ADVERTISEMENT

മലയാളിയുടെ ജീവിതം അടിമുടി മാറ്റങ്ങൾക്കുവിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒരേസമയം വ്യത്യസ്ത ട്രെൻഡുകളുടെ സർവകലാശാലയാണ് ഇപ്പോൾ കേരളം. പണ്ട് നാടുവിടുന്ന ശരാശരി മലയാളിയുടെ ജീവിതം ഇനിപറയുംവിധമായിരുന്നു: വിദ്യാഭ്യാസം കഴിഞ്ഞു വീസ ഒപ്പിച്ച് വിദേശത്തു പോകുന്നു. വിവാഹം കഴിക്കുന്നു. എല്ലുമുറിയെ പണിയെടുത്ത് പരമാവധി കാശുണ്ടാകുന്നു. പഴയ വീട് പുതുക്കുന്നു/ പുതിയത് വയ്ക്കുന്നു. മക്കൾ കോളജിലോ വിവാഹപ്രായമോ ആകുമ്പോൾ പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്നു. അപ്പോഴേക്കും അവരുടെ മാതാപിതാക്കൾക്ക് പ്രായമായിട്ടുണ്ടാകും. പിന്നെ എന്തെങ്കിലും സംരംഭം തുടങ്ങുന്നു. ഇതിനോടകം മക്കൾ കരപറ്റിയെങ്കിൽ വിശ്രമജീവിതം നയിക്കുന്നു. – ആ തലമുറ അവസാനിക്കുകയാണ്.

 

house-mistakes-experience

നാട്ടിൽ വീട് വേണ്ട... 

ശരാശരി മലയാളിയുടെ വലിയ സ്വപ്നമാണ് നാട്ടിലൊരു വീട്. ശരാശരി മധ്യവർഗ മലയാളി വീടുവയ്ക്കുന്നത് മുപ്പതുകളുടെ മധ്യത്തിലായിരിക്കും. പിന്നീട് ദീർഘവർഷങ്ങൾ മാസവരുമാനത്തിൽ നല്ലൊരു തുക ഭവനവായ്പയുടെ അടവിലേക്ക് പോകും. ആവശ്യങ്ങൾക്കു പോലും പലപ്പോഴും കയ്യിൽ കാശില്ലാത്ത അവസ്ഥയുണ്ടാകും. പലരുടെയും ഇത്തരം അനുഭവങ്ങൾ കാണുന്നതുകൊണ്ടാകാം, പുതുതലമുറ പതിയെ മാറിച്ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. സമ്പാദ്യത്തിൽ വലിയ പങ്കുമുടക്കി വീടൊക്കെ വച്ച് നാട്ടിൽ സെറ്റിൽ ചെയ്യാമെന്ന് വിചാരിച്ചവർ പുനർവിചിന്തനം നടത്തുന്നു.

മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിതനിലവാരവും മക്കൾക്ക് വിദ്യാഭ്യാസ അവസരങ്ങളും നഗരങ്ങളിലായതുകൊണ്ട് അവിടേക്ക് കുടുംബമായി ചേക്കേറുന്ന ട്രെൻഡുമുണ്ട്. തന്മൂലം ഗ്രാമങ്ങളിലെ പല വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രമാകും. അല്ലെങ്കിൽ പൂട്ടിയിട്ടിരിക്കുകയാകും. പറമ്പ് ഇടയ്ക്കിടയ്ക്ക് പുല്ലുചെത്തി വൃത്തിയാക്കണം, വീട് തൂത്തുതുടച്ചിടണം എന്നതൊക്കെ  തലവേദനയാണ്. തന്മൂലം പലർക്കും നാട്ടിലെ വീടും പറമ്പും ഒരു ബാധ്യതയാകുന്നു. മാതാപിതാക്കളുടെ കാലംകഴിയുമ്പോൾ നാട്ടിലെ വീടും പറമ്പും വിറ്റ് ആ കാശുകൊണ്ട് നഗരത്തിൽ ഒരു ഫ്ലാറ്റ് മേടിച്ച് ചേക്കേറാനാണ് പ്ലാൻ. ഗ്രാമങ്ങളിൽ ഇപ്പോൾ ‘വീടും സ്ഥലവും വിൽപനയ്ക്ക്’ എന്ന ബോർഡുകൾ കൂണുകൾ പോലെ പൊട്ടിമുളച്ചത് ഈ മാറ്റത്തിന്റെ സൂചനയാണ്.

നാട്ടിൽ കുടുംബവീടിനോട് ചേർന്ന് ലക്ഷങ്ങൾ മുടക്കി വച്ച വീടും സ്ഥലവും വിൽപനയ്ക്ക് വച്ചവരുണ്ട്. വീട് വയ്ക്കുമ്പോൾ, മക്കൾ ഇടയ്ക്കിടയ്ക്ക് നാട്ടിലെത്തും എന്ന ചിന്തയായിരുന്നു. പക്ഷേ ട്രെൻഡ് പെട്ടെന്ന് മാറി. നിശ്ചിത ഇടവേളകളിൽ നാട്ടിൽ എത്തുന്ന ടിക്കറ്റ് കാശിനു കുടുംബസമേതം ഏതെങ്കിലും വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതാണ് ഇപ്പോൾ ട്രെൻഡ്. അതുമല്ലെങ്കിൽ മക്കൾ ഏതെങ്കിലും പാശ്ചാത്യരാജ്യത്ത് കുടിയേറാൻ ശ്രമിക്കുന്നവരോ കുടിയേറിയവരോ ആകാം. അവരോ അവരുടെ മക്കളോ നാട്ടിലേക്കു തിരികെ വരുന്ന പ്രശ്നമില്ല. ചുരുക്കത്തിൽ വയസ്സാംകാലത്ത് അടഞ്ഞുകിടക്കുന്ന വീട് നോക്കിനടത്തേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാകുന്നു.

എന്നാൽ വടക്കൻ കേരളത്തിൽ, വിശേഷിച്ച് മലബാർ പ്രദേശങ്ങളിൽ ട്രെൻഡ് വേറെയാണ്. ശക്തമായ ഗൾഫ് സ്വാധീനം പ്രകടമായ ജില്ലകളിൽ 'നാട്ടിൽ ഒരു വമ്പൻ വീട്' എന്ന പഴയ ട്രെൻഡിന് ഇപ്പോഴും വലിയ ഇളക്കമൊന്നും തട്ടിയിട്ടില്ല. തൃശൂർ മുതൽ വടക്കോട്ട് റോഡിലൂടെ സഞ്ചരിച്ചാൽ ഇക്കാര്യം ബോധ്യമാകും. റോഡിനിരുവശവും പലവിധ രൂപഭംഗിയിൽ രമ്യഹർമ്യങ്ങൾ നിരനിരയായി നിൽപുണ്ടാകും. ഒരർഥത്തിൽ കേരളത്തിലെ 'കെട്ടിടനിർമാണ തലസ്ഥാനം' മലബാർ പ്രദേശമാണ് എന്ന് നിരീക്ഷിക്കാൻ സാധിക്കും. ഏറ്റവുമധികം ആർക്കിടെക്ടുകൾ, ഡിസൈനർമാർ, നിർമാണ സാമഗ്രികളുടെ ഫാക്ടറികൾ, കിടമത്സരം എല്ലാം ഇവിടെയുണ്ട്.  

 

കുടിയേറ്റമാണ് ട്രെൻഡ് 

ഒരു 30-40 വർഷം മുൻപുതൊട്ട് രണ്ടു വിഭാഗം മലയാളികൾ ഇവിടെ ഉണ്ടായിരുന്നു. തങ്ങളുടെ ഇരുപതുകളിൽ പ്രവാസം തുടങ്ങിയ ഒരുവിഭാഗം. സർക്കാർ ജോലി, കൃഷി അല്ലെങ്കിൽ ചെറുകിട ബിസിനസുമായി നാട്ടിൽത്തന്നെ ‌നിൽക്കുന്ന മറ്റൊരുവിഭാഗം. ആ തലമുറ അവസാനിക്കുകയാണ്.

‘നാട്ടിൽ നിന്നാൽ രക്ഷപ്പെടില്ല’ എന്നൊരു ചിന്ത ഭൂരിഭാഗവും മധ്യവർഗ മലയാളി ചെറുപ്പക്കാരുടെ മനസ്സിലും ഇപ്പോൾ ചേക്കേറിയിട്ടുണ്ട്. അവരെ കുറ്റംപറയാൻ പറ്റില്ല. പണവും സ്വാധീനവും ഉള്ളവർക്കു മാത്രം ജീവിക്കാൻ കഴിയുന്ന നാടായി കേരളം മാറിക്കഴിഞ്ഞെന്നാണ് അവരുടെ പരാതി. വിലക്കയറ്റവും നാട്ടുകാരുടെ അനാവശ്യ സമ്മർദവും അഴിമതിയും രാഷ്ട്രീയ അതിപ്രസരവും സ്ത്രീസുരക്ഷയിലെ വീഴ്ചകളും അടക്കം പല കാരണങ്ങളും നാടുവിട്ടു പോകാൻ അവർ കാരണമായി പറയുന്നു.

മറ്റു മേച്ചിൽപ്പുറങ്ങൾ തേടി മലയാളി സഞ്ചരിക്കാൻ തുടങ്ങി. കുടിയേറുന്ന പ്രായവും ഇപ്പോൾ ഏറിയിട്ടുണ്ട്. നേരത്തെ 25-30 ആയിരുന്നെങ്കിൽ ഇപ്പോൾ അത് 40 വയസ്സ് വരെ ആകുന്നുണ്ട്. നാട്ടിൽ ചില്ലറ ജോലിയൊക്കെ ചെയ്തിട്ടും പച്ചപിടിക്കാതാകുമ്പോൾ കുടിയേറ്റത്തെ കുറിച്ച് ചിന്തിക്കും. പഠനവീസയിലോ മറ്റോ വിമാനം കയറും. നാട്ടിൽ തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്തിരുന്ന നഴ്‌സുമാരും മറ്റ് പ്രഫഷനലുകളുമൊക്കെ ഇപ്പോൾ ഇങ്ങനെ ധാരാളമായി കുടിയേറുന്നുണ്ട്.

വീടിനെ സ്നേഹിക്കുന്ന മലയാളികൾക്കായി...Subscribe Now

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്...

ഈ പഴഞ്ചൊല്ല് ഏറ്റവും പ്രസക്തമായ കാലമാണിത്. ‘വയസ്സാംകാലത്ത് ഞങ്ങളെ നോക്കിയാൽ ഞങ്ങളുടെ സ്വത്ത് നിങ്ങൾക്ക്’ എന്ന രീതി അപ്രസക്തമാവുകയാണ്. ‘രണ്ടു തലമുറയ്ക്ക് ജീവിക്കാനുള്ള ഭൂസ്വത്ത് നാട്ടിൽ താൻ സമ്പാദിച്ചിട്ടുണ്ട്’ എന്ന വീമ്പുപറച്ചിലൊക്കെ പുതിയ കാലത്ത് അപ്രസക്തമാണ്. കാരണം, ഇപ്പോൾ ഗ്രാമങ്ങളിൽ വസ്തുവിന് ഡിമാൻഡ് ഇല്ല. വലിയ പ്ലോട്ടുകൾ ഒരുമിച്ച് ആരും വാങ്ങുന്നുമില്ല. കമേഴ്‌സ്യൽ പ്രാധാന്യമുള്ള റോഡ്‌സൈഡ് പ്ലോട്ടുകൾ മാത്രമാണ് ഇതിനൊരു അപവാദം.

വിദേശത്ത് നല്ല നിലയിൽ സെറ്റിൽ ചെയ്ത മക്കളിൽ ഭൂരിഭാഗത്തിനും നാട്ടിലെ വീടിനോടും പറമ്പിനോടും താൽപര്യമില്ല. വിറ്റുകാശാക്കി ബാങ്കിൽ ഇട്ടുകിട്ടിയാൽ പിന്നെയും ഹാപ്പി എന്ന ലൈനാണ്. ഗൾഫിലടക്കം ഭൂമിയും വീടുകളും വാങ്ങുന്നതിൽ ഉദാരസമീപനം വന്നതോടെ നാട്ടിലെ വീടും പറമ്പും വിറ്റ് അവിടെ വില്ലയ്ക്ക് അഡ്വാൻസ് കൊടുത്തവരുണ്ട്. വീസ ആനുകൂല്യങ്ങളും ലഭിക്കും എന്നത് ഇതിലേക്ക് കൂടുതൽ ഉപരിവർഗ മലയാളികളെ ആകർഷിക്കുന്നുണ്ട്.

കേരളത്തിലെ മികച്ച വീടുകൾ കാണാം..Subscribe Now

പഴയ തലമുറയും മാറുന്നുണ്ട്; സമൂഹവും...

മാറ്റത്തെ പോസിറ്റീവായി കണ്ട് മക്കളെ പിന്തുണയ്ക്കുന്ന ധാരാളം മാതാപിതാക്കളുമുണ്ട്. ജോലിയിൽനിന്ന് വിരമിച്ചശേഷം നാട്ടിലുള്ള വീടും പൂട്ടി കൊച്ചുമക്കളെ നോക്കാനായി മക്കളുടെ അടുത്തേക്ക് പറക്കുന്ന ധാരാളമാളുകളുണ്ട്. അതുപോലെ മക്കൾ നാട്ടിൽ നിർത്തിയിട്ടുപോയ കൊച്ചുമക്കളുടെ പരിപാലനം ഭംഗിയായി നിർവഹിക്കുന്നവരും ധാരാളമുണ്ട്. 

മക്കൾ നാട്ടിൽനിൽക്കാൻ പോകുന്നില്ല എന്ന തിരിച്ചറിവിൽ വീടും വിശാലമായ പറമ്പും വിറ്റ് നഗരങ്ങളിലെ ഫ്ലാറ്റുകളിലേക്ക് ചേക്കേറുന്ന മാതാപിതാക്കളുണ്ട്. സ്വസ്ഥജീവിതം, പരിപാലനസുഖം, വിശ്രമജീവിതത്തിനും ചികിത്സയ്ക്കുമുള്ള എളുപ്പം തുടങ്ങിയവ കാരണങ്ങളാണ്. വിമാനത്താവള സാമീപ്യമുള്ളതുകൊണ്ട് മക്കൾക്ക് സന്ദർശിച്ചു തിരിച്ചുപോകാനും എളുപ്പം.

അടുത്ത മുപ്പതുവർഷം കേരളം നേരിടാൻ പോകുന്ന ഒരു സാമൂഹികസമസ്യ, മക്കൾ അടുത്തില്ലാതെ വീടുകളിൽ ഒറ്റയ്ക്കായിപ്പോയ പ്രായമായവരുടെ പരിപാലനമാകും. വൃദ്ധസദനങ്ങളെ 'നികൃഷ്ടമായി' കണ്ടിരുന്ന പൊതുബോധത്തിൽനിന്നാണ് അവയുടെ പരിഷ്‌കൃത പതിപ്പായ സീനിയർ ലിവിങ് ഹോമുകൾ ഇവിടെ ചുവടുറപ്പിക്കുന്നത്. ഭാവിയിൽ അവയുടെ എണ്ണം വർധിക്കും. നിലവിൽ ഉപരിവർഗ കുടുംബങ്ങൾക്കു മാത്രമേ ഇവയുടെ ചെലവു താങ്ങാനാകൂ. സർക്കാർ ഇടപെടൽ ഈ മേഖലയിൽ ഉണ്ടായാൽ മധ്യവർഗ കുടുംബങ്ങൾക്കും താങ്ങാനാവുന്ന സീനിയർ ലിവിങ് ഹോമുകൾ ഇവിടെ ഉയരും. 

സമൂഹമാധ്യമങ്ങളിൽ അടുത്തിടെ കണ്ട ഒരു ട്രോൾ ഇവിടെ പ്രസക്തമാണ്. 2040 ലെ കേരളമാണ് രംഗം. യുകെയിലെ കെയർഹോമിൽ ജോലി ചെയ്യുന്നതിനിടെ നാട്ടിലേക്കു വിളിക്കുന്ന മലയാളി. അതേസമയം മറുവശത്ത് കെട്ടിടംപണി മതിയാക്കി കേരളത്തിലെ കെയർഹോമിൽ ജോലി ചെയ്‌തുകൊണ്ട് തന്റെ നാട്ടിലേക്കു വിളിക്കുന്ന അതിഥിത്തൊഴിലാളി!...

English Summary- Changing Malayali Perceptions about House Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com