'കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് വന്നാൽ അത് വല്ലാത്ത കുഴപ്പമാണ്' എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ എന്റെ അനുഭവം മറിച്ചാണ്. കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് വന്നാൽ കുഴപ്പമാണങ്കിൽ എന്റെയും എന്റെ കുടുംബത്തിന്റേയും കാര്യം ഇതിനോടകം 'കട്ടപ്പുക' ആകേണ്ടതായിരുന്നു.
25 വർഷത്തിലധികമായി എന്റെ വീടിന്റെ സെപ്റ്റിക് ടാങ്ക് നിൽക്കുന്നത് ഈ പറയുന്ന കന്നിമൂലയിലാണ്. മാത്രമല്ല, ഈ 25 വർഷത്തിനിടയിലാണ് എന്റെ ജീവിതത്തിലെ സർവ്വഐശ്വര്യങ്ങളും ഉണ്ടായിട്ടുള്ളതും.
"കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് വന്നാൽ ഐശ്വര്യം കൊണ്ടുവരും" എന്നാണങ്കിൽ എന്റെ അനുഭവംവച്ച് അത് ചിലപ്പോൾ ശരിയാണന്ന് സമ്മതിക്കേണ്ടി വരും..
എന്താണീ കന്നിമൂല? ആരാണതുണ്ടാക്കിയത്?
എന്റെ പഴയ വീട് പുതുക്കിപണിയുമ്പോൾ കാർപോർച്ചിന്റെ ഭാഗത്തുള്ള പില്ലറിന് കുഴിയെടുത്തപ്പോഴാണ് തൊട്ടപ്പുറം കക്കൂസ് കുഴിയാണന്ന് കോൺട്രാക്ടറായ ഗിരീഷന് മനസ്സിലായത്. ഇതുകണ്ട ഗിരീഷൻ തെല്ല് അന്ധാളിപ്പോടെ ചോദിച്ചു:
'ഇക്കാ ഇവിടം കന്നിമൂലയാണല്ലൊ, ഇവിടെയാണൊ കക്കൂസ് കുഴി...?'
ഞാൻ പറഞ്ഞു:
അതെ, അത് കാര്യമാക്കേണ്ട. കന്നിമൂല കണ്ടുപിടിക്കുന്നതിന് മുൻപ് കുഴിച്ച കുഴിയാണ്. അതുകൊണ്ട് പ്രശ്നല്ല എന്ന്... വിശ്വാസം അന്ധമായാലും, അത് വിശ്വാസിക്കും മറ്റുളളവർക്കും ദോഷമാകാത്തതാണങ്കിൽ പോട്ടേന്ന് കരുതി നമുക്ക് വിട്ടു കളയാം. മറിച്ചാകുമ്പോഴാണ് ഇത്തരം അന്ധവിശ്വാസങ്ങളെ ശക്തമായി എതിർക്കേണ്ടിവരുന്നത്.
എല്ലുമുറിയെ പണിയെടുത്ത് സ്വരുക്കൂട്ടിവച്ച ചെറിയ സമ്പാദ്യത്തിന് പുറമെ, കിട്ടുന്നവരോടെല്ലാം കടവും വാങ്ങി ഉണ്ടാക്കിയ രണ്ടൊ നാലൊ സെന്റ് വസ്തുവിൽ ഒരു കുഞ്ഞുവീട് പണിയുമ്പോൾ അവിടെവന്ന് കുത്തിത്തിരുപ്പ് കാണിക്കുന്ന ചില സ്വയംപ്രഖ്യാപിത 'വിദഗ്ധരെ' വസ്തുവിന്റെ നാലയലത്തേക്ക് അടുപ്പിക്കാതിരുന്നാലെ ആഗ്രഹത്തിനനുസരിച്ചു നമുക്ക് വീട് പണിയാൻ സാധിക്കു.
പഴയതുപോലെ വിശാലമായ പറമ്പിന് നടുക്ക് സൗകര്യത്തിനനുസരിച്ചുള്ള വീട് പണിയുവാൻ സൗകര്യമുള്ളവരല്ല ഇന്നുള്ള ഭൂരിഭാഗവും.. ഏറിയാൽ അഞ്ചും പത്തും സെന്റിൽ വീട് വച്ച് താമസിക്കുന്നവരാണ് അധികവും..അതുകൊണ്ടുതന്നെ അവരുടെ കിണറും കക്കൂസ് കുഴിയുമെല്ലാം മിനിമം അകലത്തിൽ പണിയാൻ പോലും പാടുപെടുന്നവരാണ് മിക്കവരും.
അതിൽനിന്നെല്ലാം നിശ്ചിത അകലം പാലിച്ച് കിണറും കക്കൂസ് കുഴിയും എടുക്കാൻ നിർബന്ധിതമാകുന്ന അഞ്ചു സെന്റുകാരന്റെ മുന്നിൽ വന്ന് കന്നിമൂല കളിച്ചാൽ, ഉള്ള വസ്തു കിട്ടുന്ന വിലയ്ക്ക് അടുത്തുള്ള പറമ്പുകാരന് വിറ്റ് വാടകവീട്ടിൽ അഭയം തേടേണ്ടിവരും. അങ്ങനെ ചെയ്യേണ്ടി വന്നവരും നിരവധിയുണ്ട്. അവരത് മറ്റുള്ളവരോടത് തുറന്നു പറയുന്നില്ല എന്നേയുള്ളൂ!
ചുരുക്കത്തിൽ വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ, പക്ഷേ എങ്ങനെയെങ്കിലും ഒരു വീട് തട്ടിക്കൂട്ടാൻ പാടുപെടുന്നവരെ ഇത്തരം കാര്യങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിലാക്കരുത്. ശാസ്ത്രം ഇത്രയും വളർന്ന കാലത്ത് സാധാരണക്കാരും പ്രായോഗിക സമീപനങ്ങളിലേക്ക് മാറാൻ ശ്രമിച്ചാൽത്തന്നെ ഇത്തരം പ്രശ്നങ്ങൾ നല്ലൊരുപരിധി വരെ ഒഴിവാക്കാം.
English Summary- Toilet in Kannimoola and prosperity- funny experience