ADVERTISEMENT

രണ്ടുമൂന്നു വർഷം മുൻപ് ഒരു ലോകവനിതാദിനത്തിൽ, അബുദാബിയിലെ ഫ്‌ളാറ്റിൽ സോഫയിലിരുന്ന് ചുമ്മാ കപ്പലണ്ടിയും  കൊറിച്ചുകൊണ്ട് ഉദ്യോഗസ്ഥകളായ വീട്ടമ്മമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചുള്ള ഒരു ടിവി പ്രോഗ്രാം കാണുകയായിരുന്നു ഞാൻ.

വീട് വൃത്തിയാക്കൽ, കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കൽ, പാചകം, പാത്രം കഴുകൽ, അലക്കൽ, ഓഫീസിൽ പോകൽ എല്ലാം കൂടി ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മയുടെ സംഭവബഹുലമായ ഒരു ദിവസത്തെയാണ് ആ പ്രോഗ്രാം അനാവരണം ചെയ്യുന്നത്. ഒന്നോർത്താൽ ഈ ഉദ്യോഗസ്ഥകളായ വീട്ടമ്മമാരുടെ കാര്യം കഷ്ടം തന്നെ. പ്രോഗ്രാം കണ്ടുകൊണ്ടിരിക്കെ,  ഇരുന്ന ഇരുപ്പിൽ അടുക്കളയിലേക്ക്‌ ഞാൻ ഒന്ന് കഴുത്തുനീട്ടി നോക്കി.

പുള്ളിക്കാരി അത്താഴം കഴിഞ്ഞു പാത്രം കഴുകിവയ്ക്കുന്ന തിരക്കിലാണ്, അത് കഴിഞ്ഞിട്ട് വേണം നാളെ പിള്ളേർക്ക് സ്‌കൂളിൽ പോകാനുള്ള യൂണിഫോം എടുത്തു വയ്ക്കാൻ. ഭാര്യയെ സ്‌നേഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി വല്ലപ്പോഴുമെങ്കിലും അടുക്കളയിൽ എന്തെങ്കിലും വച്ചുണ്ടാക്കാനും പാചകംചെയ്യാനും ഭർത്താക്കന്മാർ ഭാര്യമാരെ സഹായിക്കണം എന്ന് ടിവിക്കകത്തെ അവതാരക ഇപ്പോൾ പറഞ്ഞു നാക്കുവായിലൊട്ടിട്ടതേയുള്ളൂ.

എനിക്ക് പ്രചോദനം കയറി...എങ്കിൽ പിന്നെ പുള്ളിക്കാരിയെ ഒന്ന് സഹായിച്ചിട്ടുതന്നെ കാര്യം. അങ്ങനെയാണ് ഞാൻ അരയും തലയും മുറുക്കി പാത്രം കഴുകാനായി അടുക്കളയിൽ കയറുന്നത്. ഈ പാത്രം കഴുകൽ എന്നത് വലിയൊരു സംഭവമല്ലെന്നും, കണിമംഗലം ജഗന്നാഥൻ ധാരാവിയിലെ ചേരി ഒഴിപ്പിച്ചപോലെ  നിസ്സാരമായ ഒരു പരിപാടിയാണെന്നും ക്ഷണനേരം കൊണ്ട് പുള്ളിക്കാരിക്ക് ഞാൻ കാണിച്ചുകൊടുത്തു, എന്റെ ആ നടപടിയിൽ എനിക്ക് എന്നോടുതന്നെ ബഹുമാനം തോന്നി.

രണ്ടു ദിവസം അതേപടി പാത്രം കഴുകൽ തുടർന്നു, മൂന്നാം ദിവസം യുദ്ധസന്നദ്ധനായി ഞാൻ അടുക്കളയിൽ എത്തിയപ്പോഴാണ് "ഇവിടെ എനിക്ക് ചെയ്യാവുന്ന ജോലികളേ ഉള്ളൂ, ചേട്ടൻ പോയി ടിവി കാണുകയോ, പ്ലാൻ വരക്കുകയോ ചെയ്തോളൂ"എന്ന് പുള്ളിക്കാരി പറയുന്നത്. എന്റെ കണ്ണ് നിറഞ്ഞു. ഭാര്യക്ക് എന്നോടുള്ള സ്നേഹത്തെയോർത്തു ഞാൻ ഹാപ്പിയായി ഒരു മൂളിപ്പാട്ടുംപാടി ഡ്രോയിങ് റൂമിലേക്ക് പോവുകയും ചെയ്തു.

ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പുള്ളിക്കാരി ഫോണിൽ കൂട്ടുകാരികളോട് ആരോടോ സംസാരിക്കുന്നതു ഞാൻ കേൾക്കുന്നത്.

"പുള്ളിക്കാരൻ അടുക്കളയിൽ എന്നെ സഹായിക്കുകയൊക്കെ ചെയ്യും. പക്ഷേ പാത്രം കഴുകിക്കഴിഞ്ഞാൽ ഈ അടുക്കള മുഴുവൻ സോപ്പും, വെള്ളവും കൊണ്ടൊരു കളിയായിരിക്കും, പിന്നെ അത് മുഴുവൻ ഞാൻ തൂത്തുതുടച്ചു വൃത്തിയാക്കണം. അതുകൊണ്ട് ഈ പണിയൊക്കെ ഞാൻ തനിച്ചു ചെയ്‌തോളാമെന്നു പറഞ്ഞു "

അതുശരി. അപ്പോൾ നൈസായി എന്നെ ഒഴിവാക്കിയതാണ്. രാമൻകുട്ടി തളർന്നു ..

***

അടുക്കളയിലെ പാത്രം കഴുകലിനെക്കുറിച്ചാണ്...

ഒരു അടുക്കളയുടെ ഏറ്റവും മർമ്മപ്രധാനമായ ഒരു ഭാഗമാണ് ഭക്ഷണ പദാർത്ഥങ്ങളോ, പാത്രങ്ങളോ ഒക്കെ കഴുകിയെടുക്കാനുള്ള വാഷ് ഏരിയ. ഈ ഭാഗം രൂപകൽപന ചെയ്യുമ്പോൾ പരിഗണിക്കേണ്ടുന്ന ഏറെ വസ്തുതകളുണ്ട്. അതായത് നാം പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ സ്വഭാവം, കഴുകിയെടുക്കേണ്ട പാത്രങ്ങളുടെ എണ്ണം, വലുപ്പം എന്നിവയെല്ലാം പരിഗണിച്ചിരിക്കണം. ഒന്നുകൂടി വ്യക്തമാക്കിയാൽ ബ്രഡ്ഡും ജാമും കഴിക്കുന്ന സായിപ്പിന്റെ അടുക്കളയിൽ വേണ്ടുന്ന വാഷിങ് സംവിധാനമല്ല ആഴ്ചയിലൊരിക്കൽ കോഴി ബിരിയാണി വയ്ക്കുന്ന മലബാർ മേഖലയിലെ അടുക്കളയിൽ വേണ്ടത്.

രാവിലെ എഴുന്നേറ്റാൽ ഭാര്യയും ഭർത്താവും ലാപ്‍ടോപ്പും തൂക്കി ജോലിക്കു പോകുന്ന ടെക്കികളുടെ അടുക്കളയിലെ വാഷിങ് സംവിധാനമല്ല  ആറോ ഏഴോ അംഗങ്ങൾ ഉള്ള മധ്യകേരളത്തിലെ ഒരു തറവാട്ടിൽ വേണ്ടത്. അതുകൊണ്ടുതന്നെ വ്യവസ്ഥാപിതമായ ഒരു ഏകീകൃത നിയമം ഈ ഡിസൈനിൽ ഇല്ല. ആളുടെ വലുപ്പത്തിനനുസരിച്ചു ഷർട്ട് തയ്ക്കുന്ന രീതി മാത്രമേ പ്രായോഗികമാകൂ.

എന്നാൽ ഇവിടെ വേറൊരു പ്രശ്നമുണ്ട്.

നമ്മുടെ ആധുനിക അടുക്കളസംവിധാനങ്ങൾ എല്ലാം യൂറോപ്യൻ അടുക്കളയുടെ സംസ്കാരത്തോട് ചേർന്നാണിരിക്കുന്നത്, ഭംഗിയും അതാണ്. അതായത് സാമാന്യം വലുപ്പമുള്ള ഒരു കുക്കറോ, പായസ ഉരുളിയോ, ബിരിയാണി പാത്രമോ കഴുകിയെടുക്കാനുള്ള വലുപ്പം നമ്മുടെ കിച്ചൻ സിങ്കുകൾക്കില്ല. ഇനി അഥവാ അത്തരമൊരെണ്ണം സംഘടിപ്പിച്ചു അടുക്കളയിൽ വച്ചാലോ, അത് അഭംഗി ആവുകയും  ചെയ്യും.  

മാത്രമല്ല, കുറച്ചധികം പാത്രങ്ങൾ കഴുകിയെടുക്കാനുണ്ടെങ്കിൽ അതിനുള്ള സ്ഥലമൊന്നും നമ്മുടെ അടുക്കളയുടെ വർക്ക്‌ ടോപ്പിൽ കാണില്ല. എന്നുകരുതി നാളെമുതൽ നമുക്ക് നമ്മുടെ ഭക്ഷണ രീതികൾ മാറ്റി സായിപ്പിന്റേതുപോലെ ആവാനും പറ്റില്ല. പാത്രം കഴുകുമ്പോൾ തെറിക്കുന്ന സോപ്പും വെള്ളവും ഒക്കെ പ്രശ്നമാണ്.

ഒറ്റവഴിയേ ഉള്ളൂ. ഇത്തരം വലിയ പാത്രങ്ങളും വസ്തുക്കളും കഴുകിയെടുക്കാനായി അടുക്കളയിൽ നിന്ന് മാറി, വർക്ക്‌ ഏരിയയിൽ "ഡീപ് വാഷ് "എന്ന ഓമനപ്പേരിൽ സ്വന്തം ആവശ്യങ്ങൾക്കനുസരിച്ചു ഒരു വാഷ് ഏരിയ ഉണ്ടാക്കുക. കറുത്ത ഗ്രാനൈറ്റിൽ ചെയ്‌താൽ മതി, സ്വൽപം ചളി പിടിച്ചാലും ആരും അറിയില്ല. വെള്ളം തെറിച്ചു വൃത്തികേടാവാതിരിക്കാൻ ചുറ്റുമുള്ള ഭിത്തികളിൽ വാൾ ടൈൽ ഒട്ടിക്കുകയും  വേണം.

ഈ സംവിധാനത്തിന് ഏതാണ്ടൊരു രണ്ടു രണ്ടര അടിയെങ്കിലും ആഴം വേണം, ഏതാണ്ട് രണ്ടടി വീതിയും രണ്ടര അടി നീളവും ആവാം. അടിഭാഗത്തു വെള്ളം ഒഴുകിപ്പോകാൻ നല്ല ചെരിവും വേണം. അത്യാവശ്യം വേണ്ടിവന്നാൽ ഒരു ചവിട്ടി വരെ ഈ സാധനത്തിൽ വച്ച് കഴുകിയെടുക്കാം.

ഇനിയും ഈ സാധനം എന്താണെന്ന് മനസ്സിലാവാത്തവർക്കായി പറയാം. ഏതാണ്ട് നമ്മുടെ കല്യാണമണ്ഡപങ്ങളിൽ കൈ കഴുകുന്ന സ്ഥലങ്ങൾ പോലിരിക്കും. ഇതിനടുത്തായി കഴുകിയ പാത്രങ്ങൾ വയ്ക്കാൻ ആവശ്യത്തിന് വീതിയിൽ സ്‌ളാബുണ്ടാക്കാം, ആ പാത്രങ്ങളിൽ നിന്നുള്ള വെള്ളം ഈ ഡീപ് വാഷിലേക്ക് തന്നെ ഒഴുകിപ്പോകാനുള്ള ചെരിവും മറ്റു സംവിധാനങ്ങളും ഉണ്ടാക്കാം.

പാത്രം കഴുകാനില്ലാത്ത സമയത്ത്‌ അത്യാവശ്യം മീൻ വൃത്തിയാക്കലും, കോഴി കട്ട് ചെയ്യലും, അത് കഴുകിയെടുക്കലും ഒക്കെ ഈ സ്ളാബിൽ ചെയ്യാം. സാമാന്യത്തിൽ അധികം വലുപ്പമുള്ള  ഉച്ഛിഷ്ടങ്ങളുടെ പ്രവാഹം ഇവിടെനിന്നും ഉണ്ടാവാനിടയുള്ളതിനാൽ കഴിവതും ഈ ഡീപ് വാഷിൽ നിന്നുള്ള വെള്ളം സാമാന്യം വ്യാസമുള്ള ഒരു പൈപ്പിലൂടെ ഒഴുക്കിക്കളയുന്നതാണ് നല്ലത്‌, ബ്ലോക്കാവാനുള്ള സാധ്യത കുറയും.

കൂടാതെ ഇതിനു സമീപത്തായി ഡിഷ് വാഷ് ലിക്വിഡും സോപ്പും സ്‌പോഞ്ചും ഒക്കെ സൂക്ഷിക്കാനുള്ള  ഒരു ചെറിയ ക്യാബിനറ്റ് ഉണ്ടാക്കാം. കഴുകുന്ന ആവശ്യങ്ങൾക്കായി ചൂടുവെള്ളം വേണമെന്നുള്ളവർക്ക് ഹീറ്ററിൽനിന്നുള്ള കണക്‌ഷനുള്ള ഒരു പൈപ്പ് ഇവിടെയും സ്ഥാപിക്കാം. തീർന്നില്ല. ഈ ഭാഗത്തേക്ക് മാത്രമായി പ്രത്യേകമായി വെളിച്ചം ക്രമീകരിക്കണം. കഴുകിയെടുക്കുന്ന പാത്രങ്ങളുടെ ശുചിത്വം ഉറപ്പുവരുത്താൻ ഇത് അത്യന്താപേക്ഷിതമാണ്.

ഇനിയുമുണ്ട് ..

ഇങ്ങനെ രാത്രി വൈകിയോ, അതിരാവിലെയോ ഡീപ് വാഷിനു സമീപത്തു നിന്ന് പാത്രം കഴുകുന്ന വീട്ടമ്മയുടെ സുരക്ഷിതത്വം ഡിസൈനർ ഉറപ്പുവരുത്തണം. അതായത് ഈ സംവിധാനം അടുക്കളയ്ക്ക് പുറത്തു തുറസ്സായ ഒരിടത്തല്ല ഒരുക്കേണ്ടതെന്നർത്ഥം, അതുകൊണ്ടാണ് ഇത് വർക്ക് ഏരിയയിൽ തന്നെ വേണമെന്ന് പറഞ്ഞത്, ഈ ഭാഗത്തിന് ഗ്രില്ലിന്റെ സംരക്ഷണം വേണം.

ഇത്തരത്തിൽ വലിയ പാത്രങ്ങളും വലിയ എണ്ണമയം ഉള്ള പാത്രങ്ങളും ഒക്കെ മേൽപ്പറഞ്ഞ ഡീപ് വാഷിൽ കഴുകിയെടുക്കുന്നതുകൊണ്ട് അടുക്കള വൃത്തിയായി സൂക്ഷിക്കാം എന്ന ഗുണം മാത്രമല്ല ഉള്ളത്. താരതമ്യേന ചെറിയ തലത്തിൽ ഉള്ള വാഷിങ് മാത്രമേ അടുക്കളക്ക് അകത്തുള്ള സിങ്കിൽ നടക്കുന്നുള്ളൂ എന്നതിനാൽ അതിൽ അടിഞ്ഞുകൂടുന്ന ഖരമാലിന്യങ്ങളുടെ അളവ് നന്നേ കുറയും. ഫലം, അത് ബ്ലോക്കാവാനുള്ള സാധ്യത കുറയും, ഇടക്കിടക്ക് പ്ലമറുടെ കയ്യും കാലും പിടിക്കേണ്ട അവസ്ഥ ഉണ്ടാവില്ല.  

ഒരു പ്ലാൻ എന്ന് പറയുന്നത് ഡിസൈൻ ചെയ്യുന്ന വീടിന്റെ ഓരോ മുക്കും മൂലയും, അതിൽ ജീവിക്കുന്ന ആളുകളുടെ ജീവിതരീതികളും, പരിമിതികളും ഒക്കെ അറിഞ്ഞു ചെയ്യേണ്ടുന്ന ഒന്നാണ്. അല്ലാതെ ചുമ്മാ നാല് കള്ളി വരച്ചുവച്ചു തെക്കുവടക്കും കിഴക്കുപടിഞ്ഞാറും രണ്ടു മധ്യസൂത്രവും വരച്ചുവച്ചാൽ ഉണ്ടാവുന്ന ഒന്നല്ല അത്. അതിന്റെ ബാലപാഠങ്ങൾ മാത്രമാണ് സാങ്കേതിക സ്ഥാപനങ്ങളിൽ പരിശീലിക്കപ്പെടുന്നത്. സമൂഹത്തിലേക്കും അനുഭവങ്ങളിലേക്കും തുറന്നുവയ്ക്കുന്ന പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് അതിലെ ഉപരിപഠനങ്ങൾ സാധ്യമാവുന്നത്...ആ അനുഭവങ്ങൾ അങ്ങ് അബുദാബിയിലെ അടുക്കളയിലും ലഭ്യമാണ്...

ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌

English Summary- Malayali Kitchen Design- Need for lifestyle based Design

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com