സൈറ്റ് വിസിറ്റ് ചെയ്തോ?
ഇല്ല.
പക്ഷേ പ്ലാനും 3D യുമുണ്ട്. 3Dയിൽ പകൽക്കാഴ്ചയും രാത്രിക്കാഴ്ചയുമുണ്ട്. പുറകിൽ മരങ്ങളുണ്ട്. ആകാശവും മേഘങ്ങളും ഒക്കെയുണ്ട് 3D യിൽ. മുറ്റത്ത് മുഴുവൻ ഇന്റർലോക്ക്. ഇന്റർലോക്കിനിടയിൽ പുല്ല് വച്ചിട്ടുണ്ട്. കാഴ്ചയിൽ ഗംഭീരം.
പക്ഷേ പ്ലാനും 3D യും തമ്മിൽ ചില പൊരുത്തക്കേടുകളുമുണ്ട്. ഏകദേശം 2500 സ്ക്വയർ ഫീറ്റ് കാണുമെന്ന് തോന്നുന്നു.
എന്റെ കുറ്റാന്വോഷണ രീതി കണ്ടിട്ടാവണം വീട്ടുടമക്ക് ഒരു സംശയം.
"പ്ലാനിൽ എന്തെങ്കിലും കുഴപ്പമുണ്ടോ "?
വീട്ടുടമയോട് അതെങ്ങനെ പറയും ?
ബേസ്മെന്റ് കഴിഞ്ഞിരിക്കുന്ന അവസ്ഥയിൽ പ്ലാനിന്റെ തകരാറുകൾ പറയുന്നതിൽ അനൗചിത്യമുണ്ടുതാനും. ഇനിയെങ്കിലും പരിഹരിക്കാവുന്ന ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു.
ഡൈനിങ് റൂമിൽ ഊൺമേശയിടാൻ സ്ഥലമുണ്ടാവില്ല എന്നതായിരുന്നു പരിഹരിക്കാവുന്ന ആദ്യത്തെ തകരാറ്. മാത്രമല്ല അവിടൊരു ജനാല വയ്ക്കാനുള്ള ഇടവുമില്ല. റൂമുകളാൽ ചുറ്റപ്പെട്ടൊരു ഡൈനിങ്. അതിനോടനുബന്ധമായി ഗോവണി വച്ചിരിക്കുന്നതിലും തകരാറുകളുണ്ട്. പ്രധാനപ്പെട്ട മുൻജനാലയെ മുറിച്ചുകൊണ്ടാണ് ഫ്ലൈറ്റ് കടന്നുപോകുന്നത്. അങ്ങനെ ചെയ്താൽ ജനാല അടയ്ക്കാനോ തുറക്കാനോ സാധ്യമല്ല.
100 സ്ക്വയർഫീറ്റ് സ്ഥലം മുഴുവൻ ഗോവണിക്കു വേണ്ടി നീക്കി വച്ചിട്ടുണ്ടെങ്കിലും ഫ്ലൈറ്റിന്റെ കീഴ്ഭാഗം ഉപയോഗിക്കാനാവില്ല. അത്തരം ചില പ്രശ്നങ്ങളൊക്കെ ഞാൻ വീട്ടുടമസ്ഥനോട് സൂചിപ്പിച്ചു. ഞാൻ പറഞ്ഞതെല്ലാം കേട്ടശേഷം വാസ്തുപരമായി പ്ലാൻ കറക്ടാണെന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്. അതോടെ പ്ലാൻ നിരൂപണം ഞാനങ്ങ് നിർത്തി. ഓരോരുത്തർക്കും ഓരോ സന്തോഷങ്ങളാണല്ലോ.
"അസ്ഥിവാരം ലേശം ഉറപ്പിൽ തന്നെ പണിതിട്ടുണ്ട്. കോൺട്രാക്ടർ രണ്ടരയടി ആഴം മതി എന്ന് പറഞ്ഞെങ്കിലും മൂന്നടി കുഴിയെടുത്തു "
തന്റെ വൈദഗ്‌ധ്യം ഓർമ്മപ്പെടുത്താൻ വീട്ടുടമസ്ഥൻ മറന്നില്ല.
"നല്ല സിമന്റും കമ്പിയും തന്നെ വാങ്ങിച്ചു".
"വെളുത്ത പാറയിറക്കി മെറ്റീരിയൽ സപ്ലെയർ എന്നെ പറ്റിക്കാമെന്ന് കരുതി ഞാൻ വിട്ടില്ല. കറുത്ത പാറ തന്നെ ഇറക്കണമെന്ന് പറഞ്ഞു".
"മെയിൻ വാർപ്പിന് പുഴമണലിന് ശ്രമിക്കുന്നുണ്ട്."
"കട്ടകെട്ടാൻ എംസാന്റുതന്നെ മതീന്ന് വച്ചു. എല്ലാ വീട്ടിലും ചോർച്ചയല്ലെ? പുഴമണലാകുമ്പോ അതുണ്ടാവില്ല"
പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ടു.
"മൊത്തം എത്ര സ്ക്വയർഫീറ്റുണ്ട് "?
"2950 സ്ക്വയർ ഫീറ്റ്. "
അത് മതീന്ന് വച്ചു. ഞങ്ങളത്രക്ക് വലിയ ആളുകളൊന്നുമല്ലല്ലോ".
"എൻജിനീയേഴ്സ്, ആർക്കിടെക്ട് ആരെയും വച്ചില്ലെ?"
"ഏയ് അതിന്റെയൊന്നും ആവശ്യമില്ലന്നേ. ഏകദേശം പണിയൊക്കെ എനിക്കറിയാമല്ലോ. പിന്നെ നോക്കി ചെയ്പ്പിക്കാൻ ദാ അങ്ങേരുണ്ട്. ഭാര്യയുടെ അച്ഛനാണ് "
ഭാര്യയുടെ അച്ഛൻ പണിക്കാരോടൊപ്പം ഓടി നടക്കുകയാണെങ്കിലും സസൂക്ഷ്മം ഞങ്ങളെ വീക്ഷിക്കുന്നുമുണ്ട്. തർക്കം രമ്യമായി തീർന്നതിനാലും എന്റെ വിജ്ഞാനം വിജയകരമായി വിളമ്പിയതിനാലും അതെല്ലാവർക്കും ബോധിച്ചു എന്ന ധാരണയുള്ളതിനാലുംസ്ഥലം കാലിയാക്കാമെന്ന് സുഹൃത്തിനോട് ആംഗ്യം കാണിച്ചു.
തിരിച്ചു പോരുമ്പോൾ സുഹൃത്തിനോട് പൊതുസമൂഹത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ച മൂന്ന് 'തത്വചിന്തകൾ' പങ്കുവച്ചു
ഒന്ന് :
എത്ര വലിയ വീടാണെങ്കിലും അതിന് ചെലവെത്രയായാലും 'വെറുതെ നോക്കിനിൽക്കുന്ന' എഞ്ചിനിയേഴ്സിന്" പണം കൊടുക്കേണ്ടതില്ല.
രണ്ട് :
പ്ലാൻ എത്തരത്തിലായാലും വേണ്ടില്ല കുഴിക്ക് ആഴം കൂടിയാൽ അസ്ഥിവാരത്തിന് ഉറപ്പുണ്ടാവും.
മൂന്ന് :
പ്ലാനും അസ്ഥിവാരവും നിർമ്മാണവും എങ്ങനെ ചെയ്താലും വീടിന്റെ പാലുകാച്ചൽ നല്ല ദിവസംനോക്കി തന്നെ നടത്തണം.
***
ലേഖകൻ ഡിസൈനറാണ്.
മൊബൈൽ നമ്പർ- 81370 76470
English Summary- Some Misconceptions in House Construction by Malayalis; Designer Experience