ADVERTISEMENT

കഴിഞ്ഞ കുറച്ചുമാസങ്ങൾ ഞാൻ വലിയൊരു ദൗത്യത്തിലായിരുന്നു. അടുത്തിടെയാണ് അതിന് പരിസമാപ്തിയായത്.സദുദ്ദേശം കാംക്ഷിച്ചുകൊണ്ട് ചുരുങ്ങിയ വാക്കുകളിൽ ആ വിഷയം നിങ്ങളുമായി പങ്കുവയ്ക്കുന്നു.

എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ കുറച്ചു മാസങ്ങൾക്കുമുമ്പ് ഹൃദയാഘാതംമൂലം മരണപ്പെട്ടിരുന്നു. മരണപ്പെടുന്നതിന്റെ ഏതാനും മാസം മുൻപ് വീടിന്റെ അറ്റകുറ്റപണികൾക്കായി ബേങ്കിൽനിന്നും അദ്ദേഹം 15 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. മാസം 25000 രൂപ പ്രകാരം ലോൺ അടവ് കൃത്യമായി അടച്ച് പോയികൊണ്ടിരിക്കുമ്പോഴാണ് പൊടുന്നനെ അദ്ദേഹം മരണപ്പെട്ടത്.

പ്രായപൂർത്തിയാകാത്ത നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്... മരണത്തിന് ശേഷം ബാങ്ക് അടവ് നിന്നു പോകുകയും ബാങ്ക് നിയമനടപടിയിലേക്ക് കടക്കുകയും ചെയ്തു. 15 ലക്ഷം വായ്പയിലേക്ക് നല്ലൊരു സംഖ്യ അടച്ചതിന് പുറമെ അടുത്തിടെ ബാങ്കിൽനിന്ന് വന്ന പേപ്പർ മുതലും പലിശയും കൂട്ടി ഏകദേശം 17 ലക്ഷം രൂപയുടേതാണ്.

വളരെ പെട്ടെന്ന് ഈ തുക 20 ലക്ഷത്തിലേക്കല്ലാം എത്തുകയും കുട്ടികൾക്ക് ആകെപ്പാടെയുള്ള കിടപ്പാടം നഷ്ടപ്പെടുകയും ചെയ്യും എന്ന് മനസ്സിലാക്കിയപ്പോൾ (ഞാൻ തന്നെ മുൻകൈ എടുത്ത്) ഈ വിഷയപരിഹാരത്തിന് വേണ്ടി ഒരു ഫാമിലി വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി വയ്ക്കുകയും, സൻമനസ്സുള്ള ഫാമിലി ഗ്രൂപ്പ് അംഗങ്ങൾ അതിൽ നല്ല രീതിയിൽ സഹകരിക്കുകയും ചെയ്തതിന്റെ ഫലമായി 17 ലക്ഷത്തിന്റെ  ലോൺ ക്ലോസ് ചെയ്ത് ഈട് നൽകിയിരുന്ന വീടിന്റെ ആധാരവും മറ്റു പ്രമാണങ്ങളും റിലീസ് ചെയ്യുകയും ചെയ്തു. ഒന്നര മാസത്തെ ദൗത്യം വിജയത്തിലെത്തിയതിന്റെ സംതൃപ്തിയിലും സന്തോഷത്തിലുമാണ് ഇന്ന് ഞാൻ.

***

'രംഗബോധമില്ലാത്ത കോമാളി' എന്നാണ് മരണത്തെ വിശേഷിപ്പിക്കുന്നത്. മരിക്കും എന്ന് കരുതി ലോൺ എടുക്കാതിരിക്കാനൊ, കടം വാങ്ങാതിരിക്കാനൊ, വീട് വയ്ക്കാതിരിക്കാനോ ഒന്നും നമുക്ക് പറ്റുന്നതല്ല. പക്ഷേ, പൊടുന്നനെയുള്ള മരണങ്ങൾ കൂടി വരുന്ന ഈ കാലത്ത് മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിക്കുമ്പോഴും, ബാങ്ക് ലോണുകൾ എടുക്കുമ്പോഴുമെല്ലാം ചെറിയൊരു ചിന്ത അനിവാര്യമാണ്. അപ്രതീക്ഷിതമായി നമുക്ക് വല്ലതും സംഭവിച്ചു പോയാൽ നമ്മുടെ കുടുംബം പെരുവഴിയിലാകാൻ പാടില്ല എന്ന ചിന്ത. നമ്മൾ വാങ്ങിച്ചു കുട്ടിയ കടബാധ്യതകൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് വലിയ ഭാരമായി തീരരുത് എന്ന ചിന്ത. നിർഭാഗ്യവശാൽ നമുക്ക് വല്ല അത്യാഹിതവും സംഭവിച്ചാൽ തന്നെയും നമ്മുടെ ആശ്രിതർക്ക് താങ്ങാനും കൈകാര്യം ചെയ്യാനും പറ്റുന്നതാകണം നമ്മുടെ കടങ്ങൾ എന്ന് ഏവരും ചിന്തിക്കുന്നത് നല്ലതാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കുറിപ്പ്!

NB:

പോസ്റ്റിൽ സൂചിപ്പിച്ച വ്യക്തി എനിക്കേറ്റവും പ്രിയപ്പെട്ടതും, കുടുംബത്തിന്റെയും പ്രദേശത്തിന്റെയും സമൂഹത്തിലെ   പാവപ്പെട്ടവരുടേയുമെല്ലാം കണ്ണീരൊപ്പാൻ ജീവിതം മാറ്റിവച്ച വ്യക്തിത്വവുമായിരുന്നു. അതുകൊണ്ടു കൂടിയാണ് വളരെ ചെറിയ സമയംകൊണ്ടു തന്നെ 17 ലക്ഷം രൂപയുടെ ബാങ്ക് ലോൺ തീർക്കാൻ പ്രിയപ്പെട്ടവരുടെ അകമഴിഞ്ഞ സഹകരണം അദ്ദേഹത്തിന്റെ കുടുംബത്തിനു ലഭിച്ചതും. ജീവിച്ചിരിക്കുമ്പോൾ നമ്മൾ ചെയ്യുന്ന നന്മകൾ മരിച്ചാലും തിരിച്ചുകിട്ടും എന്ന പാഠം കൂടിയാണിത്. പക്ഷേ    നമ്മളിൽ മിക്കവരും അദ്ദേഹത്തെപ്പോലെ ആയിരിക്കണമെന്നില്ല. അത് നമുക്ക് ഓർമ്മ വേണം.

***

ഗുണപാഠം- ഇപ്പോൾ മിക്ക ബാങ്കുകളും ഹോംലോണിനൊപ്പം ലൈഫ് ഇൻഷുറൻസ് കൂടി എടുക്കാൻ പ്രേരിപ്പിക്കാറുണ്ട് (ചിലയിടത്ത് നിർബന്ധവുമാണ്). വെറുതെ അധിക അടവുകൾക്ക് നിൽക്കണോ എന്നുകരുതി ചിലരെങ്കിലും അത് വേണ്ടെന്ന് വയ്ക്കാറുണ്ട്.ഏതൊരു ലോൺ എടുത്താലും ഇൻഷുറൻസ് കൂടെ എടുക്കുക. ലോൺ എടുക്കുന്ന ആള് ആ വീടിന്റെ അത്താണി ആയിരിക്കും ആ വ്യക്തി മരിച്ചാൽ ചിലപ്പോ മറ്റുള്ളവർക്ക് ഒരിക്കലും അടച്ചു തീർക്കാൻ കഴിയാത്ത ഒരു ബാധ്യത ആയി മാറാം. അതുകൊണ്ട് ഇൻഷുറൻസ് നിർബന്ധം ആയും എടുക്കുക.

English Summary- Unexpected Death and Financial Struggle- Real Life Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com